Articles Articles Details

മാധ്യമപ്രവര്ത്തകരും വിവരാവകാശനിയമവും

Author : അഡ്വ. ഡി. ബി. ബിനു

calender 25-05-2022

 

വിവരാവകാശനിയമം, പത്രപ്രവര്‍ത്തകന്റെ ഏറ്റവും മികച്ചതും ശക്തവും ആധികാരികവുമായ ആയുധമാണ്. അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തിന്റെ പുതിയ മുഖമായി വിവരാവകാശനിയമത്തെ കാണണം. സര്‍ക്കാരാഫീസില്‍ അച്ചടക്കനടപടി നേരിടുന്ന ജീവനക്കാരന്‍ ഒളിച്ചുകടത്തി പത്രപ്രവര്‍ത്തകന് നല്‍കുന്ന ഫയലിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന 'എക്‌സ്‌ക്ലൂസീവ് സ്റ്റോറി'കളാണ് ഇന്ന് നാം വായിക്കുന്ന പല വാര്‍ത്തകളും. ഓഫീസ് മേധാവിയോടുള്ള ശത്രുതയോ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള വിരോധമോ മൂലം, സര്‍ക്കാര്‍ ജീവനക്കാരന്‍ ചോര്‍ത്തിക്കൊടുക്കുന്ന വിവരങ്ങളാണ് പല അഴിമതിക്കഥകളുടേയും ഉറവിടം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒളിക്യാമറയുടെ സഹായത്തോടെയുള്ള 'സ്റ്റിങ്ങ് ഓപ്പറേഷനുകള്‍' അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തിന് മറ്റൊരു മുഖവും ഇന്ന് നല്‍കിയിട്ടുണ്ട്. രഹസ്യക്യാമറ ഉപയോഗിച്ചുള്ള 'സ്റ്റിങ്ങ് ഓപ്പറേഷന്‍' മാദ്ധ്യമസമൂഹത്തിന്റെ കയ്യിലുള്ള ആയുധമാണെങ്കിലും അത് പൊതുതാല്പര്യത്തിനായി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഈ രീതിയില്‍ അനേകം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന 'തെഹല്‍ക്ക'യുടെ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ അഭിപ്രായപ്പെട്ടത്. വ്യക്തികളുടെ സ്വകാര്യജീവിതം തുറന്നുകാട്ടാന്‍ ഈ രീതി അവലംബിക്കുന്നത് അധാര്‍മ്മികമാണെന്ന അഭിപ്രായം ഇന്ന് ശക്തമാണ്. ഇത് അധാര്‍മ്മികം മാത്രമല്ല നിയമവിരുദ്ധവുമാണ്. നിയമലംഘനത്തിന്റെയോ അധാര്‍മ്മികതയുടേയോ വഴിക്കുപോകാതെ ശക്തമായ വാര്‍ത്തകള്‍ കൊണ്ടുവരാനുള്ള മാര്‍ഗ്ഗമാണ് വിവരാവകാശനിയമം.ജാര്‍ഖണ്ഡിലെ 'പ്രഭാത് ഖാബര്‍' എന്ന പത്രത്തിന്റെ പത്രാധിപര്‍ വിഷ്ണുരാജ്ഖാഡിയ വിവരാവകാശനിയമം നടപ്പിലാക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭരണഘടനയുടെ 19(1) അനുച്ഛേദം, പൗരന് വിവരാവകാശം ഇല്ലെങ്കില്‍ അപൂര്‍ണ്ണമാണെന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഔദ്യോഗിക രഹസ്യനിയമപ്രകാരം, ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരത്തിന്റെ കാവല്‍ക്കാരാണ്. ഭരണഘടനയുടെ പരികല്‍പ്പനകള്‍ക്ക് കടകവിരുദ്ധമായ ഈ കിരാതനിയമം പണ്ടേ അറബിക്കടലില്‍ എറിയേണ്ടതായിരുന്നു. ഈ കൂച്ചുവിലങ്ങുകൂടാതെ കോടതി അലക്ഷ്യനിയമവും നിയമനിര്‍മ്മാണസഭയുടെ സവിശേഷ അവകാശവും ഡെമോക്ലസ്സിന്റെ വാളായി പതപ്രവര്‍ത്തകന്റെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുക എന്നത് മാദ്ധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്‌കരമാണ്. എന്നാല്‍ ഇന്ന്, അഴിമതിക്കാരായ ഭരണാധികാരികള്‍ക്കെതിരെ പ്രയോഗിക്കാന്‍ കഴിയുന്ന ശക്തമായ ആയുധം - വിവരാവകാശനിയമം - രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നു.നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എത്ര പത്രപ്രവര്‍ത്തകര്‍ ഈ നിയമം ഉപയോഗിച്ചുവെന്ന് പരിശോധിക്കേണ്ടതാണ്. കേരളത്തില്‍, മലയാള മനോരമയുടെ റിപ്പോര്‍ട്ടര്‍മാര്‍ രാജന്‍ കേസിന്റെ രേഖകള്‍ അന്വേഷിച്ചതും മാദ്ധ്യമം, ദേശാഭിമാനി പത്രങ്ങള്‍ ഹൈക്കോടതിയിലെ നിയമനത്തെ സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളും ഒഴിച്ചാല്‍ പരിഗണനീയമായ മാദ്ധ്യമപ്രവര്‍ത്തനങ്ങള്‍ വിവരാവകാശനിയമം ഉപയോഗിച്ച് ഇവിടെ നടന്നിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ 'ഏഷ്യാനെറ്റ് ന്യൂസ്' വിവരാവകാശനിയമത്തിന് വലിയ പ്രാധാന്യം നല്‍കുകയും നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവരികയും ചെയ്തു. മാതൃഭൂമി ന്യൂസിലെ ബിജുപങ്കജ് വിവരാവകാശനിയമം ഫലപ്രദമായി ഉപയോഗിച്ച മാധ്യമപ്രവര്‍ത്തകനാണ്. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഇംഗ്ലീഷ് ദിനപത്രങ്ങളായ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്‌സ്പ്രസ്സുമൊക്കെ ദേശീയ തലത്തില്‍ വന്‍പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും, അത്രയും താല്പര്യം ഈ പത്രങ്ങള്‍ കേരളത്തില്‍ നല്‍കുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്.

 

നിയമത്തെക്കുറിച്ചുള്ള അറിവ്

 

മാധ്യമ ചരിത്രത്തെ വിവരാവകാശനിയമത്തിന് മുന്‍പും അതിനുശേഷവും എന്ന് രണ്ടായി തിരിക്കാം. പക്ഷേ, ഈ നിയമത്തെക്കുറിച്ച്, അതിന്റെ പ്രയോഗത്തെക്കുറിച്ച് കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രായേണ അജ്ഞരാണ്. അതുകൊണ്ടാകാം പുതുതലമുറ മാധ്യമപ്രവര്‍ത്തകരുടെ പരിശീലനത്തില്‍ ആര്‍.ടി.ഐ. ഒരു പ്രധാന വിഷയമാക്കിമാറ്റാന്‍ കേരള പ്രസ് അക്കാദമി തീരുമാനിച്ചത്. അക്കാദമി കേരളത്തിലെ വിവിധ ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി പഠനക്കളരികളും ആരംഭിച്ചു. ഇതിന്റെ ഫലമായി വിവരാവകാശനിയമത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ പ്രാദേശികതലങ്ങളിലെ അഴിമതികള്‍ പുറത്തുവരുന്നത് വരും ദിവസങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. ജേണലിസ്റ്റ് ട്രെയിനികള്‍ക്കുള്ള പരിശീലനപദ്ധതിയില്‍ കേരളത്തില്‍ ആദ്യമായി വിവരാവകാശനിയമം ഉള്‍പ്പെടുത്തിയത് 'ഏഷ്യാനെറ്റ് ന്യൂസാ'ണ്. അസോസിയേറ്റ് എഡിറ്റര്‍ എന്‍.കെ.രവീന്ദ്രന്റെ പ്രൊഫഷണലിസമായിരുന്നു അതിന്റെ പിന്നില്‍.

 

ദൂരദര്‍ശനും സ്വകാര്യചാനലുകള്‍ക്കും ഈ നിയമത്തിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയേണ്ടതാണ്. നമ്മുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ബി.ആര്‍.പി. ഭാസ്‌കര്‍, പി. രാജന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ. എം. റോയ് തുടങ്ങിയവര്‍ ഈ നിയമം വരുന്നതിനും എത്രയോ മുമ്പ് ഇത്തരമൊരു നിയമത്തിനായി ശക്തമായി വാദിച്ചവരാണ്. അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളില്‍ ഭരണാധികാരികളുടെ സെന്‍സര്‍ഷിപ്പിനേയും അറസ്റ്റിനേയും അതിജീവിച്ചുകൊണ്ട് വളരെ ക്ലേശിച്ചാണ് ഇവര്‍ മാധ്യമപ്രവര്‍ത്തനം നടത്തിയത്. അതുകൊണ്ട് വിവരാവകാശനിയമത്തിന്റെ പ്രാധാന്യം ഇവര്‍ക്കറിയാം. എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഉറവിടം എതിര്‍ഭാഗം ചോര്‍ത്തി നല്‍കുന്ന വിവരങ്ങളാണ്. ലഭിക്കുന്ന വിവരത്തിന്റെ, രേഖകളുടെ ആധികാരികതപോലും ജാഗ്രതയോടെ പരിശോധിക്കാതെ ചാനല്‍യുദ്ധത്തില്‍ ഇവ ആയുധങ്ങളാവുകയും പിന്നീട് മജിസ്‌ട്രേറ്റ് കോടതിയുടെ മുമ്പില്‍ കുറ്റവാളിയായി നില്‍ക്കേണ്ടിവരികയും ചെയ്യുന്നു. രാജസ്ഥാനിലെ കര്‍ഷകരും ഡല്‍ഹിയിലെ ചേരിനിവാസികളും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ എത്ര ശക്തമായാണ് വിവരാവകാശനിയമം ഉപയോഗിച്ചതെന്ന് നമുക്കറിയാം. അത്രപോലും നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. കേരളത്തിലെ മാധ്യമലോകത്തു നിന്ന് അത്തരം വലിയ കഥകളൊന്നും വിവരാവകാശനിയമത്തിന്റെ ഭാഗമായി നമുക്ക് ഉയര്‍ത്തിക്കാട്ടാനില്ല. പ്രസ് ക്ലബ്ബുകളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുത്തിയ വിവരാവകാശകമ്മീഷന്റെ ഉത്തരവു മാത്രമാണ് മാധ്യമങ്ങളും വിവരാവകാശനിയമവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ എടുത്തുപറയാവുന്ന ഒന്നായിട്ടുള്ളത്.

 

2004 ആഗസ്റ്റ് 15-ാം തീയതി മുതല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തന്‍ എന്ന സന്നദ്ധസംഘടനയും ഇന്ത്യന്‍ എക്‌സ്പ്രസ്സും ചേര്‍ന്ന് നടത്തിയ വിവരാവകാശ കാമ്പെയ്ന്‍ ഇന്ന് മാധ്യമചരിത്രത്തിലെ തിളക്കമുള്ള ഏടാണ്. ഡല്‍ഹിയിലെ സാധാരണജനങ്ങള്‍ എങ്ങനെയാണ് വിവരാവകാശനിയമം ഉപയോഗിച്ച് അവരുടെ ജീവിതവും ചുറ്റുപാടുകളും മെച്ചപ്പെടുത്തിയതെന്ന് തെളിയിക്കുന്ന സ്റ്റോറികള്‍ പ്രതിദിനം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അരുണ്‍ ഷൂറി ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പത്രാധിപരായിരുന്ന കാലത്ത് പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകളേക്കാള്‍ മികച്ച സ്റ്റോറികളായിരുന്നു അവയില്‍ പലതും. ഭരണരംഗത്തെ അഴിമതി തുറന്നുകാണിച്ചുകൊണ്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ മാധ്യമപ്രവര്‍ത്തനത്തിന്റെ ഇതിഹാസമായി ഈ ശ്രമങ്ങള്‍ വിശേഷിപ്പിക്കപ്പെടും. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ മാധ്യമപ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍. ഇത്തരമൊരു നിര്‍ദ്ദേശം കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടാല്‍ ആദ്യം പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉടനെ സഹായിക്കുമോ എന്നതായിരിക്കും പത്രമുതലാളിമാരുടെ ആലോചന.

 

ഡല്‍ഹിയിലെ നിരക്ഷരരായ ചേരിനിവാസികളും റിക്ഷാവണ്ടിക്കാരും കൂലിവേലക്കാരുമാണ് ഈ നിയമം ആദ്യം ഉപയോഗിച്ചത്. ഇവരാരും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വരിക്കാരാകാന്‍ വിദൂരസാദ്ധ്യതപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇത് മാധ്യമധര്‍മ്മമാണെന്ന് അവര്‍ കരുതി. കേരളത്തിലാണെങ്കിലോ, ഏതെങ്കിലുമൊരു സ്വര്‍ണ്ണവ്യാപാരിയെ കണ്ടെത്തി ഫാഷന്‍ഷോയോ സിനിമാറ്റിക് ഡാന്‍സോ നടത്താനായിരിക്കും പത്രമുതലാളിമാര്‍ ശ്രമിക്കുക. ഈ സംയുക്ത സംരഭവും മാധ്യമധര്‍മ്മമാണെന്നു കരുതാനുള്ള പത്രമുതലാളിമാരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതിനല്ല ഇത്രയും പറഞ്ഞത്, വാര്‍ത്തകള്‍ അറിയാനുള്ള വായനക്കാരന്റെ അവകാശംകൂടി സംരക്ഷിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ് എന്ന് സൂചിപ്പിക്കാനാണ്.

 

വിവരാവകാശനിയമം ഉപയോഗിച്ച് ജാര്‍ഖണ്ഡിലെ ജനകീയ മാധ്യമമായി മാറിയ ചരിത്രമാണ് 'പ്രഭാത് ഖബറി'ന്റേത്. വിഷ്ണുരാജ്ഖാഡിയ പറയുന്നു: പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തെങ്കിലും കാര്യം സര്‍ക്കാര്‍ ഓഫീസില്‍ അന്വേഷിച്ചാല്‍ ഒരുവാക്കുപോലും പറയാത്തവര്‍ ഇന്ന് ബന്ധപ്പെട്ട ഫയല്‍തന്നെ പരിശോധിക്കാന്‍ തരുന്നു. ആറുപതിറ്റാണ്ടു പൂര്‍ത്തിയായ നമ്മുടെ സ്വാതന്ത്ര്യത്തിന്, ഒരു നിയമംകൊണ്ട് ഇങ്ങനെയൊരു മാറ്റം വന്നത് വിസ്മയാവഹമല്ലേ? വിവരാവകാശനിയമം ഉപയോഗിച്ച് നടത്തിയ പോരാട്ടങ്ങള്‍ അദ്ദേഹം പലയിടത്തും വിവരിച്ചിട്ടുണ്ട്.

 

അഴിമതിക്കഥകള്‍ പുറത്തുവരുന്നു

 

ജാര്‍ഖണ്ഡിലെ ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട അഴിമതിയാണ് പത്രങ്ങള്‍ വിവരാവകാശനിയമപ്രകാരം പുറത്തുകൊണ്ടുവന്നത്. 30 എയര്‍ കണ്ടീഷന്‍ഡ് മുറികളാണ് ഗസ്റ്റ്ഹൗസിനുള്ളത്. അവിടെ താമസിക്കുന്നവര്‍ നിയമപ്രകാരമുള്ള തുക നല്‍കണം. ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ ചെലാന്‍ മൂലം അടയ്ക്കുകയും വേണം. എന്നാല്‍ മുറിക്ക് രണ്ട് നിരക്കുകളാണ് വളരെക്കാലമായി ഈടാക്കിയിരുന്നത്. ചിലരില്‍ നിന്ന് 300 രൂപയും മറ്റു ചിലരില്‍ നിന്ന് 100 രൂപയും പ്രതിദിനം ഈടാക്കിയിരുന്നു. എന്നാല്‍, നിയമപ്രകാരം 100 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. 300 രൂപയ്ക്ക് നല്‍കുന്ന രശീതുകള്‍ വ്യാജമായിരുന്നുവെന്ന് വെളിവാക്കപ്പെട്ടു. 300 രൂപ പ്രതിദിനം ഈടാക്കിക്കൊണ്ട് വലിയൊരു തുക സര്‍ക്കാര്‍ ഖജനാവില്‍ ഒടുക്കാതെ ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയായിരുന്നു എന്നത് പുറത്തുവന്നു. വളരെ ചെറിയ തുക മാത്രമേ ട്രഷറിയില്‍ ഒടുക്കിയിരുന്നുള്ളൂ. ഈ കൊള്ള നേരത്തേ അറിയാമായിരുന്നുവെങ്കിലും തെളിവിന്റെ അഭാവത്തില്‍ ഇതു പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ തയ്യാറായിരുന്നില്ല. ഗസ്റ്റ്ഹൗസിന്റെ വാടകയിനത്തില്‍ എത്ര രൂപ ട്രഷറിയില്‍ ഒടുക്കിയെന്ന വിവരം നിയമപ്രകാരം ശേഖരിക്കുകയായിരുന്നു പത്രലേഖകര്‍. വിധാന്‍സഭയിലും കളക്ടറേറ്റിലും പലതവണ അന്വേഷിച്ചിട്ടും 'കോണ്‍ഫിഡന്‍ഷ്യല്‍' എന്ന് പറഞ്ഞ് നിരാകരിക്കപ്പെട്ട വിവരമാണ് അവസാനം ലഭിച്ചത്. 2002 മുതല്‍ 2005 ഒക്ടോബര്‍ വരെ വളരെ ചെറിയ തുക മാത്രമേ ഈ ഇനത്തില്‍ ട്രഷറിയില്‍ ലഭിച്ചിരുന്നുള്ളൂ. 2004 മാര്‍ച്ച് മുതലുള്ള 21 മാസങ്ങളില്‍ വെറും 32,800 രൂപയാണ് ട്രഷറിയില്‍ അടച്ചത്. പ്രതിദിനം ഒരു മുറിക്ക് 300 രൂപ വച്ച് ഈടാക്കിയിട്ടും ഇത്ര ചെറിയ തുക മാത്രമേ സര്‍ക്കാരിന് ലഭിച്ചുള്ളൂ എന്ന വസ്തുത 2005 ഡിസംബര്‍ 12ന് 'പ്രഭാത് ഖബര്‍' ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്തു. വിവരം ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ച വിധാന്‍ സഭ യാതൊരു എതിര്‍പ്പുമില്ലാതെയാണത്രെ വാര്‍ത്ത സ്വീകരിച്ചത്!

 

ജാര്‍ഖണ്ഡ് വിധാന്‍സഭയിലെ ജീവനക്കാരെ നിയമിച്ചതിലും പ്രമോഷന്‍ നല്‍കിയതിലുമുള്ള ക്രമക്കേടിനെ 'പ്രിവിലേജി'ന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ ഭയപ്പെട്ടു. സ്പീക്കറുടെ 'അധികാര'മായാണ് എല്ലാവരും ഇതിനെ കരുതിയത്. പൊതുജനങ്ങള്‍ ഈ അഴിമതിയ്‌ക്കെതിരെ സമരം ചെയ്തു. ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. നിയമന നടപടി നിര്‍ത്തിവെയ്ക്കാന്‍ കോടതി വിധാന്‍സഭക്ക് നിര്‍ദ്ദേശം നല്‍കി. ഇതൊന്നും അനുസരിക്കാതെ വന്നപ്പോള്‍, പുറംവാതിലിലൂടെ നിയമനം നേടിയവരെ പുറത്താക്കാന്‍ കോടതി ഉത്തരവിട്ടു. ആയിരക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കളാണ് അസിസ്റ്റന്റ് എന്ന തസ്തികയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ വെറും 52 പേരെയാണ് ടെസ്റ്റിന് വിളിച്ചത്. രഹസ്യമായി നടത്തിയ പരീക്ഷാനടപടികള്‍ നിര്‍ത്തിവെയ്ക്കാനും കോടതി ഉത്തരവിട്ടു.

 

2005 ഒക്ടോബര്‍മാസംജാര്‍ഖണ്ഡ് വിധാന്‍സഭയിലെ ഫോര്‍ത്ത് ഗ്രേഡ് തസ്തികയിലേക്ക് 75 പേരെയാണ് നിയമിച്ചത്. അതില്‍ 36 പേരും സ്പീക്കറുടെ നിയോജകമണ്ഡലം ഉള്‍പ്പെടുന്ന പലാമു ജില്ലയില്‍ നിന്നുള്ളവരായിരുന്നു! ഈ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അപേക്ഷ ആദ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്. തുടര്‍ന്ന്, മറ്റ് വകുപ്പുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അത് പുറത്തുവന്നതോടെ നവംബര്‍ 29ന് എല്ലാ വിവരങ്ങളും പുറത്തുവിട്ടു. തുടര്‍ന്ന് രാജ്ഖാഡിയ പറഞ്ഞു, 'രഹസ്യം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കും!'

 

'പ്രഭാത് ഖബര്‍' വിധാന്‍സഭയെ വിടാതെ പിന്‍തുടര്‍ന്ന്

 

വാര്‍ത്തയുടെ പ്രധാന ഉറവിടമാക്കി. കേരള നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് പണം ചെലവഴിച്ചതില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ട് 'ദേശാഭിമാനി' ലേഖകന്‍ സുദര്‍ശന്‍ ബാബുവിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്നത്തെ നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ റിപ്പോര്‍ട്ടര്‍ക്ക് പ്രസ്പാസ് നിഷേധിച്ചത്. ഏതായാലും അതൊന്നും ജാര്‍ഖണ്ഡില്‍ നടന്നില്ല. ഒരു ദിവസം ഒരു ഉദ്യോഗസ്ഥന് രണ്ടുപ്രാവശ്യം പ്രമോഷന്‍ നല്‍കിയതും മറ്റും വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് നല്‍കേണ്ടിവന്ന വിവരങ്ങളാണ്. സ്ഥാനക്കയറ്റത്തില്‍ നടന്ന ക്രമക്കേടുകള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. എന്തിന് തൂപ്പുകാരെപ്പോലും കാഷ്യറും ക്ലാര്‍ക്കുമായി സ്പീക്കര്‍ ഉയര്‍ത്തി!

 

നിയമസഭാംഗങ്ങളേയും ഉദ്യോഗസ്ഥരേയും പത്രപ്രവര്‍ത്തകരേയും സന്തോഷിപ്പിക്കുവാന്‍ നിയമസഭാസമ്മേളനവേളയില്‍, വിവിധ വകുപ്പുകള്‍ വിലകൂടിയ സമ്മാനങ്ങള്‍ വിതരണം ചെയ്യാറുണ്ട്. ഇതില്‍ ഏതാണ്ട് എല്ലാംതന്നെ നിയമവിരുദ്ധമായ പാരിതോഷികങ്ങളാണെന്ന് അന്വേഷണത്തില്‍ വെളിവായി. ബജറ്റില്‍ ഈ സമ്മാനങ്ങള്‍ക്ക് തുക വകയിരുത്തിയിട്ടുമില്ല. പിന്നെയെങ്ങനെ സമ്മാനങ്ങള്‍ വന്നു? കോണ്‍ട്രാക്ടര്‍മാരാണ് വിവിധ വകുപ്പുകളിലൂടെ ഈ സമ്മാനങ്ങള്‍ പരസ്യമായി ജനപ്രതിനിധികള്‍ക്ക് നല്‍കുന്നതെന്ന് ബോധ്യപ്പെട്ടു. പരസ്യമായി നല്‍കുന്ന

 

ഈ കൈക്കൂലി വാങ്ങാന്‍ ജനപ്രതിനിധികള്‍ തിരക്കുകൂട്ടിയപ്പോള്‍, സി.പി.ഐ.(എം.എല്‍)ന്റെ പ്രതിനിധിയായിരുന്ന മഹേന്ദ്രസിംഹ് മാത്രം ഒരിക്കലും ഈ സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നില്ല. സമ്മാനങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് എം.എല്‍.എ. മാരുടെ ഉറക്കം കെടുത്തി. സമ്മാനങ്ങളെക്കുറിച്ചുള്ള വിവരം ചോദിച്ച് ശക്തിപാണ്ഡെ നല്‍കിയ അപേക്ഷ ആദ്യം നിരസിക്കപ്പെട്ടുവെങ്കിലും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഇടപെടല്‍ സഹായിച്ചു.

 

ജാര്‍ഖണ്ഡ് വിധാന്‍സഭയുടെ പരിസരത്ത് കാന്റീനും കടകളും അനുവദിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ നിയമസഭാ അധികാരികള്‍ നിഷേധിച്ചു. വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍ ഇവിടെയും സഹായകമായി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാന്റീനും ഷോപ്പുകളും നല്‍കിയത്. ഒരു പൈസപോലും വാടകയോ അഡ്വാന്‍സോ വാങ്ങാതെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ഇവ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്ന വിവരം കൂടി വെളിവാക്കപ്പെട്ടു!

 

പോലീശ് വണ്ടിയില്‍ സിമന്റ് ചാക്കുകള്‍ കൊണ്ടുപോകുന്നതും ആംബുലന്‍സില്‍ പച്ചക്കറി എത്തിക്കുന്നതുമൊക്കെ നാം കാണാറുള്ളതാണ്. ജാര്‍ഖണ്ഡിലെ സംസ്ഥാന ആരോഗ്യവകുപ്പ് വന്‍തോതില്‍ ആംബുലന്‍സ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയിലേക്ക് നീണ്ടു, ആംബുലന്‍സിന്റെ ഈ പച്ചക്കറിയുമായുള്ള യാത്ര. 2005 ഡിസംബറില്‍ സുനില്‍ ചൗധരിയാണ്, ആരോഗ്യവകുപ്പ് വാങ്ങിയ ആംബുലന്‍സിനെക്കുറിച്ചുള്ള വിവരം ആരാഞ്ഞത്. കമ്മീഷനടിക്കാന്‍വേണ്ടി ആവശ്യത്തില്‍ കൂടുതല്‍ ആംബുലന്‍സ് വാങ്ങിയെന്ന വസ്തുത പുറത്തുവന്നു. ആംബുലന്‍സിന്റെ എണ്ണം കൂടിയപ്പോള്‍ അത് പച്ചക്കറി വാങ്ങാന്‍ ഉപയോഗിച്ചു തുടങ്ങി എന്ന് മനസ്സിലായി. ഏതായാലും ആംബുലന്‍സിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കി!

 

ഹിന്ദുസ്ഥാന്‍ പത്രത്തിലെ റാഞ്ചി ലേഖകന്‍ അമരേന്ദ്രകുമാര്‍ വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. മുന്‍മുഖ്യമന്ത്രി, മുന്‍മന്ത്രിമാര്‍, അവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ചെലവഴിച്ച തുകയുടെ വിശദാംശമാണ് ആവശ്യപ്പെട്ടത്. അപേക്ഷ സര്‍ക്കാര്‍ തള്ളി.

 

'എന്ത് വിവരാവകാശനിയമമാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്?' എന്ന ശിര്‍ഷകത്തിലെ വാര്‍ത്ത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. മുന്‍മന്ത്രിമാര്‍ക്കായി ടി.എ., മെഡിക്കല്‍ ചെലവ് ഇനത്തില്‍ ചെലവഴിച്ച തുക പോലും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍. ഉടന്‍തന്നെ ആവശ്യപ്പെട്ട വിവരം സര്‍ക്കാര്‍ അപേക്ഷകനു നല്‍കി. അതും ഹിന്ദുസ്ഥാന്‍ പത്രത്തിലെ ഒന്നാം പേജിലെ മുഖ്യവാര്‍ത്തയായി.

 

മറ്റൊരു കഥ മദ്ധ്യപ്രദേശില്‍ നിന്നാണ്. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള മൂന്നുവര്‍ഷത്തെ പദ്ധതി 2004ല്‍ ആരംഭിച്ചു. ഐ.എല്‍.ഒ.യുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 32 ലക്ഷം രൂപ കാന്തി ജില്ലക്ക് മാത്രമായി ഈ പദ്ധതിയില്‍ വകയിരുത്തി. വിവരാവകാശനിയമപ്രകാരം, നാഗമണി മോഹന്‍ ഒരു അപേക്ഷ നല്‍കിയതോടെ പ്രഥമ 'ആരോഗ്യകിറ്റി'ലെ അഴിമതി പുറത്തുചാടി. എത്രരൂപയ്ക്കാണ് കിറ്റ് വാങ്ങിയത്, എന്തെല്ലാം ഉപകരണങ്ങള്‍ അതിലുണ്ട്, എത്രയെണ്ണമുണ്ട് - എന്നെല്ലാം അപേക്ഷയില്‍ അന്വേഷിച്ചിരുന്നു.

 

അപേക്ഷ നല്‍കി 17 ദിവസം കഴിഞ്ഞു കിട്ടിയ മറുപടി നടുക്കുന്നതായിരുന്നു. 35,000 രൂപയാണ് ഓരോ കിറ്റിന്റേയും വില. ഈ നിലവാരത്തിലുള്ള കിറ്റിന് പുറംമാര്‍ക്കറ്റില്‍ എന്തുവിലയാണെന്ന് നാഗമണി മോഹന്‍ അന്വേഷിച്ചു. വെറും 970 രൂപ! ഇത് വലിയൊരു 'കിറ്റ്' കുംഭകോണത്തിന്റെ കഥ പുറത്തുകൊണ്ടുവന്നു. പാവപ്പെട്ട കുട്ടികളില്‍ നിന്നു തട്ടിയെടുത്ത ലക്ഷങ്ങളുടെ അഴിമതിക്കഥയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കേണ്ടിവന്നു. ജാര്‍ഖണ്ഡിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ വിഷ്ണു രാജ്ഖാഡിയ, പത്രപ്രവര്‍ത്തകരിലുള്ള ഒരു ധാരണയെ വിശകലനം ചെയ്യുന്നു. വാര്‍ത്ത, വിവരാവകാശം ഉപയോഗിച്ചല്ല, മറിച്ച് നല്ല ബന്ധങ്ങളിലൂടെയാണ് ലഭിക്കുന്നതെന്ന് ചിലര്‍ പറയാറുണ്ട്. പബ്ലിക് റിലേഷനും പത്രപ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസമാണ് ഇവര്‍ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിഗൂഢമായതിനെ കണ്ടെത്തുകയാണ് ന്യൂസെങ്കില്‍, വിവരാവകാശനിയമത്തിനു ശേഷം ഈ നിര്‍വ്വചനം കൂടുതല്‍ സാര്‍ത്ഥകമാകുകയാണ്. ക്യാബിനറ്റിനകത്ത് നടന്ന കാര്യം മന്ത്രിയുമായുള്ള വ്യക്തിബന്ധം ഉപയോഗിച്ച് പത്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യാം. പലപ്പോഴും ഈ വാര്‍ത്ത വരുന്നതിനു പിന്നില്‍ നിക്ഷിപ്തതാല്പര്യങ്ങളും ഉണ്ടാകും. ഇത്തരം സ്‌പോണ്‍സേര്‍ഡ് വാര്‍ത്തകളില്‍, വസ്തുതയും ഉണ്ടാവില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വാര്‍ത്തയുടെ ഉറവിടത്തിന്റെ താല്പര്യാര്‍ത്ഥം, പത്രപ്രവര്‍ത്തകനെ അറിഞ്ഞോ അറിയാതെയോ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിവരാവകാശനിയമം വഴി പൂര്‍ണ്ണമായ വസ്തുത ഏതു കോടതിയിലും ഹാജരാക്കാന്‍ കഴിയുന്ന ആധികാരികതയോടെ, സമഗ്രതയോടെ കൃത്യതയോടെ നല്‍കാന്‍ കഴിയും. ഒരിക്കല്‍ വിവരം ലഭിച്ചാല്‍ അതില്‍നിന്നു പിന്‍വാങ്ങാന്‍ കഴിയാത്ത വിധം കുരുക്കുകൂടി ഉദ്യോഗസ്ഥന് നല്‍കുകയാണ് ഈ നിയമം. വ്യക്തിബന്ധത്തിലൂടെയുള്ള വാര്‍ത്താ ശേഖരണം റിപ്പോര്‍ട്ടറെ ഉദ്യോഗസ്ഥന്റെ ഒരു പാവയാക്കുന്നു. സ്വന്തം വകുപ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച് നിങ്ങള്‍ അന്വേഷിച്ചാല്‍ ബന്ധം വഷളാവുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ഉദ്യോഗസ്ഥനുമായുള്ള വ്യക്തിബന്ധങ്ങളിലൂടെ നിങ്ങള്‍ക്ക് 'റൊട്ടീന്‍ ന്യൂസ്' ലഭിക്കും. വിവരാവകാശനിയമത്തിലൂടെ 'എക്‌സ്‌ക്ലൂസീവ്' ന്യൂസുകളും. 

 

Share