Articles Articles Details

അക്കാദമി വാര്‍ത്തകള്‍

calender 25-05-2022

ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് വി. ജയകുമാറിന് 

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള 2012ലെ കേരള പ്രസ് അക്കാദമി  ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് കേരള കൗമുദി കോട്ടയം യൂണിറ്റിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി. ജയകുമാര്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള കൗമുദിയില്‍ 2012 ഡിസംബര്‍ 20 മുതല്‍ 27 വരെ പ്രസിദ്ധീകരിച്ച 'കൊല്ലല്ലേ നമ്മുടെ കായലിനെ' എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹമായത്.  എന്‍.ആര്‍.എസ്.ബാബു, കെ.ഗോവിന്ദന്‍കുട്ടി, വി.രാജഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. റിപ്പോര്‍ട്ടിന്റെ സമഗ്രതയും അന്വേഷണ ദൃഷ്ടിയുടെ ജാഗ്രതയും വിഷയത്തിന്റെ സമകാല പ്രസക്തിയും കണക്കിലെടുത്താണ് അവാര്‍ഡ്. ഒട്ടനവധി പേരുടെ ജീവിതവും തൊഴിലുമായി  ബന്ധപ്പെട്ടുകിടക്കുന്ന കായലിന്റെ മലിനീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ലേഖകന്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നതായി സമിതി വിലയിരുത്തി. ജനറല്‍ റിപ്പോര്‍ട്ടിംഗിന് സംസ്ഥാന പത്രപ്രവര്‍ത്തന അവാര്‍ഡ്, സംസ്ഥാന ടൂറിസം അവാര്‍ഡ്, ശിവറാം അവാര്‍ഡ്, മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, പാമ്പന്‍ മാധവന്‍ അവാര്‍ഡ് തുടങ്ങി പത്രപ്രവര്‍ത്തന രംഗത്ത് 26 ഓളം പുരസ്‌കാരങ്ങള്‍ ജയകുമാറിന് ലഭിച്ചിട്ടുണ്ട്.  

 

ഫോട്ടോഗ്രഫി അവാര്‍ഡ് രജിത് ബാലന്

2012ലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് മംഗളം ദിനപത്രത്തിലെ രജിത് ബാലന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മംഗളം ദിനപത്രത്തില്‍ 2012 ഏപ്രില്‍ 27 ന് പ്രസിദ്ധീകരിച്ച 'കണ്ണീരിനു മുന്നില്‍ കരുണയില്ലാതെ' എന്ന ന്യൂസ് ഫോട്ടോയാണ് അവാര്‍ഡിനര്‍ഹമായത്. ഒ.കെ. ജോണി, എ. സഹദേവന്‍, മഹേഷ് മംഗലാട് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. റോഡപകടത്തില്‍പെട്ട് കരുണയാചിക്കുന്നവരോട് നിസ്സംഗത കാട്ടുന്ന സമൂഹത്തെയാണ് ഫോട്ടോഗ്രാഫര്‍ തുറന്നുകാട്ടുന്നതെന്ന് സമിതി വിലയിരുത്തി. മനുഷ്യനെ സ്വയം വിലയിരുത്താന്‍ ഇത്തരം ചിത്രങ്ങള്‍ സഹായിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. 2005ല്‍ മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്ന രജിത് ബാലന്‍, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ തൃശൂര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നു. ഡല്‍ഹി കോമ വെല്‍ത്ത് അടക്കം പല രാജ്യാന്തര, ദേശീയ കായിക മത്സരങ്ങളും കവര്‍ ചെയ്തു. ഇടുക്കി പ്രസ് ക്ലബിന്റെ കെ പി ഗോപിനാഥ് സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം, കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പുരസ്‌കാരം, ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംസ്ഥാന കാര്‍ഷിക പുരസ്‌കാരം തുടങ്ങിയവക്ക് അര്‍ഹനായി. തൃശൂര്‍ ചേറ്റുപുഴ കോലത്തൂവീട്ടില്‍ ബാലന്റെയും സുശീലയുടെയും മകനാണ്. 

 

മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് പി.പി. ലിബീഷ്‌കുമാറിന്

കേരള പ്രസ് അക്കാദമിയുടെ 2012ലെ മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി കാസര്‍കോഡ് ലേഖകന്‍ പി.പി.ലിബീഷ്‌കുമാര്‍ അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  മാതൃഭൂമി ദിനപത്രത്തില്‍ 2012 ജൂലൈ 27, സെപ്തംബര്‍ രണ്ട്, എട്ട് തീയതികളില്‍ പ്രസിദ്ധീകരിച്ച  'മൊഗ്രാല്‍ പുത്തൂരിന്റെ ദുരിതകാഴ്ചകള്‍'  എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.  മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, വി.ഇ.ബാലകൃഷ്ണന്‍, ആബെ ജേക്കബ് എന്നിവരാണ് അവാര്‍ഡിനുള്ള എന്‍ട്രികള്‍ പരിശോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച ഗ്രാമങ്ങളുടെ ഇനിയും പറഞ്ഞുതീരാത്ത ദുരിതകാഴ്ചകളുടെ കണ്ണീര്‍ കഥകളാണ് ലേഖകന്‍ മൊഗ്രാല്‍ പൂത്തൂരില്‍ നിന്നും വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.  ഒരു തലമുറയെ മുഴുവന്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങളില്‍ കുരുക്കിയിട്ട എന്‍ഡോസള്‍ഫാന്റെ ക്രൂരതയും നരകതുല്യമായ ജീവിതം തള്ളിനീക്കുന്ന കുഞ്ഞുങ്ങളുടെ സങ്കടങ്ങളും മനുഷ്യമനസ്സാക്ഷിയുടെ നോവ് ആയി അനുഭവപ്പെടുന്നുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി അഭിപ്രായപ്പെട്ടു.  കോഴിക്കോട് ജില്ലയിലെ പീലിക്കോട് സ്വദേശിയായ പി.പി.ലിബീഷ്‌കുമാര്‍ 2010 ജൂലൈ മുതല്‍ മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകനാണ്.  2012ല്‍ സി.പി.ശ്രീധരന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ലഭിച്ചു.  കഥാകൃത്ത്കൂടിയായ ലേഖകന് കലാ കഥാ സമ്മാനം, ജിദ്ദ അരങ്ങ് കലാസാഹിത്യവേദിയുടെ മിനിക്കഥാ സമ്മാനം, അന്വേഷി കഥാ അവാര്‍ഡ്, ഉണര്‍വ്വ് മിനിക്കഥ സമ്മാനം, നവരശ്മി കഥാ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  അങ്ങാടിപ്പക്ഷി, ചില നേരങ്ങളില്‍ മീനാക്ഷി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

വി.പി.ആറിന് സ്വദേശാഭിമാനി  കേസരി പുരസ്‌കാരം സമ്മാനിച്ചു

ജനാധിപത്യ സംവിധാനത്തിന്റെ  കരുത്തായ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രശ്‌നങ്ങളെ സമീപിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളിലുണ്ടാകാന്‍ പാടില്ലെന്ന് ശഠിക്കുകയും അത് ജീവിത ദൗത്യമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനുള്ള ഏറ്റവും മികച്ച പുരസ്‌കാരമായ സ്വദേശാഭിമാനി  കേസരി പുരസ്‌കാരം വി.പി രാമചന്ദ്രന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അച്ചടി മാധ്യമങ്ങളില്‍ വാര്‍ത്ത എഴുതുമ്പോള്‍ പുനര്‍ചിന്തനമുണ്ടാവുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുമ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ അതുണ്ടാകുന്നില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തികളാണ്, എന്നാല്‍ സത്യവും അസത്യവും തിരിച്ചറിയാതെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കച്ചവട താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമീപനം വേദനകരമാണ്. സാമൂഹ്യ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും മാറ്റിവച്ച് സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ നടക്കുന്ന മാധ്യമങ്ങള്‍ ആത്മവിമര്‍ശനം നടത്തണണമെന്നും മന്ത്രി പറഞ്ഞു.  വി.പി.രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.  ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്. 2010ല്‍ ടി.വേണുഗോപാലിനും  2011ല്‍ ശശികുമാറിനുമായിരുന്നു അവാര്‍ഡ് ലഭിച്ചത്.ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ, ടോണി ചമ്മിണി, കൊച്ചി മേയര്‍, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍,  കെ.എം.റോയ്, അബ്ദുള്ള മട്ടാഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ഐ.എ.എസ് പ്രശസ്തിപത്രം വായിച്ചു. സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല കൃതജ്ഞയും പറഞ്ഞു.

 

മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി അഭിമുഖം: വിക്‌ടേഴ്‌സ് ചാനലില്‍ പരമ്പര തുടങ്ങി 

കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി കേരള പ്രസ് അക്കാദമി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിക്‌ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ തയ്യാറാക്കിയ അഭിമുഖ പരമ്പര 'ഫോര്‍ത്ത് എസ്‌റ്റേറ്റ്' വിക്‌ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ആരംഭിച്ചു. പ്രമുഖ സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകനായ പി. വിശ്വംഭരന്റെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അഭിമുഖത്തോടെയാണ്  'ഫോര്‍ത്ത് എസ്‌റ്റേറ്റ്' പരമ്പര തുടങ്ങിയത്.  അഭിമുഖത്തിന്റെ ആദ്യഭാഗം ആഗസ്റ്റ് 18 രാവിലെ 9 മണിക്കും രണ്ടാം ഭാഗം ആഗസ്റ്റ് 25 രാവിലെ 9 മണിക്കും സംപ്രേഷണം ചെയ്തു.  ഞായറാഴ്ചകളില്‍ രാവിലെ 9ന് നടക്കുന്ന സംപ്രേക്ഷണം അന്നുതന്നെ വൈകീട്ട് 5.30നും ചൊവ്വാഴ്ചകളില്‍ വൈകീട്ട് 4നും ബുധനാഴ്ചകളില്‍ രാവിലെ 7.30നും പുനഃസംപ്രേക്ഷണവും ചെയ്യുന്നുണ്ട്.

 

Share