Articles Articles Details

ഇന്ദ്രപ്രസ്ഥത്തിന്റെ നവമാധ്യമലോകം

Author : പി. ബസന്ത്

calender 25-05-2022

ന്യൂഡല്‍ഹിയിലെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുകളിലത്തെ നിലകളിലൊന്നില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഓഫീസും അവിടുത്തെ 'ആസ്ഥാന ദൈവ'ത്തെയും അറിയാത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വിരളമാണ്. പെട്രോളിയം, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയങ്ങള്‍ നോക്കിയിരുന്നവരില്‍ ചിലരെങ്കിലും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരുമായിരുന്നു. 

മാസാദ്യം കൃത്യമായി എത്തിയിരുന്ന തടിച്ച കവറിന് വേണ്ടി അവര്‍ കാത്തിരുന്നു. കൃത്യമായ ഇടവേളകളില്‍ ഹോട്ടലിലെ മുറിയില്‍ നിന്ന് എത്തിക്കുന്ന കുറിപ്പിന് മുകളില്‍ 'ഡേറ്റ്‌ലൈന്‍', 'ബൈ ലൈന്‍' എന്നിവ കൂട്ടിചേര്‍ത്ത് വള്ളിപുള്ളി വ്യത്യസമില്ലാതെ അത് ഡസ്‌ക്കിലേക്കും പോയിരുന്നു. ഒരോ പത്രത്തിനും ആവശ്യമായ വാര്‍ത്തകള്‍ ആ പത്രത്തിന്റെ ശൈലിയില്‍ തന്നെ തയ്യാറാക്കി എത്തിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ജേര്‍ണലിസ്റ്റിന്റെ ജോലി ഭാരം കുറക്കുകയെന്ന ലക്ഷ്യമായിരിക്കാം ഇതിന് പിന്നില്‍. കോര്‍പ്പറേറ്റ് ഇടനിലക്കാരനെയും ജേര്‍ണലിസ്റ്റിനെയും കൂട്ടി യോജിപ്പിച്ചിരുന്ന മറ്റൊരു വിഭാഗം കൂടി ഉണ്ട്. മന്ത്രിമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. 

ജേര്‍ണലിസ്റ്റെന്ന നിലയില്‍ മന്ത്രിമാരില്‍ നിന്നും മറ്റ് രാഷ്ട്രീയക്കാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരന് എത്തിച്ചു കൊടുക്കുകയെന്നതും പാക്കേജിന്റെ ഭാഗമാണ്. റാഡിയ ടേപ്പുകള്‍ ഇന്ത്യന്‍ മാധ്യമ ലോകത്ത് പൊട്ടിവീണപ്പോള്‍ നമ്മള്‍ കണ്ടത് ഈ അവിശുദ്ധ കൂട്ടുകെട്ടാണ്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഈ ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴും ചര്‍ച്ച ചെയ്യുന്നതാണ്. 

കഴിഞ്ഞ പത്തു കൊല്ലം ഇന്ത്യ ഭരിച്ച യു.പി.എ സര്‍ക്കാരിലെ ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മുതിര്‍ന്ന എഡിറ്റര്‍മാരുമായും മാധ്യമപ്രവര്‍ത്തകരുമായും ഉണ്ടാക്കിയ കൂട്ടക്കെട്ടുകളാണ് കോര്‍പ്പറേറ്റ് ഇടനിലക്കാരിയായിരുന്ന നീരാ റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോള്‍ പുറത്തുവന്നത്.

മന്ത്രിമാരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും അവരുടെ അജണ്ട നടപ്പാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുകയും വ്യക്തിപരമായി തന്നെ മാധ്യമപ്രവര്‍ത്തകന്‍ അതിന് വഴങ്ങുകയും ചെയ്യുന്നത് പുതിയ സംഭവമല്ല. ഇതിനിടയിലും വിവരങ്ങളുടെ സ്വഭാവികമായ ഒഴുക്ക് ഒരിക്കലും തടസ്സപ്പെട്ടിരുന്നില്ല. സര്‍ക്കാരിലെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും ലഭിച്ചിരുന്ന വാര്‍ത്തകളാണ് മാധ്യമപ്രവര്‍ത്തകനെ മുന്നോട്ടു നയിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടുകള്‍ നിലനില്‍ക്കുമ്പോഴും വാര്‍ത്താ സ്രോതസ്സ് ഒരു സാധാരണ മാധ്യമപ്രവര്‍ത്തകന് മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരുന്നില്ല. 

എന്നാല്‍, ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പഴയതു പോലെ എളുപ്പത്തില്‍, ഒരു ഫോണ്‍ കോളിലൂടെ പോലും, ലഭിച്ചിരുന്ന വിവരങ്ങള്‍ കിട്ടുന്നില്ല. 'സോഴ്‌സ്' എന്ന് വിശേഷിപ്പിക്കാവുന്ന പലരും പെട്ടെന്ന് മൗനികളായി. സൗത്ത് ബ്ലോക്കിലെ ഇടനാഴികളില്‍ പണ്ടു കണ്ട പരിചയം പോലും പല ഉദ്യോഗസ്ഥരും കാട്ടുന്നില്ലെന്ന് 'സര്‍ക്കാര്‍' ബീറ്റിലുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഭരണകക്ഷിയായ ബി.ജെ.പി കവര്‍ ചെയ്തിരുന്നവര്‍ക്കും പരാതി ഇതു തന്നെ. പഴയതുപോലെ ഒരു അടുപ്പം കാട്ടാന്‍ നേതാക്കളും തയ്യാറാകുന്നില്ല. അവര്‍ ആരെയോ പേടിക്കുന്നു. മാധ്യമങ്ങളോട് മിണ്ടരുത് എന്ന അലിഖിത സന്ദേശം സര്‍ക്കാരിലും പാര്‍ട്ടിയിലും താഴെത്തട്ട് വരെ എത്തിയെന്നാണ് അണിയറയിലെ സംസാരം. 

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യു.പി.എ അധികാരത്തിലായിരുന്നപ്പോള്‍ വാര്‍ത്തക്കും വിവരങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലായിരുന്നു. മന്ത്രിമാര്‍ ഒരു ഫോണ്‍ വിളിപ്പാടകലെ. പ്രധാനമന്ത്രിയെ വെട്ടിലാക്കുന്ന വാര്‍ത്തകള്‍ വരെ കേന്ദ്ര മന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെച്ചു നീട്ടിയ കാലമായിരുന്നു അത്.

'സ്പൂണ്‍ ഫീഡിംഗ്' എന്നൊരു ഇംഗ്ലീഷ് വാക്കുണ്ട്. എല്ലാം താലത്തില്‍ വെച്ചു നീട്ടി മാധ്യമപ്രവര്‍ത്തകനെ തന്നോടൊപ്പം നിര്‍ത്തിയിരുന്ന അവസ്ഥക്ക് മാറ്റം വരുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലിലെ കോര്‍പ്പറേറ്റ് ഇടനിലക്കാരന്‍ വിദഗ്ദ്ധമായി നടപ്പാക്കിയത് പിന്നീട് രാഷ്ട്രീയക്കാര്‍ ഏറ്റെടുത്ത കാലമായിരുന്നു കഴിഞ്ഞ പത്തു കൊല്ലം. എന്നാല്‍, തലസ്ഥാനത്തെ പുതിയ ഭരണകൂടത്തിന്, വാര്‍ത്ത, വായനക്കാരനിലേക്കോ പ്രേക്ഷകനിലേക്കോ എത്തിക്കുന്നതിന് മാധ്യമം എന്ന സംവിധാനം ആവശ്യമില്ലാത്ത സ്ഥിതിയാണ്. 

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം തലസ്ഥാനത്തെ മാധ്യമലോകം നേരിടുന്ന സമ്മര്‍ദ്ദം ചെലുതല്ല. തനിക്ക് പറയേണ്ടത് ജനങ്ങളോട് നേരിട്ട് പറയാന്‍ സാമൂഹ്യ കൂട്ടായ്മ സൈറ്റുകളെയും സോഷ്യല്‍ മീഡിയയെയും ഇത്ര കാര്യമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ത്യയിലുണ്ടായിട്ടില്ല. തനിക്കും ജനങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ നരേന്ദ്ര മോദി ഓരത്തേക്ക് മാറ്റി നിര്‍ത്തിയിരിക്കുന്നു. ട്വിറ്ററും ഫേസ്ബുക്കും ഗൂഗിള്‍ പ്ലസുമെല്ലാം ജനങ്ങളുമായി സംവദിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി രാജ്യത്തെ പ്രധാനമന്ത്രി മാറ്റുമ്പോള്‍ ജേര്‍ണലിസ്റ്റ് അപ്രസക്തനാകുകയാണോ?

മോദി ചുമതലയേറ്റ ശേഷമുണ്ടായിട്ടുള്ള ഈ മാറ്റങ്ങള്‍ ഇതു വരെ മുന്‍നിര മാധ്യമങ്ങള്‍ വിമര്‍ശനപരമായ ചര്‍ച്ചയാക്കിയിട്ടില്ല. ഇപ്പോഴും മോദിയോടൊപ്പമുള്ള മധുവിധു ആഘോഷത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍. ചെറിയ തോതില്‍ പൊതുസമൂഹത്തിലെ ചര്‍ച്ചയില്‍ ഒതുങ്ങിയിരിക്കുന്നു ഈ വിഷയം.

സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിമാരുടെ പ്രസംഗം പ്രധാന വാര്‍ത്തകളുടെ കൂട്ടത്തില്‍ വരുന്ന ഒന്നു മാത്രമായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ചെങ്കോട്ടയില്‍ നിന്നുള്ള ആദ്യത്തെ പ്രസംഗം സാമൂഹ്യ കൂട്ടായ്മ സൈറ്റുകള്‍ ആഘോഷിച്ചു. ഒപ്പം, മുഖ്യധാര മാധ്യമങ്ങളും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വെബ്ബ് സൈറ്റും മോദിയുടെ ട്വിറ്ററിലെ അക്കൗണ്ടുകളുമെല്ലാം പ്രസംഗം പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നിന്നു. അതിന്‍ മേലുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളുമായി രംഗം കൊഴുപ്പിക്കുന്നതില്‍ മോദി വിജയിച്ചുവെന്ന് പറയാം. എഴുതിതയ്യാറാക്കാത്ത പ്രസംഗം, പ്രസംഗ പീഠത്തിന് മുന്നിലെ ബുള്ളറ്റ് പ്രൂഫ് കവചം ഒഴിവാക്കല്‍... തുടങ്ങിയവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ 'ട്രെന്‍ഡ്' ചെയ്തുവെന്ന് പറയാം. 

അടുത്തിടെ ഡല്‍ഹിയില്‍ കേരള പുലയര്‍ മഹാസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജന്‍മദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയകളിലെല്ലാം അത് നിറഞ്ഞുനിന്നു. പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍, അയ്യങ്കാളിയെ കുറിച്ചുള്ള കുറെ നല്ല വാക്കുകള്‍ എന്നിവയെല്ലാം ആ പോസ്റ്റുകളിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോദിയുമായി റെയ്‌സീനാ കുന്നുകളിലെ സൗത്ത് ബ്ലോക്കില്‍ കൂടിക്കാഴ്ച്ച നടത്തി പുറത്തിറങ്ങി മിനിട്ടുകള്‍ക്കകം ഫോട്ടോയും ഒരു അടിക്കുറിപ്പും സഹിതം വിവരങ്ങള്‍ ഗൂഗിളിലും ഫേസ്ബുക്കിലും ലഭ്യമായി. ഉച്ചക്കുള്ള വാര്‍ത്തക്കോ രാവിലെ ഇറങ്ങുന്ന പത്രത്തിനോ വേണ്ടി കാത്തിരിക്കേണ്ടതില്ല. വാര്‍ത്ത ജനത്തിന് മുന്നിലെത്തി കഴിഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രിയുടെ പ്രസംഗം, അദ്ദേഹത്തിന്റെ ചിന്തകള്‍ എല്ലാം തന്നെ മുന്‍നിരയില്‍ ഇരുന്നു കേള്‍ക്കാനും കാണാനും സാധാരണക്കാരന് സാധിക്കുന്നു. അപ്പോള്‍ പിന്നെ മുഖ്യധാര മാധ്യമങ്ങളുടെ ആവശ്യമെന്ത്?

മാധ്യമങ്ങളെ ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് ഒരു ജനാധിപത്യ ഭരണത്തില്‍ നല്ലതല്ലെന്ന അടക്കം പറച്ചിലുകള്‍ പല കോണില്‍ നിന്നുമുയരുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങിയിരുന്ന കാലഘട്ടം ഓര്‍ക്കുക. മുഖ്യധാര മാധ്യമങ്ങളുടെ ഓമനയായിരുന്നു നരേന്ദ്ര മോദി. മോദിയുടെ പൊതുയോഗങ്ങള്‍ തത്സമയം കവര്‍ ചെയ്ത ചാനലുകളും അച്ചടിമാധ്യമങ്ങളും സോണിയയുടെയോ രാഹുല്‍ ഗാന്ധിയുടെയോ പരിപാടികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. ഉള്‍പ്രദേശങ്ങളിലെ പൊതുയോഗങ്ങളുടെ 'ലൈവ് ഫീഡ്' ചാനലുകള്‍ക്ക് നേരിട്ട് നല്‍കി മോദിയും അദ്ദേഹത്തിന്റെ മീഡിയാ മാനേജര്‍മാരും മാധ്യമങ്ങളെ മുതലെടുത്തു. ഇതിലെ സാമ്പത്തിക വശം ആലോചിക്കുമ്പോള്‍ ചാനലുകള്‍ക്ക് ലാഭമായിരുന്നു. ഒ.ബി വാനും മറ്റും കൊണ്ടു പോകുന്നതിന്റെ ചെലവ്, തത്‌സമയ സംപ്രേക്ഷണത്തിന് വേണ്ട സാറ്റലൈറ്റ് ചെലവ് തുടങ്ങിയവയെല്ലാം ഒഴിവാക്കാം. ഒരു ചെലവുമില്ലാതെ തന്നെ ഭാവിയില്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്ന വ്യക്തിയെ സന്തോഷിപ്പിക്കാനും പറ്റുന്നു. 3ഡി ഹോളോഗ്രാമില്‍ പ്രസംഗങ്ങള്‍ ഗ്രാമങ്ങളില്‍ എത്തിച്ചു കൊണ്ടുള്ള പരീക്ഷണം മോദിക്ക് നേടിക്കൊടുത്ത ഗ്രാമീണ വോട്ടുകളുടെ കണക്ക് ആരുമെടുത്തില്ല. അവിടെ പാര്‍ട്ടിയെന്ന ഇടനില ഇല്ലാതെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോദി നേരിട്ട് ജനങ്ങളുമായി സംസാരിക്കുകയായിരുന്നു. ബി.ജെ.പിയെന്ന പാര്‍ട്ടിക്ക് എത്രത്തോളം പങ്കുണ്ടായിരുന്നു മോദിയുടെ പ്രചാരണത്തില്‍ എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. കാരണം മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംഘം തന്നെയുണ്ടായിരുന്നു മോദിക്ക്. അത്തരത്തില്‍ മാധ്യമങ്ങളെ ഉപയോഗിച്ച മോദിയാണ് അധികാരത്തില്‍ കയറി ദിവസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയത്. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ മാധ്യമ ഉപദേശകനില്ല. അങ്ങനൊരു തസ്തിക അടുത്ത കാലത്തു വന്നതാണെങ്കിലും മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അതൊരു ആശ്വാസമായിരുന്നു. ലഭിക്കുന്ന വിവരങ്ങളുടെയും മറ്റും വിശ്വസനീയത ഉറപ്പു വരുത്തുന്നതിനോ പി.എം.ഒവിലെ വിവരങ്ങള്‍ അറിയുന്നതിനോ ഒരാളെ ബന്ധപ്പെട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍, ആകെയുള്ളത് ഒരു പി.ആര്‍.ഒ മാത്രമാണ്. ഗുജറാത്ത് പി.ആര്‍.ഡിയില്‍ നിന്നു വിരമിച്ച ജഗദീഷ് ടക്കര്‍. ഈ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പത്രക്കുറിപ്പില്‍ പറയുന്നതിനപ്പുറം ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കണ്ട. അദ്ദേഹത്തെ ടെലിഫോണിലോ മൊബൈല്‍ ഫോണിലോ ലഭിക്കുന്നവര്‍ ഇന്ന് ഡല്‍ഹിയിലെ ഭാഗ്യവാന്‍മാരുടെ കൂട്ടത്തിലാണ്. 

അയല്‍രാജ്യമായ ഭൂട്ടാനിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശയാത്രയില്‍ ഒപ്പമുണ്ടായിരുന്നത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ മാത്രമാണ്. ദൂരദര്‍ശനും എ.ഐ.ആറും പി.ടി.ഐയും. സാധാരണയായി 30 മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രിയുടെ വിമാനത്തില്‍ സീറ്റു ലഭിക്കുമായിരുന്നു. ഒരു വിദേശയാത്രയുടെ സുഖത്തെക്കാളുപരി പ്രധാനമന്ത്രിയടക്കമുള്ള ഉന്നതരുമായും ഉദ്യോഗസ്ഥരുമായും ബന്ധം സ്ഥാപിക്കാന്‍ പറ്റുന്ന ഒരവസരമായിരുന്നു ഇവയെല്ലാം. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന കാലം മുതല്‍ തുടരുന്ന ഒരു രീതിയാണ് മോദി നിര്‍ത്തലാക്കിയത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം മുഖ്യധാരമാധ്യമങ്ങളില്‍ ചിലത് സ്വന്തം ചെലവില്‍ പോയാണ് കവര്‍ ചെയ്തത്. 

മടക്കയാത്രയില്‍ സാധാരണയായി പ്രധാനമന്ത്രിയുടെ വിമാനത്തില്‍ 'ഓണ്‍ ബോര്‍ഡ് ബ്രീഫിംഗ്' ഉണ്ടാകാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്. വിമാനത്തിലെ ചെറിയ ക്യാബിനില്‍ ഔദ്യോഗികത ഒട്ടുമില്ലാതെ തൊട്ടുമുന്നില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി. എന്തും ചോദിക്കാന്‍ പറ്റുന്ന അവസരം. മാധ്യമപ്രവര്‍ത്തകരുടെ ചെറു സംഘവും.  

യു.പി.എ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നകന്നതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് നേതാക്കളുടെ പരിമിതമായ മാധ്യമ ബന്ധമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും രാഹുലും മാധ്യമങ്ങളെ കണ്ടത് വിരലിലെണ്ണാവുന്ന പ്രാവശ്യമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി നടത്തിയ ആദ്യത്തെ ചാനല്‍ അഭിമുഖം പരാജയപ്പെടുക കൂടി ചെയ്തതോടെ യു.പി.എയുടെ വിധി എഴുതപ്പെട്ടിരുന്നു. 

മോദിയാകട്ടെ അധികാരത്തിലേറിയ ശേഷം ഇതുവരെ ഔദ്യോഗികമായി ഒരു മാധ്യമസമ്മേളനം വിളിച്ചിട്ടില്ല. പാര്‍ലമെണ്ട് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പതിവുള്ള ഒന്നോ രണ്ടോ വരികള്‍ അവിടെ കൂടിയിട്ടുള്ള ചാനലുകളുടെ മുന്നില്‍ പറയുന്നതല്ലാതെ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നിന്നു കൊടുത്തിട്ടില്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ച്ചകള്‍ക്കും സര്‍ക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിനും അപ്പുറത്തുള്ള ചോദ്യം ചെയ്യലിന് വിധേയാനാകാനുള്ള മോദിക്കുള്ള മടി, ഇപ്പോള്‍, മന്ത്രിമാരിലേക്കും ഉദ്യോഗസ്ഥരിലേക്കും പടര്‍ന്നിരിക്കുന്നു. മാധ്യമങ്ങളെ എന്നും കാണേണ്ടതില്ലെന്ന സന്ദേശം പ്രധാനമന്ത്രി തന്നെ നല്‍കുമ്പോള്‍ അത് മറികടക്കാന്‍ ആരും തയ്യാറാവില്ലല്ലോ.

പത്രം വായിക്കുന്നത് നിര്‍ത്തിയെന്ന് എന്റെ ഭാര്യ ആദ്യം പറഞ്ഞപ്പോള്‍ തമാശയായിട്ടാണ് കണ്ടത്. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോയാല്‍ എല്ലാ വിവരങ്ങളുമുണ്ട്. അവിടെ നിന്നാണല്ലോ നിങ്ങള്‍ക്കും വിവരങ്ങള്‍ ലഭിക്കുന്നതെന്ന് അവള്‍ പറഞ്ഞപ്പോള്‍ തീര്‍ത്തും ഞെട്ടി. ഇടനിലക്കാരെ ആര്‍ക്ക് വേണമെന്ന അവസാന വാചകം അവസാനത്തെ ആണിയായി തോന്നി. 

ജനങ്ങളുമായി മിനിട്ടുകള്‍ വെച്ച് മോദി നേരിട്ടു ബന്ധം പുലര്‍ത്തുന്നുവെന്നതാണ് സത്യം. മോദി മികച്ച 'കമ്മ്യൂണിക്കേറ്റര്‍' ആണ്. പക്ഷെ, അത് മോദി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം മാത്രമാണ്. അവിടെ മാധ്യമമെന്ന മധ്യവര്‍ത്തിയില്ല. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. തിരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ക്ക് മാത്രമായി പി.എം.ഒവില്‍ നിന്നോ മന്ത്രിമാരില്‍ നിന്നോ വാര്‍ത്തകള്‍ ലഭിക്കുന്നില്ലെന്നതാണ്. വാര്‍ത്തയോടുള്ള മാധ്യമങ്ങളുടെ ആര്‍ത്തി അറിയാവുന്നത് കൊണ്ട്, അതിന് കണക്കാക്കി ചിത്രങ്ങളും വീഡിയോവും കുറിപ്പുകളും ലഭ്യമാക്കുന്നു. വാര്‍ത്ത നിയന്ത്രിക്കപ്പെടുന്നു. പ്രമാണമായി ഒന്നും പറയാതെ തന്നെ വിവരങ്ങള്‍ നല്‍കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നത്. 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്ബ് സൈറ്റ് പുതുക്കിയിരുന്നു. 'യൂസര്‍ ഫ്രണ്ട്‌ലി' ആക്കി മാറ്റിയ സൈറ്റില്‍ വിവരാവകാശത്തിനും സുതാര്യതക്കും വേണ്ടി പ്രത്യേക വിഭാഗങ്ങളുണ്ടാക്കി. സര്‍ക്കാരിനെ കുറിച്ചും ഭരണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കുക തന്നെയായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രിയുടെ സന്ദേശം എന്ന വിഭാഗത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശം കൃത്യമായി മോദി വിശദീകരിക്കുന്നു. ''നിങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള മാധ്യമമെന്ന നിലയില്‍ ഈ വെബ്ബ് സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. ലോകത്തുള്ള ജനങ്ങളുമായി സംവദിക്കുന്നതിന് സാങ്കേതിക വിദ്യക്കും സോഷ്യല്‍ മീഡിയക്കുമുള്ള ശക്തിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. കേള്‍ക്കാനും പഠിക്കാനും വീക്ഷണങ്ങള്‍ പങ്കുവെക്കാനും ഈ സംവിധാനം സാഹചര്യമൊരുക്കുമെന്ന് വിശ്വസിക്കുന്നു''.-മോദി കുറിച്ചു. മാധ്യമങ്ങളെ ഒഴിവാക്കുമെന്ന സന്ദേശമാണോ നേരിട്ട് ബന്ധപ്പെടുമെന്നത് കൊണ്ടു ആദ്യ ദിവസം തന്നെ മോദി ഉദ്ദേശിച്ചത്? 

അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് മാധ്യമ മുതലാളിമാരെ അകറ്റിനിര്‍ത്തുകയും ധാര്‍മ്മികതയില്ലാത്ത മാധ്യമപ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതും മാധ്യമങ്ങളെ പൊതുവില്‍ പാര്‍ശ്വവത്ക്കരിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് സ്വതന്ത്രമായ മാധ്യമങ്ങള്‍ ആവശ്യമാണ്. സാമൂഹ്യ കൂട്ടായ്മയെന്ന ആശയം നല്ലതാണ്. പക്ഷെ, അതിന്റെ സ്വാധീന മേഖല പരിമിതമാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ട്വിറ്റര്‍ അക്കൗണ്ടില്ല. ഗൂഗിള്‍ പ്ലസും ഫേസ്ബുക്കും ഉള്ളവരും കുറവാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ എത്തിക്കാന്‍ 'മാസ് മീഡിയ' തന്നെ വേണം. സര്‍ക്കാരിനെതിരെയുള്ള പ്രചാരണം ശക്തമാകുമ്പോള്‍ മികച്ച ഒരു സംവാദകനെയും ആവശ്യമാണ്, 'മീഡിയയെ മാനേജ്' ചെയ്യാന്‍. 

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാധ്യമങ്ങളെ മോദി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ വന്നിട്ടുള്ള വാര്‍ത്തകള്‍ വെട്ടിയെടുത്താല്‍ ഒരു മുറി നിറയുമെന്ന് കളിയാക്കി. പക്ഷെ, പൂര്‍ണ്ണമായും മുഖ്യധാര മാധ്യമങ്ങളെ അദ്ദേഹം തള്ളിക്കളയില്ല. ഇടുന്ന വേഷത്തില്‍ പോലും ഒരു സന്ദേശം ഒളിപ്പിച്ചു വെക്കുന്ന പ്രധാനമന്ത്രി, താന്‍ വെട്ടിത്തെളിക്കുന്ന മാര്‍ഗ്ഗത്തിലൂടെ മാധ്യമങ്ങളെ കൊണ്ടു പോവുകയാണ്. മോദി എന്ന ബ്രാന്റ് പ്രചരിപ്പിക്കുന്നതിന് വേണ്ട എല്ലാ കോപ്പും നരേന്ദ്ര മോദിയുടെ കൈവശമുണ്ട്.

സബര്‍മതി നദിയുടെ തീരത്തും ഗാന്ധിയുടെ ആശ്രമത്തിലും മാധ്യമങ്ങളെ മയക്കാനുള്ള കഴിവ് കഴിഞ്ഞ ദിവസം മോദി പ്രകടമാക്കി. ചൈനയുടെ പ്രസിഡണ്ടിനൊപ്പമുള്ള മൂന്നു മണിക്കൂര്‍ കാഴ്ച്ചവിരുന്നാക്കി മാറ്റിയപ്പോള്‍ അതിന്റെ പിറകെ കൂടാത്ത ഏത് മാധ്യമമാണ് ഇന്ത്യയിലുണ്ടായിരുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ പിറകെ കൂടുകയല്ലാതെ മാധ്യമങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലെന്ന് മോദിക്ക് അറിയാം. ആരോട്, എപ്പോള്‍, എങ്ങനെ സംസാരിക്കണമെന്ന് മോദി തീരുമാനിക്കും. ആ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകനില്ലെന്ന് മാത്രം. 

പക്ഷെ, ഈ വണ്‍-വെ സംഭാഷണത്തില്‍ ഒരു അപകടമുണ്ട്. അസഹനീയമായ നിശബ്ദത എല്ലാതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും തെറ്റായ വിശദീകരണങ്ങള്‍ക്കും വഴിവെക്കും. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ ചേരിത്തിരിവിന് സംഘപരിവാര്‍ സംഘടിത ശ്രമം നടത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ മൗനം ചര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ വികസനത്തിനായി അടുത്ത പത്തു കൊല്ലത്തേക്ക് എല്ലാ തരത്തിലുമുള്ള ഏറ്റുമുട്ടലും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ആഹ്വാനം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി. 

ഒരു പക്ഷെ, മാധ്യമങ്ങളോടുള്ള മോദിയുടെ അകല്‍ച്ച, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ളതാണ്. 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്നകലം പാലിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. കലാപം തടയുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോദി പരാജയപ്പെട്ടുവെന്നതിന് എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. അതെസമയം, രാജ്യത്തെ ഒരു കോടതിയും മോദിയെ കുറ്റപ്പെടുത്തിയിട്ടുമില്ല. ഗുജറാത്ത് മുതലുള്ള എതിര്‍പ്പായിരിക്കാം പുതിയ രീതികളിലേക്ക് അദ്ദേഹത്തെ നയിച്ചത്. 

മൗനം എപ്പോഴും നല്ലതിനാകില്ല. പ്രത്യേകിച്ച് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിക്ക്. അഞ്ചു കൊല്ലം ഇനിയുമൊരു പൊതുതിരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെ, മോദി മാറുമോ, അതോ, പുതിയ രീതികളുമായി മാധ്യമങ്ങള്‍ പൊരുത്തപ്പെടുമോ എന്നാണ് അറിയേണ്ടത്.

 

Share