Articles Articles Details

അക്കാദമി വാര്‍ത്തകള്‍

calender 25-05-2022

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശകരാകണമെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. കേരള പ്രസ് അക്കാദമി കോഴിക്കോട്, വയനാട് പ്രസ് ക്ലബുകളുടെ സഹകരണത്തോടെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശത്തിന് കീഴിലുള്ള സകലതിനെയും വിമര്‍ശിക്കാന്‍ അവകാശമുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ അവരെ ആര് വിമര്‍ശിക്കുമെന്ന ചോദ്യം പ്രസക്തമാണ്. മാധ്യമപ്രവര്‍ത്തകരുടെ പിശകുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പലപ്പോഴും അത് റിപ്പോര്‍ട്ട് ചെയ്യാറില്ല. മാധ്യമപ്രവര്‍ത്തകര്‍ സ്വയം ലക്ഷ്മണരേഖ നിര്‍ണയിക്കേണ്ടതുണ്ട്.രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, നീതിന്യായവിഭാഗം എന്നിവരെല്ലാം മാധ്യമങ്ങളുടെ വിമര്‍ശനത്തിന് വിധേയരാണ്. നിയമജ്ഞരുടെ സാധാരണ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ പോലും വലിയ വാര്‍ത്തയായി മാറുന്ന കാലമാണിത്. ദൃശ്യമാധ്യമങ്ങളിലാണ് ഇത് കൂടുതലുള്ളത്. ജഡ്ജിമാരും മനുഷ്യരാണെന്നതിനാല്‍ വിധി നിര്‍ണയത്തെപ്പോലും ഇത്തരം അമിത വിമര്‍ശനം സ്വാധീനിച്ചെന്ന് വരും.വാര്‍ത്ത ആ നിമിഷംതന്നെ ജനങ്ങളിലെത്തുന്ന കാലമാണിത്. എന്നാല്‍ രാവിലെത്തെ ബ്രെയ്ക്കിങ്‌ന്യൂസ് വൈകുന്നേരത്തോടെ അപ്രത്യക്ഷമാവുന്ന അവസ്ഥയുമുണ്ട്. ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും വാര്‍ത്തകളുടെ ഉറവിടമാകുന്ന ഇന്നത്തെ കാലത്ത് പ്രാദേശിക പത്രപ്രവര്‍ത്തകരുടെ പ്രസക്തി വലുതാണ് കാര്‍ത്തികേയന്‍ പറഞ്ഞു.പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ. അബ്ദുള്‍അസീസ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എന്‍. രാജേഷ്, പ്രസ് അക്കാദമി അസി. സെക്രട്ടറി എന്‍.പി. സന്തോഷ്, കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി സി. വിനോദ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആമുഖച്ചടങ്ങില്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ എന്‍.രാജേഷ്, കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.സുധീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രാദേശികവാര്‍ത്തയുടെ പ്രസക്തി, പത്രപ്രവര്‍ത്തക മര്യാദകള്‍, വാര്‍ത്തയും നിയമവും, പോലീസും കോടതിയും എന്നീ വിഷയങ്ങളില്‍ എ.സജീവന്‍, ടി.പി. ചെറൂപ്പ, ഡോ. ഒ.കെ. മുരളീകൃഷ്ണന്‍, എന്‍.സുഭാഷ്ബാബു, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, അഡ്വ. ഡി.ബി. ബിനു എന്നിവര്‍ ക്ലാസ്സെടുത്തു.മുഖാമുഖം പരിപാടിയില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി.രാജേന്ദ്രന്‍, മനോരമ അസി.എഡിറ്റര്‍ പി.ദാമോദരന്‍, മീഡിയവണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍. തോമസ്, കോഴിക്കോട് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്റ്റര്‍ വി.ഇ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share