Articles Articles Details

മത്തായി മാഞ്ഞൂരാന് അനുസ്മരണം

calender 25-05-2022

മാധ്യമരംഗത്ത് ബദല്‍ ഇടപെടലുകളുണ്ടാകണം ജനാധിപത്യത്തില്‍ വന്ന മൂല്യച്യുതിക്കൊപ്പം മാധ്യമങ്ങളും ദിശമാറി സഞ്ചരിക്കുന്നതാണ് വര്‍ത്തമാനകാല അനുഭവമെന്ന് പി.രാജീവ് എം.പി. പറഞ്ഞു.  കാക്കനാട് പ്രസ് അക്കാദമിയില്‍ സംഘടിപ്പിച്ച മത്തായി മാഞ്ഞൂരാന്‍  അനുസ്മരണ പരിപാടിയോടനുബന്ധിച്ച് 'വര്‍ത്തമാനകാല ജനാധിപത്യവും മാധ്യമവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ വ്യവസ്ഥിതിയിലെ ഇന്ത്യക്ക് നിലനില്‍ക്കാനാകൂ എന്ന ഉറച്ച ധാരണയുണ്ടായിരുന്ന മത്തായി മാഞ്ഞൂരാന്‍ കാലത്തിനു മുന്‍പേ നടന്ന വിജ്ഞാനിയായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.റോയ് പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍, അസി.സെക്രട്ടറി എന്‍.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

 

സ്വദേശാഭിമാനി കേസരി പുരസ്‌കാരം വി.പി. ആറിന്

 

മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനികേസരി പുരസ്‌കാരത്തിന് പ്രസ് അക്കാദമി മുന്‍ ചെയര്‍മാനും മാതൃഭൂമി മുന്‍ പത്രാധിപരുമായ വി.പി. രാമചന്ദ്രന്‍ അര്‍ഹനായി. കേരളാ പ്രസ് അക്കാദമിയില്‍ ആദ്യം കോഴ്‌സ് ഡയറക്ടറായും പിന്നീട് രണ്ട് ടേം ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ച് അക്കാദമിയെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ വിലയേറിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിലും ഇന്ത്യക്കകത്ത് മറ്റിടങ്ങളിലും ഇന്ത്യക്ക് പുറത്തുമായി അരനൂറ്റാണ്ടുകാലം പ്രശസ്തമായ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ വി.പി.ആര്‍ എന്നറിയപ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്, വിദേശ റിപ്പോര്‍ട്ടിംഗ്, അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് എന്നിവയില്‍ തനതായ പാത തുറന്ന വ്യക്തിയാണ്. അസോസിയേറ്റഡ് പ്രസ് (എ.പി.) പുനെ ഓഫീസിലും തുടര്‍ന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ), യു.എന്‍.ഐ. എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  1924ല്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ ജനിച്ച രാമചന്ദ്രന്‍ 1964ല്‍ യു.എന്‍.ഐയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയി. യു.എന്‍.ഐ. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനം വരെ വഹിച്ചു. യു.എന്‍.ഐ. വിട്ട വി.പി.ആര്‍. 1978ല്‍ മാതൃഭൂമിയിലെത്തി. 1984 ല്‍ മാതൃഭൂമി വിട്ട ശേഷം തൃശൂര്‍ എക്‌സ്പ്രസില്‍ മാനേജിംഗ് എഡിറ്ററായിരുന്നു.

 

ചര്‍ച്ചാവേദി ഉദ്ഘാടനം ചെയ്തു

 

കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സജീവമായ ചര്‍ച്ചകളും ലക്ഷ്യമാക്കി കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ രൂപവത്ക്കരിച്ച ചര്‍ച്ചാവേദി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അക്കാദമി സെക്രട്ടറി വി.ആര്‍. അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി എന്‍.പി.സന്തോഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍, ലക്ചറര്‍ ഹേമലതാമേനോന്‍, ചര്‍ച്ചാവേദി കണ്‍വീനര്‍ പ്രേംകുമാര്‍ ജി, ജോയിന്റ് കണ്‍വീനര്‍ തന്‍വീര്‍ എം.എ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ 2011-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയ 'മൗനത്തിന്റെ നിലവിളി' പ്രദര്‍ശിപ്പിച്ചു. ലഡാക്ക് അന്താരാഷ്ട്രമേള, ദോഹ-അല്‍ജസീറ ഫെസ്റ്റിവെലുകളില്‍ പങ്കെടുത്ത സംവിധായകന്‍ സന്തോഷ് പി.ഡി. മുഖാമുഖത്തില്‍ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നാലിന് പ്രസ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചര്‍ച്ചാവേദി പരിപാടികള്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

 

അനുസ്മരിച്ചു

 

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലേക്ക് ആഴ്ന്നിറങ്ങി അനുവാചകരെ ബൗദ്ധീകവും വൈകാരികവുമായ അനുഭൂതികളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പ്രത്യേക വൈഭവമുള്ള ചലച്ചിത്രകാരനായിരുന്നു അന്തരിച്ച വിഖ്യാത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും നടനുമായ ഋതുപര്‍ണോഘോഷ് എന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അനുസ്മരിച്ചു. കേരള പ്രസ് അക്കാദമി ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ഋതുപര്‍ണോഘോഷ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത ചിത്രാംഗദ, ചോക്കര്‍ബാലി എന്ന സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 

 

അക്കാദമി ഹരിത കാമ്പസാകുന്നു

 

കാക്കനാട് പ്രസ് അക്കാദമി കാമ്പസ്  ഇക്കോ ഫ്രണ്ട്‌ലി കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി, കാമ്പസില്‍ നൂറിലേറെ തേക്കിന്‍ തൈകള്‍ നട്ടു. അക്കാദമി ചെയര്‍മാന്‍ എന്‍. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനം വകുപ്പാണ് തൈകള്‍ നല്കിയത്. കാമ്പസില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന മഴവെള്ള സംഭരണിയും ബയോഗ്യാസ് പ്ലാന്റും നേരത്തേ സ്ഥാപിച്ചിരുന്നു. പുല്‍തകിടുകളും ഔഷധ ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. വി. എഫ്. പി. സി. കെ യുമായി ചേര്‍ന്ന് പച്ചക്കറി കൃഷിയും തുടങ്ങാന്‍ അക്കാദമി ലക്ഷ്യമിടുന്നു.

 

Share