Articles Articles Details

ഈജിപ്ത് പത്രപ്രവര്‍ത്തകരുടെ തടവറയാകുന്നു

Author : എന്‍. പി. ആര്‍

calender 25-05-2022

ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ജയിലില്‍ അടക്കപ്പെട്ട രാജ്യം ഇപ്പോള്‍ ഈജിപ്ത് ആണെന്ന് അന്താരാഷ്ട്ര സംഘടനയായ 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ്' വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള പത്രപ്രവര്‍ത്തകരെ നിയമപരമായി സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. വിവിധ രാജ്യങ്ങളില്‍ എത്ര പത്രപ്രവര്‍ത്തകര്‍ ജയിലിലുണ്ട് എന്നത് സംബന്ധിച്ച് കണക്കുകള്‍ സംഘടന 1990 മുതല്‍ ശേഖരിച്ചുവരികയാണ്. 

  പത്രസ്വാതന്ത്ര്യം സംരക്ഷിക്കുക മാത്രമല്ല, ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ഈജിപ്ത് ഗവണ്‍മെന്റ് ആവര്‍ത്തിച്ച് നല്‍കിയ ഉറപ്പുകള്‍ പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു-സംഘടന പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ എല്ലാത്തരം എതിരഭിപ്രായങ്ങളെയും നിരോധിക്കുകയാണ് ഈജിപ്ത് ഭരണകൂടം ചെയ്യുന്നതെന്ന് സി.പി.ജെ.യുടെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷെറില്‍ മണ്‍സൂണ്‍ പറഞ്ഞു. നിരോധിത മുസ്ലിം ബ്രദര്‍ഹുഡ് സംഘടനകളുമായി ബന്ധം ആരോപിച്ചാണ് മിക്കവരെയും തടങ്കലിലാക്കിയിട്ടുള്ളത്. ഇപ്പോള്‍ ജയിലിലുള്ള പതിനെട്ട് പേരില്‍ പകുതിപ്പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കയാണ്. തടവിലാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് എന്നതും ശ്രദ്ധേയമാണ്.

  രണ്ടുവര്‍ഷമായിട്ടും കേസ് പോലും ചാര്‍ജ് ചെയ്യാതെ നിരവധി പേരെ ജയിലിലടച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പല പ്രദേശങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനേ കഴിയുന്നില്ല. പതിനെട്ട് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ സി.പി.ജെ. റിലീസില്‍ ഉണ്ട്. 

  ഈജിപ്ഷ്യന്‍ ജേണലിസ്റ്റ്‌സ് സിന്‍ഡിക്കേറ്റ് എന്ന അര്‍ദ്ധ ഔദ്യോഗിക സംഘടനയാണ് പത്രപ്രവര്‍ത്തകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, നിരന്തരം പെരുകിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും തട്ടിക്കൊണ്ടു പോകലുകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും എതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്ഥാപനം. 

ഭീകരര്‍ ഇസ്ലാമിക് അല്ല, സ്റ്റേറ്റുമല്ല

 ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്ന ഭീകരവാദി സംഘടനയെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വാര്‍ത്തകളില്‍ വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബി.ബി.സി ക്ക് മേല്‍ ബ്രിട്ടീഷ് അധികാരികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പാര്‍ലമെന്റിലും ഇക്കാര്യം സംബന്ധിച്ച് അഭിപ്രായം രൂപപ്പെട്ടുവരുന്നുണ്ട്.

  125 എം.പി.മാര്‍ ബിബിസിക്ക് അയച്ച കത്തിനെ 'ഡായിഷ്' എന്ന് വിളിക്കുകയാണ് കൂടുതല്‍ ഉചിതം എന്ന് അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്നത് അനുചിതമാണ് എന്ന് സമ്മതിക്കുകയുണ്ടായി. ഇത്തരം പ്രവണതകളുടെ ദൂരവ്യാപക പ്രതികരണങ്ങള്‍ കൂടി മനസ്സില്‍ വെച്ച് വേണം പ്രയോഗങ്ങള്‍ ഉചിതമാക്കി മാറ്റുവാനെന്ന് വിദഗ്ദ്ധരും കരുതുന്നു. മധ്യേഷ്യയില്‍ ഇവരെ ഐഎസ്‌ഐഎസ് എന്നുപോലും വിളിക്കുന്നില്ല. അവിടെ പൊതുവെ ഉപയോഗിക്കുന്ന ഡായിഷ് ആണ് ഉചിത പ്രയോഗം. മനുഷ്യത്വരഹിതമായ കൊടുംഭീകരതയില്‍ ആനന്ദിക്കുന്ന ഒരു സംഘത്തിന് മതത്തിന്റെയും സ്റ്റേറ്റിന്റെയും പേര് കൊടുക്കുന്നത് ആ മതവിശ്വാസികള്‍ക്ക് അപമാനകരമാണ്. ആ സംഘടന ഇസ്ലാമിക്കും അല്ല സ്റ്റേറ്റും അല്ല-എം.പി.മാര്‍ അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു.

ന്യൂസ് ഓഫ് ദി വേള്‍ഡ് ഡപ്യൂട്ടി 

എഡിറ്റര്‍ കുറ്റവിമുക്തനായി

ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ മാധ്യമവിവാദത്തില്‍ കുറ്റാരോപിതനായ മാധ്യമപ്രവര്‍ത്തകന്‍ കുറ്റവിമുക്തനായി. റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ ഡപ്യൂട്ടി എഡിറ്റര്‍ ആയിരുന്ന ആന്‍ഡി കോള്‍സണ്‍ ആണ് രക്ഷപെട്ടത്. സ്‌കൂപ്പുകള്‍ ചമയ്ക്കാന്‍ വേണ്ടി ഫോണ്‍ സെര്‍വറുകളില്‍ ഹാക്കിങ്ങ് നടത്തിയെന്ന കേസ്സിലാണ് ആന്‍ഡി കോള്‍സണ്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ബ്രിട്ടനെയും ലോകത്തെത്തന്നെയും പിടിച്ചു കുലുക്കിയ വിവാദത്തെ തുടര്‍ന്ന് മര്‍ഡോക്ക് പത്രം അടച്ചുപൂട്ടുകയാണ് ചെയ്തത്.

  ഹാക്കിങ്ങ് നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. കോടതി വിധി പറഞ്ഞപ്പോള്‍ ആന്‍ഡി കോള്‍സണ്‍ പ്രതിക്കൂട്ടില്‍ പൊട്ടിക്കരഞ്ഞു. ഈ കേസ്സില്‍ വിചാരണ ചെയ്യപ്പെടുന്ന അവസാനത്തെ ജേണലിസ്റ്റ് ആണ് ആന്‍ഡി കോള്‍സണ്‍. 2011-ലാണ് ന്യൂസ് ഓഫ് ദ വേള്‍ഡുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടത്. നാല് വര്‍ഷമായി കേസ്സ് നടക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖരായ നിരവധി പേരെകുറിച്ച് വാര്‍ത്ത എഴുതുന്നതിന് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. എട്ട് പത്രപ്രവര്‍ത്തകര്‍ ഇതിനകം ശിക്ഷിക്കപ്പെട്ടുകഴിഞ്ഞു. മര്‍ഡോക്കിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. 

വാള്‍ സ്ട്രീറ്റ് ജേണല്‍ ഇന്ത്യാ എഡിഷന്‍ പൂട്ടുന്നു

ലോകപ്രശസ്തമായ വാള്‍ സ്ട്രീറ്റ് ജേണല്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എഡിഷന്‍ നിര്‍ത്തലാക്കുമെന്ന് മീഡിയ വെബ്‌സൈറ്റ് ആയ മീഡിയനാമ വെളിപ്പെടുത്തുന്നു. അവരുടെ ംംം.ംഷെ.രീാ/ശിറശമ സൈറ്റ് മാതൃസൈറ്റിന്റെ ഭാഗമാക്കും. ഇന്ത്യ റിയല്‍ ടൈം എന്ന ബ്ലോഗ് പഴയതുപോലെ തുടരും. ബംഗ്‌ളൂരിലെ റിപ്പോര്‍ട്ടിങ്ങ് ബ്യൂറോവിന്റെ പ്രവര്‍ത്തനവും നിര്‍ത്തും.

 പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റല്‍ ആന്റ് ന്യൂസ് എഡിറ്റര്‍ അനിര്‍ബന്‍ റോയി വാര്‍ത്ത സ്ഥിരീകരിച്ചതായി മീഡിയനാമ അറിയിച്ചു. ജൂണ്‍ മുപ്പതോടെ താന്‍ ജോലി നിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. പുതിയ നീക്കങ്ങള്‍ക്ക് കാരണമൊന്നും വെളിവായിട്ടില്ല. 

പീറ്റര്‍ ഓബോണ്‍ പത്രാധിപത്യത്തിലേക്ക് വീണ്ടും

ഡെയ്‌ലി ടെലഗ്രാഫ് ചീഫ് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ സ്ഥാനത്ത് നിന്നുള്ള പീറ്റര്‍ ഓബോണിന്റെ രാജി രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചാവിഷയമായിരുന്നു. നാല് മാസത്തിന് ശേഷം അദ്ദേഹം ഡെയ്‌ലി മെയിലിലേക്ക് മടങ്ങി.

  പരസ്യക്കാരുടെ സ്വാധീനംമൂലം ഡെയ്‌ലി ടെലഗ്രാഫ് പല വാര്‍ത്തകളും തമസ്‌കരിക്കുകയോ അപ്രധാനമാക്കുകയോ ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചത്. പ്രധാനമായി എച്ച്.എസ്.ബി.സി. ബാങ്കിന്റെ വിവാദമായ ചില ഇടപാടുകളെകുറിച്ചുള്ള വാര്‍ത്തയാണ് കൊടുക്കാതിരിക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായത്. ഇത് ലോകമെങ്ങുമുള്ള മാധ്യമപംക്തികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

  പീറ്റര്‍ ഓബോണിന്റെ രാജി വിവാദമായതിനെ തുടര്‍ന്ന് പത്രത്തിലെ മാര്‍ക്കറ്റിങ്ങ് വിഭാഗവും എഡിറ്റോറിയലും തമ്മിലുള്ള ബന്ധം സംബന്ധിച്ച് മാനേജ്‌മെന്റ് പുതിയ ചട്ടം നടപ്പാക്കിയിരുന്നു. ഡെയ്‌ലി ടെലഗ്രാഫില്‍ ചേരുന്നതിന് വേണ്ടി രാജിവെച്ച് ഡെയ്‌ലി മെയ്‌ലിലേക്കാണ് പീറ്റര്‍ ഓബോണ്‍ ഇപ്പോള്‍ തിരിച്ചുപോകുന്നത്.

ദക്ഷിണ ലണ്ടന്‍ പത്രങ്ങളില്‍ പണിമുടക്ക്

പാശ്ചാത്യലോകത്തും പണിമുടക്കുകള്‍ അത്ര സാധാരണമല്ല ഇക്കാലത്ത്. പത്രസ്ഥാപനങ്ങളിലെ കാര്യം പറയാനുമില്ല. പത്രങ്ങള്‍തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ അവകാശങ്ങള്‍ നേടാന്‍ സമരം ചെയ്യുന്നതിനെകുറിച്ച് ചിന്തിക്കുക തന്നെ പ്രയാസം. എന്നിട്ടും ഒരു പത്രസ്ഥാപനത്തില്‍ പത്ത് ദിവസം പണിമുടക്ക് നടന്നു. ന്യൂസ് ക്വസ്റ്റ് എന്ന സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകര്‍ പന്ത്രണ്ട് ദിവസം പണിമുടക്കിയശേഷം ജോലി ക്ക് കയറി. തങ്ങളുടെ ''സന്മനസ്സ്'' കൊണ്ടാണ് തിരിച്ചുവരുന്നതെന്ന് യൂണിയന്‍ നേ തൃത്വം അവകാശപ്പെടുകയും ചെയ്തു. 

ബ്രിട്ടനിലെ ശക്തമായ നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് ആണ് സമരം സംഘടിപ്പിച്ചത്. ശമ്പളം, സ്റ്റാഫ് എണ്ണം, സേവന സൗകര്യങ്ങള്‍ തുടങ്ങിയവ വെട്ടിക്കുറച്ചതാണ് തര്‍ക്കവിഷയം. ഇവ സംബന്ധിച്ച് ഇനിയും ചര്‍ച്ച നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. 

ദക്ഷിണ ലണ്ടനിലെ പ്രസാധക സ്ഥാപനമാണ് ന്യൂസ്‌ക്വസ്റ്റ്. പതിനൊന്ന് പ്രാദേശിക പത്രങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സമരത്തിനിടയില്‍ പ്രസിദ്ധീകരണം മുടങ്ങിയിരുന്നില്ല. എന്നാല്‍ പല പതിവു പംക്തികളും മുടങ്ങിയത് വായനക്കാരെ അസംതൃപ്തരാക്കിയിരുന്നു. പത്രപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് സൗത്ത് ലണ്ടന്‍ ബറോ പ്രാദേശിക ഭരണാധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 30-നാണ് പ്രസിദ്ധീകരണം സാധാരണ നിലയിലേക്ക് മടങ്ങിയത്.  

 

Share