Articles Articles Details

അക്കാദമി വാര്‍ത്തകള്‍

calender 25-05-2022

രാജു റാഫേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍

പ്രശസ്ത പത്രപ്രവര്‍ത്തകനും മാധ്യമ പരിശീലകനുമായ രാജു റാഫേല്‍ കേരള പ്രസ് അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ചുമതലയേറ്റു. പത്രപ്രവര്‍ത്തനത്തിലും മാധ്യമ പരിശീലനത്തിലും രണ്ട് പതിറ്റാണ്ടിലേറേ കാലത്തെ പ്രവര്‍ത്തന പരിചയമുണ്ട് രാജു റാഫേലിന്. ലണ്ടനിലെ റോയിട്ടറിന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ ശേഷം ഹോളണ്ടിലെ റേഡിയോ നെതര്‍ലാന്റ്‌സിന്റെ പരിശീലന കേന്ദ്രത്തില്‍ മാധ്യമ പരിശീലകനാവാനുള്ള പരിശീലനവും പൂര്‍ത്തിയാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപക പത്രാധിപസമിതി അംഗമായിരുന്നു. 16 വര്‍ഷത്തെ സേവനത്തിനു ശേഷം സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കേ ഏഷ്യാനെറ്റില്‍ നിന്നും സ്വയം വിരമിച്ചു. പിന്നീട് കലാകൗമുദിയില്‍ റീജിയണല്‍ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 2000 ല്‍ ടെലിവിഷന്‍ പത്രപ്രവര്‍ത്തനത്തിനുള്ള ഫെല്ലോഷിപ്പ് നേടി. 2010 ല്‍ പത്രപ്രവര്‍ത്തന മികവിന് നെതര്‍ലാന്റ്‌സ് സര്‍ക്കാറിന്റെ ദേശീയ ഫെല്ലോഷിപ്പും നേടി. ഏഷ്യാനെറ്റില്‍ ചേരുന്നതിന് മുന്‍പ് മാതൃഭൂമിയിലും ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററിലും പ്രവര്‍ത്തിച്ചു. തൃശ്ശൂര്‍ അഞ്ചേരി സ്വദേശിയാണ്.

 

പ്രസ്സ് അക്കാദമിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു

കേരള പ്രസ് അക്കാദമിയിലെ  201112  ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം  പ്രശസ്ത എഴുത്തുകാരന്‍  സുഭാഷ് ചന്ദ്രന്‍  നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ  രചനങ്ങള്‍ അടങ്ങിയ  ഗുല്‍മോഹര്‍ എന്ന മാഗസിനും ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ. സി. വിപിന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി വി.ആര്‍. അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട്  ഡയറക്ടര്‍ എം.രാമചന്ദ്രന്‍, ലക്ചറര്‍ ഹേമ മേനോന്‍, ഫാക്കല്‍റ്റി അംഗങ്ങളായ ഹരികൃഷ്ണന്‍, ആന്റണി, വേണുഗോപാല്‍, രാജു, ഷൈനസ് എന്നിവര്‍ സംസാരിച്ചു. സാഗര്‍ സ്വാഗതവും ടി.ആര്‍. വാസുദേവന്‍ നന്ദിയും പറഞ്ഞു. 

 

മലയാളം കംപ്യൂട്ടിംഗ് വര്‍ക്ക് ഷോപ്പ്

അക്കാദമിയില്‍ മലയാളം കംപ്യൂട്ടിംഗ് ഏകദിന വര്‍ക്ക്‌ഷോപ്പ് നടന്നു. വിക്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ സെബിന്‍ എബ്രഹാം ജോസഫ്  ക്ലാസ്സെടുത്തു. കമ്പ്യൂട്ടിങ്ങിന്റേയും ഇന്റര്‍നെറ്റിന്റേയും ലോകത്തില്‍ മലയാളഭാഷക്കുണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ച് വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്തു. പുതിയ മലയാളം കമ്പ്യൂട്ടിങ്ങ് സങ്കേതങ്ങള്‍ പരിചയപ്പെടുത്തുകയും അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ രംഗത്ത് നല്‍കാവുന്ന സംഭാവനകളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു.

 

ഗാന്ധി ജയന്തി ആഘോഷിച്ചു.

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും അദ്ധ്യാപകരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലക്ചറര്‍ ഹേമ മേനോന്‍ നേതൃത്വം നല്കി. 

 

സൗദി മാധ്യമപ്രവര്‍ത്തകന്‍ പ്രസ് അക്കാദമി സന്ദര്‍ശിച്ചു 

പ്രമുഖ അറബ് ദിന പത്രമായ അറബ്‌ന്യൂസിന്റെ മലയാളം, ഉറുദു പതിപ്പുകളുടെ എഡിറ്റര്‍ ഇന്‍ ചീഫ് താരേഖ് മിഷ്‌കാസ് കേരള പ്രസ് അക്കാദമി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അറബ് ന്യൂസിന്റെ മലയാളം പതിപ്പ്, മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ ഹസ്സന്‍ കോയ, റിപ്പോര്‍ട്ടര്‍ ഇക്ബാല്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യോത്തരവേളയില്‍ നിതാഖത്ത് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.  നിതാഖത്ത് നടപ്പിലാക്കുക വഴി തൊഴില്‍ മേഖലയെ നിയമത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും, ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം അഭിമുഖീകരിക്കുന്ന പ്രധാന  പ്രശ്‌നം അനവധാനതയാണെന്നും, നിതാഖത്ത് വിഷയം കേരളത്തിലെ മാധ്യമങ്ങള്‍ വലിയ തെറ്റിധാരണകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹസന്‍ കോയയും അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച ചോദ്യത്തിന്, ഇന്ത്യയിലെ മാധ്യമ രംഗം സെന്‍സേഷണലിസത്തിന്റെ പിടിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറബ് മാധ്യമങ്ങള്‍ അതില്‍ നിന്നും വിമുക്തമാണെന്നും പറഞ്ഞു. പ്രസ് അക്കാദമി ഡയറക്ടര്‍ രാജു റാഫേല്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അക്കാദമി സീനിയര്‍ ഫാക്കല്‍റ്റി അംഗം ഹേമലത. കെ. സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി എന്‍. പി. സന്തോഷ് നന്ദിയും പറഞ്ഞു. അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍മാരും പങ്കെടുത്തു. 

 

സിനിമാ ആസ്വാദന ക്യാമ്പ് ഡോ.സി.എസ്.വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്കായി  ഒക്ടോബര്‍ ഏഴ് മുതല്‍ 10 വരെ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിനിമാ ആസ്വാദന ക്യാമ്പ് എഴുത്തുകാരനും സിനിമാ നിരൂപകനുമായ ഡോ.സി.എസ്.വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടറും സിനിമാ നിരൂപകനുമായ ഐ.ഷണ്മുഖദാസ് അദ്ധ്യക്ഷനായിരുന്നു. പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍, കെ.അജിത്, കെ.ഹേമലത, ആശാപ്രഭ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാല് ദിവസത്തെ പഠക്യാമ്പില്‍  അന്തര്‍ദേശീയ സിനിമകളുടെ പ്രദര്‍ശനവുമുണ്ടായി.

 

Share