Articles Articles Details

മാധ്യമങ്ങള്‍ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവും

Author : മന്ത്രി കെ.വി. തോമസ്

calender 25-05-2022

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യത്തിന് ആപത്തെന്ന് കേന്ദ്ര ഭക്ഷ്യപൊതുവിതരണമന്ത്രി പ്രൊഫ. കെ.വി.തോമസ് പറഞ്ഞു. 'കമ്പോളകാലത്തെ മാധ്യമപ്രവര്‍ത്തനം' എന്ന വിഷയത്തില്‍ കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനുള്ള പ്രതിബദ്ധത മാധ്യമങ്ങള്‍ക്കുണ്ട്. ജനങ്ങളെ വാസ്തവം അറിയിക്കേണ്ടവരാണ് മാധ്യമങ്ങള്‍. വിശ്വാസ്യത നിലനിര്‍ത്താനും വിശ്വസനീയമായ വാര്‍ത്തകള്‍ നല്‍കാനും മാധ്യമങ്ങള്‍ക്കാവണം. ഇന്ന് ഒട്ടേറെ മാധ്യമങ്ങളെ ബഹുരാഷ്ട്രകമ്പനികള്‍ നിയന്ത്രിക്കുന്നു. ഇതിനെല്ലാമുപരിയായി മാധ്യമപ്രവര്‍ത്തനം സ്വതന്ത്രമാവണം. മാധ്യമങ്ങള്‍ സ്വതന്ത്രമായില്ലെങ്കില്‍ ജനാധിപത്യസംവിധാനം തകരുമെന്നും തോമസ് പറഞ്ഞു. മാധ്യമങ്ങളില്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളില്‍ പുതിയ സ്വഭാവം പ്രടമാണെന്നും യഥാര്‍ഥവസ്തുത ജനങ്ങളെ അറിയിക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. വന്‍കിടകമ്പനികളും ബിസിനസ്സുകാരും മാധ്യമങ്ങളിലേക്ക് തങ്ങളുടെ പണം വഴിതിരിച്ചുവിടുന്നത് തടയാന്‍ നടപടിയുണ്ടാവണം. തൊഴില്‍രംഗത്തെ കരാര്‍വത്ക്കരണം മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നു. ഒട്ടേറെ യുവതീയുവാക്കള്‍ ഇന്ന് മാധ്യമരംഗത്തേക്ക് കടന്നു വരുന്നുണ്ടെങ്കിലും അവരാരും സ്വതന്ത്രരല്ലെന്നതാണ് ഇന്നത്തെ സ്ഥിതി. ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഇതൊരു ജീവനോപാധിയായി കാണുമ്പോള്‍ മാധ്യമതത്ത്വങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ചിലരെങ്കിലുമുണ്ടെന്നും കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വിനോദ് ശര്‍മ, പരന്‍ജോയ് ഗുഹ തകൂര്‍ത, സുകുമാര്‍ മുരളീധരന്‍, ഡല്‍ഹി ജേണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് എസ്.കെ. പാണ്ഡെ, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് കെ.സി. രാജഗോപാല്‍, അക്കാഡമി എക്‌സി. ബോര്‍ഡ് അംഗം എന്‍.രാജേഷ്, പ്രസ് അക്കാദമി അസി.സെക്രട്ടറി എന്‍ . പി. സന്തോഷ് എന്നിവരും സംസാരിച്ചു. സാംസ്‌കാരികമന്ത്രി കെ.സി. ജോസഫിന്റെ സന്ദേശം സെമിനാറില്‍ വായിച്ചു. 

മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമായി മാറണം:  കെ.ജയകുമാര്‍ 

ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ആശയും ആശങ്കയും അഭിലാഷങ്ങളും  പ്രതിഫലിപ്പിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് അംഗീകാരവും പ്രാധാന്യവും കൈവരുന്നതെന്നും  ജനങ്ങളുടെ ശബ്ദം സത്യസന്ധമായി കേള്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാധ്യമങ്ങളുടെ അധികാരസ്രോതസ്സ് നഷ്ടമാകുമെന്നും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു.  കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2013-14 വര്‍ഷത്തെ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം.വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവാക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു

ചടങ്ങില്‍ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി.നികേഷ്‌കുമാര്‍, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു.അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രശസ്ത നിരൂപകയും പ്രസ് അക്കാദമി ഫാക്കല്‍റ്റി അംഗവുമായ ഡോ.എം.ലീലാവതിയെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍ സ്വാഗതവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മാധ്യമങ്ങള്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി

കോട്ടയം: മാധ്യമങ്ങള്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമങ്ങളില്‍ വരുന്നതെല്ലാം വിശ്വസിക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം ഏറുന്നതായും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 51-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരള പ്രസ് അക്കാദമിയുടെ പേര് 'മീഡിയ അക്കാദമി' എന്നാക്കുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. വിവിധ യോഗങ്ങളില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, എം.പി.മാരായ ആന്റോ ആന്റണി, പി.ടി.തോമസ്, ജോയി എബ്രഹാം, എം.എല്‍.എ.മാരായ സി.എഫ്.തോമസ്, മോന്‍സ് ജോസഫ്, ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യു, കെ.സി.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി.സന്തോഷ്‌കുമാര്‍ സ്വാഗതവും എസ്.മനോജ് നന്ദിയും പറഞ്ഞു. കേരള പ്രസ് അക്കാദമി ടിവി ജേര്‍ണലിസ്റ്റ് അവാര്‍ഡ് വി.എം.ദീപക്ക് 2012ലെ മികച്ച ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് വി.എം.ദീപ അര്‍ഹയായി.  25,000രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.വി.എം.ദീപ രചനയും അവതരണവും നിര്‍വഹിച്ച് ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്യുന്ന 'ദ ഗ്രീന്‍ റിപ്പോര്‍ട്ട്' , സാമൂഹിക രാഷ്ട്രീയ പ്രസക്തികൊണ്ടും  മാധ്യമപരമായ പ്രൊഫഷണല്‍ മികവുകൊണ്ടും ശ്രദ്ധേയമായതായി ജഡ്ജിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, ഷാജി ജേക്കബ്, രാജു റാഫേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.മലപ്പുറം കാലടി സ്വദേശിയായ വി.എം.ദീപയ്ക്ക് ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടറായി ഒന്‍പത് വര്‍ഷവും ന്യൂസ് റിപ്പോര്‍ട്ടിംഗ്, സമകാലിക പരിപാടികള്‍ തയ്യാറാക്കുന്നതില്‍ 10 വര്‍ഷത്തിലേറെയും പരിചയമുണ്ട്. അമൃത ടിവിയില്‍ കാര്‍ഷികരംഗത്തെക്കുറിച്ച് സംപ്രേഷണം ചെയ്ത ഹരിതഭാരതം പരിപാടിയുടെ 300 എപ്പിസോഡുകള്‍ക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കിയതും ദീപയാണ്.മികച്ച സമകാലിക പരിപാടികള്‍ക്കുള്ള 2002ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, 2012ലെ മികച്ച അവതാരകയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ആദര്‍ശത്തെ അവഗണിച്ചപ്പോള്‍ ആദര്‍ശത്തെ അവഗണിച്ചപ്പോള്‍ ജനാധിപത്യം ദുര്‍ബലമായി : ഡോ.കെ.ജി.പൗലോസ്  

ആദര്‍ശത്തെ അവഗണിക്കുകയും  അധികാരത്തെ തലയില്‍ വെക്കുകയും ചെയ്തപ്പോഴാണ് ജനാധിപത്യം ദുര്‍ബലമായതെന്ന് ഡോ.കെ.ജി.പൗലോസ് പറഞ്ഞു.  കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് അനുസ്മരണത്തില്‍ സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  കുറവുകള്‍ വളരെയുണ്ടെങ്കിലും ലോകത്തിലെ ഉത്കൃഷ്ടമായ ഭരണസംവിധാനം ജനാധിപത്യമാണ്.  അതിന് കുറ്റവും കുറവും  ഉണ്ടെന്ന് പറയാന്‍ കഴിയുന്നത് ജനാധിപത്യത്തിലെ സ്വാതന്ത്ര്യമാണ്.  ആദര്‍ശാധിഷ്ഠിതമായ ജനാധിപത്യത്തെ വിസ്മരിച്ചപ്പോള്‍ അത് അപഹാസ്യമായി മാറി.  ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിയും കുറൂരും ഒക്കെ അപരിചിതരായത് ഈ അവസ്ഥമൂലമാണ്.  സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യ ഒരു വികാരമായിരുന്നു.  എന്നാല്‍ ഇന്ന് അത് ഒരു ഓര്‍മ്മപോലും അല്ലാതായി - കെ.ജി.പൗലോസ് പറഞ്ഞു.തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ  അനുസ്മരണപ്രഭാഷണം നടത്തി.  ഗാന്ധിയുടെ മനസ്സ് മനസ്സിലാക്കിയ അനുയായിയിരുന്നു കുറൂരെന്ന് അദ്ദേഹം പറഞ്ഞു. ചിത്രന്‍ നന്വൂതിരിപ്പാട് അദ്ധ്യക്ഷനായി.  കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍, സി.ബി.എസ്.മണി എന്നിവര്‍ പ്രസംഗിച്ചു.

ഗുണ്ടര്‍ട്ടിന്റെ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്ക് തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോയ പുസ്തകങ്ങളുടെ ഡിജിറ്റല്‍ ഫോര്‍മാറ്റ് വിക്കിപീഡിയ വഴി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുണ്ടര്‍ട്ട് ലെഗസി എന്ന പേരില്‍ ടൂബിങ്ങന്‍ സര്‍വകലാശാല നടത്തുന്ന പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കേരള പ്രസ് അക്കാദമിയില്‍ നടന്നു. ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്‍ഡോളജിസ്റ്റുമായ ഡോ.ഹൈക്കെ മോസര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.ചടങ്ങില്‍ ഡോ.സ്‌കറിയ സക്കറിയ അധ്യക്ഷനായിരുന്നു. ഗുണ്ടര്‍ട്ട് ശേഖരത്തിലെ പഴഞ്ചൊല്‍മാല, ഒരായിരം പഴഞ്ചൊല്ലുകള്‍ എന്നിവയുടെ സ്‌കാനുകളടങ്ങിയ പെന്‍െ്രെഡവ് ഡോ.ഹൈക്കെ മോസറില്‍ നിന്ന് ഡോ. സ്‌കറിയ സക്കറിയ ഏറ്റുവാങ്ങി. ഗുണ്ടര്‍ട്ട് ശേഖരം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിന്റെ പ്രതീകമായി ഡോ. സ്‌കറിയ സക്കറിയ ഈ സ്‌കാനുകള്‍ മലയാളം വിക്കി പ്രവര്‍ത്തകനായ കെ. മനോജിന് കൈമാറി. ഏതാനും മാസങ്ങള്‍ക്കകം പദ്ധതി പൂര്‍ണമാകുന്നതോടെ അമൂല്യമായ ഗുണ്ടര്‍ട്ട് ശേഖരം ലോകത്തെവിടെയും ആര്‍ക്കും സ്വന്തം കമ്പ്യൂട്ടറില്‍ ലഭ്യമാകും. അവ ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്റെടുക്കാനും കഴിയും. കേരള പ്രസ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസ് അക്കാദമി സെക്രട്ടറി വി ആര്‍ അജിത് കുമാര്‍, അജയ് ബാലചന്ദ്രന്‍, വിശ്വപ്രഭ, മനോജ്, കണ്ണന്‍ ഷണ്‍മുഖം, അനില്‍കുമാര്‍, അശോകന്‍ ഞാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share