Articles Articles Details

കുനിയാന്‍ പറയുംമുമ്പേ ഇഴയുമ്പോള്‍

Author : എം. ജി. രാധാകൃഷ്ണന്‍

calender 25-05-2022

മനുഷ്യചരിത്രത്തില്‍ മാധ്യമങ്ങള്‍ ഇത്രയധികം ജനജീവിതത്തെ സ്വാധീനിക്കുന്ന കാലംമുമ്പ്  ഉണ്ടായിട്ടില്ല. അതേ സമയം മാധ്യമലോകത്തിനുള്ളിലാകട്ടെ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ അരങ്ങേറുകയാണ്. അതിലേറ്റവും പ്രധാനം അച്ചടി മാധ്യമങ്ങളുടെ ഏറെക്കുറെ ഉറപ്പായ അസ്തമയമാണ്. പടിഞ്ഞാറന്‍ ലോകത്ത് വ്യവസായമെന്ന നിലയ്ക്കും പ്രചാരത്തിലും സ്വാധീനത്തിലും പ്രാധാന്യത്തിലും പ്രസക്തിയിലുമൊക്കെ അച്ചടിമാധ്യമങ്ങള്‍ കാലഹരണപ്പെട്ടു കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ സര്‍വകലാശാലയിലെ ജേണലിസം അദ്ധ്യാപകനും മലയാളിയുമായ ശ്രീനാഥ് ശ്രീനിവാസന്റെ അഭിപ്രായത്തില്‍ പാശ്ചാത്യലോകത്ത് അച്ചടിമാധ്യമങ്ങളെക്കുറിച്ചുള്ള ഏത് സംഭാഷണവും ചരമോപചാരപ്രസംഗങ്ങള്‍ക്ക് സമാനമായിക്കഴിഞ്ഞു. അഞ്ച് നൂറ്റാണ്ട് നീണ്ട അധികാരത്തിനുശേഷമാണ് അച്ചടി മാധ്യമത്തിന്റെ ഈ അവരോഹണം. അച്ചടിമാധ്യമങ്ങള്‍ മരിച്ചിട്ടില്ലെങ്കിലുംഇന്ത്യയും ചൈനയും പോലെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ അതേ ദിശയിലാണ് കാര്യങ്ങളുടെ പോക്ക്. അതേ സമയം അച്ചടി മാധ്യമങ്ങളുടെ അന്ത്യകൂദാശയ്ക്ക് കാരണമായ ടെലിവിഷനും പഴുത്ത പ്ലാവില വീണപ്പോള്‍ ചിരിച്ച പച്ചപ്ലാവിലയുടെ ഗതിപോലെ കുന്നിറക്കം ആരംഭിച്ചിരിക്കുന്നെന്നാണ് പാശ്ചാത്യലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. അധികം താമസിയാതെ അതേ വഴി നടക്കാനാകും നമ്മുടെ മാധ്യമങ്ങള്‍ക്കും വിധി എന്ന് സംശയമില്ല. അഞ്ച് നൂറ്റാണ്ട് നീണ്ട രാജ്യഭാരത്തിനു ശേഷമാണ് അച്ചടി മാധ്യമങ്ങള്‍ സിംഹാസനമൊഴിഞ്ഞതെങ്കില്‍ പാശ്ചാത്യലോകത്ത് അറുപതുകളോടെ അരിയിട്ടുവാഴ്ച്ച ആരംഭിച്ച യുവ രാജാവായ ടെലിവിഷന്റെ കിരീടം തെറിക്കാനെടുത്തത് അര നൂറ്റാണ്ടില്‍ താഴെ മാത്രം. വിവരസാങ്കേതികവിദ്യയും ഇന്റര്‍നെറ്റും തുറന്നിട്ട പുതിയ വിപ്ലവത്തിനൊപ്പം ജനിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പുതിയ രാജ്യാവകാശികള്‍. 

ഈ പുതുതലമുറ മാധ്യമങ്ങള്‍ മറ്റൊരു തലമുറമാറ്റം മാത്രമല്ല, ഒരു വംശമാറ്റത്തെപ്പോലും കുറിക്കുന്നു. അഞ്ച് നൂറ്റാണ്ട് നീണ്ട മാധ്യമ ചരിത്രത്തില്‍ അതിവേഗത്തില്‍ ഏറിവന്ന സ്വകാര്യ മൂലധനത്തിന്റെയും കുത്തകവല്‍ക്കരണത്തിന്റെയും വിപണിവല്‍ക്കരണത്തിന്റെയും നീരാളിപ്പിടുത്തത്തില്‍നിന്ന് ഈ മേഖല ആദ്യമായി ഒരു വലിയ പരിധി വരെ വിടുതല്‍ നേടാന്‍ വിവരസാങ്കേതികവിദ്യ വഴി ഒരുക്കിയെന്നത് ചരിത്രപ്രധാനമാണ്. ഈ മാറ്റത്തിന്റെ മറ്റൊരു മൗലികമായ സംഭാവന കുത്തകവല്‍ക്കരണത്തിന്റെ ഫലമായി തീരെ ദുര്‍ബലമായി വന്ന 'ബഹുസ്വരത' എന്ന മാധ്യമ ജനാധിപത്യ പ്രമാണത്തിന്റെ പുനരുത്ഥാനമാണ്. വാര്‍ത്താ സ്രോതസ്സുകള്‍ ഏതെങ്കിലും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ - മൂലധന, പ്രത്യയശാസ്ത്ര, വര്‍ഗ്ഗ, ദേശ, വംശ, മത, ജാതി, ലിംഗതാല്‍പ്പര്യങ്ങള്‍ മാത്രം - ഉടമസ്ഥതയില്‍നിന്ന് മാറി കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും ബഹുകേന്ദ്രിതമാകുകയും ചെയ്തപ്പോള്‍ വാര്‍ത്തകളുടെ തമസ്‌ക്കരണസാധ്യതകള്‍ വന്‍തോതില്‍ കുറഞ്ഞു. പത്രങ്ങളില്‍ വന്നില്ലെങ്കില്‍ നിലനില്‍പ്പിനായി മല്‍സരിക്കുന്ന ടി.വി. ചാനലുകളില്‍ വാര്‍ത്ത വരും. അതല്ലെങ്കില്‍ ഇന്റര്‍നെറ്റിലും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയയിലും യൂട്യൂബിലും 'വൈറല്‍' ആയി ആ വാര്‍ത്തകളും ചിത്രങ്ങളും മറ്റ് മാധ്യമങ്ങളിലേക്കാള്‍ വേഗത്തിലും വ്യാപ്തിയിലും ലോകമാകെ 

പടരും. രഹസ്യങ്ങള്‍ അസാദ്ധ്യമായ കാലം. മൂലധനത്തിന്റെ അടക്കം ഒരു താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങേണ്ടാത്ത ഒരു വ്യക്തി വിചാരിച്ചാല്‍പോലും മൊബൈല്‍ഫോണ്‍ എന്ന മഹാമാരകായുധത്തിലൂടെ ഏത് വിധ്വംസകവാര്‍ത്തയും ലോകസമക്ഷം കൊണ്ടുവരാന്‍ വേണ്ടത് നിമിഷങ്ങള്‍. ഉറച്ചുപോയ അധികാര ഘടനകളെ അട്ടിമറിക്കാന്‍ പോലുംഈ പുതുമാധ്യമങ്ങള്‍ക്ക് കഴിയുന്നു. അറബ് വസന്തത്തിലും മറ്റും ജനകീയപ്രസ്ഥാനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇന്നേവരെ സ്പര്‍ശിക്കാനാവാതെ വിരാജിച്ചിരുന്ന സ്വേച്ഛാധികാരികള്‍ അട്ടിമറിക്കപ്പെടാന്‍ സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചാരണത്തിന് ദിവസങ്ങള്‍ക്കകം കഴിഞ്ഞെന്നത് അഭൂതപൂര്‍വമാണ്. സ്വേച്ഛാധികാരത്തിന്റെ കനത്ത കരങ്ങള്‍ക്ക് അരൂപിയും അനന്തവുമായ പുതിയ മാധ്യമങ്ങളെ തൊടാനാവില്ല. ഇന്ത്യയില്‍തന്നെ അഴിമതിക്കെതിരെയും സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെയും ആദ്യമായി ജനമുന്നേറ്റമുണ്ടാക്കാനും ആംആദ്മി പാര്‍ട്ടിയുടെ അധികാരാരോഹണത്തിനും വഴി ഒരുക്കിയതില്‍ പുതുമാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്സാരമല്ല. ഇതൊക്കെകൊണ്ടുതന്നെ ഒരു കാലത്ത് തങ്ങള്‍ക്ക് പത്ഥ്യമല്ലാത്ത വാര്‍ത്തകള്‍ കൂസലില്ലാതെ തമസ്‌ക്കരിച്ചിരുന്ന വന്‍കിട മാധ്യമങ്ങള്‍ക്ക് പോലും അത് അത്ര എളുപ്പമല്ലാത്ത അവസ്ഥയായിരിക്കുന്നു. ഒരേ ഗ്രൂപ്പിന്റെ അച്ചടി മാധ്യമം പരമ്പരാഗതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങളും പക്ഷപാതങ്ങളും തുടരുമ്പോഴും അവരുടെ ടി.വി.  ചാനല്‍ കൂടുതല്‍ നിഷ്പക്ഷവും സ്വതന്ത്രവും വിമര്‍ശനാത്മകവുമായ സമീപനം സ്വീകരിക്കുന്നത് പുതിയ മാധ്യമങ്ങളില്‍ തമസ്‌കരണവും നഗ്‌നമായ പക്ഷപാതവും വളരെ എളുപ്പത്തില്‍ തുറന്നുകാട്ടപ്പെടുകയും അതിനാല്‍തന്നെ ആത്മഹത്യാപരമാകുകയും ചെയ്യുമെന്നതിനാലാണ്. പക്ഷേ ഇതിനര്‍ത്ഥം മാധ്യമങ്ങളുടെ പക്ഷപാതവും തമസ്‌കരണവും അവസാനിച്ചെന്നാണോ? ഒരിക്കലുമല്ല. മുമ്പൊരിക്കലുമില്ലാത്ത വിധം അതിനുള്ള സാധ്യത കുറയുകയും അത് ചെയ്യുമ്പോള്‍ ലോകമാകെ അറിയാനുള്ള സാധ്യത ഏറുകയും ചെയ്തിട്ടുണ്ടെന്നാണ് വിവക്ഷ. എന്നാല്‍ ഇതൊക്കെയായിട്ടും ചോദ്യംചെയ്യപ്പെടാതെ മുഖ്യധാരാമാധ്യമങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന താല്‍പ്പര്യങ്ങളുണ്ട്. അതില്‍ ഈ വര്‍ത്തമാനകാലത്ത് ഏറ്റവും മുഖ്യം മൂലധനത്തിന്റെയും മതത്തിന്റെയും താല്‍പ്പര്യങ്ങളാണ്. ഏതൊരു ശക്തനായ രാഷ്ട്രീയനേതാവിനെയും പാര്‍ട്ടികളെയും വെല്ലുവിളിക്കാന്‍ മടിക്കാത്ത മാധ്യമങ്ങള്‍ ഇന്ന് മുമ്പെന്നത്തേക്കാളുമേറെ സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ മേധാവിത്തത്തില്‍ അമരുക മാത്രമല്ല  അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും മിണ്ടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. മുമ്പും സ്വകാര്യ മൂലധനത്തിനാണ് മാധ്യമങ്ങളുടെ ഉടമസ്ഥതയെങ്കിലും ഇത്ര നഗ്‌നമായി അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം ഇടം നല്‍കുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും സംഘപരിവാരത്തിന്റെ അയോദ്ധ്യാപ്രസ്ഥാനവും ഒന്നിച്ചു കടന്നുവന്ന തൊണ്ണൂറുകള്‍ മുതല്‍ മാധ്യമങ്ങള്‍ അടങ്ങുന്ന ബഹുജന സംസ്‌കാരരംഗത്ത്  ഈ പുതിയ അധികാരോദയം പ്രകടമാണ്. കാല്‍നൂറ്റാണ്ട് കഴിയുമ്പോഴേക്കും ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ പ്രക്രിയകള്‍ക്ക് പ്രാമാണ്യം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയില്‍ അടക്കമുള്ള മാധ്യമലോകത്ത് അവയ്ക്ക് ചോദ്യം ചെയ്യപ്പെടാത്ത അംഗീകാരം ഏറെക്കുറേ പൂര്‍ണം. സ്വകാര്യമൂലധനത്തിന്റെയും മതത്തിന്റെയും താല്‍പ്പര്യങ്ങള്‍ ഒത്തുചേരുന്ന നരേന്ദ്ര മോദി ഇന്ത്യന്‍ മാധ്യമലോകം അടക്കിവാഴുന്നത് വെറുതെയല്ല. വാസ്തവത്തില്‍ വര്‍ത്തമാനകാലത്തെ മാധ്യമങ്ങള്‍ നേരിടുന്നത് മുമ്പെന്നപോലെ ആവിഷ്‌കാരസ്വാതന്ത്ര്യവിരുദ്ധനിയമങ്ങള്‍കൊണ്ടോ അറസ്റ്റ്, നാടുകടത്തല്‍ തുടങ്ങിയ സ്വേച്ഛാധിപത്യ നടപടികളിലൂടെയോ അടിച്ചമര്‍ത്തലുകളിലൂടെയോ ഉള്ള പ്രത്യക്ഷമായ സെന്‍സര്‍ഷിപ്പ് അല്ല, മതവും മൂലധനവും ഒന്നുപോലെ മാധ്യമങ്ങള്‍ക്കുള്ളില്‍ സാക്ഷാത്കരിച്ച ആന്തരികവും പരോക്ഷവുമായ തമസ്‌കരണവും പക്ഷപാതവുമാണ്. ഒരു തരം സ്വയംവരിച്ച സെന്‍സര്‍ഷിപ്പ്. കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞുവെന്നായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ പത്രങ്ങളെക്കുറിച്ച് എല്‍.കെ. അദ്വാനിയുടെ വിമര്‍ശനം. എന്നാല്‍ കുനിയാന്‍ പറയാതെ പോലും മൂലധന മത താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ ഇഴയുന്നതാണ് ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥ. മാധ്യമേതരമായ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ താരതമ്യേന കുറവും ജനകീയതയുടെ പശ്ചാത്തലവും ഉള്ള കേരളത്തിന്റെ മാധ്യമലോകത്തും ഈ തമസ്‌കരണവും പക്ഷപാതവും പ്രകടം. പൊതുവേ സോഷ്യലിസ്റ്റ് സെക്യുലര്‍ പാരമ്പര്യം ശക്തമാണെന്ന് കരുതപ്പെടുന്ന കേരളസമൂഹത്തില്‍ ആ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മാധ്യമങ്ങളിലും മൂലധന മത താല്‍പ്പര്യങ്ങളോടുള്ള അന്ധമായ അനുസരണയും അതിന് അനുബന്ധമായ തമസ്‌കരണവും പ്രകടമാണെന്നത് നിസ്സാരമല്ല. കല്‍ക്കരി കുംഭകോണക്കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രധാനമന്ത്രി അടക്കമുള്ള രാഷ്ട്രീയക്കാരെ വിചാരണ ചെയ്ത മാധ്യമങ്ങള്‍ പ്രതിസ്ഥാനത്തുള്ള വന്‍വ്യവസായി കുമാരമംഗലം ബിര്‍ലയെ ചോദ്യം ചെയ്യുന്നതിനെപ്പോലും വിമര്‍ശിച്ചത് ശ്രദ്ധിക്കുക. അതിശക്തമായ രാഷ്ട്രീയപ്പാര്‍ട്ടികളെയോ അതിന്റെ പ്രബലരായ നേതാക്കളെയോ ഒക്കെ തെളിവു പോലും ഇല്ലാതെ ആരോപണ ശരമാരിയില്‍ പെടുത്താന്‍ വീറു കാണിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍ വ്യവസായിയോ മതനേതാക്കളോ ആണെങ്കില്‍ വായ തുറക്കില്ലെന്ന അവസ്ഥയിലായത് സമീപകാലത്താണ്. കേരളത്തിലും അതിന്റെ സമീപകാല ഉദാഹരണങ്ങളുണ്ട്. മസ്‌കറ്റിലെ പ്രമുഖ മലയാളി വ്യവസായിയും കേരളത്തിലും പരക്കേ അറിയപ്പെടുന്ന ആളും കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടല്‍ ഉടമയും ആയ 'ഗള്‍ഫാര്‍' ഉടമ പി. മുഹമ്മദാലിക്ക് സമീപകാലത്ത് 15 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതും ഒരു പ്രമുഖ സ്വര്‍ണ്ണവ്യവസായിക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചുണ്ടായ നടപടിയും വാര്‍ത്തകള്‍ക്ക് വേണ്ടി ഓരോ നിമിഷവും പരസ്പരം മല്‍സരിച്ചുകൊണ്ട് പരക്കംപായുന്നത് പതിവായിട്ടും മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയേ ആകാതെ പോയതാണ് ഒന്ന്. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വലിയ സമ്മതിയുള്ള മുഹമ്മദാലിയെപ്പോലെ ഒരാളുടെ ശിക്ഷ ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യാന്‍പോലും മലയാളത്തിലെ പ്രതാപികളായ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടായില്ല. ഇത് മുഹമ്മദാലിയെ സഹായിക്കാനാണോ മറിച്ചാണോ എന്ന് വ്യക്തമല്ല. കേരളം കണ്ട ഏറ്റവും വലിയ ആള്‍ദൈവവും വമ്പന്‍ വിദ്യാഭ്യാസ,ചികിത്സാവ്യവസായ സാമ്രാജ്യഉടമയുമായ അമൃതാനന്ദമയിക്കെതിരെ ഉണ്ടായ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ മലയാളമാധ്യമങ്ങളുടെ ഓരങ്ങളിലേക്ക് ഒതുങ്ങിയതാണ് ഏറ്റവും വലിയ ഉദാഹരണം. താന്‍ മഠത്തിനുള്ളില്‍ പ്രമുഖനായ സന്യാസിയാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തിയ അമൃതാനന്ദമയിയുടെ പഴയ ശിഷ്യയും വിദേശവനിതയുമായ ഗെയില്‍ ട്രെഡ്‌വെലിനെ കാണാനും അഭിമുഖം നടത്താനും ഏതൊരു മാധ്യമത്തിനും താല്‍പ്പര്യം ഉണ്ടാകേണ്ടതാണെങ്കിലും ഒരു ചാനല്‍ മാത്രമേ അതിനു തയ്യാറായുള്ളൂ. മാത്രമല്ല അമൃതാനനന്ദമയിക്കെതിരെ വന്ന ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടാനായിരുന്നു നിശബ്ദത പാലിച്ച മറ്റ് മാധ്യമങ്ങളുടെയും ശ്രമം. ട്രെഡ്‌വെലിന്റെ ഇന്റര്‍വ്യൂവില്‍ സ്ത്രീ എന്ന നിലയ്ക്ക് അവര്‍ വെളിപ്പെടുത്തിയ സ്വന്തം ഭീകരാനുഭവത്തേക്കാളേറെ ചില വിദഗ്ധര്‍ ചര്‍ച്ച ചെയ്തത് ആ ആരോപണങ്ങള്‍ ഒരു സ്ത്രീ എന്ന നിലയ്ക്ക് അമൃതാനന്ദമയിക്കെതിരെ ഉയരാമോ എന്ന തലതിരിഞ്ഞ ലിംഗവീക്ഷണമാണെന്നത് കൗതുകകരമാണ്.  മഠത്തെയും അമൃതാനന്ദമയിയെയും വിമര്‍ശിച്ച സന്ദീപാനന്ദഗിരി എന്ന അറിയപ്പെടുന്ന ആത്മീയ നേതാവിനെ പട്ടാപ്പകല്‍ മര്‍ദ്ദിച്ചതിനു പോലും അര്‍ഹിക്കുന്ന ഇടം നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മഠത്തിനെതിരെയുള്ള ആരോപണങ്ങളെ അവഗണിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ അതേ സമയം അവ പുറത്തു കൊണ്ടുവന്ന ചുരുക്കം മാധ്യമങ്ങള്‍ക്കെതിരെ മഠവും അനുയായികളും നടത്തിയ പ്രചാരണത്തിന് പ്രാമുഖ്യം കൊടുക്കാന്‍ മടിച്ചില്ലെന്നതും വല്ലാത്ത ഭയപ്പാട് ഉണ്ടാക്കുന്നതാണ്. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് പോലെ മലയാള മാധ്യമചരിത്രത്തിലെ മറ്റൊരു ലജ്ജാകരമായ അധ്യായമായി അവശേഷിക്കും ഈ സംഭവം. പെയ്ഡ് ന്യൂസ് എന്ന വര്‍ത്തമാനകാല പ്രതിഭാസത്തെ പോലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അവരുടെ സംഘടനകളും ഒക്കെ നിശിതമായ ആത്മപരിശോധനയ്ക്ക് വിഷയമാക്കേണ്ടതാണീ വിഷയം.  

 

Share