Articles Articles Details

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ അമേരിക്കന്‍ സ്‌റ്റൈല്‍

Author : ഇ.പി. ഷാജുദീന്‍

calender 25-05-2022

സാന്‍ഫ്രാന്‍സിസ്‌കോയിലെ ബേര്‍ക്‌ലിയില്‍ സെന്റര്‍ സ്ട്രീറ്റിന്റെ ഓരത്തുള്ള ഒരു ബഹുനില കെട്ടിടത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനുള്ളില്‍ അമേരിക്കയെ ഇളക്കി മറിച്ച അനേകം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയാറാക്കിയ പ്രഗത്ഭന്മാരുടെ ഒരു പ്രസ്ഥാനം ഉണ്ടെന്ന ഒരു സൂചന പോലും ഇല്ലായിരുന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ബേര്‍ക്‌ലിയിലാണ്. ഒരു യൂണിവേഴ്‌സിറ്റി നഗരത്തിന്റെ എല്ലാ ഊര്‍ജവും അവിടെ കാണാം. യുവത്വത്തിന്റെ ഈ ഊര്‍ജ പ്രസാരണത്തിനിടയിലാണ് സെന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് പതുങ്ങിയിരിക്കുന്നത്.പേരു സൂചിപ്പിക്കും പോലെ ഇവിടെ നടക്കുന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ്. അമേരിക്കയിലെ ഇത്തരം അനേകം സ്ഥാപനങ്ങളില്‍ മുന്‍നിരക്കാരാണ് സി.ഐ.ആര്‍.അമേരിക്കയിലെ ധാരാളം മാധ്യമങ്ങള്‍ പ്രത്യാശാപൂര്‍വം കാത്തിരിക്കുന്ന സ്ഥാപനമാണെന്നു മനസിലാക്കാന്‍ മുന്നില്‍ ഒരു ബോര്‍ഡു പോലും കണ്ടില്ല. വലിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് സെല്ലാറിലാണ് സെന്ററിന്റെ ഓഫീസ്. അവിടെ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്ന മാനേജിംഗ് എഡിറ്റര്‍ റോബര്‍ട്ട് സലാഡെ സ്വീകരിക്കാനെത്തി.1977ല്‍ കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലാണ് സി.ഐ.ആര്‍ തുടക്കം കുറിച്ചത്. ഡേവിഡ് വെയ്ര്‍, ഡാന്‍ നോയെസ്, ലോവെല്‍ ബെര്‍ഗ്മാന്‍ എന്നിവരായിരുന്നു തുടക്കക്കാര്‍. ബ്ലാക്ക് പാന്തേഴ്‌സ് പാര്‍ട്ടിയുടെ ഉള്ളിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം അവരെ വളരെപ്പെട്ടെന്ന് ശ്രദ്ധേയരാക്കി.എണ്‍പതുകളായിരുന്നു സെന്ററിനെ അമേരിക്കയുടെ ശ്രദ്ധയിലെത്തിച്ചത്. ഒറ്റയ്ക്കുള്ള അന്വേഷണം മാത്രമല്ല, മാധ്യമങ്ങളുമായി ചേര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിടുന്നത് അക്കാലത്താണെന്ന് റോബര്‍ട്ട് സലാഡെ പറഞ്ഞു. വിവിധ ഉപഭോക്തൃ വസ്തുക്കളുടെ പരിശോധനകള്‍ക്കു പിന്നില്‍ നടക്കുന്ന കള്ളക്കളികളായിരുന്നു മദര്‍ ജോണ്‍സ് മാഗസിനുമായി ചേര്‍ന്നുള്ള ഈ അന്വേഷണത്തിന്റെ വിഷയം. തങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് വലിയ ശ്രദ്ധ പുലര്‍ത്തുന്ന അമേരിക്കക്കാര്‍ ഈ റിപ്പോര്‍ട്ട് കണ്ടു ഞെട്ടി. നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയതോടെ സെന്റര്‍ ശ്രദ്ധാകേന്ദ്രവുമായി.ഇതോടെ അധികാരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ വരെ തുറന്നു കാട്ടാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമായി. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരിക്കെ ആഭ്യന്തര അന്വേഷണ സംഘടനയായ എഫ്.ബി.ഐ. നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു സെന്റര്‍ പുറത്തു കൊണ്ടുവന്ന മറ്റൊരു ബോംബ്. ഇതോടെ സെന്ററിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ആവശ്യക്കാരേറെയായി. നിരവധി ടെലിവിഷന്‍ കേന്ദ്രങ്ങള്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ക്കായി സെന്ററിനെ തേടിയെത്താന്‍ തുടങ്ങിയത് ഇതോടെയാണെന്ന് മാനേജിംഗ് എഡിറ്റര്‍ അഭിമാനത്തോടെ പറയുന്നു. അങ്ങനെ വന്നത് ചില്ലറക്കാരൊന്നുമായിരുന്നില്ല. അമേരിക്കന്‍ ടെലിവിഷനിലെ അതികായരായ എ.ബി.സിയും സി.ബി.എസും വരെ അവര്‍ക്കു മുന്നിലെത്തി. എ.ബി.സിയുടെ 20/20, സി.ബി.എസിന്റെ 60 മിനിറ്റ്‌സ് തുടങ്ങിയ പ്രശസ്തമായ വാര്‍ത്താപരിപാടികളില്‍ സി.ഐ.ആറിന്റെ ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ സ്ഥാനം പിടിച്ചു. 1990ല്‍ സെന്റര്‍ രാജ്യാന്തര പ്രശസ്തി നേടിയെടുത്തത് 'ദ് ഗ്ലോബല്‍ ഡമ്പിംഗ് ഗ്രൗണ്ട്' എന്ന ഡോക്യുമെന്ററിയിലൂടെയായിരുന്നു. ബില്‍ മൊയേഴ്‌സ് തയ്യാറാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത് പി.ബി.എസ് ചാനല്‍ ആയിരുന്നു. അമേരിക്ക ആണവമാലിന്യം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന്റെ ഉള്ളുകളികളായിരുന്നു ഇതിന്റെ ഉള്ളടക്കം. അങ്ങനെയൊന്നുമില്ലെന്നു പറഞ്ഞുകൊണ്ടിരുന്ന അമേരിക്കന്‍ ഭരണകൂടത്തിന് ഇതു സമ്മതിച്ച് അന്വേഷണം നടത്തേണ്ടി വന്നു. 18 രാജ്യങ്ങളിലാണ് ഈ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. സെന്ററിന്റെ ഡോക്യുമെന്ററികള്‍ പിന്നെയും ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വലിയ വ്യവസായ ഭീമന്മാരെ വരെ നേരിടാന്‍ തങ്ങള്‍ മടിച്ചിരുന്നതുമില്ലെന്ന് മാനേജിംഗ് എഡിറ്റര്‍ പറയുന്നു. അതില്‍ പ്രധാനം 2010ല്‍ പുറത്തിറക്കിയ 'ഡെര്‍ട്ടി ബിസിനസ്' എന്ന ഡോക്യുമെന്ററിയാണ്. കല്‍ക്കരി വ്യവസായത്തിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന അന്വേഷണമായിരുന്നു അത്.

'എന്താണ് സെന്ററിന്റെ വിജയ രഹസ്യം?'

റോബര്‍ട്ട് സലാഡേ ഈ ചോദ്യത്തിനു മുന്നില്‍ വാചാലനാകുന്നു. ''ഞങ്ങള്‍ നിരന്തരമായി അനീതി പുറത്തു കൊണ്ടുവരാനുള്ള യാത്രയിലായിരുന്നു. സാധാരണ ജനത്തിന്റെ കണ്‍മുന്നില്‍ നിന്നു മറഞ്ഞു കിടന്നിരുന്ന അനേകം കൊള്ളരുതായ്മകള്‍ ഞങ്ങള്‍ പുറത്തെത്തിച്ചു. സത്യത്തെ മാത്രം അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ആരോടും പക്ഷപാതമില്ല. ഒരു വാര്‍ത്തയുടെ സത്യമന്വേഷിച്ച് ഏത് അധികാര കേന്ദ്രത്തിന്റെ അകത്തളങ്ങളിലേക്ക് പോകാനും ഞങ്ങള്‍ തയ്യാറാണ്. കാരണം, ജനങ്ങളോടല്ലാതെ ആരോടും ഞങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. ഞങ്ങളുടെ ലക്ഷ്യം സാധ്യമാക്കാന്‍ എല്ലാ കഴിവും വിനിയോഗിക്കും. പൊതുജനത്തെ ശക്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇരുട്ടില്‍ മറഞ്ഞിരുന്ന സത്യങ്ങളെ ഞങ്ങള്‍ പുറത്തെത്തിക്കുന്നു.''

ആരോടും ബാധ്യതയില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിനു പണവും മൂലധനവും വേണം. ഇക്കാര്യത്തില്‍ സെന്ററിനെ സഹായിക്കുന്നത് അമേരിക്കയില്‍ വളരെ പ്രചാരത്തിലുള്ള ഫൗണ്ടേഷനുകളുടെ സഹായമാണ്. ലാഭരഹിത സംഘടനയായാണ് സെന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടനകള്‍ക്ക് ഫൗണ്ടേഷനുകള്‍ സംഭാവന നല്‍കും. തങ്ങളുടെ പ്രവര്‍ത്തനത്തിനു വേണ്ട പണത്തിന്റെ 90 ശതമാനവും ഇത്തരത്തില്‍ ലഭിക്കുന്നതാണെന്ന് റോബര്‍ട്ട് സലാഡേ വിശദീകരിച്ചു. പ്രതിവര്‍ഷം ഏകദേശം 1.2 കോടി ഡോളര്‍ വരുമിത്. വലിയ സംഘം റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും ഡേറ്റാ വിദഗ്ധരെയും ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനും ഓഫീസിന്റെ പ്രവര്‍ത്തനത്തിനും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.ഇതു കൂടാതെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനമുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ രണ്ടു രീതിയില്‍ സെന്ററിന്റെ സഹായം തേടുന്നു. സെന്റര്‍ നടത്തുന്ന അന്വേഷണങ്ങളില്‍ മികച്ചതു തിരിച്ചറിഞ്ഞ് അത് പ്രസിദ്ധീകരിക്കാനുള്ള അവകാശം വാങ്ങുകയാണ് ഒരു രീതി. അല്ലെങ്കില്‍ മാധ്യമങ്ങള്‍ ഏതെങ്കിലും വിഷയം അന്വേഷിക്കാന്‍ അവരെ ഏല്‍പിക്കുന്നു. ഇത്തരത്തില്‍ മുന്നൂറിലേറെ സ്ഥാപനങ്ങള്‍ സെന്ററുമായി സഹകരിക്കുന്നു. എ.ബി.സി, യൂണിവിഷന്‍, അല്‍ജസീറ ഇംഗ്ലീഷ്, ദ് യംഗ് ടര്‍ക്ക്‌സ്, സ്റ്റാഴ്‌സ് ആന്‍ഡ് സ്‌െ്രെടപ്‌സ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയവ അതില്‍ ചിലതുമാത്രം. കാലിഫോര്‍ണിയ സംസ്ഥാനത്തെ 15 പ്രധാന പത്രസ്ഥാപനങ്ങളും നാഷണല്‍ പബ്ലിക് റേഡിയോ(എന്‍.പി.ആര്‍)യും പ്രധാന ഉപയോക്താക്കളാണ്. ലൊസ് അഞ്ചെലെസ് ടൈംസ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍, സാക്രമെന്റോ ബീ തുടങ്ങിയവ ഇതില്‍ പെടുന്നു.ആരെങ്കിലും എന്തെങ്കിലും ഒളിപ്പിച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു വെളിച്ചത്തു കൊണ്ടുവരാന്‍ മിടുക്കരാണ് തങ്ങളുടെ ലേഖകന്മാരെന്ന് റോബര്‍ട്ട് സലാഡേ പറയുന്നു. ഒരു വര്‍ഷം ഓരോ റിപ്പോര്‍ട്ടറും സ്വന്തം നിലയില്‍ രണ്ടു സ്‌പെഷല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കണം.അവരെ കൂടാതെ എഞ്ചിനിയര്‍മാരുടെയും അനലിസ്റ്റുമാരുടെയും സംഘം വേറെയുണ്ട്. റിപ്പോര്‍ട്ടുകള്‍ വളരെ പെട്ടെന്ന് മനസിലാകും വിധം ഇന്ററാക്ടീവ് ആക്കുകയാണ് ഇവരുടെ ലക്ഷ്യം. മികവുറ്റ മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇന്ററാക്ടീവ് മാപ്പുകള്‍ തുടങ്ങിയവ ഇവര്‍ ഉണ്ടാക്കുന്നു. ഇവരെ കൂടാതെ റേഡിയോ, വീഡിയോ, മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍മാര്‍ വേറെയുമുണ്ട്.ഒരിക്കലും, പണമല്ല തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് സലാഡേ പറയുന്നു. ''വാര്‍ത്തകളുടെ പ്രതികരണമാണ് ഞങ്ങളെ ആവേശഭരിതരാകുന്നത്. ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വളരെ വലുതായിരിക്കും. ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനീതികളെ തുറന്നു കാട്ടുന്നു. വിവിധ തലങ്ങളിലുള്ള അധികാരികള്‍ക്ക് നയ തീരുമാനങ്ങളെടുക്കാനും നിയമം നിര്‍മിക്കാനുമുതകുന്ന വാര്‍ത്തകളാണ് ഞങ്ങള്‍ സൃഷ്ടിക്കുന്നത്. അവയുടെ ഫലമായി ജനം സത്യമറിയുന്നു. പൊതുതാല്പര്യ ഹര്‍ജികള്‍ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്നു. വന്‍കിട കമ്പനികള്‍ തങ്ങളുടെ നയങ്ങള്‍ മാറ്റേണ്ടിവരുന്നു. ഇതൊക്കെയാണ് ഞങ്ങളുടെ വാര്‍ത്തകളുടെ യഥാര്‍ഥ ഫലങ്ങള്‍.''സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍, ഫിലാഡെല്‍ഫിയ ഇന്‍ക്വയറര്‍, ബോസ്റ്റണ്‍ ഗ്‌ളോബ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ പത്രങ്ങളില്‍ എഡിറ്ററായിരുന്ന റോബര്‍ട് ജെ. റോസന്താള്‍ 2007ല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. സെന്ററിന്റെ സമീപകാല വളര്‍ച്ചയില്‍ നിര്‍ണായകമായ ചിലത് ഇക്കാലത്താണ്.2009ല്‍ കലിഫോര്‍ണിയ സംസ്ഥാനത്തിനു വേണ്ടി സെന്റര്‍ കലിഫോര്‍ണിയാ വാച്ച് എന്ന വെബ്‌സൈറ്റ് തുടങ്ങി. പ്രാദേശികമായ വാര്‍ത്തകള്‍ വായിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് അമേരിക്കക്കാര്‍. തങ്ങളുടെ താമസസ്ഥലത്തിനു പുറത്തു നടക്കുന്ന മിക്ക കാര്യങ്ങളിലും അവര്‍ക്ക് താല്‍പര്യമില്ല. അത്തരക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ സൈറ്റ്. പക്ഷേ അതിനു വേണ്ടി മാത്രം വലിയ സംഘത്തെയാണ് ഒരുക്കിയിരിക്കുന്നത്. 2010 മുതല്‍ നിരവധി അവാര്‍ഡുകളും കലിഫോര്‍ണിയ വാച്ചിനെ തേടിയെത്തി.2012 ഏപ്രിലില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ദ് ബേ സിറ്റിസണ്‍ എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ഗ്രൂപ്പ് സെന്ററില്‍ ലയിച്ചു. തുടര്‍ന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രാദേശിക അന്വേഷണങ്ങല്‍ നടത്തുന്നത് ബേ സിറ്റിസണ്‍ തന്നെയാണ്. 2012 ഓഗസ്റ്റില്‍ സെന്റര്‍ യു ട്യൂബില്‍ 'ദ് ഐ ഫയല്‍സ്' എന്ന ചാനലും തുടങ്ങിയിരുന്നു.പത്രപ്രവര്‍ത്തനത്തിലെ മികവിനുള്ള ജോര്‍ജ് പോള്‍ക് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും സെന്റര്‍ നേടിയിട്ടുണ്ട്. കലിഫോര്‍ണിയ വാച്ചിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്ക് 2011ല്‍ ജോര്‍ജ് പോള്‍ക് അവാര്‍ഡ് നേടിയത് റോബര്‍ട്ട് സലാഡേ ആണ്. 2012ലും സെന്റര്‍ ഈ അവാര്‍ഡ് നേടി. 2011നു ശേഷം സുപ്രധാനമായ എട്ട് അവാര്‍ഡുകള്‍ കൂടി നേടി സെന്റര്‍. 2012ലും 2013ലും പുലിറ്റ്‌സര്‍ സമ്മാനത്തിന്റെ ഫൈനലിസ്റ്റുമായി.ഒളിപ്പിച്ചു വച്ച വിവരങ്ങള്‍ തേടിയുള്ള യാത്രയില്‍ തങ്ങള്‍ക്ക് പലപ്പോഴും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സലാഡേ പറഞ്ഞു. പക്ഷേ അതു തങ്ങള്‍ അവഗണിക്കാറേയുള്ളൂ. എന്നാല്‍, വിവരങ്ങള്‍ കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഏറ്റവും വലിയ വെല്ലുവിളി. വാര്‍ത്താ സ്രോതസുകള്‍ പുതുതായി കണ്ടെത്തുകയെന്നതും ബുദ്ധിമുട്ടുയര്‍ത്തുന്ന ഘടകമാണ്. കലിഫോര്‍ണിയയിലെ നിയമമനുസരിച്ച് ഒളികാമറ, ഒളി റെക്കോര്‍ഡര്‍ എന്നിവ ഉപയോഗിച്ച് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമാണ്. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ അതു വെളിപ്പെടുത്തണം. ഇതിനാല്‍ പലപ്പോഴും വാര്‍ത്തകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സലാഡേ പറഞ്ഞു.ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതില്‍ സെന്ററിന് ഏറ്റവും മല്‍സരം സൃഷ്ടിക്കുന്നത് പ്രോ പബ്ലിക്കയും സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയുമാണെന്ന് റോബര്‍ട്ട് സലാഡേ പറഞ്ഞു.2007ലാണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ സ്ഥാപനമാണ് ന്യൂയോര്‍ക്കിലെ പ്രോ പബ്ലിക്ക. വാള്‍ സ്ട്രീറ്റ് ജേണലിന്റെ മുന്‍ മാനേജിംഗ് എഡിറ്ററായ പോള്‍ സ്റ്റീഗര്‍ ആണ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ഇതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ് ആവട്ടെ സാന്‍ഡ്‌ലര്‍ ഫൗണ്ടേഷനും. നൈറ്റ് ഫൗണ്ടേഷന്‍, മക്കാര്‍തര്‍ ഫൗണ്ടേഷന്‍, പ്യൂ ചാരിറ്റബിള്‍ ട്രസ്റ്റ്, ഫോര്‍ഡ് ഫൗണ്ടേഷന്‍, കാര്‍ണഗീ കോര്‍പറേഷന്‍ എന്നിവയും പ്രോ പബ്ലിക്കയുടെ പിന്നിലുണ്ട്.2010ല്‍ തന്നെ പ്രോ പബ്ലിക്കയെ തേടി ആദ്യ പുലിറ്റ്‌സര്‍ സമ്മാനമെത്തി. കത്രീനാ ചുഴലിക്കാറ്റിന്റെ സമയത്ത് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി നിര്‍വഹിച്ചതിന്റെ ഉദ്വേഗജനകമായ റിപ്പോര്‍ട്ട് തയാറാക്കിയ ഷെറി ഫിങ്ക് ആണ് അവാര്‍ഡിനര്‍ഹമായത്. ന്യൂയോര്‍ക്ക് ടൈംസ് മാഗസിനിലും പ്രസിദ്ധീകരിച്ച ഫീച്ചറിനായിരുന്നു അവാര്‍ഡ്. ഇതോടെ പുലിറ്റ്‌സര്‍ സമ്മാനം നേടുന്ന ആദ്യ ഓണ്‍ലൈന്‍ വാര്‍ത്താ സ്ഥാപനമായി പ്രോപബ്ലിക്ക. അടുത്തവര്‍ഷവും പ്രോ പബ്ലിക്കയെ തേടി പുലിറ്റ്‌സര്‍ എത്തി. അന്‍പതിനടുത്ത് ലേഖകന്മാരാണ് പ്രോപബ്ലിക്കയുടെ ശക്തി. ക്രിയേറ്റീവ് കോമണ്‍സില്‍ പെടുന്നതാണ് പ്രോ പബ്ലിക്കയിലെ റിപ്പോര്‍ട്ടുകള്‍ എന്ന പ്രത്യേകതയുമുണ്ട്. പ്രത്യേകം അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടില്ലാത്ത ഏതു റിപ്പോര്‍ട്ടും ആര്‍ക്കും പ്രസിദ്ധീകരിക്കാം. സ്ഥാപനത്തിന്റെ ചില നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു മാത്രം.വാഷിംഗ്ടണ്‍ ഡി.സിയാണ് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയുടെ ആസ്ഥാനം. അധികാരകേന്ദ്രങ്ങളിലെ അഴിമതിയും ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ കെടുകാര്യസ്ഥതയും തുറന്നു കാട്ടി അവരില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉത്തരവാദിത്വ ബോധവും വളര്‍ത്തുകയെന്നതും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമായി സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റി പ്രഖ്യാപിക്കുന്നത്. പൊതുജന താത്പര്യം മുന്നില്‍ എന്നു പ്രഖ്യാപിക്കുന്ന സെന്റര്‍ അമേരിക്കയിലെ ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്. അന്‍പതോളം പേരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

എ.ബി.സി ന്യൂസിലും സി.ബി.എസ് ന്യൂസിലും പത്രപ്രവര്‍ത്തകനായിരുന്ന ചാള്‍സ് ലുയിസ് 1989ലാണ് സി.പി.ഐക്ക് തുടക്കമിടുന്നത്. 'ഗതികെട്ട അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തിലും അമേരിക്കയിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗിലും മനംമടുത്താ'യിരുന്നു ലുയിസ് ഇതിനു മുതിര്‍ന്നത്. കൈയിലുണ്ടായിരുന്ന പണം സ്വരുക്കൂട്ടിയും വീട് പണയം വച്ച് പണം കണ്ടെത്തിയും ലുയിസ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഓഫീസ് തുറന്നു. 1999ല്‍ സി.പി.ഐയുടെ ആദ്യ വെബ്‌സൈറ്റ് തുടങ്ങി. പക്ഷേ, 2005ല്‍ ലുയിസ് സി.പി.ഐയോട് വിടപറഞ്ഞു.1997ല്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐ.സി.ഐ.ജെ). 60 രാജ്യങ്ങളിലെ 160 ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകര്‍ ഉള്‍പെടുന്ന ശൃംഖലയാണിത്.അന്വേഷണാത്മക പത്രപ്രവര്‍ത്തനം മാത്രം ഉന്നം വച്ച് ഇത്തരം സ്ഥാപനങ്ങളും പത്രപ്രവര്‍ത്തകരുമടങ്ങുന്ന സംഘടനകളും അമേരിക്കയില്‍ ധാരാളമുണ്ട്. ഇവയെല്ലാം ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നവയാണ്. സംഭാവനകളും ഫൗണ്ടേഷനുകളില്‍ നിന്നുള്ള ധനസഹായവുമാണ് ഇവരുടെ നിലനില്‍പിനാധാരം. ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് എഡിറ്റേഴ്‌സ് ഇതില്‍ പ്രധാനപ്പെട്ട സംഘടനയാണ്. 1975ല്‍ രൂപീകൃതമായ ഐ.ആര്‍.ഇ. ലോകമെമ്പാടും ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നുമുണ്ട്. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് മാര്‍ഗരേഖയുണ്ടാക്കാന്‍ ഏതാനും റിപ്പോര്‍ട്ടര്‍മാര്‍ വിര്‍ജീനിയയില്‍ യോഗം ചേര്‍ന്നാണ് ഐ.ആര്‍.ഇ രൂപീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷമായപ്പോഴേക്കും 300 പേര്‍ അംഗങ്ങളായി. ഇന്നു റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും മാത്രമല്ല, അധ്യാപകരും ഗവേഷകരുമൊക്കെ ഇതില്‍ അംഗങ്ങളാണ്. ഇതിനകം 25,000 റിപ്പോര്‍ട്ടുകളെങ്കിലും ഐ.ആര്‍.ഇ തയാറാക്കിയിട്ടുണ്ട്. മാസച്യുസെറ്റ്‌സിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ചാണ് ന്യൂ ഇംഗ്ലണ്ട് സെന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് (എന്‍.ഇ.സി.ഐ.ആര്‍) പ്രവര്‍ത്തിക്കുന്നത്. 2009ല്‍ തുടങ്ങിയ ഈ സ്ഥാപനം അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം ഈ രംഗത്ത് പരിശീലനവും നല്‍കുന്നു.സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയില്‍ നിന്ന് ഇറങ്ങി മൂന്നുവര്‍ഷത്തിനുശേഷം 2008ല്‍ ചാള്‍സ് ലുയിസ് തുടക്കമിട്ട പ്രസ്ഥാനമാണ് വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് വര്‍ക്ക്‌ഷോപ്പ്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്റെ ഭാഗമായ ഇത് പ്രധാനമായും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളെ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയും സെന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗും മുന്‍കൈയെടുത്ത് 2009ല്‍ ന്യൂയോര്‍ക്കില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം സംഘടനകളുടെ ഒരു യോഗം ചേര്‍ന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ തുടക്കം ഇവിടെ നിന്നാണ്. കലിഫോര്‍ണിയയിലെ എന്‍സിനോ കേന്ദ്രമാക്കിപ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ അമേരിക്കയ്ക്ക് പുറമേ പ്യൂര്‍ട്ടോ റിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുമുള്ള 80 സ്ഥാപനങ്ങള്‍ അംഗങ്ങളാണ്.


 

Share