Articles Articles Details

അന്വേഷണാത്മക പത്രപ്രവര്ത്തനം: അനുഭവങ്ങള്, പാഠങ്ങള്

Author : ജെ.ഗോപീകൃഷ്ണന്

calender 25-05-2022

ഇന്വെസ്റ്റിഗേറ്റീവ് ജേണലിസമാകട്ടെ, മറ്റെന്തുമാകട്ടെ, ഒരു കാര്യം ആദ്യം പറയട്ടെ, ഒരു ജേണലിസ്റ്റിന് ആദ്യം വേണ്ടത് ഭാഷയാണ്. ടെലിവിഷനായാലും ഓണ്‌ലൈനായാലും ഭാഷ പ്രധാനമാണ്. അതിനായി നിര്ബന്ധപൂര്വ്വം വായിക്കേണ്ട ചില പുസ്തകങ്ങളുണ്ട്. അവയില് പ്രധാനം, ഹരോള്ഡ് ഇവാന്‌സിന്റെ ഭാഷയെക്കുറിച്ചുള്ള പുസ്തകമാണ്. ഇപ്പോഴത്തെ പേര് 'എസ്സെന്ഷ്യല് ഇംഗ്ലീഷ'. ആദ്യത്തെ പേര് 'ന്യൂസ്മാന്‌സ് ഇംഗ്ലീഷ്' എന്നായിരുന്നു. ജെന്ഡര് പ്രശ്‌നം പരിഹരിക്കാന് ഹരോള്ഡ് ഇവാന്‌സ് പേര് Essential English for Journaltsis, Editors and Writers  എന്നാക്കി. അദ്ദേഹത്തിന്റെ പഴയ 'ഹെഡ്‌ലൈന് റൈറ്റിംഗ്' എന്ന പുസ്തകം മലയാളം ജേര്ണലിസത്തില് പ്രവര്ത്തിക്കുന്നവരും വായിച്ചിരിക്കണം. അതില് ഒരുപാട് കാര്യങ്ങള് ഉണ്ട് പഠിക്കാന്. എങ്ങനെ വാക്കുകള് ചുരുക്കിയെഴുതാം എന്നൊക്കെയുള്ള കാര്യങ്ങള്. എങ്ങനെ ഓഫീസ്സില് സംഘര്ഷമില്ലാതാക്കാം തുടങ്ങിയ കാര്യങ്ങള് പോലും ഇതിലുണ്ട്. എന്നിട്ട് ഹരോള്ഡ് ഇവാന്‌സ് പറയുന്നത്, നിങ്ങള്ക്ക് എന്നെങ്കിലും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെക്കുറിച്ച് മടുപ്പ് തോന്നുന്നുവെങ്കില്, അന്ന് നിങ്ങളിലെ ജേണലിസ്റ്റ് മരിച്ചതായി കൂട്ടിക്കൊള്ളണം എന്നാണ്. ഇങ്ങനെയുള്ള ഒരുപാട് ഉപദേശങ്ങള് ആ പുസ്തകത്തില്‌നിന്ന് കിട്ടും. 

'അയാം ദ് ഡീപ്പ് ത്രോട്ട്'

ഇന്വെസ്റ്റിഗേറ്റിവ് ജേണലിസത്തെ കുറിച്ച് പറയുമ്പോള് വാട്ടര്‌ഗേറ്റിനെ കുറിച്ച് പറയാതിരിക്കാന് നിവൃത്തിയില്ല. വാട്ടര്‌ഗേറ്റ് അപവാദം പുറത്തു കൊണ്ടു വരുന്നത് ബോബ് വുഡ്വാഡ്, കാള് ബെന്സ്റ്റീണ് എന്നീ റിപ്പോര്ട്ടര്മാരാണ്. ബോബ് വുഡ്വാഡ് ജൂനിയര് പത്ര പ്രവര്ത്തകനായി വാഷിംഗ്ടണ് ടൈംസില് ഇരിക്കുന്ന സമയത്താണ് ഇതുണ്ടാകുന്നത്. നിങ്ങളുടെ കരിയറില് ഇത് സംഭവിക്കാം. അവിടെയായിരിക്കും നിങ്ങളെ നോക്കി ചിലപ്പോള് ദൈവം ചിരിക്കുന്നത്. ഗോഡ് സ്‌മൈലിംഗ് പോയിന്റ് എന്ന് പറയും. അദ്ദേഹം പുതിയ ആളായതു കൊണ്ട് ലോക്കല് സിറ്റി ഡസ്‌കില് െ്രെകം ബീറ്റ് നോക്കുന്ന ആളായി വെച്ചിരിക്കുകയാണ്. നൈറ്റ്വാച്ച്മാന്റെ പണി. ആരെയൊക്കെ വണ്ടിയിടിച്ചു, പോലീസ് പിടിച്ചു, ഏതൊക്കെ വേശ്യാലയത്തില് റെയ്ഡ് നടന്നു ഇങ്ങനെയുള്ളതൊക്കെ എഴുതുന്ന പണി. നൈറ്റ് വാച്ച്മാന് ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് അദ്ദേഹവും പോലീസ് സ്‌റ്റേഷനില് വിളിച്ച് ഇന്ന് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് ചോദിച്ചു. വാട്ടര്‌ഗേറ്റ് ബില്ഡിംഗില് ഡെമോക്രറ്റിക് പാര്ട്ടി ഓഫീസില് കള്ളന് കയറി. അത്ര മാത്രം. അദ്ദേഹം വാര്ത്തയടിച്ചു. ഓഫീസ് കുത്തിത്തുറന്നു ഫണ്ട് മോഷ്ടിക്കാനായിരിക്കും വന്നതെന്ന പോലീസ്സിന്റെ സ്‌റ്റേറ്റ്‌മെന്റെ ചേര്ത്ത് വാര്ത്തയെഴുതി. സാധാരണ അവിടെ എല്ലാ വാര്ത്തകളും അവസാനിക്കുന്നു. പക്ഷേ അദ്ദേഹത്തിന് സംശയങ്ങള് തുടങ്ങി. എന്തിനൊരു കള്ളന് രാഷ്ട്രീയപാര്ട്ടി ഓഫീസ്സില് കയറണം? കളളന്മാരുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് മനസ്സിലായത് ഇവരാരും കള്ളന്മാരല്ല എന്ന്. പിന്നെ എന്തിനവര് പാര്ട്ടി ഓഫീസില് കയറി? അന്വേഷണത്തിനൊടുവില് ശക്തമായൊരു സോഴ്‌സിനെ അദ്ദേഹത്തിന് ലഭിച്ചു. കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. പ്രസിഡണ്ട് നിക്‌സന്റെ റിപ്പബ്ലിക് പാര്ട്ടിയാണ് ഭരിക്കുന്നത്, ഡെമോക്രാറ്റ് പാര്ട്ടി അന്ന് പ്രതിപക്ഷത്തും. ഡെമോക്രറ്റിക് പാര്ട്ടിയുടെ ഓഫീസ്സില് ടാപ്പിംഗ്, ബഗ്ഗിംഗ് ഉപകരണങ്ങള് വെക്കാന് വന്ന ആളുകളാണ് അവര്. ഡെമോക്രറ്റിക് ഓഫീസ്സില് എന്തു ചര്ച്ച നടക്കുന്നു എന്ന് പ്രസിഡണ്ടിനറിയാന് വേണ്ടി, വിവരങ്ങള് ഭരണകക്ഷിയുടെ ഓഫീസ്സില് നേരിട്ടെത്താനുള്ള ഇലക്ട്രോണിക് സംവിധാനങ്ങള് വെക്കാന് വന്നവരെയാണ് കള്ളന്മാരെന്ന് കരുതി പിടികൂടിയത്.

കൂടുതല് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, പോലീസ് പിടിച്ച കള്ളന്മാരെ സഹായിക്കാനും ജാമ്യത്തിലിറക്കാനും വന്നത് റിപ്പബ്ലിക്കന് പാര്ട്ടിയുമായി ബന്ധപ്പെട്ടവരാണ് എന്ന്. അവിടെ നിന്നാരംഭിക്കുന്നു, രണ്ടുരണ്ടര വര്ഷം നീണ്ടു നിന്ന് പ്രസിഡണ്ടിന്റെ രാജിയില് അവസാനിച്ച വാട്ടര്‌ഗേറ്റ് സംഭവം. നിക്‌സണ് തന്നെ നേരിട്ട് ഡെമോക്രാറ്റിക് പാര്ട്ടിയുടെ ഓഫീസ്സില് നടത്തിയ തട്ടിപ്പാണത്. ഈ വാര്ത്ത പുറത്തുകൊണ്ടുവരുന്നതിന് സഹായിച്ചത് അന്ന് എഫ്.ബി.ഐ.യുടെ നമ്പര് ടു ആയിരുന്ന മാര്ക്ക് ഫെല്ട്ടണ് ആണ്. വാര്ത്ത കൊടുത്ത മാര്ക്ക് ഫെല്ട്ടന് വാഷിംഗ്ടണ് പോസ്റ്റ് കൊടുത്ത രഹസ്യപ്പേര് 'ഡീപ്പ് ത്രോട്ട്' എന്നാണ്. സെക്‌സുമായി ബന്ധപ്പെട്ട കോഡാണത്. 'അയാം ദ് ഡീപ്പ് ത്രോട്ട്' എന്ന് 2 വര്ഷം മുന്പാണ് മാര്ക്ക് ഫെല്ട്ടണ് പുറത്തു പറഞ്ഞത്. റിപ്പോര്ട്ടര്മാര് ശരിവെക്കുകയും ചെയ്തു. അദ്ദേഹം എന്തു കൊണ്ട് വാര്ത്ത പുറത്തുകൊടുക്കാന് തയ്യാറായി? പഠിക്കേണ്ട വിഷയമാണത്. നിങ്ങള് ഏത് സ്ഥലത്ത് വാര്ത്തക്ക് ചെല്ലുമ്പോഴും അവിടെ ഒരു അസംതൃപ്ത വ്യക്തി കാണും. എന്തെങ്കിലും പ്രശ്‌നങ്ങള് കാരണം ആ സിസ്റ്റവുമായി തെറ്റിയ ഒരാളുണ്ടാകും. മാര്ക്ക് ഫെല്ട്ടന് ആയിരുന്നു എഫ് ബി ഐ യുടെ ചീഫ് ആകേണ്ടിയിരുന്നത്. ഇദ്ദേഹത്തെ നിക്‌സണ് ഇഷ്ടമല്ലാത്തതുകൊണ്ട് തരംതാഴ്ത്തി; നമ്പര് 2 ആയി റിട്ടയര് ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന്റെ ഉളളില് കിടന്ന ആ വാശിയാണ് ഈ വാര്ത്ത പുറത്തു കൊണ്ടു വരാന് കാരണമായത്. ഇദ്ദേഹം ഈ രണ്ടു റിപ്പോര്ട്ടര്മാരുടെ അടുത്തേക്ക് വരികയായിരുന്നു. അവരെഴുതിയ പുസ്തകമാണ് 'ഓള് ദ് പ്രസിഡന്‌സ ് മെന്'. ഇവര് കോണ്ടാക്ട് ചെയ്തതിനു ശേഷം വുഡ്വാര്ഡ് എന്ന റിപ്പോര്ട്ടറോട് മാര്ക്ക് ഫെല്ട്ടണ് പറഞ്ഞു, 'ഫോണില് വിളിക്കരുത്, കാരണം ടാപ്പുചെയ്യാന് ഇടയുണ്ട്. കാണേണ്ട സമയം രാത്രി രണ്ടരക്കു ശേഷം. ഈ സ്ഥലത്ത് വരുമ്പോള് ആദ്യം എതിര് ദിശയിലേക്ക് ടാക്‌സി വിളിച്ച് പോകണം. കളിക്കുന്നതമേരിക്കന് പ്രസിഡന്റിനോടാണ്. എതിര് ദിശയിലേയ്ക്ക് ടാക്‌സി വിളിച്ച് പോയിട്ട് ആ ടാക്‌സി അവിടെ വിട്ട് കുറച്ച് ദൂരം നടന്ന് വേറൊരു സ്ഥലത്ത് പോയി ടാക്‌സി പിടിച്ചുവേണം സ്ഥലത്തെത്താന്. അതിന് രണ്ടുകിലോമീറ്റര്് ദൂരെ വെച്ച് ടാക്‌സി വിട്ടിട്ട് നടന്നു വേണം വരാന്. അപ്പോള് രണ്ടര മണിക്ക് പാലത്തിനടിയില് ഞാനുണ്ടാകും'. അങ്ങനെയാണ്  അദ്ദേഹം ഇവര്ക്ക് ഡോക്യുമെന്റ്‌സ് കൊടുത്തുകൊണ്ടിരുന്നത്. റിപ്പോര്ട്ടര്മാരെ കാണേണ്ടതുണ്ട് എന്ന് എങ്ങനെയാണ് അറിയിച്ചിരുന്നത്? അതാണ് രസകരം. 'എനിക്കു നിങ്ങളെ കാണണമെന്നു തോന്നുന്ന ദിവസം നിങ്ങളുടെ വീട്ടില് കിട്ടുന്ന ന്യൂയോര്ക്ക് ടൈംസിന്റെ (അതായത് ഇവരുടെ പത്രത്തിന്റെ) പേജ് നമ്പര് എട്ടില് പേന കൊണ്ട് വട്ടമിട്ടിരിക്കും. ഇനി നിങ്ങള്ക്ക് എന്നെ കാണണമെന്നുണ്ടെങ്കില് നിങ്ങള് താമസിക്കുന്ന ഫ്‌ളാറ്റിന്റെ ബാല്ക്കണിയിലെ ചെടിച്ചട്ടിയില് പത്തുമണിക്കു മുന്പായി ഒരു ചുവന്ന തൂവാല ഇട്ടാല് മതി. അപ്പോള് രാത്രി രണ്ടരക്ക് ഞാന് അവിടെയെത്തിയിരിക്കും' എന്നതായിരുന്നു മാര്ക്ക് നല്കിയ നിര്‌ദ്ദേശം. രാവിലെ എഴുന്നേറ്റാല് റിപ്പോര്ട്ടര്മാരുടെ ആദ്യത്തെ പണി ന്യൂയോര്ക്ക് ടൈംസിന്റെ എട്ടാം പേജ് നോക്കലാണ്. അതില് വട്ടമിട്ടിട്ടുണ്ടെങ്കില് അന്ന് രാത്രി രണ്ടരക്ക് അവര് കാണും. ഏതെങ്കിലും ന്യൂസ്‌പേപ്പര് ബോയ് ഇന്റലിജെന്‌സിന്റെ ആളായിരിക്കാം. തൂവാലയിടുന്നത് ഇയാളെങ്ങനെ കാണുന്നു എന്നതാണ് വലിയ സംശയം. അപ്പോള് എല്ലാദിവസവും റിപ്പോര്ട്ടര്മാരെ ഇയാളും ഫോളോ ചെയ്യുന്നുണ്ട് എന്നര്ത്ഥം. ഇത്രമാത്രം വിചിത്രമാണ് ഇന്വെസ്റ്റിഗേറ്റിവ് ജേര്ണലിസം രംഗത്തെ കാര്യങ്ങള്.

ഡേവിഡ് ഷെയ്‌ലറുടെ കഥ

നിങ്ങള് നാളെ ഇന്വെസ്റ്റിഗേറ്റിവ് ജേര്ണലിസത്തിലല്ല, ഫീച്ചറിലേക്കായിരിക്കാം വരുന്നത്. മേഖല ഏതുമാകട്ടെ, ജേണലിസത്തിലെ നിരവധി ക്ലാസിക് പുസ്തകങ്ങളുള്ളതില് ചിലതെങ്കിലും വായിച്ചിരിക്കും. പട്ടിക നിരത്തുന്നില്ല. ടെലിവിഷനിലായാലും പ്രിന്റിലായാലും വായിക്കണം. അത് കുറേ കാര്യങ്ങള് മനസ്സിലാക്കിത്തരും. നമ്മളാരും ജെയിംസ്‌ബോണ്ടല്ല.  വാര്ത്തകള് നമ്മെ തേടി വരികയാണ.് അല്ലെങ്കില്, എവിടെയെങ്കിലും വെച്ച് പറ്റിയ ആളുകളെ കണ്ടെത്തുകയാണ്. 'വിസില് ബ്ലോയര്'എന്ന് പറയുന്നയാള് നമ്മളെ കണ്ടെത്തുന്നു. ഞാന് കഴിഞ്ഞ വര്ഷം ഒരു ജേണലിസ്റ്റ് കോണ്ഫറന്‌സ് ഇന്റര്‌നാഷണലില് പോയിരുന്നു. നോര്വ്വേയില് വെച്ച് വര്ഷങ്ങളായി നടക്കുന്ന കോണ്ഫറന്‌സാണ്. കോണ്ഫറന്‌സ് കഴിഞ്ഞ് വൈകുന്നേരം വിസില് ബ്‌ളോവേഴ്‌സ് കോണ്ഫറന്‌സ് ഉണ്ട്. (പധാന സ്ഥാനങ്ങളില് ഇരുന്ന് രഹസ്യമായി റിപ്പോര്ട്ടര്മാര്ക്ക് വിവരങ്ങള് നല്കുന്ന ആളാണ് വിസില്‌ബ്ലോവര്) വിക്കിലീക്‌സിന്റെ അസാങ് ഒക്കെയുള്ള ഒന്നാംകിട വിസില് ബ്‌ളോവേഴ്‌സിന്റെ കോണ്ഫറന്‌സാണ്. വിസില് ബ്‌ളോവേഴ്‌സ് ചര്ച്ച ചെയ്യുന്നത് എങ്ങനെ തങ്ങള്ക്ക് പറ്റിയ ജേണലിസ്റ്റുകളെ കണ്ടുപിടിക്കാം എന്നതാണ്. അവിടെ ഞങ്ങളുടെ ക്ലാസില് വന്ന ഒരാള് എം.ഐ.5 ന്റെ ഓഫീസറായിരുന്ന ആനി മക്കോണ് ആണ്. ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‌സിയാണ് എം.ഐ.5. ബ്രിട്ടന് രണ്ട് രഹസ്യാന്വേഷണ വിഭാഗങ്ങള് ഉണ്ട്. എം.ഐ.5 ഉം, എം.ഐ.6 ഉം. എം.ഐ.6 വിദേശ താത്പര്യങ്ങള് നോക്കുന്നതും എം.ഐ.5 ബ്രിട്ടന്റെ ആഭ്യന്തര താല്പര്യങ്ങള് നോക്കുന്നതുമായ ഏജന്‌സിയാണ്. ആനി മക്കോണ് എം.ഐ.5ന്റെ ഓഫീസറായിരുന്ന സമയത്ത് ഇവരുടെ ഭര്ത്താവെന്നോ പാര്ട്‌നര് എന്നോ വിളിക്കാവുന്ന ഡേവിഡ് ഷെയ്‌ലര് ലിബിയയിലെ എം.ഐ.5 ന്റെ ചീഫ് ആയിരുന്നു. അദ്ദേഹം ഒരുദിവസം ഓഫീസില് പണിയൊന്നും ഇല്ലാതിരിക്കെ അയാളുടെ കൗണ്ടര് പാര്ട് എം.ഐ.6 ചീഫിന്റെ മുറിയിലേക്ക് കയറിയപ്പോള് അയാള് പെട്ടിയില് പണം നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്രയും പണം എന്തിനെന്നു ചോദിച്ചപ്പോള് ഓഫീസര് പറഞ്ഞു, 'ഭയങ്കര കോളൊത്തതാണ്. ഗദ്ദാഫി നാളെ സ്‌റ്റേഡിയത്തില് പ്രസംഗിക്കാന് വരുന്നുണ്ട്. തട്ടാന് ആളെ കിട്ടിക്കഴിഞ്ഞു. അതിനുള്ള ആള്കൂട്ടത്തെയും കണ്ടെത്തിക്കഴിഞ്ഞു. ഗദ്ദാഫി സ്‌റ്റേഡിയത്തില് എത്തുമ്പോള് ബ്ലാസ്റ്റ് ചെയ്ത് തകര്ക്കണം. അവന്മാര്ക്ക് കൊടുക്കാനുള്ളതാണ് ഈ മൂന്ന് പെട്ടി. ബ്ലാസ്റ്റ് ചെയ്ത് തകര്ക്കാനായി ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പിനെ നമ്മള് വാടകയ്ക്ക് എടുത്തു'. ഇതുകേട്ട ഡേവിഡ് ഷെയ്‌ലറിന്റെ മനസ്സില് ഭയങ്കര സംഘര്ഷമുണ്ടായി. അയാള് ചോദിച്ചു, 'നമ്മുടെ ഗവണ്മെന്ററിഞ്ഞിട്ടാണോ ഇത് ചെയ്യുന്നത്?' 'ഐ ഗോട്ട് ദ കണ്‌സെന്റ് ഓഫ് െ്രെപം മിനിസ്റ്റര്. അല്ലാതെ ഇത്രയും പണം നമുക്കെവിടെ നിന്നു വരും?' എന്നായിരുന്നു എം.ഐ.6 ചീഫിന്റെ മറുപടി. നികുതിദായകരുടെ പണമുപയോഗിച്ച വേറൊരു രാജ്യത്ത് സ്‌ഫോടനമുണ്ടാക്കുകയാണ്. ഒന്നൊന്നരലക്ഷം ആളുകള് വരുന്ന സ്‌റ്റേഡിയത്തില് സ്‌ഫോടനം നടത്തുന്നത് നികുതി കൊടുക്കുന്നവന് അറിയുന്നില്ല. ടെററിസ്റ്റുകള്ക്കാണ് കൊടുക്കുന്നത്. എം.ഐ 5 ചീഫിന്റെ മനസ്സില് ഭ്രാന്തായി. അയാള് ബ്രിട്ടനിലെ എല്ലാ കൊള്ളാവുന്ന എഡിറ്റര്മാരെയും വിളിച്ചു പറഞ്ഞു, 'ഇങ്ങനെ ഒരു സംഭവം നടക്കാന് പോകുന്നുണ്ട്. ഇത് അധാര്മ്മികമാണ്. ഇതിനെ പൊളിച്ചടുക്കണം. വാര്ത്തയിട്ട് പൊളിക്കണം'. വിവരം കിട്ടിയ പത്രക്കാരിലാരോ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചു. ഡേവിഡിനതു മനസ്സിലായി. 

അയാളും കാമുകിയായ ആനി മക്കോണും കൂടി നാടുവിട്ടോടി. ഇറ്റലി, ഫ്രാന്‌സ് തുടങ്ങിയ സ്ഥലങ്ങളില് ഒളിച്ചു താമസിച്ചു. അവിടെ നിന്നെല്ലാം വാര്ത്ത പുറത്തെത്തിക്കാന് ശ്രമം നടത്തി. പക്ഷെ സ്‌ഫോടനം നടന്നു. ലിബിയ കണ്ട ഏറ്റവും വലിയ സ്‌ഫോടനം. 300ഓളം പേര് കൊല്ലപ്പെട്ടു. ഗദ്ദാഫി തലനാരിഴക്കുരക്ഷപ്പെട്ടു. ഈ വിവരം നാടുനീളെ പറഞ്ഞു നടന്ന ഡേവിഡിനെയും കാമുകിയെയും കൊലപ്പെടുത്താന് ബ്രിട്ടീഷ് സര്ക്കാര് ലോകം മുഴുവന് വല വിരിച്ചു. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. കേസ് കോടതിയിലെത്തിച്ച്, സ്വയം ഹാജരായി സത്യം വിളിച്ചു പറയാനാണ് ഡേവിഡ് തീരുമാനിച്ചത്. എന്നാല് കോടതിയിലെത്തിയ അദ്ദേഹത്തോട് ജഡ്ജി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കു പകരം ഓഫീസിലെ വേറെ ചില പരാതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. ജഡ്ജിയടക്കമുള്ളവരുടെ ആസൂത്രിതനീക്കമായിരുന്നു അത്. രണ്ടു വര്ഷം മുമ്പേ ഓഫീസിലുള്ള ആളോട് അപമര്യാദയായി പെരുമാറിയ കുറ്റം ചുമത്തി അവര് ഡേവിഡിനെ ജയിലിലേക്കയച്ചു. ഡേവിഡ് ഷെയ്‌ലര് ഇപ്പോള് എവിടെയാണെന്ന കാര്യം ആര്ക്കുമറിയില്ല. ഭ്രാന്തു പിടിച്ചതായും നാലു വര്ഷം മുന്നെ ഏതോ ജിപ്‌സിക്കൂട്ടത്തില് ശവപ്പറമ്പില് കിടക്കുന്ന ആളുകളെ പോലീസ് അറസ്റ്റ് ചെയ്ത കൂട്ടത്തില് ഇയാളും ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. 

ഡല്ഹി സ്‌ഫോടനം 

അന്വേഷണ പത്രപ്രവര്ത്തനത്തില്, രാജ്യതാല്പര്യവുമായി ബന്ധപ്പെട്ട് സങ്കീര്ണ്ണതകളനേകമുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള ചാരന്മാരുടെ വിധി സരബ്ജിത്തിന്റേതു പോലെയാണ്. അയാളുടെ കൊലപാതകത്തില് മാധ്യമങ്ങള് അലമുറയിടുകയാണ്. അയാള് ആരായിരുന്നു? മദ്യലഹരിയില് അബദ്ധത്തില് അതിര്ത്തി കടന്നതാണെന്നാണ് സരബ്ജിത്തിന്റെ സഹോദരി പറയുന്നത്. അതിര്ത്തി കടക്കുക ഏറെ പ്രയാസമാണ്. ഇരു രാജ്യങ്ങളും ചാരന്മാരെ അതിര്ത്തി കടത്താറുണ്ട.് ഇവിടുത്തെ പോലെ പൊട്ടിത്തെറികള് അവിടെയും നടക്കുന്നു. സരബ്ജിത്തിനെ ഇഷ്ടികകൊണ്ടടിച്ചെങ്കില് ജമ്മുകാശ്മീരിലെ ജയിലില് തടവുകാരനെ ജയിലില് പിക്കാസുകൊണ്ടടിച്ചു. ഇത്തരത്തിലുള്ള ചില സന്ദര്ഭങ്ങളില് മാധ്യമപ്രവര്ത്തകര്ക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. വാര്ത്ത എഴുതി നല്കുക എന്നതാണ് മാധ്യമപ്രവര്ത്തകന്റെ ദൗത്യം. എഡിറ്റിംഗ് നടന്നാല് അത് എഴുതിയ കോപ്പിയുടെ വിധിയായി കരുതിയാല് മതി. ഫയല് ആന്റ് ഫോര്‌ഗെറ്റ് എന്നതാണ് ജേണലിസത്തിന്റെ രീതി. പുതിയ ജേണലിസ്റ്റുകള്  റിപ്പോര്ട്ടിങ്ങിനിറങ്ങിയാല് സംഭവത്തിന്റെ സത്യാവസ്ഥ സീനിയര് റിപ്പോര്ട്ടറെ വിളിച്ചറിയിക്കുക. ബാക്കി അദ്ദേഹം തീരുമാനിച്ചുകൊള്ളും. മാര്ച്ച 22ന് പാര്‌മെന്റവസാനിക്കുന്നതിന് തൊട്ടുമുമ്പ് വന്ന വാര്ത്ത, 'ഡല്ഹിയില് സ്‌ഫോടനം നടത്താനെത്തിയ ഭീകരനെ പിടികൂടി. അയാള് കൊണ്ടു വന്ന ഏ.കെ. 56 പിടിച്ചു' എന്നതായിരുന്നു. അവസാനം തീവ്രവാദിയെ കൊണ്ടു വന്നപ്പോള് അയാള്ക്ക് നടക്കാന് പോലും വയ്യ; 46 വയസ്സ് കഴിഞ്ഞ തീവ്രവാദി! തീവ്രവാദത്തിന്റെ പ്രായം 46 അല്ല. തീവ്രവാദം 30 വയസ്സിന് മുന്പ്, ഭാര്യയും മക്കളും വരുന്നതിന് മുന്പ്, വരുന്ന സാധനമാണ്. ഇങ്ങനെ ചില ബേസിക് സംഗതികളുണ്ട്. ഭാര്യയും 18 വയസ്സായ വികലാംഗയായ മകളുമായാണ് 'ഭീകരന്' വന്നത്. ഇവിടെ സംഭവിച്ചതെന്താണെന്നറിയാമോ? ഡല്ഹിയിലെ കൂട്ട ബലാല്‌സംഗത്തെതുടര്ന്ന് ഡല്ഹി പോലീസിന്റെയും കമ്മീഷണര് നീരജ് കുമാറിന്റെയും മുഴുവന് ഇമേജും തകര്ന്നു കിടക്കുകയാണ് . ജൂലൈയില് റിട്ടയര് ചെയ്ത് പോകുന്നതിനു മുന്പ് ഒരു ഷൈനിംഗ് ഉണ്ടാക്കണം . ഹോളിക്ക് മുന്പ് നഗരത്തെ ബ്ലാസ്റ്റില് നിന്ന് രക്ഷിച്ചവന് എന്ന് കാണിക്കുവാനാണ് പാവപ്പെട്ട ദിയാഖത്തിന്റെ തലയില് തീവ്രവാദിപ്പട്ടം കയറ്റി വച്ചത്. ബുദ്ധിമാന്ദ്യമുള്ള മകളെയും ഭാര്യയെയും കൊണ്ട് ഇന്ത്യയില് മര്യാദയ്ക്ക് ജീവിക്കാന് വന്ന അയാളെ തീവ്രവാദിയാക്കി ജയിലില് ഇട്ടു. അവസാനം ഒമര് അബ്ദുള്ള പരാതിപ്പെട്ടു. അതിര്ത്തി പോസ്റ്റിലെ വിഷ്വലുകള് ചെക്ക് ചെയ്തപ്പോള് സത്യം തെളിഞ്ഞു. എന്നാലും ഇപ്പഴും അയാളെ വിടാന് പറ്റില്ല; കാരണം ഡല്ഹി പോലീസ് കമ്മീഷണര് എന്നത് വലിയ പോസ്റ്റാണ്. ആഭ്യന്തരമന്ത്രിയേക്കാള് വലിയ പവര് ഉള്ള ആളാണ്. സോണിയ ഗാന്ധിയെ അറിയിച്ച് തീരുമാനിക്കുന്ന നിയമനമാണ്. അതുകൊണ്ടാണ് കിരണ് ബേദിക്ക് ഒരിക്കലും ആകാന് പറ്റാഞ്ഞത്. കിരണ് ബേദിയായിരുന്നു സീനിയോരിറ്റി അനുസരിച്ച് 2008 ല് ഡല്ഹി പോലീസ് കമ്മീഷണര് ആകേണ്ടിയിരുന്നത്. അവരോട് ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില് പറഞ്ഞു 'നിങ്ങളാണ് ആകേണ്ടത്, ഒന്ന് മാഡത്തെ പോയി കാണണം'. 'ഞാന് മാഡത്തെ പോയി കാണേണ്ട ആവശ്യം എന്താ? അവര് ആരാ?' എന്ന് കിരണ് ബേദി ചോദിച്ചു. മാഡം ആരാണെന്ന് കാണിച്ചു കൊടുത്തു. അവരായില്ല കമ്മീഷണര്. അവര് നട്ടെല്ലുള്ള സ്ത്രീയായതുകണ്ട് രാജിവെച്ചു.

ജേണലിസത്തിന്റെ അകം അന്വേഷണാത്മക പത്രപ്രവര്ത്തനമെന്നാല് അഴിമതി തെളിയിക്കലോ െ്രെകം തെളിയിക്കലോ മാത്രമല്ല. എവിടെയൊക്കെയൊ മറഞ്ഞു കിടക്കുന്ന ചില സത്യങ്ങള്, ആരും ശ്രദ്ധിക്കാതെപോയ കാര്യങ്ങള് ഇവിടെയൊക്കെയാണ് ജേണലിസത്തിന്റെ കണ്ണെത്തേണ്ടത്. 

സാധാരണ നിങ്ങള്ക്ക് കിട്ടുന്ന ജോലി ഫോണ് അറ്റന്ഡ് ചെയ്യലായിരിക്കും. അവിടെയൊക്കെ നിങ്ങളുടെ ഈഗോയും സന്തോഷവും തകരും. കാരണം നിങ്ങള് ഇരിക്കുന്നത് നിങ്ങളേക്കാള് ഈഗോ ഉള്ള ആളുകളുടെ കീഴിലായിരിക്കും. വലിയ സീനിയേഴ്‌സ് ഭയങ്കരമായി കഥയെഴുതിക്കൊണ്ടിരിക്കുകയായിരിക്കും. ചില സീനിയേഴ്‌സ് നിങ്ങളെക്കാണുമ്പോള് സംസാരിക്കില്ല. മനുഷ്യനോട് സംസാരിക്കാതെ ഞാനെന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്ന മട്ടില് ഇരിക്കും. കാഴ്ച ബംഗ്ലാവില് കയറുമ്പോള് പല പല മൃഗങ്ങള് ഉണ്ടാകും.  അതുപോലെയാണ് ന്യൂസ് റൂം. നിങ്ങള് ജേണലിസത്തില് വന്നിട്ട് എഴുതാന് പോകുന്നത് നാട്ടില് നടക്കുന്ന മെറിറ്റില്ലായ്മയെക്കുറിച്ചും നിയമവിരുദ്ധതയെ കുറിച്ചുമാണ്. എന്നാല് മെറിറ്റില്ലാത്ത ഏക സ്ഥാപനം ജേണലിസമാണ്. യു.പി.എസ്.സി.യുടെ തട്ടിപ്പിനെക്കുറിച്ച് നിങ്ങള് എഴുതും. പത്രത്തില് എങ്ങനെയാണ് ആളിനെ തിരഞ്ഞെടുക്കുന്നത്? പലയിടത്തും മുതലാളി ഇഷ്ടമുള്ള ആളിനെ എടുക്കും. അങ്ങനെ മെറിറ്റില്ലാത്ത ഒരുസ്ഥലത്തേയ്ക്കാണ് മനസ്സില് വലിയ ആദര്ശങ്ങളുമായും ആക്ടിവിസവുമായുമാണ് പോകുന്നത്.    

നിങ്ങള്ക്ക് സമൂഹത്തോടുള്ള കടപ്പാടാണ് ജേണലിസത്തിലൂടെ  നിര്വഹിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഫോര്ത്ത് എസ്‌റ്റേറ്റ് എന്ന് വിളിക്കുന്നത്. ഫോര്ത്ത് എസ്‌റ്റേറ്റ് ആയി ജേണലിസത്തെ കണക്കാക്കിയിരിക്കുന്നത് വ്യക്തമായ ചില ഉദ്ദേശ്യങ്ങളോടെയാണ്. ആ സ്ഥാനത്ത് ഇരിക്കാന് നിങ്ങളും ഞാനും ഉള്‌പ്പെടെയുള്ളവര് പക്വത നേടിയോ എന്നത് വേറെ കാര്യം.

ഷൗരിയുടെ ഗോയങ്ക കഥ

ഇന്ത്യന് ജേര്ണലിസത്തില് സംഭവിക്കുന്ന പ്രശ്‌നം എഡിറ്റര്മാര് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. സിംഹവാലന് കുരങ്ങ് പോലെ ഇല്ലാതാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടു പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യയുടേയും ഹിന്ദുസ്ഥാന് ടൈംസിന്റേയും എഡിറ്റര് ആരാണ് എന്നു ചോദിച്ചാല്, ഗൂഗിളല്ല ഏത് സാധനത്തിലും തപ്പിക്കോ, നിങ്ങള്ക്ക് പേരു കിട്ടില്ല. എഡിറ്റര് എന്നൊരാളില്ല. അങ്ങനെ പോസ്റ്റ് ഇല്ല. അതുകൊണ്ടുതന്നെയാണ് കിട്ടാത്തത്. എഡിറ്റര്, ചീഫ് എഡിറ്റര് ഒക്കെ മാറ്റിയിട്ട്; എക്‌സിക്യൂട്ടീവ് എഡിറ്റര്, ബിസിനസ്സ് എഡിറ്റര് എന്നൊക്കെ വിഭജിച്ചു കളഞ്ഞു. കാരണം പണം മുടക്കുന്ന ആളുകള് വിചാരിക്കുന്ന കാര്യങ്ങളുണ്ട്, അവരുടെ താല്പര്യങ്ങളുണ്ട്. പലപ്പോഴും അതാണ് ജയിക്കുക. അവിടെയാണ് മനസ്സ് തകര്ന്നുപോകുന്നത്. തകരാതെ പിടിച്ചുനില്ക്കുന്നതാണ് വിജയം. 

ജേണലിസത്തില് നിങ്ങള്ക്കറിയാവുന്ന ഒരുപാട് കാര്യങ്ങള് എഴുതാന് പറ്റിയില്ലെന്നിരിക്കും. എഴുതാന് പറ്റാതെ വരുന്നിടത്ത് വിഷമിക്കരുത്. ഇത് എവിടെയെങ്കിലും ഓര്ത്തുവെക്കണം. ആവശ്യമുള്ളിടത്ത് ഉപയോഗിക്കണം. സ്‌റ്റോറി വന്നില്ലെങ്കില് എന്ത് ചെയ്യും എന്നുള്ള ചോദ്യവും പ്രസക്തമാണ്. പലപ്പോഴും നമ്മുടെ സ്വന്തം ഡസ്‌കോ പത്രാധിപരോ അതിനുമുകളിലുള്ളവരോ ഇടപെട്ട് സ്‌റ്റോറി ഇല്ലാതാക്കിയെന്ന് വരും. പലതും അങ്ങനെ ഇല്ലാതായിട്ടുണ്ട്. ഒരു സംഭവത്തെ കുറിച്ച് ഞാന് അരുണ് ഷൗരിയോട് പറഞ്ഞപ്പോള് അരുണ്ഷൗരി ഇതിനേക്കാള് വലിയൊരു കഥ പറഞ്ഞു. 

അരുണ് ഷൗരി എഡിറ്റര്, ഓണര് സാക്ഷാല് രാംനാഥ് ഗോയങ്ക, അതാണ് ഇന്ത്യ കണ്ട വലിയ ഒരു പബ്ലിഷര്, രാംനാഥ് ഗോയങ്ക. പത്തു ചങ്കുള്ള പത്രമുതലാളി. അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പി.എന്. ഭഗവതിയുടെ ഒരു ജഡ്ജ്‌മെന്റില് വന്ന പാളിച്ചകളെക്കുറിച്ച് അരുണ്ഷൗരി ഇന്ത്യന് എക്‌സ്പ്രസ്സില് സീരിസ് തുടങ്ങി. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ജഡ്ജ്‌മെന്റ് പാളിച്ചകള്, അതിന്റെ കാരണം എന്ത്, ആ വിധിന്യായത്തിലെ തട്ടിപ്പ്, അതിനെ കുറിച്ചുള്ള സംശയങ്ങള്, ആരുമായിട്ടൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ വിഷയങ്ങള് പരാമര്ശിച്ച് മൂന്നു ദിവസം തുടര്ച്ചയായി അദ്ദേഹം എഴുതി. അടുത്ത ദിവസം, ഒരു ഞായറാഴ്ച്ച നാലര മണിക്ക് അരുണ്ഷൗരി ഇന്ത്യന് എക്‌സ്പ്രസ്സിന്റെ ഓഫീസില് കയറിവരുന്നു, നാലാം ദിവസത്തേക്കുള്ള ഡോസുമായി. അരുണ്ഷൗരി വരുമ്പോള് രാംനാഥ് ഗോയങ്കയുടെ വണ്ടി കണ്ടു. സാധാരണ ഞായറാഴ്ച്ച അദ്ദേഹം വരാറില്ല. അപ്പോഴുണ്ട് ഗോയങ്ക ക്യാബിനില് ഇരുന്ന് 'ഓടിവാ, ഓടിവാ' എന്നു പറയുന്നു. ഇതു കേട്ട് അരുണ്ഷൗരി ക്യാബിനില് എത്തിയതും ഗോയങ്ക അദ്ദേഹത്തോട് പെട്ടെന്ന് ബാത്ത്‌റൂമില് കയറാന് ആവശ്യപ്പെട്ടു. 'എന്താ സാര് പ്രശ്‌നം' എന്നു ചോദിച്ചു ഷൗരി. 'ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഇങ്ങോട്ടുവരുന്നുണ്ട്. നീ പെട്ടെന്ന് ബാത്ത്‌റുമില് കയറണം. ശ്വാസം പോലും കേട്ടുപ്പോകരുത്' എന്നായിരുന്നു ഗോയങ്കയുടെ ആജ്ഞ. ഷൗരി ബാത്ത്‌റൂമില് കയറി മൂന്നു സെക്കന്റിനകം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഇവിടെ എത്തി. ആലോചിക്കണം, അതാണ് അന്നത്തെ ഇന്ത്യന് എക്‌സ്പ്രസ്സ്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആരും കാണാതെ വൈകുന്നേരം സഹികെട്ട് പേടിച്ചുവരികയാണ,് 'ഇനിയെങ്കിലും എന്നെ ഉപദ്രവിക്കരുതേ' എന്നുപറയാനായിട്ട്. പിന്നെ നടന്ന സംഭവത്തെക്കുറിച്ച് അരുണ്ഷൗരി പറയുന്നത് ഇത്രയും വലിയ ഒരു ഓസ്‌ക്കാര് പ്രകടനം ഞാന് മുന്പുകണ്ടിട്ടില്ല എന്നാണ്. ഭഗവാന് തന്റെ മുന്നില് അവതരിച്ച മട്ടില് വാ തോരാതെ സംസാരിക്കുകയാണ് ഗോയങ്ക, 'ഇതാര് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയോ, വന്നാലും, എന്റെ ഓഫീസ് ധന്യമായി, ചായകൊണ്ടുവരൂ, കാപ്പി കൊണ്ടുവരൂ' അങ്ങനെ ആകെ ബഹളം. എല്ലാം കേട്ട് ഷൗരി ചിരിയടക്കിനിന്നു. 

കോടതിയലക്ഷ്യത്തിന് കേസെടുക്കാതിരിക്കാന് മുതലാളി അദ്ദേഹത്തെ സോപ്പിടുകയാണെന്ന് ഷൗരി വിചാരിച്ചു. 'എന്താണ് വന്നത്?' ഗോയങ്ക വീണ്ടും ചോദിച്ചു. ജഡ്ജിയുടെ മറുപടി: 'ആ അരുണ് ഷൗരിയുണ്ടല്ലോ' 'അതെ അവന് എന്തുചെയ്തു, അങ്ങയെക്കുറിച്ച് അവന് ടൈംസ് ഓഫ് ഇന്ത്യയില് വല്ല ലേഖനവും എഴുതിയോ?' (ഷൗരി ഇടയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയിലും ലേഖനമെഴുതാറുണ്ട്.), ഒന്നുമറിയാത്തമട്ടില് ഗോയങ്ക അന്വേഷിച്ചു. ജഡ്ജിയുടെ മറുപടി: 'ടൈംസ് ഓഫ് ഇന്ത്യയിയലല്ല, സാറിന്റെ പത്രത്തില് തന്നെ. കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ എഴുതുകയാണ്.' ഇതു കേട്ടതും ഗോയങ്ക ക്ഷുഭിതനായി അരുണ് ഷൗരിയെ ചീത്ത വിളിച്ചു. സ്വന്തം ക്യാബിനിലെ കപ്പും സാസറും എടുത്തെറിഞ്ഞ് താണ്ഡവ നൃത്തമാടി. അങ്ങനെ ആകെ ബഹളം. കണ്ട് നിന്ന ചീഫ് ജസ്റ്റിസ് ആകെ വല്ലാതായി. അദ്ദേഹം ഗോയങ്കയുടെ നെഞ്ചില് തടവി മിണ്ടാതിരിക്കാന് ആവശ്യപ്പെട്ടു. തനിക്ക് പരാതിയൊന്നുമില്ലെന്ന് പറഞ്ഞ് പുള്ളി യാത്രയായി. ഈ ഡ്രാമ മുഴുവന് കണ്ട് ബാത്ത്‌റൂമില് ശ്വാസമടക്കി വിയര്ത്തു കുളിച്ചിരിക്കുകയാണ് അരുണ് ഷൗരി. ഉടനെ ഗോയങ്ക ബാത്ത് റൂം തുറന്ന് ഷൗരിയോട് പറഞ്ഞു: 'പെട്ടെന്ന് പോയി ബാക്കികൂടെ എഴുതിയ്‌ക്കോ!'

ഇന്വെസ്റ്റിഗേറ്റിവ് ജേര്ണലിസം തനിപ്പിടിയല്ല, അതിനൊരു ആള്ക്കൂട്ടം വേണം. ഇങ്ങനെ ഒരു പത്ര മുതലാളിയോ ഒരു എഡിറ്ററോ ഇല്ലാത്തതാണ് നമ്മുടെ തലമുറ അനുഭവിക്കുന്ന ശാപം. ഇത് വാല്‌നക്ഷത്രം വരുന്നത് പോലെ പത്തു നൂറ് വര്ഷം കഴിയുമ്പോള് ഒരിക്കല് വരുന്നതാണ്. ക്രിക്കറ്റിലെ ഗവാസ്‌കര് വിശ്വനാഥ് പാര്ട്ടണര്ഷിപ്പ് പോലെ ഇന്ത്യന് ജേണലിസം രംഗത്ത് ഉണ്ടായിരുന്ന കൂട്ടുകെട്ടാണിത്. ഇത്തരം ഒരു കള്ച്ചര് ഇന്വെസ്റ്റിഗേറ്റിവ് ജേണലിസത്തില് ഉണ്ടാവേണ്ടതാണ്. 

ജേണലിസത്തില് നിങ്ങള്ക്ക് ഒരുപാട് ശല്യമില്ലാത്ത വശങ്ങളുണ്ട്. ഡെവലപ്‌മെന്റ് ജേണലിസം, ഡെസ്‌ക്, ഫിച്ചര് റൈറ്റിംഗ് അങ്ങനെ... പേടിയുള്ളവര്ക്ക് ചെയ്യാനായി. എന്നാല് ഇന്വെസ്റ്റിഗേറ്റിവ് ജേണലിസം അങ്ങനെയൊന്നല്ല. ആരെയെങ്കിലും ചൊറിയാനോ തൊടാനോ ഉദ്ദേശമുണ്ടെങ്കില് ഫിയര്‌സെല് മാറ്റുക. ബ്രെയിനിലാകെ പ്രശ്‌നമുള്ളത് ഫിയര്‌സെല്ലാണ്. പേടിയുള്ളതുകൊണ്ട് എഴുതാനാവുന്നില്ല എന്നതിന് എക്‌സ്‌ക്യൂസല്ല. അങ്ങനെ പറഞ്ഞാല്, തനിക്ക് ആ ഗുണ്ടയെ അറസ്റ്റ് ചെയ്യാന് പറ്റുന്നില്ല എന്ന് സ്ഥലത്തെ എസ്‌ഐ പറയുമ്പോള് ആ എസ്‌ഐയോട് തോന്നുന്ന പുച്ഛമേ നിങ്ങളോട് ആളുകള്ക്കുണ്ടാകൂ.

എക്‌സ്പ്രസിലെ കമലകേസ്

അന്വേഷണാത്മക ജേണലിസം എല്ലാത്തിലുമുണ്ട്. ഇന്ത്യയിലെ ഞെട്ടിപ്പിച്ച സംഭവമാണ് എക്‌സ്പ്രസിലെ കമലകേസ്. അരുണ്ഷൗരി എഡിറ്ററായിരുന്നപ്പോള് അശ്വനിസരണ് എന്ന റിപ്പോര്ട്ടര് എഴുതിയതാണ് കഥ. സ്ത്രീകളെ വില്ക്കുന്നു, വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു എന്നതായിരുന്നു വിഷയം. നേരിട്ടുള്ള കച്ചവടമാണ്. പൈസ കൊടുത്താല് കൊണ്ട് പോകാം. ആയിരം രൂപ കൊടുത്താല് സ്ത്രീ പൂര്ണ്ണമായും ഉപഭോക്താവിനു സ്വന്തം. കാര്യം എല്ലാവര്ക്കുമറിയാം. പക്ഷേ ഇതെങ്ങനെ എഴുതണമെന്ന് അറിയാത്ത അശ്വനി സരണ് ആ ഗ്രാമത്തില് പോകുകയും കമല എന്ന സ്ത്രീയെ വിലയ്‌ക്കെടുത്തു കൊണ്ടുവന്നു ഡല്ഹിയില് പ്രദര്ശിപ്പിക്കുകയും ചെയ്തു. എക്‌സ്പ്രസ്സിലെ ഹെഡ്‌ലൈന് 'ഐ ബോട്ട് കമല'. എല്ലായിടത്തും നടക്കുന്ന കാര്യമൊന്നുമല്ല പെണ്ണിനെ റിപ്പോര്ട്ടര് പോയി വാങ്ങുന്നത്. എഡിറ്റര് ഉത്തരവാദിത്വം പറയേണ്ടി വരും. മാനേജുമെന്റിന്റെ സമ്മതം വേണം. റിപ്പോര്ട്ടര് തനിയെ കയറി ചെയ്യാവുന്ന കാര്യമല്ല ഇത്. ചെയ്താല് പെടാപ്പാട് പെട്ടുപോകും. അന്നു അരുണ്ഷൗരി ചെയ്ത കമലയുടെ പര്‌ച്ചേസിനെപ്പറ്റി ഒരുപാട് സിനിമകള് ഇറങ്ങിയിട്ടുണ്ട്. കമലയുമായി ബസ് കയറിയ സമയത്ത് അരുണ്ഷൗരി എല്ലാ ജഡ്ജിമാര്ക്കും കത്തെഴുതി, ഞങ്ങളുടെ റിപ്പോര്ട്ടര് ഇതു തെളിയിക്കുന്നതിനു വേണ്ടി കമല എന്ന സ്ത്രീയുമായി വരുന്നുണ്ട്. വന്നു കഴിഞ്ഞാല് നാരിനികേതനില് കോടതി ഉത്തരവിട്ട് സംരക്ഷിക്കണം എന്ന്. ജഡ്ജിമാര്ക്ക് കത്തെഴുതരുത് എന്നാണ് നിയമം. പക്ഷേ, ഷൗരി എഴുതി. കോടതി കേസ് ഏറ്റെടുത്തു, എക്‌സ്പ്രസ്സില് വാര്ത്ത വന്നു. വലിയ സംഭവമായിരുന്നു. ഒരുപാട് കാര്യങ്ങള് ഇതില്‌നിന്ന് പഠിക്കാനുണ്ട്.

സ്‌റ്റേറ്റ് ബാങ്കും ഗര്ഭിണികളും

പത്രമോഫീസുകളില് പതിനായിരക്കണക്കിന് പ്രസ്സ് റിലീസുകള് വരാറുണ്ട് ചവറുപോലെ. ഈ കിട്ടുന്ന ചവറുകള് എല്ലാം വായിക്കണം. അതിനകത്തുനിന്നും വല്ലതും തടയും. പലതും എതിരാളികള്‌ക്കെതിരെ എഴുതിയിരിക്കുന്ന സാധനങ്ങളായിരിക്കും. വായിക്കുന്ന കാര്യങ്ങള് മനസില് വച്ചുകൊള്ളണം. ചിലപ്പോള് വേറെ ഒരു വിഷയം വരുമ്പോഴായിരിക്കും നിങ്ങള് പണ്ട് വായിച്ചതുമായി റിലേറ്റ് ചെയ്യുന്നത്.

ഞാനൊരനുഭവം പറയാം. വി എസ് അച്യുതാനന്ദന്റെ ഫാക്‌സുകള് ഓഫീസില് എത്താറുണ്ട്. ബ്യൂറോചീഫ് എടുത്തുനോക്കി, കളയുംമുന്പ്, മലയാളമായതിനാല് എനിക്ക് തന്നു. വി.എസ്സിന്റെ ആയതിനാല് ഞാനതുവായിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ഡ്യ ഗര്ഭിണികള്ക്ക് ജോലികൊടുക്കുന്നില്ല എന്നും അന്വേഷിക്കണമെന്നും അതില് പറഞ്ഞിരുന്നു. ഞാന് വിചാരിച്ചു, ആരെങ്കിലും പറയുന്നത് കേട്ടിട്ട്, അല്ലെങ്കില് ഷാജഹാന് പറയുന്നത് കേട്ടിട്ട്, കത്തിന് താഴെ വി.എസ്. ഒപ്പിട്ട് കൊടുത്തിട്ടുള്ളതാകുമെന്ന്. 

ഇന്ഡ്യ സ്വതന്ത്രമായി ഇത്രയും കാലമായിട്ട്, (2010 വരെ) സ്‌റ്റേറ്റ് ബാങ്കിലേക്ക് ടെസ്റ്റ് കഴിഞ്ഞ് സെലക്ഷന് വിളിക്കുമ്പോള് എല്ലാ കാന്ഡിഡേറ്റിനേയും മുറിയില് വിളിക്കും. എല്ലാവര്ക്കും ഒരു ഫോം ഇഷ്യൂ ചെയ്യും. ആ ഫോമില് അച്ഛന്റെ പേര്, അമ്മയുടെ പേര്, മറ്റ് വിവരങ്ങള് എന്നിവ ചേര്ക്കണം. ഇത് കഴിഞ്ഞാല് പോസ്റ്റിങ് ഓര്ഡര് നല്കും. പക്ഷെ പെണ്കുട്ടികള്ക്ക് ഒരു എക്‌സ്ട്രാ ഫോം കൂടി കൊടുക്കും. (2010 വരെ.) ആ ഫോമില് പെണ്കുട്ടിയുടെ ഗര്ഭാവസ്ഥയെക്കുറിച്ച് അറിയാനുള്ള ചോദ്യങ്ങളാണ്. ഏതെങ്കിലും പെണ്കുട്ടി ഗര്ഭിണിയാണ് എന്ന് എഴുതിയാല് ആ കുട്ടിയെ വിളിച്ച് 'പേടിക്കാനൊന്നുമില്ല, ജോലി ഉറപ്പാണ്. പക്ഷെ ഇപ്പോള് ജോലിയില് പ്രവേശിക്കാന് കഴിയില്ല. പ്രസവം കഴിഞ്ഞ് ഡോക്ടറുടെ സര്ട്ടിഫിക്കറ്റുമായി വന്നാല് ജോലി തരും' എന്ന് പറയും. അതായത് 2013ല് സിലക്ട് ചെയ്യപ്പെട്ട ആള്ക്ക് 2015ലേ സര്വ്വീസില് കയറാന് പറ്റു. രണ്ട് വര്ഷത്തെ സീനിയോരിറ്റി പോകും. ഇന്ത്യയിലെ മെറ്റേര്ണിറ്റി ബെനഫിക്ട് ആക്ട് അനുസരിച്ച് ജോയിന് ചെയ്തു കഴിഞ്ഞാല് ആ നിമിഷം തൊട്ട് എല്ലാ ആനുകൂല്യങ്ങളും കൊടുത്തിരിക്കണമെന്നാണ്. ഇല്ലെങ്കില് തൊഴിലുടമ ജയിലില് പോകേണ്ടി വരും. ഇതൊക്കെയായിരുന്നു വി.എസിന്റെ കത്തിലെ വിവരങ്ങള്.

ഞാനിത് ഓഫീസില് അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് സ്ത്രീകള്ക്ക് ജോലി കൊടുക്കുന്നില്ല എന്നുളളത് തെറ്റായിട്ടുള്ള വിവരമായിരിക്കുമെന്നും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്നും ഓഫീസിലുളളവര് പറഞ്ഞു. ഒടുവില് എന്റെ നിര്ബന്ധത്തിന് വഴങ്ങി,  നശിച്ചുപോട്ടെ എന്ന് പറഞ്ഞ്, ബ്യൂറോ ചീഫ് എസ.്ബി.ഐ. ചെയര്മാന്റെ സ്‌റ്റേറ്റ്‌മെന്റ് എടുത്തുകൊണ്ട് വരാന് പറഞ്ഞു. സാധാരണ ഗതിയില് സ്‌റ്റേറ്റ്‌മെന്റ് എടുത്തുകൊണ്ട് വരാന് പറഞ്ഞാല് അര്ഥം സ്‌റ്റോറിയുടെ കാര്യം തീര്ന്നു എന്നാണ്. സ്‌റ്റോറിയില് സംശയമുള്ളതിനാലാണ് കൗണ്ടര് സ്‌റ്റേറ്റ്‌മെന്റ് എടുക്കാന് പറയുന്നത്. വിട്ടുകൊടുക്കാന് തയ്യാറല്ലാത്തതുകൊണ്ട് ഞാന് എസ്.ബി.ഐ.യുടെ ചെയര്മാനെ വിളിച്ചു. എസ്.ബി.ഐ. യുടെ ചെയര്മാന് വലിയ ആളാണ്. വിളിച്ചുകഴിഞ്ഞപ്പോള് നിങ്ങള് ബാങ്കിങ് കവര് ചെയ്യുന്ന ആളാണോ എന്ന് ചോദിച്ചു. ഞാന് അല്ല എന്ന് പറഞ്ഞു. പിന്നെ എന്തിനാണ് എന്നെ വിളിക്കുന്നത് എന്ന് ചോദിച്ചു. വിളിക്കേണ്ട കാര്യമുണ്ട് എന്ന് ഞാന് പറഞ്ഞു. ഇക്കഥ പറഞ്ഞതും 'ഗര്ഭിണായിരിക്കുന്ന സമയത്ത് എന്തിനാണ് ബാങ്കിന്റെ ശമ്പളം വെറുതെ കളയുന്നത്. അവര് പ്രഗ്‌നന്‌സി കഴിഞ്ഞ് വരട്ടെ' എന്ന് അദ്ദേഹത്തിന്റെ വായില് നിന്ന് അബദ്ധത്തില് വീണു. കൂടുതല് അറിയണമെങ്കില് എച്ച്.ആറിനെ വിളിച്ചുകൊള്ളാന് പറഞ്ഞു. എച്ച് ആര് ഹെഡ് ഒരു സ്ത്രീയാണ്. അവര് പോലും പറഞ്ഞത് ഗര്ഭിണി പ്രസവം കഴിഞ്ഞ് വരട്ടെ എന്നാണ്. അടുത്ത ദിവസം വാര്ത്ത അടിച്ചു. മറ്റൊരു പത്രവും ചാനലുകളും ഇത് ഫോളോ ചെയ്തില്ല. എസ്.ബി.ഐ.യുടെ ഒക്കെ പരസ്യം വളരെ വലുതാണ്. വൈകുന്നേരമായപ്പോള് എസ്.ബി.ഐയുടെ ജി.എം. വരികയാണ്. ജി.എം. വന്നിട്ട് 'ഞങ്ങളുടെ ബാങ്ക് അങ്ങനെയാണ്, ഇങ്ങനെയാണ്' എന്ന് പലതും പറഞ്ഞു. ഒരു വലിയ മിഠായി പെട്ടിയുമായിട്ടാണ് വന്നത്. ഇതു കണ്ടപ്പോള് ബ്യൂറോ ചീഫിന് ധൈര്യം വന്നു. സ്‌റ്റോറി നോക്കൗട്ടായി. പിറ്റേ ദിവസം എസ്.ബി.ഐ. പ്രസ് റിലീസ് ഇറക്കി. ഇത് 1860 ലെ ഒരു നിയമമാണെന്നും അന്ന് ഗര്ഭാവസ്ഥ വലിയ പ്രശ്‌നമാണെന്നും ഇന്ന് ആ നിയമം എടുത്തു മാറ്റി എന്നും. പെണ്കുട്ടികള്ക്കിപ്പോള് രണ്ടാമത്തെ ഷീറ്റ് കൊടുക്കുന്നില്ല, എല്ലാവര്ക്കും ജനറല് ഷീറ്റാണ്. 

വരാത്ത വാര്ത്ത

ഫയല് ചെയ്ത ഒരു സ്‌റ്റോറി പ്രസിദ്ധീകരിച്ചില്ലെങ്കില് എന്ത് ചെയ്യും? ഫയല് ഇറ്റ് ആന്റ് ഫോര്ഗറ്റ് ഇറ്റ് എന്നെല്ലാം ഗുരുക്കന്മാര് പറഞ്ഞിട്ടുണ്ടാകാം. അങ്ങനെ മറക്കുകയൊന്നും വേണ്ട. സറ്റോറിയെക്കൊണ്ട് പല പ്രയോജനം ഉണ്ടാകും. ഇന്ന് ഒരു രൂപത്തില് പ്രസിദ്ധീകരിക്കാത്ത സ്‌റ്റോറി നാളെ വേറൊരു രൂപത്തില് വെളിച്ചം കാണാക്കാനായേക്കും. അല്ലാതെ ജോലിവിട്ട് പോകാന് ഒരു പ്രായത്തില് നിങ്ങള്ക്ക് തോന്നും, എനിക്ക് തോന്നുകയില്ല. ജേണലിസം വിപ്ലവപ്രവര്ത്തനമല്ല, നമ്മളാരും ചെഗുവേരമാരും അല്ല. ഒരു രാജ്യത്തെ മന്ത്രിയായിരിക്കെ മറ്റൊരു രാജ്യത്ത് പോയി വെടിവെക്കാന് നമ്മളെകൊണ്ട് പറ്റില്ല. നമ്മള് പ്രായാഗികബുദ്ധികളായിരിക്കണം.

നിങ്ങള് ജേണലിസത്തിലേക്ക് വരുമ്പോള് നിങ്ങള്ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെതായ ഒരു ഇന്റിമസി ഉണ്ടാവും. നിങ്ങള്ക്ക് പറ്റാത്ത വാര്ത്ത നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ജേര്ണലിസ്റ്റിനോട് പറഞ്ഞുകോടുത്തിട്ട് അങ്ങ് മാറുക. പലര്ക്കും പറ്റുന്നതെന്തെന്നറിയാമോ? ബൈലൈനും വരണം വാര്ത്തയും വരണം. എഡിറ്റര് സമ്മതിക്കുന്നില്ല. ഒന്ന് സമ്മതിക്കുന്നില്ല, രണ്ട് സമ്മതിക്കുന്നില്ല , മൂന്ന് സമ്മതിക്കുന്നില്ല. വരാത്ത കാര്യങ്ങള് മറന്നേക്കണം. ചില വാര്ത്തകള് ചിലര്‌ക്കെതിരെ വരില്ല. 

നാഷണല് ചാനലുകളില് അര്ണവ് ഗോസ്വാമി, രാജീവ് സര്‌ദേശായി , ബര്ക്കാദത്ത ഒക്കെ ഈയിടെ 18 പേജുള്ള ഒരു രേഖയും ആട്ടിയാട്ടി സംസാരിക്കുന്നത് കണ്ടിരിക്കുമല്ലോ. ബംഗാള് ചിറ്റ് ഫണ്ട് ചീഫ് എഴുതിയ ഒരു ലെറ്റര്, 18 പേജ് എന്റെ കയ്യിലുണ്ട് എന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. 18 പേജ് ഇവര് കയ്യില് വെച്ചിട്ട് പത്താ മത്തെ പേജില് ഒരു സാധനം ആരും വായിച്ചില്ല. നളിനി ചിദംബരത്തിന് കൊടുത്ത പൈസ കിടക്കുന്നത് അവിടെയാണ്. ചിദംബരത്തിന്റെ ഭാര്യക്ക് 42 കോടി കൊടുത്തു എന്ന്. പതിനഞ്ചാമത്തെ പേജില് കൊടുത്തിരിക്കുന്നത് 

പ്രണബ് മുഖര്ജിക്ക് കൊടുത്തതിന്റെ കഥയാണ്. പ്രണബ് മുഖര്ജിയുടെ അനുയായികള് എന്ന് പറയപ്പെടുന്ന രണ്ട് അഗര്വാളിനും ഈസ്റ്റ് ബംഗാള് ഫുട്‌ബോള് ക്ലബിനകത്തുവെച്ച് പൈസ ഞാന് മാസാമാസം എണ്ണിക്കൊടുക്കുകയായിരുന്നു എന്നാണ് അവര് അതില് എഴുതിയിരിക്കുന്നത്. ആരും ചിദംബരത്തിന്റെ പേര് പറയുന്നില്ല. അങ്ങനെയാവുമ്പോള് ചില പത്രക്കാര് വേറൊരു വഴി നോക്കി. ചിലപ്പോള് ഇത് ജേര്ണലിസം മാത്രമല്ല. ചില സമയത്ത് രാഷ്ട്രീയക്കാരെയും പാര്ട്ടികളെയും വിശ്വാസത്തിലെടുക്കേണ്ടിവരും. പത്രത്തില് വരാത്തത് പാര്‌ലമെന്റില് വരുത്താം. പാര്‌ലമെന്റില് പറയാന് പറ്റാത്തത് ചിലപ്പോള് അവര് നമുക്കും തന്നെന്നിരിക്കും. 'എഴുതാവുന്നിടത്തോളം എഴുതിക്കോ, ബാക്കി എഴുതാന് പറ്റാത്തത് എന്റെ കയ്യില് തന്നോ, ഞാന് പാര്‌ലമെന്റില് പറയാം' എന്ന് എം.പി. പറയും. കാരണം പാര്‌ലമെന്റില് എന്തും വിളിച്ചുപറയാം. പ്രിവിലേജ് എന്ന ഒന്നുണ്ട്. എന്തുപറഞ്ഞാലും ജയിലില് പോകേണ്ടി വരില്ല. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് നമ്മള് ചിലപ്പോഴെല്ലാം ഇങ്ങനെ ചെയ്യുന്നത്. രാഷ്ട്രീയം കളിക്കാനല്ല. ചില ഒറ്റയാന്മാര് ഉണ്ടാകും. ആര്ക്കും വേണ്ടാത്ത ഈ ഒറ്റയാന്മാരെ കൊണ്ടേ പല കാര്യങ്ങളും നടക്കൂ. പാര്‌ലമെന്റില് അവര് വായന തുടങ്ങും, പിന്നെ നമുക്ക് റിപ്പോര്ട്ട് ചെയ്യാം. പാര്‌ലമെന്റില് ഇങ്ങനെ ആരോപിച്ചു എന്നെഴുതാം.    

വഴി തെറ്റലുകള്

അബദ്ധങ്ങള് സംഭവിക്കാനും വഴി തെറ്റാനും ഒക്കെ സാധ്യതകള് ഏറെയാണെന്നതും ഇന്വെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ മറ്റൊരു വശമാണ്. അപകടങ്ങളിലൊന്ന് െ്രെകം റിപ്പോര്ട്ടിംഗ് ചെയ്യുന്നവര്ക്ക് കുറെ കഴിയുമ്പോള് കാക്കിയോട് ആരാധന തോന്നും എന്നതാണ്. വാര്ത്തയേക്കാളും രസം സര്ക്കിള് ഇന്‌സ്‌പെക്ടറുടെ കമ്പനിയാകാനായിരിക്കും. അങ്ങനെ വന്നു കഴിയുമ്പോള് സര്ക്കിള് ഇന്‌സ്‌പെക്ടറും വാര്ത്തയില് കയറാന് തുടങ്ങും. പോലീസ് വലയത്തില് നിങ്ങള് വീണു കഴിഞ്ഞാല് പിന്നങ്ങോട്ട് നിങ്ങളെ പോലീസ് നീരാളി പിടിക്കുന്നത് പോലെ പിടിക്കും. ഒരു തവണ എന്തിലെങ്കിലും വഴങ്ങിയാല് വെറുതെ വിടില്ല. പിന്നെ അയാള് പറയുന്ന ആളുകളുടെ പിറകെ പോകേണ്ടി വരും. 

ജേണലിസത്തിന്റെ മറ്റൊരു അപചയത്തിന്റെ ഉദാഹരണമാണ് ആരുഷി കേസ്. ഒരു വീടിന്നകത്ത് നാലുപേര്. അച്ഛന്, അമ്മ, ജോലിക്കാരന്, മകള്. വേലക്കാരനും മകളും കൊല്ലപ്പെട്ടു. ലോക്കല് പോലീസ് അച്ഛന് രാജേഷ് തല്വാറിനെ അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ പ്രസ്സ് കോണ്ഫറന്‌സില് ഒരു ഉദ്യോഗസ്ഥന് എന്തോ അശ്ലീലമായ കൈയാംഗ്യം കാണിച്ചു എന്നാരോപിച്ച് റിപ്പോര്ട്ടര്മാര് ബഹളമുണ്ടാക്കി. പിന്നെ എല്ലാവരും വിചാരണ തുടങ്ങി. അച്ഛനേയും അമ്മയേയും നിരപരാധികളാക്കി മാറ്റി. വഴിയെ കിടക്കുന്ന മൂന്ന് ഗൂര്ഖകളെ പിടിച്ച് അകത്തിട്ടു. എന്ത് കൊണ്ടാണ് രാജേഷ് തല്വാറിന് വേണ്ടി ജേണലിസ്റ്റുകള് ചാടിയത്? രാജേഷ് തല്വാര് ഇന്ത്യയിലെ ഏറ്റവും വലിയ ഓര്‌ത്തോഡോന്റിസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആണ്. ഒരു വിധപ്പെട്ട ജേണലിസ്റ്റുകളുടെയും ആങ്കര്മ്മാരുടെയും മുഖം സുന്ദരമാക്കി വെക്കുന്നത് ഈ ഓര്‌ത്തോഡോന്റിസ്റ്റാണ്. ഈ പ്രശ്‌നത്തില് നിന്നാണ് ഡോക്ടറെ സഹായിക്കാന് ജേണലിസ്റ്റുകള് ഇറങ്ങിയത്. പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള ഇത്തരം പ്രവണതകള് ജേണലിസത്തിന് ഏറെ ദോഷം ചെയ്യും.

പല അബദ്ധങ്ങളിലും റിപ്പോര്ട്ടര്മാരെ കൊണ്ടു ചാടിക്കുന്നത് അശ്രദ്ധയാണ്. പലപ്പോഴും കോടതി വിധികള് പോലും മുഴുവന് വായിക്കാതെ റിപ്പോര്‌ട്ടെഴുതും. അത് അബദ്ധമായിത്തീരും. മൃത്യുഞ്ജയ ദാസ് എന്നൊരാള് പ്രതിയായ ഒരു കൊലക്കേസ്സിന്റെ വിധി ഇതുപോലെയാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ആള് കൊടുത്ത ദയാഹരജിയില് രാഷ്ട്രപതി നല്കിയ ശിക്ഷയിളവ് ഹോം മിനിസ്ട്രി ശ്രദ്ധിക്കാതെ കിടന്നുപോവുകയും പിന്നീട് എടുത്ത് രണ്ടാമതൊരു പ്രസിഡന്റിന് അയച്ചുകൊടുക്കുകയുമാണ് ചെയ്തത്. ഇത് തള്ളപ്പെട്ടു. കോടതിയില് പിന്നീട് ഇത് വന്നപ്പോള് കോടതി മുഴുവന് ഫയലും സൂക്ഷ്മമായി പഠിച്ച് വിധി പറഞ്ഞു. ഒരു രാഷ്ട്രപതി നല്കിയ ശിക്ഷയിളവിന്മേല് പിന്നെ ആര്ക്കാണ് രണ്ടാം വട്ട പരിശോധന നടത്താന് അധികാരം? കോടതി ഇത് ചൂണ്ടിക്കാട്ടി. വിധിയിലെ ഏറ്റവും കാതലായ ഈ ഭാഗം ശ്രദ്ധിക്കാതെ ചാനലുകള് രാവിലെ മുതല് കോടതി വധശിക്ഷ റദ്ദാക്കി എന്ന് വാര്ത്ത കൊടുക്കാന് തുടങ്ങി. പിന്നെ നിര്ത്താതെ ചര്ച്ചയും നടത്തി. ജേണലിസത്തിലെ ബാലപാഠങ്ങള് മറന്നുപോയതുകൊണ്ടാണ് ഇത് സംഭവിച്ചത്. കണ്ണും കാതും തുറന്നുവെച്ചുവേണം എല്ലാം അറിയാനും റിപ്പോര്ട്ട്‌ചെയ്യാനും.

ഗവണ്മെന്റ് ലൈസ്

ജേണലിസം കോഴ്‌സ് കഴിയുമ്പോള് ബ്രിട്ടീഷ് അമേരിക്കന് കോളേജുകളില് പറയുന്ന ഒരു കാര്യമുണ്ട്. ജേണലിസ്റ്റ് ആവുന്നുണ്ടെങ്കില് രണ്ട് വാക്ക് ജീവിതത്തില് ഓര്മിച്ചിരിക്കണം. 'ഗവണ്മെന്റ് ലൈസ'. സര്ക്കാര് കള്ളം പറയും. ഐ.എം.സ്‌റ്റോണ് എന്ന അമേരിക്കയിലെ ഒരു വിമത ജേണലിസ്റ്റിന്റെ കണ്‌സെപ്റ്റ് ആണത്. അദ്ദേഹം ഒരു പുസ്തകം പിന്നീട് എഴുതി ആള് ഗവണ്മന്റ് ലൈസ്. ഇത് മനസ്സിലാക്കിയിരിക്കണം. ഇത് മനസ്സിലാക്കിയില്ലെങ്കില് നിങ്ങള് ചെയ്യുന്നത് പബ്ലിക് റിലേഷന്‌സ് ആയിപ്പോകും. പത്രക്കുറിപ്പുകളില് പലതും വരും. അതല്ല വാര്ത്ത. അവ  വായിച്ചിരിക്കണം. ഓര്ത്തിരിക്കണം. 

 

Share