Articles Articles Details

ഖരത്തില്‍നിന്നു ദ്രവത്തിലേക്ക്: മലയാളപത്രപ്രവര്‍ത്തനത്തിലെ ഉത്തരാധുനികത

Author : പി.കെ.രാജശേഖരന്‍

calender 25-05-2022

സമകാലിക മലയാളപത്രപ്രവര്‍ത്തനത്തെ വിശദീകരിക്കാന്‍ സഹായിക്കുന്ന രൂപകമാണ് ഉരുകിപ്പരക്കുന്ന ഒരു ഖരരൂപത്തിന്റേത്. ആധുനികത്വ(modernity)ത്തില്‍നിന്ന് ഉത്തരാധുനികത്വ(Postmodernity)ത്തിലേക്കുള്ള മലയാള മാധ്യമസംസ്‌കാരത്തിന്റെ വികാസത്തില്‍ സംഭവിച്ചിട്ടുള്ള ഹിമയുഗങ്ങളെക്കൂടി അത് പ്രതീകവത്കരിക്കുന്നു. ദേശത്തെയും ഭാഷയെയും സ്വത്വത്തെയും കുറിച്ചുള്ള പുതിയ ബോധത്തില്‍നിന്നു രൂപപ്പെട്ടതാണ് മലയാള പത്രപ്രവര്‍ത്തനം. കൊളോണിയല്‍ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച ആധുനികത്വബോധത്തിന്റെ ഭാഗമായിരുന്നു അത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ആരംഭിച്ച ഈ ആധുനികത്വപദ്ധതി മലയാളിസ്വത്വം, കേരളീയസംസ്‌കാരം, ഇന്ത്യന്‍ ദേശീയത, ശാസ്ത്രീയത, യുക്തിബോധം, മാനവികത തുടങ്ങിയ ഒട്ടേറെ ഖരരൂപങ്ങള്‍ ഊട്ടിയുറപ്പിച്ച് നവീനമായൊരു കേരളസമൂഹത്തെ രാഷ്ട്രീയവും ജാതീയവും മതപരവുമായ വിഭിന്നതകള്‍ക്കിടയിലും രൂപപ്പെടുത്തിയെടുത്തു. ലോകത്തെക്കുറിച്ചുള്ള അവബോധത്തിന്റെ രൂപവത്കരണമായിരുന്നു അന്ന് പത്രപ്രവര്‍ത്തകന്റെയും പത്രത്തിന്റെയും ധര്‍മം. മനുഷ്യന്‍, പ്രകൃതി, സമൂഹം എന്നിവയെപ്പറ്റിയുള്ള പാരമ്പര്യഭിന്നമായ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ആ സംവര്‍ഗങ്ങളെ പുനര്‍രൂപവത്കരിക്കലായിരുന്നു ആധുനികത്വം. ജനാധിപത്യപരമായ ഒരു പൊതുമണ്ഡലം സൃഷ്ടിക്കപ്പെട്ടത് അതിന്റെ ഫലമായാണ്. വായന, വായനക്കാര(ി)ന്‍, പത്രപ്രവര്‍ത്തക/ന്‍, പത്രപ്രവര്‍ത്തനം, വാര്‍ത്താഖ്യാനം തുടങ്ങിയ ഖരസങ്കല്പങ്ങള്‍ ആ പൊതുമണ്ഡലത്തിന്റെ നിര്‍മാണത്തില്‍ വലിയ പങ്കുവഹിക്കുക മാത്രമല്ല അതിന്റെ സ്വഭാവമനുസരിച്ചു സ്വയം പരിവര്‍ത്തിതമാവുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യംതൊട്ട് 20-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ വരെയുള്ള കേരളചരിത്രം പരിശോധിച്ചാല്‍ ആ ഖരരൂപങ്ങള്‍ നിര്‍വഹിച്ച അവബോധരൂപവത്കരണത്തിന്റെ സ്വഭാവം മനസ്സിലാകും. 

ഇന്ന് ആ ഖരരൂപങ്ങള്‍ ഉരുകിപ്പരക്കുകയാണ്. ഖരത്വം ദ്രവത്വമായിത്തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ പത്രപ്രവര്‍ത്തകന്‍ അവബോധനിര്‍മാതാവല്ല. ആധുനികത്വത്തിന്റെ ആ ഘട്ടം മറ്റൊന്നിനു വഴിമാറിയിരിക്കുന്നു. മറ്റു സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലും സംഭവിച്ചിട്ടുള്ളതുപോലുള്ള ഉത്തരാധുനികഘട്ടം. ആധുനികത്വത്തിന്റെ ഉച്ചഘട്ടത്തോടെ മുഖ്യധാരയും ഔദ്യോഗിക പ്രതിനിധാനവുമായിത്തീര്‍ന്ന് സമൂഹത്തിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന സ്ഥാപനവും വന്‍കിട വ്യവസായവുമായി മാറിയ പത്രപ്രവര്‍ത്തനത്തിന്റെ ഖരം ഉരുകിക്കഴിഞ്ഞു. അദൃശ്യവും നിശ്ശബ്ദവുമായ ബഹുജനത്തിന് അറിവും അവബോധവും അഭിപ്രായവും നിലപാടും നല്‍കുന്ന ഖരമായിത്തന്നെ പത്രപ്രവര്‍ത്തനം ഇപ്പോഴും നില്‍ക്കുകയാണ് എന്നു കരുതുന്നത് ഒരു 'വാര്‍ത്താഭ്രമം' മാത്രമാണ്. ഉത്തരാധുനികത്വത്തിന്റെ ദ്രവാവസ്ഥ സമൂഹകേന്ദ്രത്തില്‍നിന്നു പാര്‍ശ്വങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന ഒന്നാണ്. ഖരത്തിന്റെ സുനിശ്ചിതത്വത്തിനും സ്ഥിരതയ്ക്കും പകരം അത് അനിശ്ചിതത്വവും അസ്ഥിരതയും കൊണ്ടുവരുന്നു. പരിവര്‍ത്തിക്കലും പുതുക്കലുമാണ് അവിടെ സ്ഥിരമായിട്ടുള്ളത്. അറിവ്, യാഥാര്‍ത്ഥ്യം, ഏകകേന്ദ്രിതത്വം തുടങ്ങിയവയെയാണ് ആധുനികത്വം ഊട്ടിയുറപ്പിച്ചതെങ്കില്‍ വിവരം, പ്രതീതിയാഥാര്‍ത്ഥ്യം, ബഹുകേന്ദ്രിതത്വം, സ്വതന്ത്രവിനിമയം തുടങ്ങിയവയെ ഉത്തരാധുനികത്വം മുന്നോട്ടു കൊണ്ടുവരുന്നു. എതിരാളികളില്ലാത്ത വേദിയിലെ സത്യാവിഷ്‌കാരമോ വസ്തുനിഷ്ഠാഖ്യാനമോ ആയി ഇനി പത്രപ്രവര്‍ത്തനത്തിനും വിദഗ്ധത്തൊഴിലാളി എന്ന നിലയില്‍ പത്രപ്രവര്‍ത്തകനും തുടരാന്‍ പ്രയാസമാണ്. ദ്രവാധുനികത്വത്തിന്റെ അഥവാ ഉത്തരാധുനികത്വത്തിന്റെ ആശയലോകത്തെയും ആവിഷ്‌കാരങ്ങളെയും വിനിമയവിതാനങ്ങളെയും അഭിമുഖീകരിച്ചും അഭിസംബോധനചെയ്തും മാത്രമേ പത്രപ്രവര്‍ത്തനത്തിന് ഇനി മുന്നോട്ടു പോകാനാവൂ. എന്തിനെയും ന്യൂനീകരിച്ചു കാണുന്ന, നവീനാശയങ്ങളെയും ചിന്തകളെയും പിന്‍പേജുകളിലേക്കു തള്ളുന്ന പത്രപ്രവര്‍ത്തകന്റെ ഉച്ചാധുനികത്വച്ചിരിയോടെ, ബദല്‍ വിനിമയങ്ങളെയും മുഖ്യധാരയ്ക്കു പുറത്തുള്ള പാര്‍ശ്വങ്ങളെയും വ്യത്യസ്തതകളെയും എതിര്‍സ്വരങ്ങളെയും തങ്ങള്‍ക്ക് അപരിചിതമായ ആശയങ്ങളെയും വാര്‍ത്തയുടെ വിരല്‍ത്തുമ്പുകൊണ്ടു ഞെരിച്ചു കളയാമെന്ന വ്യാമോഹത്തോടെ ഈ ദ്രവലോകത്തെ നേരിടാനാവില്ല.

സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തിന്റെ വസ്തുനിഷ്ഠമായ ആഖ്യാനമാണു പത്രപ്രവര്‍ത്തനം എന്ന നിഷ്‌കളങ്ക യാഥാതഥ്യവാദ(naive realism)ത്തിലാണ് ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യംവരെയും മലയാളപത്രപ്രവര്‍ത്തനം ഉറച്ചുനിന്നത്. അതേസമയം കലയിലും സാഹിത്യത്തിലും സാമൂഹികശാസ്ത്രങ്ങളിലും ശാസ്ത്രത്തിന്റെ ചില മേഖലകളിലും ആ യാഥാതഥ്യവാദത്തിന്റെ സുനിശ്ചിതത്വത്തിനുപകരം അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശയങ്ങള്‍ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിന്റെ സ്വതന്ത്രാഖ്യാനം എന്ന 19-ാം നൂറ്റാണ്ടിലെ സങ്കല്പത്തിലാണ് പത്രപ്രവര്‍ത്തനം ഊന്നി നിന്നത്. ഇപ്പോഴും അതുതന്നെയാണു യാഥാര്‍ത്ഥ്യമെന്നും അങ്ങനെതന്നെ നില്‍ക്കാമെന്നും വിചാരിക്കുന്നവരുണ്ടാകാം. അവര്‍ ഭൂരിപക്ഷമാണെങ്കില്‍പ്പോലും ആ ചിന്ത മറ്റൊരു വ്യാമോഹമല്ലാതൊന്നുമല്ല. ഏക കാഴ്ചപ്പാടിനും യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഏകവീക്ഷണത്തിനും പരമപ്രാധാന്യം കല്പിക്കുന്ന ആധുനികത്വവീക്ഷണത്തെ ഉത്തരാധുനിക സങ്കല്പങ്ങള്‍- വൈവിധ്യം, വ്യത്യസ്തത, ബഹുസ്വരത, ബഹുവീക്ഷണസ്ഥാനങ്ങള്‍, അനിശ്ചിതത്വം- തിരസ്‌കരിക്കുന്നു. സ്വത്വം, നീതി, ലൈംഗികത തുടങ്ങിയ സാമൂഹികസംവര്‍ഗങ്ങളെക്കുറിച്ചെല്ലാം വ്യത്യസ്തമായ നിലപാടുകളും ആശയങ്ങളും രൂപപ്പെട്ടുകഴിഞ്ഞ ഈ വേദിയില്‍ വസ്തുനിഷ്ഠതയുടെ നാടകം അഭിനയിക്കുക സാധ്യമല്ല. അഭിനേതാക്കളും യാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവത്തെയും ആവിഷ്‌കാരത്തെയുംകുറിച്ചുള്ള സങ്കല്പങ്ങളും മാറിക്കഴിഞ്ഞ വ്യത്യസ്തമായ ഈ വിനിമയവേദിയിലാണ് ഇന്ന് മലയാളപത്രപ്രവര്‍ത്തനം. പരിവര്‍ത്തനത്തിന്റെ ഈ ഘട്ടവും അത് പത്രപ്രവര്‍ത്തനത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളും ആവശ്യപ്പെടുന്ന ആശയപരമായ വ്യത്യസ്തതകളും സിദ്ധാന്തവത്കരിക്കുകയാണ് മാധ്യമപഠനത്തിന്റെയും അപഗ്രഥനത്തിന്റെയും ചരിത്രരചനയുടെയും യഥാര്‍ത്ഥധര്‍മം.

നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മലയാളപത്രപ്രവര്‍ത്തനത്തെ ആധാരമാക്കിയുള്ള ഒരു മാധ്യമപഠനസമ്പ്രദായം വികസിച്ചുവന്നിട്ടില്ല. കേരളത്തിലെ മാധ്യമ വിദ്യാഭ്യാസത്തിലും ഒരു മലയാളപത്രപ്രവര്‍ത്തന പഠനമാതൃക രൂപപ്പെട്ടിട്ടില്ല. യൂറോ-അമേരിക്കന്‍ ആസ്പദങ്ങളുള്ള ആ പഠനം കഴിഞ്ഞുവരുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തൊഴില്‍ നേടുന്നത് മലയാളപത്രങ്ങളിലോ ടെലിവിഷന്‍ചാനലുകളിലോ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലോ ആണ്. മാധ്യമപ്രവര്‍ത്തനപരിചയമില്ലാത്ത അക്കാദമീഷ്യന്മാരാണ് അല്പമാത്രമായെങ്കിലും മാധ്യമപഠനങ്ങള്‍ മലയാളത്തില്‍ നിര്‍വഹിക്കുന്നത്. തൊലിപ്പുറമേയുള്ള വാര്‍ത്താവിശകലനങ്ങളോ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നവരുടെ ഉച്ചാരണപ്പിശകുവിമര്‍ശനങ്ങളോ ആണ് ആ പഠനങ്ങള്‍ മിക്കവയും. മലയാളത്തിലെ മിക്ക പത്രപ്രവര്‍ത്തനചരിത്രങ്ങളുടെ കഥയും ഇതൊക്കെത്തന്നെയാണ്. വിവരങ്ങള്‍ മാത്രമടങ്ങിയ ചെറുകിട വിജ്ഞാനകോശങ്ങള്‍ മാത്രമാണ് ആ പത്രപ്രവര്‍ത്തനചരിത്രങ്ങള്‍. പത്രപ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടുള്ള അടിസ്ഥാനമാതൃകാവ്യതിയാനങ്ങളും ഘടനാവ്യതിയാനങ്ങളും സ്ഥാനാന്തരണങ്ങളും കേരളത്തിന്റെ ആധുനികത്വത്തിന്റെ നിര്‍മ്മാണവും പത്രങ്ങളുമായുള്ള ബന്ധവുമൊന്നും ചരിത്രപരമായി വിശകലനം ചെയ്യാത്ത ആ പത്രചരിത്രങ്ങള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്കുള്ള പൊതുവിജ്ഞാനപുസ്തകങ്ങളുടെ നില മാത്രമേയുള്ളൂ. മലയാളപത്രപ്രവര്‍ത്തനചരിത്രരചനയുടെ സ്ഥിതിതന്നെ ഇതായിരിക്കെ പത്രപ്രവര്‍ത്തനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ മാതൃകാവ്യതിയാനത്തിന്റെ അപഗ്രഥനവും ചരിത്രരചനയും ശൂന്യതയില്‍ നില്‍ക്കുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ഭേദിക്കപ്പെടേണ്ട നിശ്ശബ്ദതയാണിത്. 

ഉത്തരാധുനികത്വത്തിലെ ദ്രവാവസ്ഥയിലാണ് ഇന്നു വാര്‍ത്താമാധ്യമവും വാര്‍ത്തയും വായനക്കാരും. പുലര്‍ച്ചയ്ക്കു വരുന്ന പത്രം കാത്തിരുന്നു വായിക്കുന്ന, അങ്ങനെ അവബോധമാര്‍ജിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന നിശ്ചലവായനക്കാര്‍ മാത്രമല്ല കമ്പ്യൂട്ടറിലോ മൊബൈല്‍ഫോണിലോ വായിക്കുന്ന ചലിക്കുന്ന വായനക്കാരുമുണ്ടിപ്പോള്‍. തലേന്നു മുഴുവന്‍ ടി.വി.യില്‍ കണ്ടത് പിറ്റേന്ന് ഭാഷാവിവരണമായി വായിക്കേണ്ടിവരുന്നു എന്ന ഗതികേടുള്ള വായനക്കാരാണു കേരളസമൂഹത്തിലുള്ളത്. അവരിപ്പോള്‍ അദൃശ്യരോ നിശ്ശബ്ദരോ അല്ല. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളോടുള്ള പൊതുജനവിയോജിപ്പിന്റെ അളവ് ഇന്ന് നാടകീയമായി വര്‍ധിച്ചിരിക്കുന്നു. മാധ്യമങ്ങളുടെ അടിസ്ഥാനമൂല്യങ്ങളെയും ധാര്‍മികതയെയുംകുറിച്ചുളള ചോദ്യങ്ങള്‍ മുമ്പത്തെക്കാള്‍ എത്രയോ കൂടുതല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഉത്പന്നമായ പത്രത്തിന് പഴയ സമഗ്രതാഭാവം ഇപ്പോള്‍ പുലര്‍ത്താനാവില്ല. സോഷ്യല്‍ മീഡിയയാകട്ടെ പരമ്പരാഗതപത്രപ്രവര്‍ത്തനത്തിനു ബദല്‍തന്നെ നിര്‍മിക്കുകയും പത്രനിലപാടുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. സാങ്കേതികവിദ്യയാലും യാഥാര്‍ത്ഥ്യത്തിന്റെ അനിശ്ചിതത്വത്തെപ്പറ്റിയുള്ള പുതിയ ആശയങ്ങളാലും പ്രചോദിതമായ നിരന്തരമാറ്റങ്ങളുടെ കാലമാണിത്. സമകാലികജീവിതത്തിന്റെ ഘടനാപരമായ സ്ഥിതിതന്നെ ദ്രവത്വമായിത്തീര്‍ന്നിരിക്കുന്നു. ''ഇന്ന് നാം ഒരു സ്ഥിരം വിപ്ലവത്തിന്റെ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. ഇപ്പോള്‍ സമൂഹം ജീവിക്കുന്ന രീതിയാണു വിപ്ലവം. മനുഷ്യസമൂഹത്തിന്റെ 'സാധാരണസ്ഥിതി'യായി വിപ്ലവം മാറിയിരിക്കുന്നു'' എന്ന് സിഗ്മണ്‍ഡ് ബൗമന്‍ ഈ ദ്രവാവസ്ഥയെ നിര്‍വചിച്ചിട്ടുണ്ട്. എല്ലാം ചുറ്റിത്തിരിയുന്ന ഈ അവസ്ഥയാണ് പത്രപ്രവര്‍ത്തനത്തിലെ ഉത്തരാധുനികത. അതിലൂടെ കടന്നുപോവുകയാണ് മലയാളപത്രപ്രവര്‍ത്തനം. 

വാര്‍ത്തയും ഉത്പന്നമാണെന്നും നിശ്ചിത ഉപഭോക്താക്കള്‍ക്കു വില്‍ക്കാനുള്ളതാണെന്നുമുള്ള വിപണീതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണു പത്രസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിപണിയും വിപണനത്തിന്റെ ധര്‍മശാസ്ത്രവും വ്യത്യസ്തമാണെന്നു മാത്രം. സാംസ്‌കാരികവിപണിയെ അഭിമുഖീകരിക്കുന്ന അതിന്റെ ധര്‍മശാസ്ത്രം രൂപപ്പെടുത്തുന്നത് സാംസ്‌കാരിക-രാഷ്ട്രീയ വ്യവഹാരങ്ങള്‍ ആണ്. വില്‍ക്കാവുന്ന ഉത്പന്നമെന്ന നിലയില്‍ അതിന് സമാനമായ ഒട്ടേറെ സാംസ്‌കാരികോത്പന്നങ്ങളോടു മത്സരിക്കാനുണ്ട്. ബദല്‍ മാധ്യമങ്ങളും പുസ്തകങ്ങളും തൊട്ട് ഫോട്ടോകോപ്പിയര്‍ വരെ നീളുന്ന ആ എതിര്‍നിരയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയുമെല്ലാം അണിചേര്‍ന്നു നില്‍ക്കുന്നു. വൈവിധ്യത്തിന്റെ മാത്രമല്ല വ്യക്തികളുടെ സ്വതന്ത്രവും സ്വാത്മപ്രേരിതവുമായ ഇടപെടലുകളും അനുവദിക്കുന്ന ബഹുത്വത്തിന്റെയും മാധ്യമകാലാവസ്ഥയെയാണ് മലയാളപത്രപ്രവര്‍ത്തനം അഭിമുഖീകരിക്കുന്നത്. വാര്‍ത്തയുടെയും വിവരത്തിന്റെയും 'സത്യാത്മകത്വം', 'വസ്തുനിഷ്ഠത', ആധികാരികത തുടങ്ങിയ വ്യവസ്ഥാപിതഗുണങ്ങളെ 'ആപേക്ഷിക'വും 'സങ്കല്പിത'വും 'പല വീക്ഷണങ്ങളിലൊന്നു'മാക്കിത്തീര്‍ക്കുന്ന ഉത്തരാധുനിക മാധ്യമാന്തരീക്ഷം മലയാളപത്രപ്രവര്‍ത്തനത്തെ ഒരു ഹിമയുഗത്തില്‍ കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ കേബിള്‍ ടെലിവിഷനും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ മീഡിയയും സജീവമാകുന്നതുവരെ ഇത്തരമൊരു വെല്ലുവിളി, ഹിമയുഗാഭിമുഖീകരണം മലയാള പത്രപ്രവര്‍ത്തനത്തിനു നേരിടേണ്ടി വന്നിട്ടില്ലായിരുന്നു.

ഉത്തരാധുനികത്വം എന്ന ചരിത്ര-സാമൂഹികഘട്ടത്തിലാണ് കേരളവും. നമുക്ക് നല്ല റോഡുകളും ശുദ്ധജലവും ഉള്‍പ്പെടെയുള്ള ആധുനികത്വസൗകര്യങ്ങള്‍തന്നെയില്ലല്ലോ പിന്നെങ്ങനെയാണ് ഉത്തരാധുനികത്വം എന്ന മട്ടില്‍ എതിര്‍വാദങ്ങളുണ്ടാവാം. ആഗോളീകരണവും മൂലധനത്തിന്റെ സ്വതന്ത്രപ്രവാഹവും ആ ഘട്ടത്തിന്റെ സ്വഭാവങ്ങള്‍ കേരളത്തിലേക്കും കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്യന്‍മാതൃകയിലുള്ള നേര്‍പതിപ്പായ ഒന്നല്ല നമ്മുടെ ഉത്തരാധുനികത്വം. എല്ലാത്തരം വിഭിന്നതകളും നിറഞ്ഞ വൈരുധ്യാത്മകമായ ഉത്തരാധുനികത്വമാണു നമ്മുടേത്. ഉത്തരാധുനികത്വം എന്ന സാമൂഹികാവസ്ഥയുടെ സാംസ്‌കാരികാവിഷ്‌കാരമാണ് ഉത്തരാധുനികത(postmodernism). രണ്ടു ദശകമായെങ്കിലും മലയാളത്തിലെ സാഹിത്യാ വിഷ്‌കാരങ്ങളിലും സമീപകാലത്തായി ജനപ്രിയസിനിമയിലും സംഗീതത്തിലും ഉത്തരാധുനികഭാവുകത്വം സജീവമാണ്. ഉത്തരാധുനികത്വത്തിന്റെ ഭാഗമായി കേരളീയജീവിതത്തിന്റെ ഭിന്നരംഗങ്ങളില്‍ ആശയാഭിലാഷങ്ങളിലും സാമൂഹികസങ്കല്പത്തിലും സാംസ്‌കാരികമണ്ഡലത്തിലും ഉപഭോഗശീലങ്ങളിലും കമ്പോളത്തിലും രാഷ്ട്രീയപരിഗണനകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രവീകരണം പത്രത്തിലും പത്രപ്രവര്‍ത്തനത്തിലും പ്രതിഫലിച്ച് അവയെയും പരിവര്‍ത്തനവിധേയമാക്കുന്നുണ്ട്, അറിഞ്ഞോ അറിയാതെയോ. അത് സമ്പൂര്‍ണമായ പരിവര്‍ത്തനവും ചിന്താമാതൃകയുടെ വ്യതിയാനവുമായിട്ടില്ലെന്നു മാത്രം. ഇതോടൊപ്പംതന്നെ ഉത്തരാധുനികദ്രവീകരണം സൃഷ്ടിച്ചതില്‍ പത്രവും പത്രപ്രവര്‍ത്തനും വഹിച്ച പങ്കുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അപഗ്രഥിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്.

ഒരേസമയംതന്നെ ഉത്പാദകനും ഉത്പന്നവുമായിരിക്കുക എന്ന ഇരട്ട ഭാഗധേയത്വമാണ് മലയാളപത്രപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ സവിശേഷത. 19-ാം നൂറ്റാണ്ടില്‍ ആധുനികത്വത്തിന്റെ ഫലമായി ഉണ്ടായ അത് കേരളാധുനികത്വത്തിന്റെ നിര്‍മാതാവുകൂടിയായിരുന്നു. ആ സവിശേഷതയാണ് 19-ാം നൂറ്റാണ്ടിന്റെ മധ്യംതൊട്ട് കേരളത്തിലുണ്ടായ എല്ലാ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിവര്‍ത്തനങ്ങളെയും സ്വാധീനിച്ചത്. കേരളത്തിലെ ആധുനികത്വത്തിന്റെ ചരിത്രത്തെ മലയാളപത്രപ്രവര്‍ത്തനത്തിന്റെ ചരിത്രമായും തിരിച്ചും വായിക്കാം. ദൈനംദിനപത്രപ്രവര്‍ത്തനം അല്ലെങ്കില്‍ ഒരു തൊഴില്‍ എന്ന നിലയിലുള്ള പത്രജീവിതം ഓര്‍ക്കാതെയോ ഓര്‍ക്കാന്‍ നേരമില്ലാതെയോ പോകുന്ന ചരിത്രത്തിന്റെ വാസ്തവം. ദേശം, ദേശീയത, സ്വത്വം, ഭാഷ, ഗദ്യം, മതനിരപേക്ഷത, ശാസ്ത്രീയത, ജാതി, അധികാരം തുടങ്ങിയവയെ നിര്‍വചിക്കുകയും പഴയതില്‍നിന്നു ഭിന്നമായി രൂപപ്പെടുത്തുകയും ചെയ്ത പത്രാധുനികത്വത്തിന്റെ ആ വഴിയില്‍നിന്നു പിരിഞ്ഞുകഴിഞ്ഞ വ്യവഹാരവും ആഖ്യാനരൂപവും ജീവിതവൃത്തിയുമാണ് ഇന്ന് മലയാളപത്രപ്രവര്‍ത്തനം. ആധുനികത്വത്തില്‍ അത് ഖരരൂപമായിരുന്നെങ്കില്‍ ഉത്തരാധുകത്വത്തില്‍ ദ്രവരൂപമാണ്. ഉരുകിപ്പരക്കുന്ന ഖരത്തിന്റെ രൂപകത്തെപ്പറ്റി ഈ പ്രകരണത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് ഓര്‍ക്കുക.

ആധുനികത്വത്തിന്റെ ഉത്പന്നമായിരുന്നു മലയാള പത്രപ്രവര്‍ത്തനം, കേരളാധുനികത്വത്തിന്റെ നിര്‍മാണയന്ത്രവും. മനുഷ്യപുരോഗതി, യുക്തി, ആധികാരികത തുടങ്ങിയ ആധുനികത്വാശയങ്ങള്‍ അത് കേരളീയസമൂഹത്തില്‍ അവതരിപ്പിച്ചു. അവയുടെ പ്രതിഷ്ഠാപനത്തിലൂടെ സമൂഹത്തെ ആധുനികീകരിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ആരംഭിച്ച ആധുനികത്വഘട്ടത്തിന്റെ ആശയാദര്‍ശങ്ങളും ലോകവീക്ഷണവും രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന മൂശയും കണ്ണാടിയുമായി സാമൂഹികനവീകരണലക്ഷ്യങ്ങളും വിജ്ഞാനപ്രചാരണവും രാഷ്ട്രീയോദ്ദ്യേശ്യങ്ങളുമായി ഖരരൂപമാര്‍ജ്ജിച്ചുനിന്ന മലയാളപത്രപ്രവര്‍ത്തനം വിവിധഘട്ടങ്ങളില്‍ ഉരുകലുകള്‍ക്കു വിധേയമായിട്ടുണ്ട്. ഓരോതരം ദ്രവയുഗങ്ങള്‍. സാങ്കേതികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ പുതിയ ആവിര്‍ഭാവങ്ങളും പ്രതിസന്ധികളുമാണ് ഉരുകലിന്റെയും രൂപപ്പെടലിന്റെയും ഘട്ടങ്ങള്‍ സൃഷ്ടിച്ചത്. സൂക്ഷ്മമായി നോക്കിയാല്‍ അത്തരം അഞ്ചുഘട്ടങ്ങള്‍ മലയാളപത്രപ്രവര്‍ത്തനത്തില്‍ ഉണ്ടായതായിക്കാണാം. ആ ഘട്ടങ്ങളോരോന്നിനെയും ആധുനികത്വത്തിന്റെ കാലികമായ യുക്തിശാസ്ത്രംകൊണ്ട് അതിജീവിച്ച് കൂടുതല്‍ ബലിഷ്ഠമാകാനും ആധുനികത്വത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ ആ രൂപാന്തരങ്ങളിലൂടെ ഉറപ്പിച്ചു ബലപ്പെടുത്താനും പത്രപ്രവര്‍ത്തനത്തിനു കഴിഞ്ഞു. 

ആ അഞ്ചുഘട്ടങ്ങളെ ഇങ്ങനെ രേഖപ്പെടുത്താം: യൂറോപ്യന്‍ സാമ്രാജ്യത്വാധിനിവേശത്തിന്റെ ഭാഗമായി ക്രിസ്തുമതപ്രചാരണലക്ഷ്യത്തോടെ തുടങ്ങിയ ആനുകാലികങ്ങള്‍തൊട്ട് യഥാര്‍ത്ഥ വര്‍ത്തമാനപ്പത്രങ്ങള്‍ വരെയുള്ളതാണ് ആദ്യഘട്ടം. പത്രപ്രവര്‍ത്തനചരിത്രങ്ങളും വിജ്ഞാനകോശങ്ങളും പാഠപുസ്തകങ്ങളുമെല്ലാം ആദ്യത്തെ മലയാളപത്രമെന്നു ഘോഷിക്കുന്ന 'രാജ്യസമാചാര'(1847)വും 'പശ്ചിമോദയ'വും 'ജ്ഞാനനിക്ഷേപ'വുമെല്ലാം ഈ ഘട്ടത്തിലുണ്ടായവയാണ്. പത്രം എന്ന പരിഗണനയ്ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹതയില്ലാത്തവയാണ് ഈ പ്രസിദ്ധീകരണങ്ങള്‍. 'ഇന്ദുലേഖ'യ്ക്കുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള നോവലുകള്‍ക്കു സാഹിത്യത്തിലുള്ള സ്ഥാനം മാത്രമേ പത്രപ്രവര്‍ത്തനത്തില്‍ അവയ്ക്കുള്ളൂ. കഴിയുന്നത്ര പഴക്കം കല്പിക്കുന്നതിലൂടെ ചരിത്രത്തിനു കനമേറുന്ന വിശ്വാസമാണ് അത്തരം ആനുകാലികങ്ങള്‍ക്കു വൃത്താന്തപത്രപദവി നല്‍കാന്‍ ചരിത്രമെഴുത്തുകാരെ പ്രേരിപ്പിച്ചത്. യൂറോപ്യന്‍ യുക്തിക്കും ശാസ്ത്രീയസങ്കല്പത്തിനും മതവിശ്വാസത്തിനും നിരക്കാത്തതിനാല്‍ ഭാരതീയമായ ജ്ഞാനവിശ്വാസങ്ങളെ നിരസിക്കുന്ന അധിനിവേശവീക്ഷണമാണ് ആ പ്രസിദ്ധീകരണങ്ങള്‍ പുലര്‍ത്തിയത്. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ തിയോളജിയാണ് അവയെ ഭരിച്ചത്. പശ്ചിമോദയം, (പാശ്ചാത്യോദയം) തന്നെയായിരുന്നു അവയുടെ ലക്ഷ്യം. ജ്ഞാനോദയയുക്തിയുടെ അടിസ്ഥാനത്തില്‍, അജ്ഞരായ കേരളീയ അന്യരെ ശരിയിലേക്കും യഥാര്‍ത്ഥ്യത്തിലേക്കും നയിക്കാന്‍ അവ ശ്രമിച്ചു. വാര്‍ത്തകളല്ല, പാശ്ചാത്യയുക്തിയുടെയും വിശ്വാസത്തിന്റെയും വിവരങ്ങളാണ് അവ അവതരിപ്പിച്ചത്.

യഥാര്‍ത്ഥ വര്‍ത്തമാനപ്പത്രങ്ങളുടേതാണ് രണ്ടാംഘട്ടം. വാര്‍ത്തകള്‍ക്കുവേണ്ടി ഉണ്ടായവയാണവ. കൊച്ചിയിലെ ഗുജറാത്തി വണിക്കായ ദേവ്ജി ഭീംജി ആരംഭിച്ചതും കണ്ടത്തില്‍ വറുഗീസ് മാപ്പിള പത്രാധിപത്യം വഹിച്ചതുമായ 'കേരളമിത്രം' (1881), ചെങ്കളത്തു വലിയ കുഞ്ഞിരാമമേനോന്‍ കോഴിക്കോട്ട് ആരംഭിച്ച 'കേരളപത്രിക' (1884) എന്നിവയാണ് യഥാര്‍ത്ഥപത്രങ്ങള്‍ക്കു തുടക്കം കുറിച്ചത്. ആദ്യത്തെ മലയാളപത്രങ്ങളായി രേഖപ്പെടുത്തേണ്ട ആ യഥാര്‍ത്ഥപത്രങ്ങളെക്കാള്‍ രാജ്യസമാചാരാദികള്‍ക്കു പ്രാധാന്യം നല്‍കാന്‍ ചരിത്രമെഴുത്തുകാരെ പ്രേരിപ്പിച്ചത് അധിനിവേശത്തോടുള്ള ആധമര്‍ണ്യമല്ലാതെ മറ്റൊന്നുമല്ല. എഴുതപ്പെടാനിരിക്കുന്ന യഥാര്‍ത്ഥ മലയാളപത്രപ്രവര്‍ത്തനചരിത്രം 'കേരളമിത്ര'ത്തിലും 'കേരളപത്രിക'യിലും നിന്നാണു തുടങ്ങേണ്ടത്. സ്വാതന്ത്ര്യലബ്ധിവരെ നീളുന്ന സുദീര്‍ഘമായ ഈ രണ്ടാം ഘട്ടത്തിലാണ് 'ദീപിക', 'മലയാള മനോരമ', 'സ്വദേശാഭിമാനി', 'കേരളകൗമുദി', 'മലയാളരാജ്യം', 'മലയാളി', 'മാതൃഭൂമി', 'സമദര്‍ശി', തുടങ്ങിയവയെല്ലാം ആരംഭിച്ചത്. ആ പേരുകള്‍തന്നെ അവയുടെ ലക്ഷ്യങ്ങള്‍ പ്രതീകവത്കരിക്കുന്നു. സംഭവങ്ങളെയും വിവരങ്ങളെയും വാര്‍ത്തകളായി നിര്‍വചിച്ച ഈ ഘട്ടം കേരാളാധുനികത്വത്തെ ബലിഷ്ഠമാക്കി. ഭാഷ, ദേശീയത, സ്വാതന്ത്ര്യം, സ്വത്വം, പൗരാവകാശം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച പത്രങ്ങള്‍ വായനക്കാര്‍ എന്ന പുതിയ സമൂഹത്തെയും സൃഷ്ടിച്ചു. അതിന്റെ ആദ്യമാതൃകകളാണ് 'ഇന്ദുലേഖ'യിലെ (1889) മാധവനും ഇന്ദുലേഖയും. പത്രം വായിക്കുന്ന കഥാപാത്രങ്ങളാണ് അവര്‍. അച്ചടിയുടെ സന്തതികള്‍. താളിയോലഗ്രന്ഥങ്ങള്‍ ഉപേക്ഷിച്ച് അച്ചടിഗ്രന്ഥങ്ങള്‍ സ്വീകരിച്ചവരാണ് ഇന്ദുലേഖയും മാധവനുമെന്ന് നോവലിലെ യാഥാസ്ഥിതിക കാരണവരായ പഞ്ചുമേനോന്‍ പരാതിപ്പെടുന്നുപോലുമുണ്ട്. പത്രം, പുസ്തകം, ടെലിഗ്രാഫ്, റെയില്‍വേ, ഇംഗ്ലിഷ്, വിദ്യാഭ്യാസം തുടങ്ങിയ രൂപങ്ങളില്‍ കടന്നുവരുന്ന ആധുനികത്വമാണ് 'ഇന്ദുലേഖ'യിലെ പ്രധാനപ്രമേയം. 'കേരളപത്രിക'യിലെ ലേഖകനുമായിരുന്നു ഇന്ദുലേഖാകാരനായ ഒ.ചന്തുമേനോന്‍ എന്നുകൂടി ഓര്‍ക്കണം. മലയാളത്തിലെ ആദ്യത്തെ ചെറുകഥയെഴുതിയ (വാസനാവികൃതി,1891) കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരാകട്ടെ മുഴുവന്‍സമയ പത്രപ്രവര്‍ത്തകനുമായിരുന്നു. സ്വതന്ത്രനും പാരമ്പര്യലംഘകനും ആധുനികനുമായ വ്യക്തിയെ സൃഷ്ടിച്ചതില്‍ ഈ ഘട്ടത്തിന്റെ തുടക്കംമുതല്‍ പത്രങ്ങള്‍ വഹിച്ച പങ്കു ചെറുതല്ല.

വാര്‍ത്തയും വിവരവും സാഹിത്യവും വ്യത്യസ്തമായ 

അറകളാണ് എന്ന പില്ക്കാല പത്രപ്രവര്‍ത്തനബോധം ആദ്യകാലപത്രങ്ങളില്‍ ഉണ്ടായിരുന്നില്ല. നിരക്ഷരരും അര്‍ധസാക്ഷരരും മഹാഭൂരിപക്ഷമായ ഒരു സമൂഹത്തിലെ അജ്ഞതയുടെയും വൈരുദ്ധ്യങ്ങളുടെയും ഇടയിലാണ് പത്രങ്ങള്‍ നിന്നിരുന്നത്. നവീകരണേച്ഛയുടെ താങ്ങാനാവാത്ത ഭാരംകൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന ആ പത്രങ്ങള്‍ക്കും പത്രാധിപന്മാര്‍ക്കും സമൂഹത്തിന്റെ കീഴ്‌നിലയെ മാറ്റിമറിക്കേണ്ടതുണ്ടായിരുന്നു. കോളനിവാഴ്ചയും വിദ്യാഭ്യാസവുംവഴി ലഭിച്ച യൂറോപ്യന്‍ ആധുനികത്വസങ്കല്പങ്ങളുമായി പൊരുത്തപ്പെടുത്തി പുതിയൊരു കേരളബോധവും മലയാളിബോധവും രൂപപ്പെടുത്താന്‍ പത്രസ്ഥലത്തെ അവര്‍ ഉപയോഗിച്ചു. യുക്തി, പുരോഗതി, ശാസ്ത്രീയത എന്നീ വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന യൂറോപ്യന്‍ ജ്ഞാനോദയബോധം അധിനിവേശവിജ്ഞാനപദ്ധതികളുമായുള്ള പരിചയത്തിലൂടെ ഈ പരിവര്‍ത്തനേച്ഛയുടെ അബോധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളീയ ജീവിതത്തെ റാഷനലൈസ് ചെയ്യാനുള്ള ദൗത്യമാണ് പത്രങ്ങള്‍ ഏറ്റെടുത്തത്. ആധുനികത്വത്തിന്റെ പ്രകടനപത്രികയായിരുന്നു ആ റാഷനലൈസേഷന്‍. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളാണ് പത്രങ്ങളെ സാധ്യമാക്കിയത്. അച്ചടിയന്ത്രം എന്ന സാങ്കേതികവിദ്യാവിഗ്രഹത്തെ കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനമായതുകൊണ്ടു തന്നെ പത്രത്തിന് പാരമ്പര്യജ്ഞാനത്തില്‍നിന്നു വേറിട്ടല്ലാതെ നില്ക്കാന്‍ കഴിയുമായിരുന്നില്ല. ആധുനികത്വത്തിന്റെ യുക്തിബോധമാണ്, കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ഇംഗ്ലിഷ്‌വിദ്യാഭ്യാസത്തിലൂടെ കിട്ടിയ അധിനിവേശാധുനികത്വത്തിന്റെ യുക്തിബോധമാണ് 'വ്യക്തി'യുടെയും 'വായനക്കാര(ി)'ന്റെയും നിര്‍മിതിക്കു പത്രങ്ങളെ സഹായിച്ചത്. അത്തരം വ്യക്തികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും സംശയിക്കുകയും പാരമ്പര്യതത്ത്വങ്ങള്‍ ലംഘിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തെയും ജാതിവിരുദ്ധസമരങ്ങളെയും വിജയിപ്പിച്ചതും ഐക്യകേരളം നിര്‍മിച്ചതും അവരാണ്. ആധുനികത്വബോധത്താല്‍, പുരോഗതിയുടെയും യുക്തിവിശ്വാസത്തിന്റെയും ആശയങ്ങളാല്‍ രൂപപ്പെട്ട ആ പുനര്‍നിര്‍മാണയത്‌നങ്ങളുടെ വാക്കും നാക്കുമായിരുന്നു പത്രങ്ങള്‍.

സ്വാതന്ത്ര്യലബ്ധിതൊട്ട് അടിയന്തരാവസ്ഥവരെയുള്ളതാണ് മലയാളപത്രപ്രവര്‍ത്തനത്തിന്റെ മൂന്നാംഘട്ടം. ദേശീയതയുടെയും സ്വാതന്ത്ര്യഭാവനയുടെയും സമരോത്സുകമായ സ്വപ്‌നാന്തരീക്ഷത്തിലൂടെ കടന്നുപോയ പത്രങ്ങള്‍ സ്ഥാപനങ്ങളായി മാറിയത് ഈ ഘട്ടത്തിലാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം അടുത്തഘട്ടം തുടങ്ങുന്നു. 1990-കളില്‍ കേബിള്‍ ടി.വി. ആവിര്‍ഭവിച്ചതുവരെയുള്ള നാലാം ഘട്ടത്തില്‍ പത്രങ്ങള്‍ വന്‍കിടവ്യവസായങ്ങളായി മാറി. പ്രചാരം ലക്ഷങ്ങളിലേക്കു കടന്നു. വലിയപത്രങ്ങള്‍ക്ക് ആനുകാലികങ്ങളുടെ നിര തന്നെയുണ്ടായി. പത്രപ്രവര്‍ത്തകരുടെ എണ്ണം പെരുകി. അവരുടെ വിദ്യാഭ്യാസയോഗ്യതകള്‍ നിശ്ചയിക്കപ്പെട്ടു. പത്രപ്രവര്‍ത്തനത്തിലുള്ള ബിരുദാനന്തരബിരുദമോ ഡിപ്ലോമകളോ അടിസ്ഥാനയോഗ്യതകളായിത്തീര്‍ന്നു. യുവപത്രപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നിര്‍ബന്ധമായി. 

വിദഗ്ധത്തൊഴിലായി പത്രപ്രവര്‍ത്തനത്തെ പുനര്‍നിര്‍വചിക്കാനുള്ള ആ യത്‌നങ്ങള്‍ വ്യവസായവത്കരണത്തിന്റെ ഭാഗം കൂടിയായിരുന്നു. പുത്തന്‍ സാങ്കേതികവിദ്യകളുടെ വരവ് അച്ചടിയില്‍ സൗന്ദര്യശാസ്ത്രപരമായ വിപ്ലവം സൃഷ്ടിച്ചതും ഇക്കാലത്തുതന്നെ. രണ്ടുമുതല്‍ നാലുവരെയുള്ള ഘട്ടങ്ങളാണ് മലയാളപത്രപ്രവര്‍ത്തനത്തിന്റെ സുവര്‍ണകാലം. എതിരാളികളില്ലാത്ത കാലമായിരുന്നു അത്,റേഡിയോയിലെ ഔദ്യോഗികവാര്‍ത്തയല്ലാതെ. നാലാംഘട്ടത്തിന്റെ ഒടുവില്‍ കേബിള്‍ ടെലിവിഷന്‍ കടന്നുവന്നതോടെയാണ് മറ്റൊരുതരം പത്രപ്രവര്‍ത്തകര്‍ ഉണ്ടായത്. അറിവ്, വസ്തുനിഷ്ഠത, വ്യാഖ്യാനം, കാഴ്ചപ്പാട് എന്നിവയുടെ കുത്തക പത്രങ്ങള്‍ക്കുണ്ടായിരുന്ന സുവര്‍ണഘട്ടത്തില്‍ വായനക്കാര്‍ ഒരു അദൃശ്യസമൂഹമായിരുന്നു. കമ്പോളം അവരെ ടാര്‍ഗെറ്റഡ് ഓഡിയന്‍സായി കരുതാന്‍ തുടങ്ങുന്നതിനുമുമ്പുള്ള അദൃശ്യവായനക്കാരുടെ ആ കാലം കേബിള്‍ ടിവിയുടെ വ്യാപനത്തോടെ അവസാനിച്ചു. കേരളാധുനികത്വത്തിന്റെയും യഥാര്‍ത്ഥപത്രങ്ങളുടെയും ആവിര്‍ഭാവദശയായ 1880 കള്‍ തൊട്ടുള്ള ഒരു നൂറ്റാണ്ടുകാലത്ത് പത്രങ്ങള്‍ക്ക് ഒരുതരം പ്രബോധനധര്‍മമുണ്ടായിരുന്നു. വായനക്കാര്‍ക്ക് ആശയവ്യക്തതയും നിലപാടുകളും ഉണ്ടാക്കിക്കൊടുക്കുന്ന ആ പ്രബോധനത്വം ആധുനികത്വത്തിന്റെ പുരോഗതിസങ്കല്പത്തെയും യുക്തിയെയും ആധാരമാക്കിയാണ് നിലനിന്നത്. പത്രം വാങ്ങുമ്പോള്‍ ഒരു കാഴ്ചപ്പാടു കൂടിയാണ് ആളുകള്‍ വാങ്ങിയിരുന്നത്. പത്രപ്രവര്‍ത്തനത്തിലെ റിയലിസത്തിന്റെ ആ ഘട്ടത്തില്‍ പത്രപ്രവര്‍ത്തക കാഴ്ചപ്പാടില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല വാര്‍ത്ത. അങ്ങനെയൊരു വ്യത്യസ്തത വേണമെന്ന് ആര്‍ക്കും തോന്നിയിരുന്നുമില്ല. 

അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലും (മൂന്നാംഘട്ടത്തിന്റെ അന്ത്യവര്‍ഷങ്ങള്‍) അടിയന്തരാവസ്ഥ അവസാനിച്ച ശേഷമുള്ള ആദ്യവര്‍ഷങ്ങളിലും (നാലാംഘട്ടത്തിന്റെ തുടക്കം) ആധുനികത്വത്തിന്റെ ലോകവീക്ഷണമാണ് പത്രങ്ങളില്‍ രൂപാന്തരങ്ങളോടെ നിലനിന്നത്. പുരോഗതിവാദത്തിന്റെ ഔദ്യോഗിക രാഷ്ട്രീയവ്യവഹാരമായിരുന്നു അതിന്റെ കാതല്‍. അതേസമയം സാഹിത്യം, കല, സിനിമ, രാഷ്ട്രീയം, യുവജീവിതം തുടങ്ങിയവയില്‍ സംഭവിക്കാന്‍ തുടങ്ങിയ ആധുനികത എന്ന സാംസ്‌കാരിക പ്രതിഭാസവുമായി ഒരു സന്ദിഗ്ധബന്ധമാണ് ഈ കാലയളവില്‍ പത്രങ്ങള്‍ പുലര്‍ത്തിയത്. വാര്‍ത്താരചനയിലും വിന്യാസത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ റിയലിസത്തിന്റെ സ്ഥാനത്ത് ആധുനികത കടന്നുവന്നു. എന്നാല്‍ വാര്‍ത്തയുടെ പ്രത്യയശാസ്ത്രം ഔദ്യോഗികപുരോഗതിവാദത്തിന്റേതുതന്നെയായിരുന്നു. സാംസ്‌കാരിക ആധുനികത ഔദ്യോഗികസംസ്‌കാരത്തോടു പുലര്‍ത്തിയ നിഷേധമനോഭാവവും പുതിയ ആഖ്യാനക്രമങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ശ്രമവും പത്രാഖ്യാനത്തില്‍ പ്രത്യക്ഷമായില്ല. അതേ പത്രസ്ഥാപനങ്ങളില്‍ ചിലെതങ്കിലും നടത്തിയിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളാവട്ടെ ആധുനികതയുടെ ആവിഷ്‌കാരങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്തു. 'മാതൃഭൂമി ആഴ്ചപ്പതിപ്പു'ം കേരളകൗമുദി ഗ്രൂപ്പിന്റെ 'കലാകൗമുദി'യും ഉദാഹരണം. സ്ഥാപനങ്ങളായിത്തീര്‍ന്ന പത്രങ്ങള്‍ക്ക് അവയുടെ ശീലത്തില്‍ നിന്നു പുറത്തുവരാന്‍ കഴിയാതിരുന്നപ്പോഴാണ് അവയുടെ ആനുകാലികങ്ങള്‍ ശീലക്കേടുകള്‍ക്ക് ഇടം നല്‍കിയത്. സ്വാത്രന്ത്യാനന്തരനിരാശയുടെയും സാംസ്‌കാരിക വിഗ്രഹഭഞ്ജനത്തിന്റെയും അംശങ്ങള്‍ പ്രതിഫലിപ്പിച്ച ലിറ്റില്‍ മാഗസിനുകളാണ്, അവ ഹ്രസ്വായുസ്സുകളായിരുന്നെങ്കില്‍ത്തന്നെയും ആധുനികതാവാദത്തിന്റെ അഭിലാഷങ്ങള്‍ അവതരിപ്പിച്ചത്. എണ്‍പതുകളവസാനംവരെ ലിറ്റില്‍ മാഗസിനുകളുടെ സമാന്തരവിപ്ലവം തുടര്‍ന്നു. രക്തസാക്ഷിത്വങ്ങള്‍ സൃഷ്ടിച്ച് അവസാനിച്ചപ്പോഴേക്കും അവ ഒരു ബദല്‍ സാഹിത്യപത്രപ്രവര്‍ത്തനസംസ്‌കാരം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.

അടിയന്തരാവസ്ഥയാണ് പത്രങ്ങളുടെ മിത്തുകള്‍- 

വസ്തുനിഷ്ഠത, സത്യാത്മകത, യാഥാതഥ്യം- തകര്‍ത്തെറിഞ്ഞത്. പത്രങ്ങള്‍ 'റോബിന്‍സണ്‍ ക്രൂസോ'യിലെ നാക്കു മുറിച്ചുമാറ്റിയ കറുത്തവര്‍ഗ്ഗക്കാരന്‍ ഫ്രൈഡേയുടെ നിലയിലേക്കുവീണ ആ മ്ലാനവര്‍ഷങ്ങള്‍, ആധുനികത്വത്തിന്റെയും ദേശരാഷ്ട്രത്തിന്റെയും മൂലക്കല്ലായി തങ്ങളുടെ ഉത്പന്നത്തെ വിലയിരുത്തിയിരുന്ന പത്രപാരമ്പര്യത്തെ നിലംപരിശാക്കി. ജനാധിപത്യത്തിന്റെ ആഖ്യാനരൂപമാണ് പത്രം എന്ന ആധുനികത്വസങ്കല്പത്തിന് അസ്തിത്വം നഷ്ടപ്പെട്ടു. വസ്തുതയും വാര്‍ത്തയും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഘട്ടമായിരുന്നു അത്. ആധുനികത്വത്തിന്റെയും വസ്തുനിഷ്ഠതയുടെയും ഖരം ഉരുകിപ്പിളര്‍ന്ന ആദ്യ സ്വാതന്ത്ര്യാനന്തരസന്ദര്‍ഭമായിരുന്നു അത്. (വി. കെ. നരസിംഹന്മാരൊന്നും കേരളത്തില്‍ ജനിച്ചിരുന്നില്ല, പത്രരംഗത്ത്). സവിശേഷവും വിശദവുമായ പഠനമര്‍ഹിക്കുന്ന മേഖലയാണിത്. അടിയന്തിരാവസ്ഥാനന്തരഘട്ടത്തോടെ പത്രങ്ങള്‍ വന്‍കിടവ്യവസായമായി വളരുന്നതിന്റെ ആദ്യചുവടുകള്‍ വെച്ചു തുടങ്ങി. പരസ്യവരുമാനം കൂടാന്‍ തുടങ്ങിയെന്നു മാത്രല്ല പത്രപ്രവര്‍ത്തകരുടെ എണ്ണവും സാങ്കേതികസൗകര്യങ്ങളുടെ വൈപുല്യവും വര്‍ധിച്ചു. ധാരാളം പേര്‍ പത്രനിര്‍മാണത്തില്‍ പങ്കുവഹിക്കാന്‍ തുടങ്ങിയതോടെ ഒരു സവിശേഷരാഷട്രീയ സമീപനം സ്വീകരിക്കുക അസാധ്യമായി. പ്രത്യയശാസ്ത്രമില്ലായ്മ എന്ന പ്രത്യയശാസ്ത്രമാണ് പത്രപ്രവര്‍ത്തനത്തില്‍ ഇതോടെ രൂപപ്പെട്ടത്. വാര്‍ത്താരചനയിലെ റിയലിസം, എന്തെല്ലാം ന്യൂനതകളുണ്ടായിരുന്നെങ്കില്‍ത്തന്നെയും ആത്മാര്‍ത്ഥത നിറഞ്ഞ സമര്‍പ്പിതജീവിതങ്ങളുടെ സംഭാവനയായിരുന്ന ആ ആധുനികത്വവീക്ഷണം തിരോഭവിക്കാന്‍ തുടങ്ങി. ഇന്‍വെര്‍ട്ടഡ് പിരമിഡ് ആയിരുന്നു പുതിയ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രിയപ്പെട്ട ആഖ്യാനമാതൃക.

എണ്‍പതുകള്‍ ക്ലാന്തതയുടെ വര്‍ഷങ്ങള്‍കൂടിയാണ് മലയാളപത്രപ്രവര്‍ത്തനത്തില്‍. വ്യാപാരവികസനത്തിന്റെയും പരസ്യവരുമാനത്തിന്റെയും പുതിയ ധര്‍മശാസ്ത്രത്തിലേക്കു പത്രവ്യവസായം നീങ്ങാന്‍ തുടങ്ങിയ ഈ കാലയളവിലാണ് ഉടമസ്ഥരുടെ ഇടപെടല്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മൂലധനത്തിന്റെ താത്പര്യം ഒരു സ്വാഭാവികഘടകമായിത്തീര്‍ന്നത്. പത്രസ്ഥാപനങ്ങളുടെ അധികാരഘടനയിലുണ്ടായ ഈ മാറ്റം വാര്‍ത്തയെ വില്‍ക്കാവുന്ന ഉത്പന്നത്തിലേക്കു പതുക്കെപ്പതുക്കെ പരിവര്‍ത്തിപ്പിച്ചു. യു.എസ്.എ.ടുഡേയുടെ മാതൃകയിലുള്ള വാര്‍ത്തയെഴുത്തും ഫീച്ചറെഴുത്തും മലയാളപത്രങ്ങളില്‍ കടന്നുവരാന്‍ തുടങ്ങി. വാര്‍ത്തയെ വിനോദോപാധിയിലേക്കു താഴ്ത്താന്‍ വന്‍കിടപത്രങ്ങള്‍ നടത്തിയ വാണിജ്യയത്‌നം ചെറുപത്രങ്ങളും അനുകരിച്ചു. അടിയന്തരാവസ്ഥ ഓര്‍മ്മകള്‍ നശിപ്പിക്കുകയോ ആശയപരമായി തകര്‍ക്കുകയോ ചെയ്ത പത്രപ്രവര്‍ത്തകര്‍ നിരാശയുടെ നിഷ്‌ക്രിയത്വത്തിലേക്കും പുതുതായി വന്നവര്‍ മൂലധനത്തിന്റെയും വിപണിയുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രൊഫഷണലിസത്തിലേക്കും നീങ്ങി. കേബിള്‍ ടി.വി. യോടു മത്സരിക്കാന്‍ പത്രങ്ങള്‍ വാര്‍ത്തയെയും വിനോ

ദത്തെയും കൂട്ടിയിണക്കുക മാത്രമല്ല ജനപ്രിയ ഫിക്ഷന്റെ മാതൃകകള്‍ പോലും സ്വീകരിച്ചു. ആ പടം പൊഴിക്കല്‍ പൂര്‍ണമായ തൊണ്ണൂറുകളിലാണ് മലയാളപത്രങ്ങള്‍ മിക്കതിനും ധാരാളം എഡിഷനുകള്‍ ഉണ്ടായത്. ടെലിവിഷന്‍ പത്രത്തിന്റെ മരണം ഉറപ്പാക്കുമെന്ന പ്രവചനങ്ങള്‍ പരാജയപ്പെടുത്തി പത്രങ്ങള്‍ വലിയ പ്രചാരം നേടുകയാണുണ്ടായത്. മലയാളപത്രങ്ങള്‍ അവയുടെ ചരിത്രത്തിലെ നാലാംപ്രതിസന്ധിയെ വിജയകരമായി അതിജീവിച്ച് സാംസ്‌കാരികവ്യവസായങ്ങളും കോര്‍പ്പറേറ്റ്സ്ഥാപനങ്ങളുമായി മാറിയതിന്റെ കഥയാണിത്. ഇപ്പോള്‍ അഞ്ചാംഘട്ടത്തിലാണ് മലയാളപത്രപ്രവര്‍ത്തനം. ചരിത്രത്തിലെ മറ്റു പ്രതിസന്ധികളെക്കാള്‍ വലുതായ ഒന്നിനെയാണ് പത്രപ്രവര്‍ത്തനത്തിന് ഇപ്പോള്‍ അഭിമുഖീകരിക്കാനുള്ളത്- ഓണ്‍ലൈന്‍ മാധ്യമം. സ്ഥാപനങ്ങള്‍ മാത്രമല്ല ഒറ്റവ്യക്തികളും ചെറുസംഘങ്ങളുമെല്ലാം നടത്തുന്ന വിനിമയ വിപ്ലവമാണിത്. കേബിള്‍ ടിവിയോടു മത്സരിക്കാന്‍ വാര്‍ത്താഖ്യാനത്തിന്റെ രീതിയിലും പേജുകളുടെ ദൃശ്യാവിന്യാസത്തിലും വരുത്തിയ പരിവര്‍ത്തനങ്ങളും പൊതുജനസഹായകങ്ങളായ പംക്തികളുമൊക്കെ മതിയായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തനത്തിന്റെ അതേ ആഖ്യാനായുധമായ എഴുത്താണ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെയും ആയുധം. ആഖ്യാനങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധത്തിലേക്കാണ് അത് പത്രപ്രവര്‍ത്തനത്തെ കൊണ്ടുചെന്നുനിര്‍ത്തുന്നത്. ഇന്റര്‍നെറ്റിനെ വിനോദോപാധിയായാണ് ഭൂരിഭാഗം മലയാളികളും കാണുന്നത് എന്നുള്ളതുകൊണ്ട് ഇപ്പോള്‍ പത്രങ്ങള്‍ ഭദ്രമായ നിലയിലാണ്. വരും വര്‍ഷങ്ങളില്‍ അങ്ങനെയാകണമെന്നില്ല. നവമാധ്യമം (new media) മുദ്രണമാധ്യമത്തെ പുനര്‍മാധ്യമീകരണ(remediation)ത്തിനു വിധേയമാക്കുകയാണിപ്പോള്‍. പഴയ മാധ്യമങ്ങളെ പുനര്‍രൂപകല്പനക്കു നവമാധ്യമം നിര്‍ബന്ധിതമാക്കുന്നതും നവമാധ്യമത്തിലേക്ക് പഴയമാധ്യമം സ്വയം പരിഷ്‌കരിച്ചു കടന്നുവരുന്നതുമായ പ്രക്രിയയാണ് പുനര്‍മാധ്യമീകരണം. നവ മാധ്യമം ചെലുത്തുന്ന സ്വാധീനതയുടെ ഫലമാണത്. മാധ്യമ രൂപാന്തരണ(media morphosis)മെന്നു വിളിക്കാം ഈ പ്രക്രിയയെ. പത്രത്തെയും പത്രപ്രവര്‍ത്തനത്തെയും വാര്‍ത്താഖ്യാനത്തെയും സംബന്ധിച്ച ഖരരൂപങ്ങള്‍ ഉരുകിത്തുടങ്ങിയിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തെ അച്ചടിമാധ്യമം, മുദ്രണപത്രപ്രവര്‍ത്തനം എങ്ങനെയാവും അഭിമുഖീകരിക്കുക. ആ അഭിമുഖീകരണത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്. പത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനുകളോ ന്യൂസ് പോര്‍ട്ടലുകളോ തുടങ്ങിയതുകൊണ്ട് അഭിമുഖീകരണത്തിന്റെ പ്രശ്‌നം തീര്‍ന്നു എന്നു കരുതുന്നത് മൂഢത്വമാണ്. സാങ്കേതികവിദ്യ സ്വായത്തമാക്കുകയല്ല ഇവിടത്തെ പ്രശ്‌നം. മൂലധനശക്തിയുള്ള ഏതു സ്ഥാപനത്തിനും ആകാവുന്ന കാര്യമാണത്. സാങ്കേതികവിദ്യയെയല്ല, മാറിക്കൊണ്ടിരിക്കുന്ന ആശയകാലാവസ്ഥയെയാണ് പത്രപ്രവര്‍ത്തനത്തിന് അഭിമുഖീകരിക്കാനുള്ളത്. അനന്തമായ പുരോഗതി എന്ന ആധുനികത്വവിശ്വാസം തകര്‍ന്നു വീണുകഴിഞ്ഞത് വ്യവസായ ദുരന്തങ്ങളിലും പരിസ്ഥിതിപ്രശ്‌നങ്ങളിലും ഊര്‍ജക്ഷാമത്തിലും മലിനീകരണത്തിലും നഗരജീവിതപ്രതിസന്ധികളിലും നാം കണ്ടു കഴിഞ്ഞു. ആധുനികത്വത്തിന്റെ യുക്തിബോധവും പുരോഗതിവിശ്വാസവും ആഖ്യാനഭാവനയും തിരസ്‌കരിക്കുന്ന തലമുറകളെയാണ് പത്രപ്രവര്‍ത്തനത്തിന ് ഇനി നേരിടാനുള്ളത്. വസ്തുനിഷ്ഠതയുടെ വക്താക്കളാണ് പത്രപ്രവര്‍ത്തകര്‍ എന്ന് അവര്‍ അംഗീകരിക്കുന്നില്ല. പല വീക്ഷണങ്ങളുടെയും പല സ്വരങ്ങളുടെയും ഈ ലോകത്തെ/ഇ-ലോകത്തെ ഉത്തരാധുനികത്വത്തെ അഭിമുഖീകരിക്കുക എന്നതാണ് പത്രപ്രവര്‍ത്തനം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. 

'സോഷ്യല്‍ മീഡിയ റീഡര്‍' എന്ന സമീപകാല അക്കാദമിക് പുസ്‌കത്തിലെ ആദ്യത്തെ ലേഖനം ശ്രദ്ധയെ വശീകരിച്ചത് അതിന്റെ തലക്കെട്ടുകൊണ്ടാണ്, 'ഓഡിയന്‍സ് എന്ന് മുമ്പറിയപ്പെട്ടിരുന്ന ആളുകള്‍' (The people formerly known as the Audience). ജേയ് റോസെന്‍ എന്ന അമേരിക്കന്‍ അക്കാദമീഷ്യന്‍ എഴുതിയ ആ ലേഖനം ഇങ്ങനെ തുടങ്ങുന്നു: ''ഓഡിയന്‍സ് എന്ന് മുമ്പറിയപ്പെട്ടിരുന്ന ആളുകള്‍ തങ്ങളുടെ അസ്തിത്വത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാം കേട്ടിട്ടുള്ള നിലപാടുമാറ്റത്തോടൊപ്പമുള്ള ഒരു അധികാരമാറ്റത്തെപ്പറ്റിയും. നിങ്ങള്‍ സഞ്ചരിക്കുന്ന കപ്പലില്‍ സ്വന്തം ബോട്ടുള്ള യാത്രക്കാരെപ്പറ്റി സങ്കല്പിക്കുക. എഴുതുന്ന വായനക്കാര്‍. ക്യാമറ കൈയിലെടുക്കുന്ന കാണികള്‍. മുമ്പ് ലോകത്തോടു സംസാരിക്കാന്‍ അണുമാത്രമായ, പരസ്പരം ബന്ധപ്പെടാനും സംസാരിക്കുന്നതിന്റെ ഗുണം കിട്ടാനും ലളിതമാര്‍ഗങ്ങള്‍ മാത്രമുണ്ടായിരുന്ന കേള്‍വിക്കാര്‍. സ്വന്തം യുക്തികളുടെ വെളിച്ചത്തില്‍ ഇങ്ങനെ പറയാനാഗ്രഹിക്കുന്ന ഒട്ടേറെ മാധ്യമപ്രവര്‍ത്തകരെ ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലാവും: 'എല്ലാവരും സംസാരിക്കുകയാണെങ്കില്‍ ആരാണു കേള്‍ക്കാനുണ്ടാവുക? അതെങ്കിലും നിങ്ങള്‍ക്കു പറഞ്ഞുതരാമോ?' ഓഡിയന്‍സ് എന്ന് മുമ്പറിയപ്പെട്ടിരുന്ന ആളുകള്‍ ഈ പ്രശ്‌നത്തില്‍ വിശ്വസിക്കുന്നില്ല സംസാരിക്കുന്നവരുടെ പെരുപ്പം! അതാണു ഞങ്ങളുടെ പ്രശ്‌നം. ഇന്ന് നിങ്ങളുടെ കൂട്ടത്തില്‍ ആരും ഞങ്ങള്‍ ആരാണെന്നോര്‍ത്ത് അമ്പരക്കും. ഔപചാരികമായ ഒരു നിര്‍വചനം ഇവ്വിധമായിരിക്കും. ഓഡിയന്‍സ് എന്ന് അറിയപ്പെട്ടിരുന്നവരും ഏകപക്ഷീയവും മത്സരിക്കാന്‍ അധികം പേരില്ലാത്തതുമായ ഒരു മാധ്യമവ്യവസ്ഥയുടെ സ്വീകരണാറ്റത്തും കുറച്ചു സ്ഥാപനങ്ങള്‍മാത്രം ഉച്ചത്തില്‍ സംസാരിക്കുകയും ശേഷിച്ചവരത്രയും പരസ്പരമകന്ന് ഏകാന്തതയില്‍ കേട്ടിരിക്കുകയും ചെയ്തിരുന്ന ഒരു പ്രക്ഷേപണഘടനയിലും നിന്നിരുന്ന ആളുകള്‍ ഇന്ന് അത്തരമൊരു അവസ്ഥയിലല്ല.

ഒരിക്കല്‍ നിങ്ങള്‍ക്ക് അച്ചടിയന്ത്രങ്ങളുണ്ടായിരുന്നു. ഇന്ന് ആ വിനീതോപകരണം, ബ്ലോഗ് ഞങ്ങള്‍ക്ക് അച്ചടിയന്ത്രം തന്നു.

ഒരിക്കല്‍ ഇത് നിങ്ങളുടെ റേഡിയോ നിലയമായിരുന്നു, നിങ്ങളുടെ സ്വന്തം തരംഗദൈര്‍ഘ്യത്തില്‍ പ്രക്ഷേപണം ചെയ്യുന്നത്. ഇപ്പോള്‍ ആ ഉജ്ജ്വലമായ കണ്ടുപിടുത്തം, പോഡ്കാസ്റ്റിങ് ഞങ്ങള്‍ക്ക് റേഡിയോ തന്നു. നിങ്ങള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ പ്രയോജനങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി.

ചിത്രീകരണം, ചിത്രസംയോജനം, വീഡിയോവിതരണം എന്നിവ ഒരിക്കല്‍ നിങ്ങള്‍, വന്‍മാധ്യമങ്ങളുടേതായിരുന്നു. നിങ്ങള്‍ക്കുമാത്രമേ സ്വന്തം ഇമേജില്‍ നിങ്ങള്‍ സൃഷ്ടിച്ച ടെലിവിഷന്‍ പ്രേക്ഷകരെ സമീപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ വീഡിയോ ഉപയോക്താക്കളുടെ കൈയിലേക്കു വന്നിരിക്കുന്നു. മുമ്പത്തെ കാണികള്‍ നിര്‍വഹിച്ച പ്രേക്ഷകസമൂഹസൃഷ്ടി വെബ്ബില്‍ സജീവമായിരിക്കുന്നു. 

ഒരിക്കല്‍ നിങ്ങള്‍ (നിങ്ങള്‍ മാത്രം) വാര്‍ത്തയുടെ എഡിറ്റര്‍മാരായിരുന്നു, ഒന്നാംപേജില്‍ എന്തുവേണമെന്നു നിശ്ചയിക്കുന്നവര്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് വാര്‍ത്തകള്‍ എഡിറ്റ് ചെയ്യാം, ഞങ്ങളുടെ ഒന്നാം പേജുകളിലേക്ക് ഞങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ വാര്‍ത്തകള്‍ അയക്കുന്നു.

അത്യധികം കേന്ദ്രീകൃതമായ മാധ്യമസംവിധാനം ജനങ്ങളെ വമ്പന്‍ സാമൂഹികപ്രസ്ഥാനങ്ങളുമായും അധികാരകേന്ദ്രങ്ങളുമായും ലംബമായി ബന്ധിച്ചു. പക്ഷേ പരസ്പരം കലര്‍ത്തിയില്ല. ഇപ്പോള്‍ പൗരരില്‍നിന്ന് പൗരരിലേക്കുള്ള തിരശ്ചീനപ്രവാഹം ലംബമായതെന്നപോലെ യാഥാര്‍ത്ഥ്യവും ഫലപ്രദവുമാണ്.''

ആ ലേഖനം അവസാനിപ്പിച്ചുകൊണ്ട് ജേയ് റോസെന്‍ ഇത്രയുംകൂടി എഴുതുന്നു. ''ഓഡിയന്‍സ് എന്ന് മുമ്പറിയപ്പെട്ടിരുന്ന ആളുകള്‍ പൊതുസമൂഹം സൃഷ്ടിച്ച യഥാര്‍ത്ഥങ്ങളും ഭാവനാസൃഷ്ടികളല്ലാത്തവരും കൂടുതല്‍ ശേഷിയുള്ളവരും അപ്രവചനീയരുമാണ്. മാധ്യമപ്രവര്‍ത്തകരേ, നിങ്ങള്‍ അവരെ സ്വാഗതം ചെയ്യുകതന്നെ ചെയ്യണം. നിങ്ങള്‍ അങ്ങനെ ചെയ്താലും ഇല്ലെങ്കിലും ഞങ്ങള്‍ ഇവിടെയുണ്ടെന്ന് നിങ്ങള്‍ അറിയണം.''

ദ്രവകാലത്തിന്റെ പ്രഖ്യാപനമാണിത്. മാധ്യമപ്രവര്‍ത്തനത്തിലെ മാത്രമല്ല സാമൂഹികാവസ്ഥയിലും ആശയലോകത്തും ഭാവനാഘടനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രവീകരണം. പത്രപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചാലും ആധുനികത്വഖരരൂപത്തില്‍ ഉറച്ചു നിന്നുകൊണ്ട് പുച്ഛച്ചിരിയോടെ തള്ളിക്കളഞ്ഞാലും ഇല്ലെങ്കിലും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉത്തരാധുനികത്വത്തിന്റെ എതിര്‍സ്വരവും എതിര്‍ചിന്തയും. എഴുപതുകളിലും എണ്‍പതുകളിലും യുവജീവിതത്തിലും ചിന്തയിലും കലാസാഹിത്യാവിഷ്‌കാരങ്ങളിലും സാമൂഹികവിവേകത്തിലും ഉണ്ടായ ആധുനികതയെ പത്രപ്രവര്‍ത്തനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. യാഥാസ്ഥിതികമായ ഖരസങ്കല്പങ്ങളുടെ കാവല്‍ക്കാരാണ് - നിഷ്‌കളങ്ക റിയലിസ്റ്റുകള്‍ - പത്രങ്ങളെ നിയന്ത്രിച്ചത്. ഇപ്പോഴും ഏതാണ്ട് അങ്ങനെയൊക്കെയാണു സ്ഥിതിയെങ്കിലും സാങ്കേതികവിദ്യയുടെ മധ്യസ്ഥതയിലും ജനാധിപത്യത്തിലും ദ്രവീകരണം അതിതീവ്രമാണ്. അതിനെ അഭിസംബോധനചെയ്യാതെ, പുനര്‍മാധ്യമീകരണത്തിനു വിധേയമാകാതെ, ആഖ്യാനങ്ങളെയും ഭാഷയെയും വാര്‍ത്തയുടെ ശ്രേണീസങ്കല്പത്തെയും രൂപവിന്യാസത്തെയും പൊളിച്ചെഴുതാതെ അച്ചടി മാധ്യമത്തിനു മുന്നോട്ടു പോകാനാവില്ല. വികസിതസമൂഹങ്ങളില്‍ നിന്നു വരുന്നതോ നഗരകേന്ദ്രിതമായ ഉപരിവര്‍ഗയുവത്വങ്ങളില്‍ മാത്രമുള്ളതോ ആയ അതിവാദമായി അതിനെ തള്ളിക്കളഞ്ഞാല്‍ മാധ്യമചരിത്രപരമായ മണ്ടത്തരത്തിലേക്കാവും പത്രപ്രവര്‍ത്തനം കൂപ്പുകുത്തുക. ആഗോളീകരണത്തിന്റെ സ്വഭാവത്തെപ്പറ്റി അജ്ഞമായിരുന്നാല്‍ മാത്രമേ ആ തള്ളിക്കളയല്‍ സാധ്യമാവൂ.

മലയാളപത്രപ്രവര്‍ത്തനവും ഉത്തരാധുനികത്വത്തിന്റെ ഫലമായ ദ്രവത്വത്തിലാണ്. വ്യത്യസ്തതകളെയും ബഹുസ്വരതയെയും സംബന്ധിച്ച പുതിയ സാമൂഹികവിവേകം പത്രപ്രവര്‍ത്തനം പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ആ സാമൂഹികവിവേകവും ഇലക്ട്രോണിക് സാങ്കേതികവിദ്യയുംചേര്‍ന്നു രൂപപ്പെടുത്തിയ ദ്രവത്വം ഒട്ടേറെ ഖരസങ്കല്പങ്ങളെ അലിയിച്ചിരിക്കുന്നു. പത്രവും ടെലിവിഷനും ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളിലെയും വിശേഷത്തൊഴില്‍ എന്ന നിലയിലുള്ള പത്രപ്രവര്‍ത്തനത്തെയും പത്രപ്രവര്‍ത്തകന്‍ എന്ന ബിംബത്തെയും അത് ഉടച്ചുകളയുകയോ പുനര്‍രൂപവത്കരിക്കുകയോ ചെയ്തിട്ടുണ്ട്. അറിവ്, വസ്തുനിഷ്ഠത, ദേശീയത തുടങ്ങിയ ആധുനികത്വ ഖരസംവര്‍ഗങ്ങളുടെ നിര്‍മാതാവും വിതരണക്കാരനുമല്ല ഇന്ന് പത്രപ്രവര്‍ത്തകന്‍. ഒരേസമയം ഉത്പാദകനും ഉത്പന്നവുമായിരിക്കുക എന്ന് ഇരട്ടഭാഗധേയത്വത്തില്‍ നിന്ന് ഉത്തരാധുനികത്വം പത്രപ്രവര്‍ത്തകനെ ഭ്രഷ്ടനാക്കിയിരിക്കുന്നു. അല്ലെങ്കില്‍ മോചിപ്പിച്ചിരിക്കുന്നു. ഉത്തരാധുനികത്വത്തോടും ഉത്തരാധുനികതയോടും അവ സൃഷ്ടിച്ച ദ്രവത്വത്തില്‍ ജീവിക്കുമ്പോള്‍ത്തന്നെ ഒരു സന്ദിഗ്ധമനോഭാവമോ ഉഭയമനോഭാവമോ പത്രപ്രവര്‍ത്തനം പുലര്‍ത്തുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ വാര്‍ത്തയിലും ആഖ്യാനത്തിലും അനേകം തെളിവുകളുമായി മലയാളപത്രങ്ങളില്‍ നില്ക്കുന്നതുകാണാം. പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയുള്ള സന്ദിഗ്ധതയല്ല അതെന്നുമാത്രം. മാറ്റത്തെക്കാള്‍ പ്രതിപ്രവര്‍ത്തിക്കാന്‍ വയ്യാതെ ബൗദ്ധികമായി ആധുനികത്വസങ്കല്പങ്ങളുെട തടവറയില്‍ കഴിയുന്നതുകൊണ്ടുണ്ടാകുന്ന സന്ദിഗ്ധതയാണത്. നവമാധ്യമത്തോടുള്ള സമീപനത്തില്‍ത്തന്നെ (നവമാധ്യമ വിപ്ലവങ്ങള്‍ ബാലലീലകളോ ചായക്കോപ്പക്കാറ്റുകളോ ആണെന്ന ജ്യേഷ്ഠമനോഭാവം) അതു തെളിഞ്ഞു കാണാം. ഓണ്‍ലൈനിന്റെ സാധ്യതകളെ വിനോദസാധ്യതകളായും ഗൃഹാതുരത്വവ്യവസായ സാധ്യതകളായും ആത്മരതിവേദികളായും കാണുന്ന പ്രവണത ഈ സന്ദിഗ്ധതയ്ക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. നവമാധ്യമത്തിന്റെ യഥാര്‍ത്ഥസ്വഭാവം അതല്ല എന്ന തിരിച്ചറിവ് ആ സന്ദിഗ്ധതയ്ക്കു പരിഹാരമായേക്കും. ആധുനികത്വവും ഉത്തരാധുനികത്വവും തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുമ്പോഴേ പത്രപ്രവര്‍ത്തനവും എത്തി നില്‍ക്കുന്ന ദ്രവത്വത്തിന്റെ സ്വഭാവം വ്യക്തമാകൂ. കാര്‍ഷികജന്മിത്തത്തില്‍ നിന്നു വ്യവസായമുതലാളിത്തത്തിലേക്കും രാജാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കും മതാത്മകത്വത്തില്‍നിന്നു മതനിരപേക്ഷതയിലേക്കും വിശ്വാസത്തില്‍നിന്നു ശാസ്ത്രത്തിലേക്കുമുള്ള പരിവര്‍ത്തനത്തെയാണ് ആധുനികത്വം എന്ന കല്പന വിശദമാക്കുന്നത്. ശാസ്ത്രം, സാമ്പത്തികവളര്‍ച്ച, ജനാധിപത്യം, നിയമം തുടങ്ങിയവയെ ആധാരമാക്കിനിന്നുകൊണ്ട് അത് സാമ്പ്രദായികരീതികളെ ഉടച്ചുവാര്‍ത്തു. മനുഷ്യന്റെ ആത്മസത്ത (self) എന്ന സങ്കല്പത്തെത്തന്നെ അത് അസ്ഥിരമാക്കി. പരമ്പരാഗതസമൂഹത്തില്‍ ഒരാളുടെ സ്വത്വം പൂര്‍വനിശ്ചിതമായ ഒന്നായിരുന്നു. ജാതികൊണ്ടോ കുടുംബമഹിമകൊണ്ടോ ഒക്കെ ലഭിക്കുന്ന ഒന്ന്. ആധുനികത്വത്തില്‍ സ്വത്വം ഒരു നിര്‍മിതവസ്തുവായി. നിങ്ങളുടെ സ്വത്വം നിങ്ങള്‍ത്തന്നെ രൂപപ്പെടുത്തുന്നു. യുക്തി(reason)യുടെ അടിസ്ഥാനത്തില്‍ ആധുനികത്വം സാമൂഹികക്രമവും സുനിശ്ചിതത്വവും സൃഷ്ടിച്ചു. അതിന്റെ അന്തരീക്ഷത്തില്‍ പിറന്നുവീണതാണ് മലയാളപത്രപ്രവര്‍ത്തനവും. ഉത്തരാധുനികത്വം ആധുനികത്വത്തിന്റെ സുനിശ്ചിതത്വങ്ങളെ ഉരുക്കിക്കളയുന്നു. യുക്തിയും പുരോഗതിവാദവും മനുഷ്യനെ എത്തിച്ചത് അധിനിവേശത്തിലും യുദ്ധത്തിലും വംശഹത്യകളിലും സര്‍വസംഹാരായുധങ്ങളിലും പരിസ്ഥിതിനശീകരണത്തിലും

പ്രകൃതിവിഭവചൂഷണത്തിലുമൊക്കെയാണെന്നു നമുക്കറിയാം. ആധുനികത്വത്തിന്റെ പുരോഗതിത്തീവണ്ടി ചെന്നുനിന്നു തീയെരിഞ്ഞ സ്‌റ്റേഷനുകള്‍. ആധുനികത്വത്തിന്റെ പരിമിതികള്‍ ഉത്തരാധുനികത്വം ബോധ്യപ്പെടുത്തുന്നു. അതിന്റേത് അന്തിമമല്ലെങ്കിലും. അര്‍ത്ഥത്തിനും സത്യത്തിനും ആധുനികത്വത്തില്‍ ഉണ്ടായിരുന്ന സ്ഥിരത്വം ഇപ്പോഴില്ല. മാധ്യമാധിപത്യം നിലനില്‍ക്കുന്ന ഉത്തരാധുനികസമൂഹത്തില്‍ എല്ലാം കൂടിക്കലരുകയാണ്. ഉത്തമം/അധമം എന്ന മട്ടില്‍ ഒന്നും വേര്‍തിരിക്കാന്‍ കഴിയാത്ത ഉപഭോഗസംസ്‌കാരം സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുണ്ട്,അനേകം വൈരുദ്ധ്യങ്ങളോടൊപ്പം. ആ വൈരുദ്ധ്യങ്ങള്‍ മാത്രം എടുത്തുകാട്ടി നാം പഴയകാലത്താണ് എന്നു വാശിപിടിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ സംസ്‌കാരികമായ ആത്മഹത്യയിലേക്കോ ആത്മഹത്യാപരമായ ശീതനിദ്രയിലേക്കോ ചെന്നു വീഴും. പുരോഗതിയുടെ മഹാകഥകളെല്ലാം കെട്ടുകഥകളാണെന്നു തിരിച്ചറിഞ്ഞ ഒരു പുതുതലമുറയെയും ലോകത്തെയുമാണ് പത്രപ്രവര്‍ത്തനത്തിനും ഇനി നേരിടാനള്ളത്. ദ്രവമായിത്തീര്‍ന്ന ലോകത്തിലെ കടലാസുവഞ്ചിയാണ് ഇപ്പോള്‍ പത്രം. ഉന്നതമായ ഒരിടത്തിരുന്നു ന്യായവിധികള്‍ എറിഞ്ഞുകൊടുക്കുന്ന നിയമനിര്‍മാതാവിന്റെ സ്ഥാനത്തുനിന്ന് പല ഭാഷകളില്‍ സംസാരിക്കുന്ന പല ജനവിഭാഗങ്ങളുടെ മധ്യസ്ഥന്റെ സ്ഥാനത്തേക്കു സ്വന്തം വഞ്ചി തുഴയുകയാണ് ഇനി പത്രപ്രവര്‍ത്തകന്റെ ധര്‍മം. 

 

Share