Articles Articles Details

കല്ലച്ചു മുതല്‍ ഇ-മാഗസിന്‍ വരെ ഈ ഡിക്ഷ്ണറി

Author : ഇ.പി.ഷാജുദീന്‍

calender 25-05-2022

പത്രപ്രവര്‍ത്തകനാകാന്‍ വേണ്ട ഗുണമെന്താണ്? സണ്‍ഡേ ടൈംസിന്റെ യുദ്ധകാര്യ ലേഖകനായിരുന്ന നിക് ടോമാലിനോട് 1969ല്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ മൂന്നു ഗുണങ്ങളാണ് അദ്ദേഹം പറഞ്ഞത്.

സത്യസന്ധത തോന്നിപ്പിക്കുന്ന സ്വഭാവം, അല്‍പം അക്ഷരജ്ഞാനം പിന്നെ 'എലിയേപ്പോലെ കുശാഗ്രബുദ്ധി'. ഈ പ്രയോഗം അടുത്തിടെ പൊന്തി വന്നു, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയ 'ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ജേണലിസം' ആണ് ഈ എലിയെ വീണ്ടും ചര്‍ച്ചയിലെത്തിച്ചത്. ഡിക്ഷ്ണറിയുടെ 'ആര്‍' എന്ന വിഭാഗത്തില്‍ ഒരു എന്‍ട്രിയാണ് 'റാറ്റ് ലൈക്ക് കണ്ണിംഗ്' (Rat like Cunning). അതിന്റെ വിശദീകരണം ഇങ്ങനെ: 'പഴയകാല പത്രപ്രവര്‍ത്തകരുടെ ഒരു നിലപാട്. പത്രപ്രവര്‍ത്തനം പഠിപ്പിക്കേണ്ടതല്ലെന്നും പത്രപ്രവര്‍ത്തകന്റെ കഴിവുകള്‍ ജന്മനാ ഉണ്ടാവേണ്ടതാണെന്നുമുള്ള വിശ്വാസം.'പലതരം ഡിക്ഷ്ണറികള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസില്‍ നിന്ന് ആദ്യമായാണ് ഒരു ജേണലിസം ഡിക്ഷ്ണറി പുറത്തിറങ്ങുന്നത്. ഇതു തയ്യാറാക്കിയത് പത്രപ്രവര്‍ത്തക അധ്യാപകനായ ടോണി ഹാര്‍ക്കപ് ആണ്.ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായ ടോണി മൂന്നുവര്‍ഷത്തോളം ചെലവഴിച്ചായിരുന്നു ഡിക്ഷ്ണറിക്കു രൂപം നല്‍കിയത്. പത്രങ്ങള്‍ മരിച്ചേക്കാം എന്നാല്‍ പത്രപ്രവര്‍ത്തനം മരിക്കില്ല എന്നു വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കയിലും ബ്രിട്ടനിലും ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഇതു പുറത്തിറങ്ങുന്നതെന്നതും ശ്രദ്ധേയം. എബൗവ് ദ് ഫോള്‍ഡ് എന്നതു മുതല്‍ സൈന്‍സ് (zines) എന്നതു വരെയുള്ള എന്‍ട്രികള്‍ വായിച്ചാല്‍ ഇക്കാര്യം ഒറ്റയടിക്കു പിടികിട്ടും. അച്ചടി പത്രപ്രവര്‍ത്തനത്തിന്റെ കാലം മുതല്‍ ഡിജിറ്റല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാവി കാലം വരെ മുന്നില്‍ കണ്ടുള്ള പുസ്തകമാണിത്. അച്ചടിയില്‍ പ്രധാനമാണ് എബൗവ് ദ് ഫോള്‍ഡ് എങ്കില്‍ ഭാവിയിലേക്കുള്ളതാണ് സൈന്‍സ് (zines ഇ-മാഗസിനുകളെ ഉദ്ദേശിച്ചുള്ള പ്രയോഗം).മാധ്യമ പ്രവര്‍ത്തന മേഖലയില്‍, അത് അച്ചടി മാധ്യമമായാലും വിഷ്വല്‍ മേഖലയായാലും സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന അനേകം സാങ്കേതികപദങ്ങളും മറ്റുമുണ്ട്. അവയൊക്കെ ഇതില്‍ സ്ഥാനം നേടിയിട്ടുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍, ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനം ഉരുത്തിരിയുകയും വികസിക്കുകയും ചെയ്ത കാലങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്ന സംഭവങ്ങള്‍ വരെ ഒപ്പമുണ്ട്. സ്ട്രീറ്റ് ഓഫ് ഷെയിം, ഡോര്‍സ്‌റ്റെപ്പിംഗ്, ഡെത്ത് നോക്ക് എന്നിങ്ങനെ പല എന്‍ട്രികളിലായി അതു കിടക്കുന്നു. ലൈബ്രറിയെ മോര്‍ഗ് (മോര്‍ച്ചറി) എന്നാണ് വിളിച്ചിരുന്നതെന്ന് ഇന്ന് എത്രപേര്‍ക്ക് അറിയാം? ഇക്കാലത്ത് മാധ്യമ മേഖലയെ പറ്റി പഠിപ്പിക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ടെക്‌നോളജിക്കല്‍ ഡിറ്റര്‍മിനിസം, കള്‍ച്ചറല്‍ ഇമ്പീരിയലിസം, റിഫ്‌ളക്ടീവ് പ്രാക്ടീസ് എന്നിവയും ഒപ്പം പരാമര്‍ശിക്കപ്പെടുന്നു.ചേണലിസം (ഇവൗൃിമഹശമൊ), ബിഗ്ഫൂട്ടിംഗ്്് (Bigfooting), ആസ്‌ട്രോടര്‍ഫിംഗ് (Astroturfing) എന്നിങ്ങനെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനവിദ്യാഭ്യാസ മേഖലയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ധാരാളം കാര്യങ്ങളും ഇതില്‍ സ്ഥാനം പിടിക്കുന്നു. ന്യൂസ് റൂമില്‍ ഇലക്ട്രോണിക് രൂപത്തില്‍ എത്തുന്ന വിവരങ്ങള്‍ മറ്റൊരു നിര്‍ഗമന മാര്‍ഗത്തിലൂടെ വേറൊരു രൂപത്തില്‍ വാര്‍ത്തയായി പുറത്തു വരുന്നതാണ് ചേണലിസം. ഒരേ ന്യൂസ് റൂമില്‍ തന്നെ പ്രിന്റ്, വെബ്, വിഷ്വല്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരേ വാര്‍ത്ത പലരൂപത്തിലായിരിക്കുമല്ലോ പുറം ലോകത്തെത്തുക. അതാണ് ഇവിടെ പരാമര്‍ശ വിഷയം. മറ്റൊരാള്‍ അടക്കിവാഴുന്ന മേഖലയില്‍ വേറൊരു സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ നിയോഗിക്കപ്പെടുന്നതിനെയാണ് ബിഗ് ഫൂട്ടിംഗ് എന്നു വിളിക്കുന്നത്. അടിസ്ഥാന വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതിനെ ആസ്‌ട്രോടര്‍ഫിംഗ് എന്ന് വിളിക്കുന്നു.

1400ല്‍ ഏറെ എന്‍ട്രികളാണ് ഡിക്ഷ്ണറിയിലുള്ളത്. പത്രപ്രവര്‍ത്തനത്തിനും ഈ മേഖലയിലെ പഠനത്തിനും വേണ്ട ഒട്ടുമിക്ക കാര്യങ്ങളും ഇതിലുണ്ട്. പത്രപ്രവര്‍ത്തന രീതികള്‍, തിയറികള്‍, സാങ്കേതികവിദ്യകള്‍, ആശയങ്ങള്‍, പ്രമാണങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഉള്ളടക്കം. മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയും ഇതില്‍ പ്രതിപാദിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്പെടുന്നത് ഇത്തരം ഉള്ളടക്കം മൂലമാണ്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍, അധ്യാപകര്‍, ഗവേഷകര്‍ എന്നിങ്ങനെ പുസ്തകം പ്രയോജനപ്പെടുന്നവരുടെ പട്ടിക നീളും. പത്രപ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ഇരുന്നൂറിലധികം വെബ്‌സൈറ്റുകളുടെ വിലാസവും ഇതില്‍ നല്‍കിയിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കമടങ്ങുന്ന വെബ്‌സൈറ്റില്‍ ഇത് ഇടയ്ക്കിടെ നവീകരിക്കുന്നുമുണ്ട്.പത്രപ്രവര്‍ത്തന രംഗത്തെ പ്രധാന സംഭവങ്ങള്‍ ഡിക്ഷ്ണറിയുടെ അവസാനം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. പത്രപവര്‍ത്തന മേഖല കടന്നു വന്ന വഴികള്‍ ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ ഇതു സഹായിക്കും.  ഈ രംഗത്തെ തുടക്കക്കാരായ മഹാന്മാരെ പരിചയപ്പെടുത്തുന്ന വിഭാഗവുമുണ്ട്

.'ഈ ഡിക്ഷ്ണറി കണ്ടു കഴിയുമ്പോള്‍ ഓരോ മാധ്യമപ്രവര്‍ത്തകനും ചിന്തിക്കും, എന്തുകൊണ്ട് എനിക്ക് ഈ ആശയം തോന്നിയില്ല എന്ന്' ഗാര്‍ഡിയന്റെ മാധ്യമ നിരീക്ഷകന്‍ റോയ് ഗ്രീന്‍ സ്ലേഡ് എഴുതി. എന്നാല്‍, ഇത് പ്രസാധകന്റെ ആശയമായിരുന്നെന്ന് ടോണി പറയുന്നു. 'ഈ പുസ്തകം ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് ചോദിച്ചപ്പോള്‍ അത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് എനിക്കറിയാമായിരുന്നു. എനിക്കാണെങ്കില്‍ സമയവുമില്ല. പക്ഷേ ഇതൊന്നും ഈ ക്ഷണം തള്ളിക്കളയാനുള്ള കാരണമായിരുന്നില്ല. ആരെങ്കിലും, ഇനി അതു ഞാന്‍ തന്നെ ആണെങ്കിലും, ഈ ഡിക്ഷ്ണറി തയാറാക്കുകയാണെങ്കില്‍ അത് ന്യൂസ് റൂമില്‍ നിന്നുള്ള എഴുത്തായിരിക്കണമെന്നു ഞാന്‍ മനസിലാക്കി. മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളും അതില്‍ വരികയും വേണം.' വായനക്കാര്‍ക്ക് ഏറെ ഗുണപ്രദമായ സംരംഭമാകണം അതെന്ന് ഞാന്‍ കരുതി. ഓരോ എന്‍ട്രിയുടെയും വിശദീകരണത്തിന്റെ തുടക്കത്തില്‍ തന്നെ അതു സംബന്ധിച്ച ഒറ്റവാചക വിവരണം നല്‍കുന്നത് വായനക്കാരെ സഹായിക്കുമെന്നും ഞാന്‍ മനസിലാക്കി' ടോണി പറയുന്നു.പിന്നീട് വിവരങ്ങള്‍ സംഭരിക്കാനുള്ള ഒരു വലിയ ദൗത്യമായിരുന്നു. വായിച്ച പുസ്തകങ്ങളുടെ വലിയ ഒരു ഇന്‍ഡക്‌സ് തന്നെ തയാറാക്കി. പത്രം വായിക്കുമ്പോഴും ടിവി കാണുമ്പോഴും ഡിക്ഷ്ണറിയിലേക്കുള്ള വിവര ശേഖരണമായിരുന്നു മനസില്‍. ഒരാശയം മനസിലേക്ക് വരുമ്പോള്‍ അപ്പോള്‍ തന്നെ കുറിച്ചു വയ്ക്കുമായിരുന്നു. ബസ് ടിക്കറ്റിലും ഷോപ്പിംഗ് ലിസ്റ്റിന്റെ മറുവശത്തും വരെ താന്‍ കുറിപ്പുകളെടുത്തിട്ടുണ്ടെന്ന് ടോണി.ഡിക്ഷ്ണറിയിലെ വിവരങ്ങളുടെ കൃത്യതയ്ക്കായി താന്‍ 'ത്രീ സോഴ്‌സ് റൂള്‍' ആണ് പിന്‍പറ്റിയതെന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ വിശദീകരണം. ഇതെന്താണെന്ന് ഈ പുസ്തകത്തില്‍ തന്നെ പറയുന്നുണ്ട്. വാട്ടര്‍ ഗേറ്റ് അപവാദം റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് വാഷിംഗ്ടണ്‍ പോസ്റ്റ് തയ്യാറാക്കിയ നിയമമാണിത്. ഒരു വിവരം കിട്ടിയാല്‍ മറ്റു രണ്ട് സ്രോതസില്‍ നിന്നു കൂടി അതു സ്ഥിരീകരിച്ചിട്ടേ പ്രസിദ്ധീകരിക്കാവൂ എന്നതാണ് പോസ്റ്റിന്റെ ത്രീ സോഴ്‌സ് റൂള്‍. ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗിനെ ഗൗരവമായി കണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പിന്നീട് ഇത് സ്ഥിരമായി പ്രാവര്‍ത്തികമാക്കി.മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രവും സമകാലിക പ്രസക്തിയും ഭാവിയും വിശകലനം ചെയ്ത് ഏതാനും പേജുകള്‍ മാത്രം നീളുന്നതെങ്കിലും ആശയ ഗംഭീരമായ ഒരു കുറിപ്പ് ടോണി ഈ ഡിക്ഷ്ണറിയില്‍ എഴുതിയിട്ടുണ്ട്. എത്രമാത്രം ഗൗരവത്തോടെയാണ് അദ്ദേഹം ഈ വിഷയത്തെ സമീപിക്കുന്നതെന്ന് ഇതില്‍ നിന്നു മനസിലാക്കാം. 

 

Share