Articles Articles Details

എഴുത്ത് എന്ന ദൃശ്യമാധ്യമം

Author : ജോസ് പനച്ചിപ്പുറം

calender 25-05-2022

പത്രപ്രവര്‍ത്തനത്തിലെ സര്‍ഗാത്മത എന്ന പദച്ചേര്‍ച്ചയില്‍ മഷിയുണങ്ങാത്ത അശ്ലീലമുണ്ട്. പത്രപ്രവര്‍ത്തനത്തിനും സര്‍ഗാത്മകതയ്ക്കുമിടയില്‍ കടുപ്പിച്ചൊരു വര വരയ്ക്കാന്‍ ആര്‍ക്കോ തിടുക്കമുള്ളതുപോലെ.

പത്രമെഴുത്തിലെ ഏതുതരം എഴുത്തും വിവരം നല്‍കലിനപ്പുറം കടന്നുനിന്ന് ആസ്വാദ്യകരമാകുന്നെങ്കില്‍ അതു സര്‍ഗാത്മകമാകുന്നു.

ടെലിവിഷന്‍ വ്യാപകമാകുന്നതോടെ വര്‍ത്തമാനപത്രം കഥാവശേഷമാകുമെന്നായിരുന്നു ആദ്യ പ്രവചനം. ആ പ്രവചനത്തിനു മുമ്പിലിരുന്ന് ആളുകള്‍ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നതിനിടയില്‍ വെബ് പത്രങ്ങള്‍ വന്നു. പിന്നാലെ, മൊബൈല്‍ സാങ്കേതികവിദ്യ അച്ചടി പത്രങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും പാരവച്ചു തുടങ്ങി. നാം എഴുതിത്തള്ളിയ റേഡിയോ മടങ്ങിവന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലും മറ്റും ചില ദിനപത്രങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ട് എന്നതു ശരി തന്നെ. ഇന്ത്യയിലും റഷ്യയിലും ചൈനയിലും ബ്രസീലിലുമൊക്കെ ദിനപത്രങ്ങള്‍ നിറഞ്ഞാടുകയാണ്; പ്രചാരം കുതിച്ചുകയറുകയാണ്.

പക്ഷേ, പഴയ ദിനപത്രമല്ല ഇപ്പോഴത്തെ ദിനപത്രം. സര്‍ഗാത്മകതയുടെ സുവര്‍ണ വര്‍ത്തമാനമാണ് പത്രങ്ങള്‍ നമ്മോടു പറയുന്നത്.

പൊട്ടിവീഴുന്ന ബ്രെയ്ക്കിങ് ന്യൂസ് വിഭാഗം വാര്‍ത്തകള്‍ ആഘോഷിക്കാനുള്ള അവകാശം ദിനപത്രങ്ങളില്‍നിന്ന് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ കവര്‍ന്നെടുത്ത ഇക്കാലത്ത് ദൃശ്യസാന്നിധ്യവും സന്നിവേശവുമുള്ള എഴുത്തിന്റെ പ്രസക്തി ഏറിയേറി വരികയാണ്.

അടിസ്ഥാനവാര്‍ത്തയുടെ ടിവി പുറപ്പാടു കണ്ടറിഞ്ഞ വായനക്കാര്‍ക്കു മുമ്പില്‍ പത്രം അച്ചുനിരത്തുന്നത് മൂല്യവര്‍ദ്ധിത ദൃശ്യങ്ങള്‍ കാണിക്കാനാണ്; ടെലിവിഷന്റെ പരിമിതികളില്ലാത്ത അദൃശ്യ ദൃശ്യങ്ങള്‍.

എഴുത്ത് കാഴ്ച കൂടിയാവുന്ന കാലം വന്നിരിക്കുന്നുവെന്നര്‍ത്ഥം. അക്ഷരങ്ങളും വാക്കുകളും ചേതോഹരമായി നെയ്തുചേര്‍ക്കുമ്പോള്‍ എഴുത്തുകാരന്റെ മനസ്സ് ക്യാമറയും വായനക്കാരന്റെ മനസ്സ് കാഴ്ചയുടെ അരങ്ങുമാകുന്നു. ദൃശ്യമാധ്യമങ്ങളുടെ കാലത്ത് തൂലികയും ദൃശ്യമെഴുതുന്നു. ഢശൗെമഹ ംൃശശേിഴ എന്നു സായ്പ് പറയും.

രണ്ടു വാക്കുകള്‍ കൊണ്ട് മൂന്നാമതൊന്നു തീര്‍ക്കുന്നതിനു പകരം നക്ഷത്രമുണ്ടാക്കുകയാണ് രചനയുടെ സുവര്‍ണവഴി എന്നു പറഞ്ഞ കവി റോബര്‍ട്ട് ബ്രൗണിങ്ങില്‍ നിന്ന് ഒരു കാഴ്ചപ്പാട് മുന്നില്‍ നില്‍ക്കുന്നു എഴുത്തിന്റെ ഈ ദീപക്കാഴ്ച.

''ഡിപിഇപി കേരളത്തിലെ പള്ളിക്കൂടങ്ങളിലേക്കു കളിച്ചും ചിരിച്ചും പിന്നെ വിവാദങ്ങളുടെ കോന്തലയില്‍ തൂങ്ങിയും'' കയറിവന്നുവെന്ന് എഴുതുമ്പോള്‍ നാം വായിക്കുക മാത്രമല്ല, കളിച്ചു ചിരിച്ചു വരുന്ന കുട്ടികളെ കാണുകയും കോന്തലയില്‍ തൂങ്ങിയാടുന്ന ചിണുങ്ങലുകള്‍ കേള്‍ക്കുകയും കൂടിയാണ്. ദൃശ്യമാധ്യമത്തില്‍ കാണുന്നതിനെക്കാള്‍ ആയുര്‍ബലമുള്ള കാഴ്ച.

നാട്ടുകാരുടെ വൈദ്യുതിബില്‍ അടയ്ക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്ത ഒരാളെപ്പറ്റി ''ചിലരൊക്കെ സംശയത്തിന്റെ ചെറുഷോക്കുമായി നോക്കും'' എന്ന വായനയില്‍ ചെറിയൊരു വൈദ്യുതി പ്രവാഹത്തിന്റെ കിരുകിരുപ്പില്ലേ?

''കുടമറയ്ക്കുള്ളിലെ കണ്ണീരുതുടച്ച്, സഹനത്തിന്റെ വാതിലുകള്‍ തുറന്ന്, നമ്പൂതിരിജീവിതം പുറത്തേക്കുവന്ന കാലത്തിന്റെ ഓര്‍മകള്‍ പത്തായം നിറയെയുള്ളൊരു വീടെ''ന്ന് ഒരു മനയെ വിശേഷിപ്പിക്കുമ്പോള്‍ ഒരു വലിയ പത്തായം നിറയെ കാഴ്ചകള്‍ എന്റെ മനസ്സില്‍ നിറയുന്നു; അവയില്‍നിന്നു കാലത്തിന്റെ ഈടുവയ്പുകളില്‍ തൊട്ടുവരുന്ന അനുരണനങ്ങള്‍ കേള്‍ക്കുന്നു.

''വള്ളുവനാട്ടിലേക്കു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പട്ടിണിക്കലവുമായി വരുമ്പോള്‍'' എന്ന കല്‍പനയില്‍ ശൂന്യം പിടിച്ച ആ വരവ് നാം വായിക്കുകയല്ല, കാണുക തന്നെയാണ്. ആ കലം അത്രയേറെ സത്യം നിറച്ച് നമ്മുടെ മുമ്പില്‍ വാ തുറന്നു നില്‍ക്കുന്നു.

ഒരു പെണ്‍കുട്ടിയുടെ പ്രസരിപ്പുള്ള ബാല്യത്തെ വര്‍ണ്ണിക്കാന്‍ ''കുട്ടിക്കാലം ഒരു പാട്ടുപുസ്തകംപോലെ ഭംഗിയുള്ളത്'' എന്നതിനേക്കാള്‍ ദൃശ്യസംഗീതം ചേര്‍ത്ത് എങ്ങനെ പറയാനാവും? ആ പാട്ടുപുസ്തകം തുറന്നുവയ്ക്കുന്നത് വായനക്കാരന്റെ ഭാവനയോളം പാട്ടും താളങ്ങളുമാണ്.

മലയാള മനോരമയിലെ യുവസുഹൃത്തുക്കളായ മനോജ് തെക്കേടത്തിന്റെയും കെ. സുള്‍ഫിക്കറിന്റെയും ചില പത്രമെഴുത്തുകളില്‍ നിന്നെടുത്ത ഉദാഹരണങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്.

ഈ സര്‍ഗാത്മകതയും ദൃശ്യാത്മകതയും പുതിയ കാര്യമാണെന്നു കരുതരുത്. ഇതു പത്രങ്ങളില്‍ പണ്ടേയുണ്ടായിരുന്നു. ടെലിവിഷന്‍ വരുന്നതിനു മുമ്പ് പത്രങ്ങള്‍ വള്ളംകളി റിപ്പോര്‍ട്ട് ചെയ്തിരുന്നതോര്‍ക്കുക.

ഭാവനയ്ക്കു തുഴപിടിപ്പിച്ച വള്ളംകളി റിപ്പോര്‍ട്ടുകള്‍ വായിച്ച് നാം ഓളങ്ങളില്‍ കുതിച്ചുയര്‍ന്നിരുന്ന കാലം. അണിതെറ്റാതെ വീഴുന്ന തുഴയുടെ ശബ്ദത്തിനും നമ്മുടെ നെഞ്ചിടിപ്പിനും ഒരേ താളമായിരുന്നില്ലേ? ആ താളവും തീരത്തു തിങ്ങിനിറഞ്ഞ ജനത്തിന്റെ ആരവവും പേനയില്‍ ഏറ്റുവാങ്ങുകയായിരുന്നു പഴയ പത്രമെഴുത്ത്.

ആലപ്പുഴ നെഹ്‌റു ട്രോഫിയില്‍ കുതിച്ചെത്തി വിജയിക്കുന്ന ചുണ്ടന് നമ്മുടെ മനസ്സിലുണ്ടായിരുന്ന തലയെടുപ്പ് ഒന്നാലോചിച്ചു നോക്കൂ.

പത്രമെഴുത്തുകാരന്റെ സര്‍ഗാത്മകത, വായനക്കാരന്‍ അതേ സര്‍ഗാത്മകതകൊണ്ടു പൂരിപ്പിക്കുകയായിരുന്നു.

വാസ്തവത്തില്‍ ടിവിയുടെ വരവ് വായനക്കാരന്റെ സര്‍ഗാത്മകതയ്ക്കും ദൃശ്യബോധത്തിനും പരിധിയും പരിമിതിയും നിശ്ചയിക്കുകയാണുണ്ടായത്.

കുതിച്ചുപായുന്ന ചുണ്ടന്‍ ക്ലോസപ്പില്‍ കാണുമ്പോള്‍, അതുവരെ വായനക്കാരന്റെ മനസ്സില്‍ ആവേശത്തിരയിളക്കിയ ഓളങ്ങള്‍ പെട്ടെന്നു കെട്ടടങ്ങുന്നു.

ഇത്രയുമേയുള്ളോ എന്നൊരു ചോദ്യഭാവം.

വര്‍ഷങ്ങളിലൂടെ എഴുത്തിലെ ചിത്രമെഴുത്ത് കൂടുതല്‍ മത്സരക്ഷമമായി. ചിത്രങ്ങള്‍ക്കു കൂടുതല്‍ മിഴിവു വന്നു.

മറ്റൊരു സഹപ്രവര്‍ത്തകന്‍ സാക്കിര്‍ ഹുസൈന്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വന്നെഴുതിയ പത്രകഥയിലെ ഒരു ദൃശ്യം ഇപ്പോഴുമുണ്ട് എന്റെ മനസ്സില്‍.

ജെല്ലിക്കെട്ടിന്റെ സംഘാടനനായകന്റെ രംഗപ്രവേശം അവതരിപ്പിക്കുകയാണ് ലേഖകന്‍.

നായകനു കൊമ്പന്‍ മീശയാണ്. കൊമ്പന്‍മീശ എന്നു പറഞ്ഞാല്‍തന്നെ വായനക്കാരന്റെ മനസ്സില്‍ ഒരു മീശ വിരിയും. വായനക്കാരന്റെ ഭാവനയും സര്‍ഗാത്മകതയുമനുസരിച്ച് ആ മീശയ്ക്കു വലുപ്പവും 'കൊമ്പത്ത'വും ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം.

എന്നാല്‍ സാക്കിര്‍ ഹുസൈന്‍ എഴുതിയതെന്താണെന്നോ?

''കരിമ്പൂച്ചയെ കടിച്ചുപിടിച്ചതുപോലുള്ള മീശ'' എന്ന്.

ഈ കറുപ്പഴകില്‍നിന്നു വായനക്കാരന്റെ മനസ്സില്‍ വിരിയുന്ന, വായനക്കാരനു കൈനീട്ടി തൊടുകയും പിരിച്ചുരസിക്കുകയും ചെയ്യാവുന്ന മീശദൃശ്യത്തിന്റെ ശാഖോപശാഖകള്‍ നോക്കൂ.

2012-ല്‍ നമ്മുടെ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മശതാബ്ദിക്ക് ജയചന്ദ്രന്‍ ഇലങ്കത്ത് മലയാള മനോരമയില്‍ എഴുതിയ ഫീച്ചറിലെ ചില ദൃശ്യാനുഭവങ്ങള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

''നീര്‍ക്കുന്നം കടപ്പുറം ആകെ മാറിപ്പോയി; കടപ്പുറത്തുകാരും. ഈ കടലും ഇങ്ങനെയായിരുന്നില്ല; കടലിലെ വള്ളങ്ങളും. നിമിഷംപ്രതിയെന്നോണം തീരം കവര്‍ന്ന് കടല്‍ കേറിക്കേറി വരുന്നു. കൊന്ന പോലെ പൂത്ത തെങ്ങുകള്‍ കടലിലേക്കു മൂക്കുകുത്തുന്നു. അതു കണ്ടു പേടിച്ചു കൂറ്റന്‍ കരിങ്കല്ലുകളടുക്കി സംരക്ഷണഭിത്തി തീര്‍ത്തു. വിശ്വാസം പോരാഞ്ഞ് ഭിത്തിക്കു പിന്നില്‍ കാറ്റാടിമരങ്ങള്‍ വച്ചുപിടിപ്പിച്ചു. എന്നിട്ടും അന്നൊരു പട്ടാപ്പകല്‍ കടല്‍ സുനാമിയായി സംഹാരതാണ്ഡവമാടി.

അഞ്ചര പതിറ്റാണ്ടിലേറെ മുമ്പ് ഇതേ കടപ്പുറത്തുനിന്നു തകഴി കറുത്തമ്മയെയും പരീക്കുട്ടിയെയും ചെമ്പന്‍കുഞ്ഞിനെയും ചക്കിയെയും പളനിയെയും കണ്ടെടുക്കുമ്പോള്‍ കടലും 'കടാപ്പുറവും' ഇങ്ങനെയായിരുന്നില്ല. വെയില്‍ എത്തിനോക്കുന്ന ചെമ്പന്‍കുഞ്ഞിന്റെ കുടില്‍പോലൊരു കുടില്‍ ഇപ്പോള്‍ ഇവിടെങ്ങുമില്ല. മിക്കതും കോണ്‍ക്രീറ്റ് വീടുകള്‍, യൂണിഫോമിട്ട കുട്ടികളെപ്പോലെ സര്‍ക്കാര്‍ പണിതുകൊടുത്ത സുനാമി വീടുകള്‍. വള്ളവും വലയും പിന്നെ കുറെ ചങ്കുറപ്പുമായി കടലില്‍ പോയിരുന്ന മുക്കുവര്‍ക്ക് ഇന്ന് അത്രയ്ക്കങ്ങു ധൈര്യം പോരാ. വള്ളങ്ങളുടെ അണിയത്തും അമരത്തും പട്ടുപൂജിച്ചു കെട്ടിയും ചിഹ്നങ്ങള്‍ പതിപ്പിച്ചും അവര്‍ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നു...

എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. തീരത്തു വിയര്‍പ്പാറ്റാന്‍ നിരന്നുകിടക്കുന്ന വള്ളങ്ങള്‍. അവയുടെ ഈ തണലത്തിരുന്ന് കൊച്ചുവര്‍ത്തമാനം പറയുമ്പോഴാണ് പരീക്കുട്ടി ആദ്യമായി കറുത്തമ്മയുടെ നെഞ്ചത്ത് അറിയാതെ നോക്കിപ്പോയത്. ഇവിടെനിന്നാണ് നെഞ്ചത്തു കൈ കൊണ്ട് ഗുണനചിഹ്നം തീര്‍ത്ത് കറുത്തമ്മ ഓടിപ്പോയത്...

ശങ്കരമംഗലം തറവാട്ടുമുറ്റത്തെ മാവ് ഇക്കുറി വല്ലാതെ പൂത്തു. മാല കോര്‍ത്തപോലെ കണ്ണിമാങ്ങകള്‍ നടുമുറ്റമാകെ. മഞ്ഞച്ചെമ്പരത്തിയും നിറയെ പൂവിട്ടു. അകത്ത് പഴമണം തൂകുന്ന കിടപ്പുമുറി ഇന്നു സര്‍ക്കാര്‍ വക തകഴി സ്മാരകമാണ്. തകഴിച്ചേട്ടന്റെ ഷര്‍ട്ടും മുണ്ടും പേനയും വെറ്റിലച്ചെല്ലവും തുപ്പല്‍ കോളാമ്പിയും ഊന്നുവടിയുമൊക്കെ അതേപടിയുണ്ട്. മടങ്ങുമ്പോള്‍ കണ്ടു, അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കുഞ്ചന്‍ സ്മാരകത്തില്‍ തകഴി നട്ട തെങ്ങും നിറയെ കായ്ച്ചുകിടക്കുന്നു; തകഴിച്ചേട്ടന് ഒരു മാട്ടം അന്തിക്കള്ള് നല്‍കാന്‍ കൊതിക്കുംപോലെ...'' സര്‍ഗാത്മകതയുടെ വിളയാട്ടം എഴുത്തിന്റെ മാസ്മരികതയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ഇത് തലക്കെട്ടുകളിലാവാം; വാര്‍ത്തകളിലേക്കും വാര്‍ത്താതീത എഴുത്തുകളിലേക്കും നയിക്കുന്ന ആശയങ്ങളുടെ കാര്യത്തിലുമാവാം.

മലയാള മനോരമ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി 2005-ല്‍ ഒരു പേജ് തുടങ്ങിയപ്പോള്‍ അതിനൊരു പേര് ആലോചിച്ചു; ആലോചിക്കാന്‍ പത്രാധിപസമിതിയംഗങ്ങളോടെല്ലാം നിര്‍ദ്ദേശിച്ചു.

ഒടുവില്‍ തിരഞ്ഞെടുത്ത പേര്: പഠിപ്പുര.

സണ്ണി ജോസഫ് എന്ന സഹപ്രവര്‍ത്തകന്റെ സംഭാവന.

പഠനത്തിനു പടിപ്പുര തീര്‍ത്ത ആ പേരില്‍ പഠിപ്പും ഉരയും ഉടയാതെ ചേര്‍ന്നിരിക്കുന്നു.

നിഘണ്ടുവിലെ പടിപ്പുരയ്ക്കു കുട്ടികള്‍ പഠിപ്പുര എന്നെഴുതില്ലേ എന്നു ചോദിച്ചവരുണ്ടെങ്കിലും 'പഠിപ്പുര' എന്ന പദ

ത്തിന്റെ സോദ്ദേശ്യ അര്‍ത്ഥഭംഗികള്‍ക്കു മാര്‍ക്ക് കൊടുക്കാതിരിക്കാനാവില്ല.

ആശയസമ്പന്നരായ കാര്‍ട്ടൂണിസ്റ്റുകള്‍ നമുക്കുണ്ടെങ്കിലും മിക്ക പത്രമോഫീസുകളിലും എഴുത്തുകാരും കാര്‍ട്ടൂണിസ്റ്റുകളും തമ്മില്‍ ആശയപരമായ ഒരു കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്. സര്‍ഗധനരായ പത്രപ്രവര്‍ത്തകര്‍ നല്‍കുന്ന ആശയങ്ങളില്‍ പിടിച്ചുകയറി കാര്‍ട്ടൂണിസ്റ്റുകള്‍ ഒന്നാംതരം കാര്‍ട്ടൂണുകള്‍ സൃഷ്ടിക്കുന്നു; അവ സര്‍ഗാത്മകതയുടെ സഹകരണ വരപ്രസാദമായിത്തീരുന്നു.

മലയാള മനോരമയില്‍ ഒരു ദിവസം പോലും മുടങ്ങാതെ കുഞ്ചുക്കുറുപ്പ് പോക്കറ്റ് കാര്‍ട്ടൂണിനു സമകാലികവും അര്‍ത്ഥപൂര്‍ണവും സരസമനോഹരവുമായ കാന്താരിക്കുറിപ്പു

കള്‍ എഴുതുന്നതിലെ സര്‍ഗാത്മകത ഒന്നാലോചിച്ചു നോ

ക്കൂ. വര്‍ഷങ്ങളായി ഇതെഴുന്നതിന്റെ പിന്നിലെ സര്‍ഗവ്യാപാരവും ആലോചനയും വാര്‍ത്താബോധ്യവും ചെറുതല്ല.

കമ്യൂണിക്കേഷന്‍ എന്ന ആശയവിനിമയകല അടിസ്ഥാനപരമായി ദൃശ്യാത്മകം തന്നെ; അച്ചടിയിലെ വിനിമയകലയ്ക്കും കാതല്‍സ്വഭാവം മറ്റൊന്നല്ല.

പത്രമെഴുത്തിലും വായനക്കാര്‍ വായിക്കുന്നത്, അഥവാ കാണുന്നത്, ദൃശ്യങ്ങളാണ്; കേവലം അക്ഷരങ്ങളും അവ ചേര്‍ന്നുണ്ടാകുന്ന വാക്കുകളും അവ കൊരുത്തുണ്ടാക്കുന്ന വാക്യങ്ങളും മാത്രമല്ല. വാക്കുകളുടെയും അവയുടെ സര്‍ഗാത്മക കൂടിച്ചേരലിന്റെയും ഫലം ദൃശ്യങ്ങളല്ലാതെ മറ്റൊന്നുമല്ല.

ഈ കൂടിച്ചേരലില്‍ നിന്നുണ്ടാകുന്ന ദൃശ്യഭാവത്തിന് സാഹിത്യത്തിലാണെങ്കില്‍ ബിംബങ്ങള്‍ എന്നാണു പറയുക. മൂല്യവര്‍ധിത പത്രഭാഷയിലും സര്‍ഗാത്മക പത്രപ്രവര്‍ത്തകര്‍ ബിംബങ്ങള്‍ തീര്‍ക്കുന്നു. അങ്ങനെ പത്രമെഴുത്തിലെ 'സ്റ്റോറി' ബിംബധന്യമായ കഥപറയല്‍ തന്നെയായി മാറുന്നു.

ഇനിയുള്ള കാലത്ത് പത്രമെഴുത്തിന്റെ ഏറ്റവും വലിയ കരുത്താകാന്‍ പോകുന്നത് എഴുത്തിന്റെ ദൃശ്യസാധ്യതകള്‍ തന്നെയാണ്. അല്ല, അങ്ങനെയായിക്കഴിഞ്ഞു. ബിംബങ്ങളുടെ ചിത്രനിര്‍വിശേഷമായ സന്നിവേശമാണ് ദൃശ്യാത്മക എഴുത്തിന്റെ വ്യാകരണത്തറ. വായനക്കാരന്റെ മനസ്സിലെ വെള്ളിത്തിരയില്‍ അദൃശ്യ ദൃശ്യങ്ങള്‍ തെളിയിക്കുന്ന രാസവിദ്യ.

ആ എഴുത്തിനു പക്ഷേ, സര്‍ഗാത്മകത മാത്രം പോരാ, സര്‍ഗാത്മക ഭാഷ കൂടി വേണം.

 

Share