Articles Articles Details

അടിയന്തരാവസ്ഥ കഴിഞ്ഞതും നടപ്പിലുള്ളതും വരാനിരിക്കുന്നതും

Author : കെ. രാജഗോപാല്‍

calender 25-05-2022

 

...വര്‍ത്തമാനം വിളിച്ചുകൂവും

ചെക്കന്റെ നാവരിഞ്ഞു

ചുമരിലെല്ലാം കരിവരക്കും

കരുമാടീനാവരിഞ്ഞു

ചെളികിളച്ചു പൂവിരിച്ച

പുലയന്റെ നാവരിഞ്ഞു

നാവുമരം, കെ. സച്ചിദാനന്ദന്‍, വിവേകോദയം, 

1976 മാര്‍ച്ച് 14.

The state is the culmination of a process of concentration of different species of capital: capital of physical force or instruments of coercion (army, police), economic capital, cultural or (better) informational capital and symbolic capital. 

- Alain Badiou

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രം പൊതുവെ പകുക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് മുന്‍പും, അടിയന്തരാവസ്ഥയ്ക്കു ശേഷവും എന്ന രീതിയിലാണ.് ഇവിടെ നിരവധി മുന്നറിവുകള്‍ കല്പിതമാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രൂപംകൊണ്ട, രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നു പൂര്‍ത്തീകരിക്കാന്‍ ആരംഭിച്ച, ദേശരാഷ്ട്ര സങ്കല്‍പ്പമാണ് ഇതില്‍ പ്രധാനം. വളരെ ലളിതമാക്കി പറഞ്ഞാല്‍, അതിര്‍ത്തി നിശ്ചിതമായ, നിയത അധികാര രൂപങ്ങള്‍ വഴി നിയന്ത്രിക്കപ്പെടുന്ന, ദേശരാഷ്ട്രത്തില്‍ പരമാധികാര (റിപ്പബ്ലിക്) സ്വഭാവമുള്ള ഭരണസംവിധാനങ്ങള്‍ നമ്മള്‍ ആരോപിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ലോക രാഷ്ട്രീയ അവസ്ഥയില്‍ നിരവധി ''രാഷ്ട്ര'' രൂപീകരണങ്ങളും, തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവയ്ക്ക് അധികാരങ്ങള്‍ കൈമാറലും നടന്നു. പ്രാതിനിധ്യ ജനാധിപത്യ സംവിധാനമാണ് ചില രാഷ്ട്രങ്ങളെങ്കിലും രാഷ്ട്രീയ സംവിധാനമായി സ്വീകരിച്ചത്. ''നിര്‍മ്മിത രാഷ്ട്രങ്ങള്‍ക്ക്'' യോജിച്ച സംവിധാനവും അതായിരുന്നു. അത്തരം രാഷ്ട്രീയ സംവിധാനത്തില്‍ തിരിച്ചറിവുള്ള, സ്വയം നിര്‍ണ്ണയ സാധ്യതയുള്ള പൗരന്‍ കൂടി ഉള്‍ക്കൊള്ളുന്നു. (പക്ഷെ അതിനുള്ള പശ്ചാത്തലം അവികസിത കോളനികളില്‍ ഉണ്ടായിരുന്നില്ല.) ഇന്ത്യ സ്വീകരിച്ചതും അതുതന്നെ. ഇന്ത്യ എന്ന വിപുലരാഷ്ട്ര ആഖ്യാനവും മൂര്‍ത്തരൂപത്തില്‍ വരുന്നത് സ്വാതന്ത്ര്യ സമര കാലഘട്ടം എന്നു നമ്മള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന സംഭവം ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ഇടയ്ക്കുള്ള സമയം തന്നെയാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം കടക്കെണിയില്‍പ്പെട്ട ബ്രിട്ടന്‍ കോളനികളെ കടുത്ത ചൂഷണത്തിനുവിധേയമാക്കി. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ കോളനികളിലെ ഭരണം നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് ബ്രിട്ടന്‍ എത്തി. സൈനികശേഷി ഉപയോഗിച്ച് കോളനികളെ നിലനിര്‍ത്താന്‍ വേണ്ട വിഭവശേഷി അവര്‍ക്കുണ്ടായിരുന്നില്ല. കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുടെ പരിമിതി തന്നെയായിരുന്നു കോളനികളെ നിലനിര്‍ത്താന്‍ കഴിയാതെ വന്നതില്‍ പ്രധാനമായ ഒരു കാര്യം. കോളനികള്‍ എന്ന യൂറോപ്യന്‍ ആഖ്യാനത്തിനു വലിയ പ്രതിസന്ധി നേരിട്ടു. കോളനികള്‍ അവരുടെ സ്വന്തം ആഖ്യാനങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള കഴിവ് പരിമിതമായെങ്കിലും ആര്‍ജ്ജിക്കുകയും ചെയ്തു.

ഇന്ത്യ എന്ന മഹാ ആഖ്യാനരൂപം ഉണ്ടാക്കിയെടുക്കാന്‍ അന്നു സാധ്യമായ ആധുനിക മാധ്യമ രൂപം അച്ചടി മാത്രമായിരുന്നു. അല്ലെങ്കില്‍, മാസ്മീഡിയ എന്ന രീതിയില്‍ പുസ്തകങ്ങളും പത്രങ്ങളും ആനുകാലികങ്ങളും മാത്രമേ ലഭ്യമായിരുന്നുള്ളൂ. (പില്‍ക്കാലത്ത് റേഡിയോയും, എണ്‍പതുകളുടെ ആദ്യ കാലം മുതല്‍ ടെലിവിഷനും ഈ ദൗത്യം നിര്‍വ്വഹിച്ചു.) രാഷ്ട്രത്തിന്റെ ബൃഹത് ആഖ്യാനങ്ങള്‍ പലതും നിര്‍വ്വഹിക്കപ്പെട്ടത് ഇതിഹാസ വ്യാഖ്യാനങ്ങളോ മിത്തുകളുടെ പുനര്‍രചനകളോ, സാഹിത്യ കലാ രചനകളോ വഴിയായിരുന്നു. മിത്തുകള്‍ മുഖ്യമായും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്തെ കേന്ദ്രീകരിച്ചുള്ളവ ആയിരുന്നതിനാല്‍ ഇന്ത്യ എന്ന സാമൂഹ്യരാഷ്ട്ര നിര്‍മ്മിതിയുടെ ആഖ്യാനവും സിന്ധു-ഗംഗാ സമതല സാംസ്‌കാരിക മേഖലയില്‍ ഊന്നിക്കൊണ്ടുള്ളതായി. കാശ്മീരും, വടക്കു-കിഴക്കുള്ള ഭൂപ്രദേശങ്ങളും, ദക്ഷിണേന്ത്യയും വിശാല ഇന്ത്യ വ്യാഖ്യാനത്തില്‍ ഓരങ്ങളിലേക്ക് ഒതുങ്ങി. അവിടങ്ങളിലെ സാംസ്‌കാരിക ഭൂമിക പരിഗണിക്കപ്പെട്ടതേയില്ല.

ആധുനിക ഇന്ത്യ എന്ന നിര്‍മ്മിതിയുടെ മുഖ്യ വ്യാഖ്യാനങ്ങളായ ഇന്ത്യയെ കണ്ടെത്തല്‍, ലോക സംസ്‌കാര ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം തുടങ്ങിയ നെഹ്‌റു രചനകളും, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ വടക്കേ ഇന്ത്യ സംസ്‌കൃതി കേന്ദ്രീകരിച്ചുള്ള വ്യാഖ്യാനങ്ങളും എഴുത്തുകളും മുഖ്യധാര എന്നു വിശേഷിപ്പിക്കപ്പെട്ട ''ഹിന്ദു'' മിത്തുകളെയും, ചിന്താധാരകളെയും അടിസ്ഥാനമാക്കിത്തന്നെ ആയിരുന്നു. മറ്റ് ''സ്വാതന്ത്ര്യസമര നേതാക്കളു''ടെ രചനകളും അതുതന്നെ പിന്തുടര്‍ന്നു. സാംസ്‌കാരികമായും രാഷ്ട്രീയമായും കാശ്മീരും, വടക്കുകിഴക്കുള്ള ഭൂപ്രദേശങ്ങളും, ദക്ഷിണേന്ത്യയും അങ്ങനെ കോളനികളാവുകയാണ് ഉണ്ടായത്. ''സ്വതന്ത്രഭാരതം'' ഈ പ്രദേശങ്ങളെ പിടിച്ചെടുത്തു ''മുഖ്യ'' ഭൂപ്രദേശത്തോടു കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത് എന്നു സ്വാതന്ത്ര്യശേഷമുള്ള ഭൂനിര്‍മ്മിതിയെക്കുറിച്ചു സൂക്ഷ്മമായി വിശകലനം ചെയ്താല്‍ വ്യക്തമാകും. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ഇന്ത്യയുടെ സാമ്പത്തിക ചരിത്രം ഈ നിഗമനത്തിനു തെളിച്ചം നല്‍കുന്നതാണ്. 1947നു ശേഷം രൂപപ്പെട്ട ഇന്ത്യയ്ക്ക് ഏറ്റവും അധികം വിദേശനാണ്യം നേടിക്കൊടുത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയും കേരളത്തിലേയും പിന്നോക്കാവസ്ഥ ഇത്തരം ഒരു കൊളോണിയല്‍ ചൂഷണ സമ്പദ്‌വ്യവസ്ഥയുടെയും അതിനെ പിന്താങ്ങുന്ന നയങ്ങളുടെയും ഫലമായിരുന്നു. ആ നയങ്ങള്‍ സാംസ്‌കാരിക ഭൂമികയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചില പ്രത്യേക സാമ്പത്തിക ഭൂമികയുടെ ഉല്‍പ്പന്നമായിരുന്നു.

രാഷ്ട്രനിര്‍മ്മിതിയുടെ അവിഭാജ്യ ഘടകമാണ് പൗര നിര്‍മ്മിതി. രാഷ്ട്രനിര്‍മ്മിതിയുടെ വ്യവഹാരത്തിനകത്തുതന്നെയാണ് ഇതും നടക്കുന്നത്. രാഷ്ട്രബോധത്തിന്റെ അടിസ്ഥാനമാണിത്. സ്വയം നിര്‍ണ്ണയാവകാശമുള്ള രാഷ്ട്രത്തില്‍ സ്വയം നിര്‍ണ്ണയാവകാശമുള്ള പൗരന്‍ ഉണ്ടാവണം. രാഷ്ട്രത്തിന്റെ പൊതുസ്വത്തുക്കള്‍ക്ക് അവനു തുല്യാവകാശമുണ്ട്. രാഷ്ട്രവ്യവഹാരത്തില്‍ ഏര്‍പ്പെടുന്നവനാണ് അവന്‍ എന്ന് സങ്കല്‍പ്പിക്കപ്പെടുന്നതിനാല്‍ നയരൂപീകരണത്തിലും, ഭരണനിര്‍വ്വഹണത്തിലും അവന് തുല്യാവകാശമുണ്ട്. എന്നാല്‍, ഇതെല്ലാം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നതുകൊണ്ട്, ഈ ഘടകങ്ങള്‍ ''പൗര''ന്റെശേഷിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട്, ജനാധിപത്യം പരാധീനതകള്‍ നിറഞ്ഞതാകുന്നു.

ഈ പരാധീനതകള്‍ക്ക് ആഴം കൂട്ടുന്നതാണ് രാഷ്ട്രത്തിനകത്തെ സാമ്പത്തിക വ്യവഹാരങ്ങള്‍. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍നിന്നു വ്യാവസായിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തോടൊപ്പം തന്നെ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിയത് അക്ഷരാഭ്യാസമില്ലാത്ത വലിയ വിഭാഗം ഗ്രാമീണ ജനങ്ങളെ താല്‍ക്കാലികമായി തൃപ്തിപ്പെടുത്താന്‍ മാത്രമായിരുന്നു എന്ന് ''ഫലശ്രുതി'' വ്യക്തമാക്കുന്നു. വ്യവസായങ്ങള്‍ക്ക് അടിത്തറ പാകുന്ന കാര്‍ഷികവികസനമാണ് ഒന്നാം പഞ്ചവത്സരപദ്ധതി നടപ്പാക്കിയത്. ആസൂത്രണം നിര്‍മ്മിതരാഷ്ട്രത്തെ മൊത്തത്തില്‍ കണക്കിലെടുക്കുന്ന കേന്ദ്രീകൃതമായ ഒന്നായതിനാല്‍ സൂക്ഷ്മതലങ്ങളില്‍ അതു നിഷ്പ്രയോജനമാകുന്നു. കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥക്കുവേണ്ട നയങ്ങള്‍ അടിച്ചേല്‍പ്പിച്ചതു മൂലം കാര്‍ഷിക-ഗ്രാമ കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥ തകരുകയും അത് അവരുടെ വിഭവ അടിത്തറയെ താറുമാറാക്കുകയും ചെയ്തു. ആറു പതിറ്റാണ്ടുകളായിട്ടും ഇക്കാര്യം സന്തുലിതമായിട്ടില്ലെന്ന് സമീപകാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വാതന്ത്ര്യസമരത്തിനു വന്‍ പിന്തുണനല്‍കിയിരുന്നത് ഇന്ത്യന്‍ വ്യവസായികള്‍ ആയിരുന്നു. കോളനി അവസ്ഥയില്‍ ആ വ്യവസായികള്‍ക്കു വളര്‍ച്ചയ്ക്കു പരിമിതികള്‍ വളരെയായിരുന്നു. സ്വതന്ത്ര പരമാധികാരകേന്ദ്രം അവരുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നതാവണം. അത്തരം ഒരു രാഷ്ട്രീയ സംവിധാനം ഒരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കാര്‍ഷിക വ്യവസ്ഥയുടെ വ്യവസായവല്‍ക്കരണം സാധാരണ കര്‍ഷകന് അന്യമായിരുന്നു. ഭക്ഷ്യോല്‍പ്പാദനത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൃഷി ഭൂമിയുടെ വര്‍ധന എന്ന സങ്കല്‍പ്പത്തിലേക്കു നയിച്ചു. വെറും സാമാന്യ ജ്ഞാനം. കൃഷിഭൂമിയുടെ വ്യാപ്തി വര്‍ധിപ്പിച്ചത് കാടും കായലും മറ്റു പൊതു ഇടങ്ങളും കയ്യേറിയും സ്വകാര്യവല്‍ക്കരിച്ചും ആയിരുന്നു. അതു ഭൂമി കൈവശംവെക്കാതെ കൃഷി ചെയ്തിരുന്ന, ജീവിതവൃത്തി നിര്‍വ്വഹിച്ചിരുന്ന പലര്‍ക്കും തൊഴില്‍ ഇല്ലാതാക്കുന്ന അവസ്ഥയില്‍ എത്തിച്ചു. ഇംഗ്ലണ്ടില്‍ വ്യവസായവിപ്ലവകാലത്തെ അതേ അവസ്ഥയില്‍ ആയിത്തീര്‍ന്നു ഇന്ത്യയുടെ സമ്പദ്ഘടനാവസ്ഥ. നഗരങ്ങളിലേക്കു കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ ലഭ്യമാക്കുന്ന രാഷ്ട്രീയ സംവിധാനം അങ്ങനെ ഒരുക്കപ്പെട്ടു.

ബ്രിട്ടീഷ് കൊളോണിയല്‍ സംവിധാനത്തിന്റെ കേന്ദ്രം ഇംഗ്ലണ്ടായതിനാല്‍ വിഭവ ചൂഷണത്തിന്റെ സൗകര്യമാണ് അവര്‍ പ്രധാനമായും പരിഗണിച്ചത്. അതിനാല്‍ തുറമുഖ നഗരങ്ങള്‍ പരിഗണിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര കാലത്ത് (മദിരാശി ഒഴിവാക്കിയാല്‍) നഗരവല്‍ക്കരണം അതിവേഗം നടന്നത് ഉത്തരേന്ത്യയില്‍ ആയിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് പ്രധാന കമ്പനികളുടെ ആസ്ഥാനങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മാറ്റപ്പെട്ടു. തൊഴിലാളികളുടെ സമരങ്ങള്‍ എന്ന വ്യാജേന, വൈദ്യുതിയും വെള്ളവും നിരവധി മറ്റു പ്രകൃതിവിഭവങ്ങളും സുലഭമായി കിട്ടുന്ന, അഭ്യസ്തവിദ്യര്‍ വേണ്ടത്രയുള്ള കേരളത്തെ തഴഞ്ഞു. (പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചതു സമരങ്ങള്‍ മൂലമുള്ള കേരളത്തിലെ തൊഴില്‍ദിന നഷ്ടം മറ്റു നഗരങ്ങളിലേതിനെക്കാള്‍ വളരെ കുറവാണ് എന്നതാണ്.) തൊഴിലാളി സമരങ്ങളുടെയും നിക്ഷേപം വരാതിരിക്കുന്നതിന്റെയും പ്രധാന കാരണമായി പഴി കേട്ടത് കമ്മ്യൂണിസ്റ്റുകാരാണ്. ധാതുക്കളും മറ്റും ധാരാളമായി ലഭ്യമായിട്ടും ബീഹാര്‍, ബംഗാള്‍, ഒറീസ എന്നിവിടങ്ങളിലെ നിക്ഷേപം ധാതു ചൂഷണത്തില്‍ പരിമിതപ്പെട്ടു. ഏറ്റവും ദരിദ്രമായ പ്രദേശമായിത്തീര്‍ന്നു ഇവിടം. പ്രദേശത്തിന്റെ ഘടന, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവയായിരുന്നു വടക്കു-കിഴക്കന്‍ മേഖലകള്‍ നിക്ഷേപങ്ങള്‍ക്ക് അന്യമാവാന്‍ കാരണമെന്നു വിശദീകരണം വന്നു. കൊളോണിയല്‍ ചൂഷണ സ്വഭാവമാണ് ഇതിനു കാരണം എന്നത്, നിക്ഷേപത്തിലെ അസമത്വം എന്നത്, ആസ്ഥാന സാമ്പത്തിക വിദഗ്ധര്‍ സമര്‍ത്ഥമായി മറച്ചുവെച്ചു.

നഗരങ്ങളിലേക്കു ചേക്കേറിയവര്‍ അഭയാര്‍ത്ഥികളായി. കുടിയേറ്റ മനോനില മലയാളിക്ക് എങ്ങനെയോ സിദ്ധിച്ചതുകൊണ്ടാവാം, കേരളത്തിലെ അഭ്യസ്തവിദ്യര്‍ ആദ്യകാലത്ത് അന്യനഗരങ്ങളിലും, പിന്നീട് അന്യ രാജ്യങ്ങളിലും കുടിയേറി. അവിടെ ജോലിചെയ്തു അയയ്ക്കുന്ന പണമാണ് ഒരു പരിധിവരെ കേരളത്തിലെ നിക്ഷേപങ്ങള്‍ക്കു പിന്തുണയായത്. കേന്ദ്ര നിക്ഷേപങ്ങള്‍ വളരെ പരിമിതമായ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ''അന്യസംസ്ഥാന'' തൊഴിലാളികളായി ഇവിടെ നരകിക്കുന്നത് നമ്മുടെ കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യം മാത്രം. അസന്തുലിത നിക്ഷേപം വികസനത്തിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുന്നു. ഇത്തരം അവസ്ഥകളെ രാഷ്ട്രീയമായി മറികടക്കണമെങ്കില്‍ വിഭവങ്ങളുടെ നിക്ഷേപ വിതരണത്തില്‍ സമതുലിതാവസ്ഥ ഉണ്ടാക്കേണ്ടതുണ്ട്. സ്ഥാപിത താല്‍പര്യങ്ങള്‍ ഇതിനു താളപ്പിഴകള്‍ ഉണ്ടാക്കുന്നു. അപ്പോള്‍, അവരുടെ താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന രാഷ്ട്രീയാധികാരം മറ്റു രീതികളിലാണ് അതിനെ കൈകാര്യം ചെയ്യുന്നതും, തരണം ചെയ്യുന്നതും.

വിപുലമായ അര്‍ത്ഥത്തില്‍, ജനങ്ങളുടെ പലായനങ്ങളും കുടിയേറ്റങ്ങളും അതില്‍ ഇടപെടുന്ന രാഷ്ട്രീയവും കൂടിക്കലരുന്നതാണ് കമ്മ്യൂണിക്കേഷന്‍. വെറും രാഷ്ട്രീയമാണ് 75-ലെ അടിയന്തരാവസ്ഥയ്ക്ക് കാരണം എന്ന ലളിത സമവാക്യം തിരുത്തിയാലേ, അടിയന്തരാവസ്ഥയെ മറ്റൊരു രീതിയില്‍ കാണാന്‍ കഴിയൂ. അങ്ങനെ കാണേണ്ടത് ''വരാനിരിക്കുന്ന അടിയന്തരാവസ്ഥ''യെ തിരിച്ചറിയുന്നതിന് അനിവാര്യമാണ്.

രാഷ്ട്രനിര്‍മ്മിതിയും മാധ്യമങ്ങളും 

(അടിയന്തരാവസ്ഥയ്ക്കു മുന്‍പ്)

Nations, like narratives, lose their origins in the myths of time and only fully realize their horizons in the mind’s eye.  Such an image of the nation- or narration-might seem impossibly romantic and excessively metaphorical, but it is from those traditions of political thought and literary language that the nation emerges as a powerful historical idea in the west.  An idea whose cultural compulsion lies in the impossible unity of the nation as a symbolic force.

- Homi J Bhabha

ഉത്തരവാദിത്തമുള്ള പൗരനും അവനാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ അടങ്ങിയ ഭരണസംവിധാനവും പരമാധികാരമുള്ള രാഷ്ട്രവും അവരുടെ വ്യവഹാര ഭാഷയില്‍ മാത്രം നിലനില്‍ക്കുന്നതാണ്. ആ വ്യവഹാര ഭാഷ ''അക്ഷരാഭ്യാസമില്ലാത്ത''വര്‍ക്ക് അന്യമാണ്. അച്ചടി മാധ്യമങ്ങളുടെ സ്വാധീനം അക്ഷരാഭ്യാസമില്ലാത്ത സാധാരണ ജനങ്ങളില്‍ ഏശുന്നില്ല. അതിനാല്‍ തന്നെ സാഹിത്യം വഴിയും പുസ്തകങ്ങള്‍ വഴിയും പത്രങ്ങളും ആനുകാലികങ്ങള്‍ വഴിയുമുള്ള രാഷ്ട്രനിര്‍മ്മിതിയെക്കാള്‍ സാധാരണക്കാരനെ സ്വാധീനിക്കുക ഐതിഹ്യങ്ങള്‍, പഴങ്കഥകള്‍, പുരാണം, നാടോടിക്കഥകള്‍, നാടോടി കലാരൂപങ്ങള്‍ എന്നിവയാണ്. ജനമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കാലാനുസൃതമായി പുനഃസൃഷ്ടിക്കുക, അതിന്റെ അടിത്തറയില്‍ പുതിയ മിത്തുകള്‍ സൃഷ്ടിക്കുക എന്നിവയാണ് അക്ഷരാഭ്യാസമില്ലാത്തവരുടെ എണ്ണം ഭൂരിപക്ഷം വരുന്ന സംസ്‌കൃതിയില്‍ പ്രായോഗികമാവുക. രാഷ്ട്രം എന്ന നിര്‍മ്മിതിയെ പോഷിപ്പിക്കാന്‍ ഇവ പ്രധാനമാണ്. എങ്കിലും, അവരുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ആ രാഷ്ട്രത്തിന്റെ ''രാഷ്ട്രീയ താല്‍പര്യ''മാക്കാന്‍ അവര്‍ക്കു കഴിവില്ല. അവിടെ ''സാക്ഷരരായ'' ചിലര്‍ നയങ്ങളും കാര്യങ്ങളും തീരുമാനിക്കുന്നു. അക്ഷരാഭ്യാസമില്ലാത്തവര്‍ക്കും രാഷ്ട്രീയ സാക്ഷരത ഉണ്ടാവാം. അതു മിക്കപ്പോഴും ഗ്രാമതലത്തില്‍ ഒതുങ്ങും. അക്ഷരങ്ങളാണ് മുഖ്യമായും ആധുനിക രാഷ്ട്രവ്യവഹാരത്തിന്റെ അടിസ്ഥാനം എന്നതിനാല്‍ അക്ഷരജ്ഞാനം പൗരനു പ്രധാനമാവുന്നു. അക്ഷരജ്ഞാനം ഉണ്ടായതുകൊണ്ട് രാഷ്ട്രീയ സാക്ഷരത ഉണ്ടായിക്കൊള്ളണം എന്നുമില്ല.

രാഷ്ട്രനിര്‍മ്മിതിയുടെ ഈ പശ്ചാത്തലം പരിഗണിച്ചുവേണം വിവര വിതരണ മേഖലയില്‍ അടിയന്തരാവസ്ഥക്കാലത്ത് വരുത്തിയ തടസ്സങ്ങള്‍ എന്തുകൊണ്ടാണ് പ്രധാനമാവുന്നത് എന്നു വിലയിരുത്താന്‍. അടിയന്തരാവസ്ഥക്കാലത്ത് വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ നിശബ്ദമാക്കി എന്നതാണല്ലോ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഈ മാധ്യമങ്ങള്‍ മുഖ്യമായും അച്ചടി മാധ്യമങ്ങള്‍ ആയിരുന്നു. (റേഡിയോ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആണ്. അത് അങ്ങനെ നിലനിര്‍ത്തേണ്ടത് ''അക്കാലത്തെ രാഷ്ട്ര'' നിര്‍മ്മിതിക്ക് അനിവാര്യമായിരുന്നു.) അടിസ്ഥാന അക്ഷരജ്ഞാനം ഈ വ്യവഹാരത്തിനു നിര്‍ബന്ധമാണ്. അതുകൊണ്ട് പൊതു മാധ്യമങ്ങള്‍വഴി വിവരങ്ങള്‍ ഗ്രഹിച്ചിരുന്നത് ന്യൂനപക്ഷം മാത്രമായിരുന്നുവെന്നു അക്ഷരാഭ്യാസമുള്ളവരെക്കുറിച്ചുള്ള അക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. മിക്കവാറും പേര്‍ അക്ഷരജ്ഞാനം ഇല്ലാത്തവരോ, നാമമാത്രമായി മാത്രം അക്ഷരജ്ഞാനം ഉണ്ടായിരുന്നവരോ ആയിരുന്നു എന്നു കാണാം. രാഷ്ട്രവ്യവഹാരത്തില്‍ പങ്കെടുക്കാനുള്ള വ്യവഹാര ഭാഷയുമായി ഇന്ത്യയിലെ മഹാഭൂരിപക്ഷം ''പൗരന്മാര്‍ക്കും'' ബന്ധമുണ്ടായിരുന്നില്ല. രാഷ്ട്രത്തില്‍ പൗരന്‍ വെറും വ്യക്തി മാത്രമല്ല, രാഷ്ട്രവ്യവഹാരങ്ങളില്‍ ഇടപെടുന്നവന്‍ കൂടിയാണ്. രാഷ്ട്രീയ വ്യവഹാരത്തിനകത്താണ് ആശയവിനിമയങ്ങള്‍ നടക്കുന്നത്. വ്യവഹാരങ്ങളുടെ ഘടന അതിനാല്‍ പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപപ്പെട്ട രാഷ്ട്രരൂപം അറുപതുകളില്‍ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. അതിര്‍ത്തിയുടെ പേരില്‍ അറുപതുകളുടെ ആദ്യത്തില്‍ ചൈനയുമായി നടന്ന യുദ്ധം, അറുപതുകളുടെ തന്നെ മധ്യത്തില്‍ അതേ പേരില്‍ പാക്കിസ്ഥാനുമായി നടത്തിയ യുദ്ധം, എഴുപതുകളുടെ തുടക്കത്തില്‍ പാക്കിസ്ഥാനില്‍നിന്നു കിഴക്കന്‍ ബംഗാളിനെ വേര്‍പ്പെടുത്തി ബംഗ്ലാദേശ് രൂപീകരണത്തില്‍ കലാശിച്ച യുദ്ധം എന്നിവ. പക്ഷെ, നാല്‍പതുകളുടെയും അമ്പതുകളുടെയും രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടുള്ളതായിരുന്നു. 

അതിര്‍ത്തി പോലെത്തന്നെ പ്രധാനമാണ് അക്കാലത്തെ രാഷ്ട്രനിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത. ഭക്ഷണമാണ് അതില്‍ പ്രധാനം. അടിസ്ഥാനപരമായി കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാതെ വ്യവസായ വളര്‍ച്ചയോ വികസനമോ സാധ്യമല്ല. അതുകൊണ്ടാവണം അക്കാലത്ത് ''ജയ് ജവാന്‍, ജയ് കിസാന്‍'' മുദ്രാവാക്യം രാഷ്ട്ര ഏകോപനം എന്ന രൂപത്തില്‍ ഉണ്ടായത്. ഓരോ കാലത്ത് ഉണ്ടാക്കപ്പെടുന്ന ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ അക്കാലത്തെ വ്യവഹാരങ്ങളുടെ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അവ ചില പ്രത്യേക രാഷ്ട്രീയ ആശയങ്ങളെ പ്രതിഫലിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അക്ഷരജ്ഞാനം പോലും ഇല്ലാത്ത സമൂഹത്തില്‍ അവയുടെ സ്വാധീനം വളരെ വലുതാണ്.

ജനാധിപത്യരാഷ്ട്രത്തില്‍ വിഭവ സമാഹരണവും വിതരണവും സങ്കീര്‍ണ പ്രക്രിയയാണ്. രാഷ്ട്രനിര്‍വ്വചനത്തോടൊപ്പം അതും പ്രധാനമാണ്. ''ആ രാഷ്ട്രത്തില്‍'' ദേശീയ മുതലാളിത്തത്തെ നിര്‍മ്മിക്കേണ്ടത് വിഭവ സമാഹരണത്തില്‍ പ്രധാനമാണ് എങ്കിലും, അത് വിതരണത്തെ ഗുരുതരമായവിധം ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ പരിഹരിക്കേണ്ടത് രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടി വരും. അവിടെ ബലപരീക്ഷണങ്ങള്‍ സ്വാഭാവികം. വ്യവസായങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ കയ്യാളിയിരുന്ന ''ദേശീയ മുതലാളി''യുടെ താല്‍പര്യങ്ങളും ''ആ രാഷ്ട്രത്തിന്റെ'' താല്‍പര്യങ്ങളും വിരുദ്ധ ദിശകളിലേക്ക് നീങ്ങി. രണ്ട് യുദ്ധങ്ങളുടെയും തളര്‍ച്ചയും, യുദ്ധാവസ്ഥയുടെ നിഴലും വിഭവ സമാഹരണ-വിതരണ പ്രതിസന്ധികളും നിലനിന്നിരുന്ന രാജ്യമാണ് ഇന്ദിരാഗാന്ധിക്ക് ഭരണത്തിനായി ലഭിച്ചത്. ''നെഹ്രുവിയന്‍'' രാഷ്ട്രത്തിനെ അതിന്റെ പ്രതികൂല രാഷ്ട്രീയാവസ്ഥയില്‍ കണ്ടുനടക്കുക കനത്ത വെല്ലുവിളി തന്നെയാണല്ലോ. ഭരണഘടനയുടെ ചട്ടക്കൂടിനപ്പുറത്തേക്ക് വ്യാപിച്ച താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം നടത്തുന്ന ഇവരുടെ കൈവശം സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കഴിയുംവിധത്തില്‍ നിയന്ത്രിക്കാവുന്ന വിഭവങ്ങള്‍ (ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയവ) ഉണ്ടായിരുന്നു. അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നെഹ്രുവിയന്‍ രാഷ്ട്ര രീതിയില്‍ ബാങ്ക് ദേശസാല്‍ക്കരണമടക്കം നടപടികള്‍ വേണ്ടിവന്നു. വിദേശ മൂലധനം (അന്ന് ഐ.എം.എഫും ലോക ബാങ്കും ആയിരുന്നു നിക്ഷേപം നടത്തിയിരുന്നവര്‍) ശേഖരിച്ച് തങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കണം എന്ന സമ്മര്‍ദ്ദത്തിന് അവര്‍ വിധേയമായില്ല. അധികാരം നിലനിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ രീതികള്‍ അന്‍പതുകളിലെ രാഷ്ട്രസങ്കല്‍പ്പത്തിന് അനുസൃതമായിരുന്നു. അതിനെ തോല്‍പ്പിക്കേണ്ടത് ദേശീയ മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ആവശ്യകതയായി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇതിനകം തന്നെ ''രാഷ്ട്ര സങ്കല്‍പ്പധ്രുവീകരണം'' സംഭവിച്ചിരുന്നു. ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് നെഹ്രുവിയന്‍ രാഷ്ട്രം അങ്ങനെ കുറച്ചു കാലത്തേക്ക് അവധിയില്‍ പ്രവേശിച്ചു. 

 ലോക മുതലാളിത്തത്തിന്റെ നിബന്ധനകളുടെ തലത്തിലേക്ക് ദേശീയ മുതലാളിത്തത്തിന്റെ നീക്കുപോക്കുകള്‍ സാധ്യമായില്ല. ആ പാളിച്ചകള്‍ ദേശീയ മുതലാളിത്തത്തിന് തിരിച്ചടിയായി. നെഹ്രുവിയന്‍ രാഷ്ട്രത്തിലേക്ക് തിരിച്ചുപോക്കിനുള്ള അനുമതിയായി ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തി. ഇന്ത്യയുടെ എതിര്‍ രാഷ്ട്ര നിര്‍മ്മിതിയായി വളര്‍ത്തിയെടുക്കപ്പെട്ട പാക്കിസ്ഥാന്റെ അഭ്യന്തര കലാപത്തില്‍ ഇടപെട്ട് (ശത്രു രാജ്യം ഇല്ലാതെ സ്വന്തം രാജ്യം ഉണ്ടാവുന്നില്ല). അതിനെ രണ്ടാക്കി പകുത്ത് (ശത്രുവിനെ ദുര്‍ബ്ബലമാക്കി) അവര്‍ അന്‍പതുകളിലെ രാഷ്ട്രസങ്കല്‍പ്പം പുനഃസ്ഥാപിച്ചു. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തവുമായി നിരന്തര സംഘര്‍ഷത്തിലായി ആ രാഷ്ട്രം. സൂക്ഷ്മതലത്തില്‍ ചില പൊരുത്തപ്പെടല്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അത് സ്തൂല തലത്തില്‍ പ്രയോഗപ്രദമായില്ല. ജപ്പാന്‍ സഹായത്തോടെ മാരുതി-സുസൂക്കി കാര്‍ (ജനങ്ങളുടെ കാര്‍, ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന രീതികളില്‍) ഉണ്ടാക്കാന്‍ സഞ്ജയ് ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ഉദാഹരണം മാത്രം. പക്ഷേ, ഇതൊന്നും ഇന്ദിരാഗാന്ധി സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ വേണ്ട പിന്‍ബലമായി ലോകമുതലാളിത്തത്തിന് തോന്നിയില്ല. ഇന്ദിരാഗാന്ധി അധികാരത്തില്‍ തുടരുന്നിടത്തോളം കാലം മുതലാളിത്തത്തിന്റെ സുരക്ഷിത വളര്‍ച്ച ബുദ്ധിമുട്ടാണ് എന്ന് അവര്‍ മനസ്സിലാക്കി. അത് അങ്ങനെതന്നെ ആവാനാണ് ഇട എന്ന സൂചനകള്‍ നെഹ്രുവിയന്‍ രാഷ്ട്രത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ അടയാളങ്ങള്‍ വഴി ഇന്ദിരാഗാന്ധി നല്‍കിക്കൊണ്ടിരുന്നു.

രാഷ്ട്ര നിര്‍മ്മിതി അടിയന്തരാവസ്ഥയില്‍

The great masses of people... will more easily fall victims to a big lie than to a small one. 

- Adolf Hitler

(അന്‍പതുകളിലെ) നെഹ്രുവിയന്‍ രാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്ന് വ്യതിചലിക്കുക ഇന്ദിരാഗാന്ധിയെ സംബന്ധിച്ച് എളുപ്പമുള്ള ഒന്നായിരുന്നില്ല. മുതലാളിത്ത രാഷ്ട്രത്തിന്റെ ദ്രവസ്വഭാവം അന്‍പതുകളിലെ രാഷ്ട്രത്തിന്റെ ഖരസ്വഭാവത്തിന് വിരുദ്ധമാണ്. അത്തരം ഒരു രാഷ്ട്രത്തെ സങ്കല്‍പ്പിക്കുന്നതിനോ, കൈകാര്യം ചെയ്യുന്നതിനോ, അവര്‍ക്കാകുമായിരുന്നോ എന്നതും സംശയമാണ്. തിരഞ്ഞെടുപ്പില്‍ ജനാധിപത്യം എന്ന് വിളിക്കുമെങ്കിലും, കേന്ദ്രീകൃത അധികാരവും പ്രവര്‍ത്തനവും നെഹ്രുവിയന്‍ രാഷ്ട്ര സങ്കല്‍പ്പത്തില്‍ അനിവാര്യമാണ്. അല്ലെങ്കില്‍ അധികാരം നിലനിര്‍ത്താനാവില്ല. ജനാധിപത്യം തിരഞ്ഞെടുപ്പില്‍ മാത്രം ഒതുക്കുന്ന രീതി. അങ്ങനെയാവണം ഇന്ദിരാഗാന്ധി ഏകാധിപത്യ പ്രവണത കാണിച്ചു തുടങ്ങുന്നത്. അധികാരം നഷ്ടപ്പെടുമോ എന്ന ഭീതി കൂടുതല്‍ ഏകാധിപത്യ പ്രവണതകളിലേക്ക് വ്യക്തിയെ നയിക്കുന്നു. ഇന്ത്യ എന്ന ആഖ്യാനത്തെ ഇന്ദിരാഗാന്ധിയിലേക്ക് ഒതുക്കിയ രീതി (ഇന്ദിരയാണ് ഇന്ത്യ) ശ്രദ്ധിക്കുക. 

നാല്‍പ്പതു വര്‍ഷത്തിനുശേഷവും അടിയന്തരാവസ്ഥയെ വളരെ വൈകാരികമായി ആണ് നമ്മള്‍ വിലയിരുത്തുന്നത്. വസ്തുനിഷ്ഠമായ ഒരു സമീപനവും വിലയിരുത്തലും അനിവാര്യമാണ്. അടിയന്തരാവസ്ഥ അനുഭവിച്ചവര്‍ക്ക് വൈകാരികമായി മാത്രമേ അതിനെ സമീപിക്കാന്‍ കഴിയൂ എന്നതില്‍ തെറ്റ് പറയാനാവില്ല. 1975 ജൂലൈ 25-ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കോടതി വിധി മാത്രമല്ല അവരെ അതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. അഹം രാഷ്ട്രമായിത്തീര്‍ന്ന (അതാണല്ലോ, ഫാസിസം എന്ന രാഷ്ട്രീയ അവസ്ഥയിലേക്ക് നയിക്കുന്നത്) അവര്‍ക്ക് അതല്ലാത്ത ഒരു തീരുമാനവും എടുക്കാന്‍ കഴിയുമായിരുന്നില്ല എന്നതാവാം യാഥാര്‍ത്ഥ്യം. 

  അടിയന്തരാവസ്ഥയില്‍ ഇരുപത്തി രണ്ട് മാസം മാത്രം നീണ്ട ആ ചെറിയ കാലയളവില്‍ നെഹ്രുവിയന്‍ രാഷ്ട്രത്തിന്റെ പുനരവതരണം വഴി ഒരു പുതിയ ആഖ്യാനം ഉണ്ടാക്കിയെടുക്കാന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞില്ല. രാഷ്ട്രത്തിന്റെ പുനരവതരണം ''ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര'' എന്ന മുദ്രാവാക്യത്തിലേക്ക് പരിമിതപ്പെട്ടത് നല്‍കിയ സന്ദേശം കൂടുതല്‍ ഫാസിസ്റ്റ് ആയ ഒരു സ്റ്റേറ്റിനെക്കുറിച്ചാണ്. സ്റ്റേറ്റ് മാധ്യമമായ ആകാശവാണി ഒഴികെ മറ്റ് മാധ്യമങ്ങള്‍ ഒന്നും ഇന്ദിരാഗാന്ധിയുടെ ചൊല്‍പ്പടിക്ക് ഉണ്ടായിരുന്നില്ല. ഭയംമൂലം ഏറെ മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും പ്രതികരിച്ചില്ല എന്നതും, അത്തരം പ്രതികരണങ്ങളെ തടഞ്ഞു എന്നതും ഗുണമാണോ ദോഷമാണോ ജനാധിപത്യത്തിന് ഉണ്ടാക്കിയത് എന്നത് ചര്‍ച്ചാവിഷയമായിത്തന്നെ തുടരുന്നു. കാരണം, അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള വിവര വിതരണം അതിന്റെ വായനക്കാരില്‍ മാത്രമേ ചെന്നെത്തൂ. ഇന്ത്യപോലെ സങ്കീര്‍ണ്ണ സാമൂഹ്യ രാഷ്ട്രീയാവസ്ഥ നിലവിലുള്ള രാജ്യത്ത് അത് പരിമിതമായി മാത്രമേ പ്രയോജനപ്പെടൂ. നേരിട്ടുള്ള അനുഭവങ്ങളില്‍ കൂടിയുള്ള വിവരങ്ങള്‍, അത് പശ്ചാത്തലമാക്കിയുള്ള കേട്ടുകേള്‍വികള്‍ എന്നിവയാണ് പ്രധാനമായും ഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചത്. മുഖ്യ പത്രങ്ങളില്‍ പലതും അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ അനുകൂല നിലപാടില്‍ ആയിരുന്നു എന്ന് ഷാ കമ്മീഷന്‍ സൂചിപ്പിക്കുന്നുണ്ട്. മധ്യവര്‍ഗ്ഗത്തിന്റെ കൈവശം വിവരങ്ങള്‍ കിട്ടിയതുകൊണ്ട് ജനാധിപത്യ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല. ജനാധിപത്യവ്യവഹാരത്തില്‍ വിവരം കിട്ടിയതുകൊണ്ട് മാത്രം പ്രയോജനമില്ല. വ്യവഹാരത്തില്‍ ഏര്‍പ്പെടുക (പ്രതികരിക്കുക) കൂടി വേണം. രാഷ്ട്ര വ്യവഹാരത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഭാഷ കൈവശം ഉള്ളവര്‍ എന്നതുകൊണ്ട് മധ്യവര്‍ഗ്ഗം കയ്യാളുന്ന അധികാരം മാത്രമാണ് നിയന്ത്രിക്കപ്പെട്ടത്. ആ നിയന്ത്രണം അവരെ ഭയപ്പെടുത്തുകയും ചെയ്തു എന്ന് അടിയന്തരാവസ്ഥക്കാലത്തെ നടപടികള്‍ വെളിപ്പെടുത്തുന്നു.

മാധ്യമ സാന്ദ്രീകൃത കേരള സമൂഹം അടിയന്തരാവസ്ഥയെ അനുകൂലിച്ച് വോട്ടു ചെയ്തത് തന്നെ ഉദാഹരണം. അനുഭവകേന്ദ്രീകൃത വിവരങ്ങളെക്കാള്‍ ഒരു പക്ഷെ കേരളസമൂഹം വിശ്വസിച്ചിരിക്കുക മാധ്യമങ്ങള്‍ നല്‍കിയ വിവരങ്ങളെയാവാം. സമൂഹത്തില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ചെലുത്തുന്ന സ്വാധീനം പഠിക്കാന്‍ പറ്റിയ ഒരു ഉദാഹരണം ആണ് ഇത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അക്ഷരാഭ്യാസനിരക്ക് കൂടുതല്‍ ആയിരുന്നല്ലോ. പത്ര വായനയും കൂടുതല്‍. 

  ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ല എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് കുല്‍ദീപ് നയ്യാര്‍ 2004 ആഗസ്റ്റ് ഇരുപത്തിമൂന്നിന് ഔട്ട്‌ലുക്ക് വാരികയില്‍ എഴുതിയ ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ കാവലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നീതി ന്യായ വ്യവസ്ഥ എന്നിവ എത്ര ദുര്‍ബ്ബലമാണ് എന്ന് തിരിച്ചറിയില്ലായിരുന്നു. അദ്ദേഹം തുടര്‍ന്ന് രേഖപ്പെടുത്തുന്നു: ഇന്ദിരാഗാന്ധി രാജിക്ക് ഒരുങ്ങിയതാണ്. അവരുടെ വിശ്വസ്തനായ കാബിനറ്റ് മന്ത്രി കമലാപതി ത്രിപാഠിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. 'അവര്‍ നിങ്ങളെ സ്ഥാനത്തുനിന്നും നീക്കിയിരിക്കുന്നു' എന്നാണ് രാജീവ്ഗാന്ധി പറഞ്ഞത്. സഞ്ജയ്ഗാന്ധി ഗുര്‍ഗാവിലുള്ള മാരുതി ഫാക്ടറിയില്‍ തിരിച്ചെത്തും വരെ തീരുമാനം പ്രഖ്യാപിക്കുന്നത് വൈകിച്ചു. സഞ്ജയ് തീരുമാനം മാറ്റുന്നതിന് അമ്മയെ നിര്‍ബന്ധിച്ചു. നിരവധി റാലികള്‍ 'സംഘടിപ്പിച്ച് ഇന്ദിരാഗാന്ധി അധികാരത്തില്‍ തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.' അടിയന്തരാവസ്ഥക്കാലത്ത് അധികാരം കയ്യാളിയിരുന്നതില്‍ പ്രമുഖന്‍ സഞ്ജയ് ഗാന്ധി ആയിരുന്നുവെന്ന് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ഭീരുത്വം തെളിഞ്ഞ സംഭവമാണ് അടിയന്തരാവസ്ഥയെന്നു കുല്‍ദീപ് നയ്യാര്‍ എഴുതി. 

രാഷ്ട്ര നിര്‍മ്മിതി അടിയന്തരാവസ്ഥയ്ക്ക് ശേഷം

As a medium, television’s work is parallel to and interlinked with that of the economy. Both disseminate information to help circulate goods as well as to socialize members of society. Television is thus active in the material and symbolic reproduction of capitalist relations.

- Aravind Rajagopal

മാധ്യമ സാന്ദ്രീകൃത സമൂഹത്തില്‍ ആയിരുന്നില്ല 1975-ലെ അടിയന്തരാവസ്ഥ. അതിനാല്‍ത്തന്നെ അന്‍പതുകളിലെ രാഷ്ട്ര സങ്കല്‍പ്പത്തെ നിലനിര്‍ത്താന്‍ അധികാരം ഉപയോഗിക്കുകയും, അഭിപ്രായങ്ങളെ അടിച്ചൊതുക്കുകയും, ഭീതി വളര്‍ത്തുകയുമാണ് ചെയ്തത്. പഴയ ആഖ്യാനത്തെ ബലപ്പെടുത്താനോ, നിലവില്‍ ആവശ്യപ്പെടുന്ന ആഖ്യാനവുമായി പൊരുത്തപ്പെടാനോ ഇന്ദിരാഗാന്ധിക്കും ആ ഭരണ സംവിധാനത്തിനും കഴിയാതെവന്നത് എഴുപത്തി ഏഴിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ കലാശിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനും ഏറെക്കാലം അധികാരത്തില്‍ തുടരാനായില്ല. 1981-ല്‍ വീണ്ടും അധികാരത്തിലെത്തിയ അവര്‍ക്ക് ദേശീയത ആഖ്യാന സങ്കീര്‍ണ്ണതകളെ അതിജീവിക്കാനായില്ല. ലോകം ഏതാണ്ട് അന്‍പതുകളുടെ ''രാഷ്ട്രത്തെ'' കൈവിട്ടിരുന്നു. ആ ''രാഷ്ട്രത്തിനു'' ബലം നല്‍കിയിരുന്ന സോവിയറ്റ് ചേരി ക്ഷയിച്ചു ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. മാധ്യമ രംഗത്തും കമ്മ്യൂണിക്കേഷന്‍ മേഖലയിലും വന്ന വന്‍മാറ്റങ്ങള്‍ എണ്‍പതുകളില്‍ ''അന്‍പതുകളിലെ രാഷ്ട്രത്തെ'' ഏതാണ്ട് മുഴുവനായിത്തന്നെ ഉരുക്കിത്തീര്‍ത്തിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ അതിന് സാക്ഷ്യമാണ്. 

  ആ അടിയന്തരാവസ്ഥ അസ്വാഭാവികവും അസാധാരണവും അതിനാല്‍ത്തന്നെ ഞെട്ടിപ്പിക്കുന്നതും ആയിരുന്നു. എന്നാല്‍ അതേ അവസ്ഥ തികച്ചും സ്വാഭാവികമായ ഒന്നായി ''ജനാധിപത്യ'' വ്യവസ്ഥയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് അനുഭവപ്പെട്ടാലോ? നമ്മള്‍ അനുഭവിക്കുന്നത് അതാണ് എന്ന് തിരിച്ചറിവ് ഇല്ലാതെ വന്നാലോ? മാധ്യമ സാന്ദ്രീകൃതമായ നിലവിലെ ജനാധിപത്യത്തില്‍ നമ്മള്‍ അനുഭവിക്കുന്നത് അത്തരം ഒരവസ്ഥയാണ്. (കക്ഷിഭേദമന്യേ) അഴിമതി ഒരു സാമൂഹ്യരീതിയായി ജനങ്ങള്‍ സ്വാംശീകരിച്ചത് നമ്മള്‍ അറിയുന്നതാണല്ലോ. ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് 'ടെലിവിഷന്‍ ബാധിത' സമൂഹത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നത് വഴിയേ കഴിയൂ. 

 

Share