Articles Articles Details

വാര്‍ത്തകളുടെ മ്യൂസിയം, ചരിത്രത്തിന്റെയും

Author : ഇ.പി. ഷാജുദീന്‍

calender 25-05-2022

Dr.Livingston, I Presume?

ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കൂപ്പുകളിലൊന്ന്. ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ചോദ്യങ്ങളിലുമൊന്ന്. ഇതു രണ്ടും ചേരുന്നത് ഒരു പത്രത്തിന്റെ തലക്കെട്ടിലാണ്.

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ എട്ടുവര്‍ഷമായി കാണാതിരുന്ന മിഷനറിയും ഗവേഷകനുമായിരുന്ന ഡേവിഡ് ലിവിംഗ്സ്റ്റണെ തങ്ങളുടെ ലേഖകന്‍ കണ്ടെത്തിയത് ന്യൂയോര്‍ക്ക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത് ഈ വാക്കുകളിലൂടെയായിരുന്നു. 1864-ലാണ് ഡോ. ലിവിംഗ്സ്റ്റണ്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലേക്ക് തന്റെ ഗവേഷണയാത്ര തുടങ്ങുന്നത്. പിന്നെ അദ്ദേഹത്തെക്കുറിച്ച് വിവരമില്ലാതെയായി. ജീവിച്ചിരിപ്പുണ്ടോ അതോ ആഫ്രിക്കന്‍ കാട്ടുമനുഷ്യരുടെ തടങ്കലിലാണോ എന്നൊന്നും അറിയാത്ത അവസ്ഥ. 1871-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡിന്റെ ഉടമസ്ഥന്‍ ജോര്‍ജ് ബെന്നെറ്റ് ഹെന്റി മോര്‍ട്ടന്‍ സ്റ്റാന്‍ലി എന്ന ഐറിഷ് വംശജനായ സ്റ്റാര്‍ റിപ്പോര്‍ട്ടറെ ലിവിംഗ്സ്റ്റണെ തേടി അയച്ചു. ഒരു വര്‍ഷം വേണ്ടിവന്നു സ്റ്റാന്‍ലിക്ക് ഡോ. ലിവിംഗ്സ്റ്റണെ കണ്ടെത്താന്‍. ഉള്‍വനത്തില്‍കണ്ടെത്തിയ വെള്ളക്കാരന്‍ താന്‍ അന്വേഷിച്ചു പോയ ആളാണോ എന്നറിയാന്‍ സ്റ്റാന്‍ലി ചോദിച്ച വാക്കുകള്‍ തന്നെയായിരുന്നു, 1872 ജൂലൈ നാലിന് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡിന്റെ പ്രധാന തലവാചകമായത്.

പത്രപ്രവര്‍ത്തന ചരിത്രത്തിലെ അവിസ്മരണീയമായ, How I Found Livingstone; travels, adventures, and discoveriesin Central Africa എന്ന പുസ്തകത്തിലൂടെ ഇതിഹാസമായ, ഓരോ വരിയിലും സാഹസികത തുടിച്ചു നില്‍ക്കുന്ന ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ഹെറാള്‍ഡിന്റെഒരു കോപ്പി ഞാന്‍ കണ്ടു, അമേരിക്കയില്‍ വാഷിംഗ്ടണിലെ ന്യൂസിയത്തില്‍. ഇതു മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിന്റെ 500 വര്‍ഷ ചരിത്രത്തിന്റെ നിറമാര്‍ന്ന ഓരോ മുക്കുംമൂലയും പൊട്ടുംപൊടിയും വരെ ഇവിടുണ്ട്. ലോകയുദ്ധങ്ങള്‍ തുടങ്ങിയതും അവസാനിച്ചതും, ടൈറ്റാനിക്ക് ദുരന്തം, ബെര്‍ലിന്‍ മതിലിന്റെ തര്‍ച്ച, മനുഷ്യന്‍ ചന്ദ്രനില്‍...പത്രപ്രവര്‍ത്തക ചരിത്ര കുതുകികള്‍ മാത്രമല്ല, ലോകചരിത്രത്തിന്റെ ഗതിവിഗതികള്‍ പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും തീര്‍ഥാടന കേന്ദ്രമാണിവിടം.

 

അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാ(ഐ.വി.എല്‍.പി)മില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് അവിടം സന്ദര്‍ശിച്ച അഞ്ചംഗ മലയാളി പത്രപ്രവര്‍ത്തക സംഘത്തിലാണ് ഞാന്‍ ന്യൂസിയത്തിലെത്തിയത്.

ഏഴു നിലകളിലുള്ള,ആധുനിക വാസ്തുശില്പകലയുടെ പ്രത്യക്ഷ ഉദാഹണമായ ചില്ലുമാളികയാണ് ന്യൂസിയം. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആസ്ഥാനമായ കാപിറ്റോളിന്റെയും പ്രസിഡന്റിന്റെ വാസസ്ഥാനമായ വൈറ്റ്ഹൗസിന്റെയും മധ്യേ, ഏറെദൂരം വളവും തിരിവുമില്ലാതെ നെടുനീളത്തില്‍ കിടക്കുന്ന പെന്‍സില്‍വേനിയ അവന്യൂ എന്ന വാഷിംഗ്ടണിലെ ഗ്ലാമര്‍ തെരുവിന്റെ ഓരത്ത് ഒരു പടുകൂറ്റന്‍ മന്ദിരം. കാപിറ്റോളിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റും കുടുംബവും അംഗരക്ഷകരും പരിവാരങ്ങളും വൈറ്റ്ഹൗസിലേക്ക് നടന്നു പോകുന്നത് ഈ റോഡിലൂടെയാണ്.

പെന്‍സില്‍വേനിയ അവന്യൂവിലെ പ്രധാന വാതിലിലൂടെ അകത്തേക്കു പ്രവേശിക്കുന്ന ആരെയും സ്വീകരിക്കുക മുന്‍പില്‍ തന്നെയുള്ള ഒരു കൂറ്റന്‍ മാര്‍ബിള്‍ ഫലകമാണ്. പത്രസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഫസ്റ്റ് അമെന്‍ഡ്‌മെന്റ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ഭരണഘടനാ ഭേദഗതിയുടെ വാക്കുകള്‍ എഴുതിവച്ചിരിക്കുന്ന ഈ ഫലകത്തിന് 74 അടി ഉയരമുണ്ട്. 

ആദ്യ നിലയുടെ അടിയിലുള്ള കണ്‍കോഴ്‌സ് നിലയില്‍ നിന്നേ വാര്‍ത്തയുടെ കാഴ്ചകള്‍ തുടങ്ങുന്നു. ഈ നിലവറയില്‍ ആരെയും ആകര്‍ഷിക്കുന്ന രണ്ടു കാര്യങ്ങളും അമേരിക്കന്‍ സാമ്രാജ്യത്തിനു സന്തോഷം നല്‍കുന്നവയാണ്. പക്ഷേ, രണ്ടും ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളും. ഈ ഹാളിന്റെ വലത്തേ അറ്റത്ത് ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം കാണാം. യഥാര്‍ഥ മതിലിന്റെ എട്ടു ബ്ലോക്കുകള്‍. കിഴക്കന്‍-പടിഞ്ഞാറന്‍ ജര്‍മനികളെ വേര്‍തിരിച്ചിരുന്ന മതില്‍. പടിഞ്ഞാറന്‍ ജര്‍മനിയുടെ ഭാഗത്ത് ചിത്രപ്പണികളേറെ. മറുവശത്താകട്ടെ, കമ്യൂണിസ്റ്റ് ഭരണത്തിന്റെ കമ്മിസാറുകള്‍ ഉറപ്പാക്കിയിരുന്ന അച്ചടക്കത്തിന്റെ പ്രതീകമായി കരികൊണ്ടുള്ള ഒരു വര പോലുമില്ല. സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഭാഗമായി ജനങ്ങള്‍ മതിലിന്റെ ഈ ഭാഗമടക്കം അടിച്ചു തകര്‍ക്കുന്നതിന്റെവീഡിയോകള്‍ പശ്ചാത്തലത്തിലെ സ്‌ക്രീനില്‍. കിഴക്കന്‍ ജര്‍മനിയുടെ ഭാഗത്തായി 40 അടി ഉയരമുള്ള, മൂന്നു നിലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കാവല്‍പുരയും അതേപടി വച്ചിരിക്കുന്നു.

ഇതിനു തൊട്ടടുത്തു തന്നെ സോവ്യറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിച്ചുകൊണ്ട് ബോറിസ് യെല്‍ട്‌സിന്‍ അധികാരത്തില്‍ വന്ന സമയത്ത് മോസ്‌കോവിലെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ മറിച്ചിട്ട കൂറ്റന്‍ ലെനിന്‍ പ്രതിമയും കാണാം. അതു മറിച്ചിടുന്നതിന്റെ ചിത്രവും. സോവ്യറ്റ് യൂണിയനിലെ ഭരണമാറ്റത്തിന് മിഖായേല്‍ ഗോര്‍ബച്ചേവ് ഒപ്പിടുന്നതിന്റെ ഫോട്ടോക്കു മുന്നില്‍, ആ ഒപ്പിട്ട പേനയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 

ഈ നിലയിലെ ഓറിയന്റേഷന്‍ തീയറ്ററുകളില്‍ നിന്ന് ന്യൂസിയത്തെക്കുറിച്ച് വീഡിയോകളിലൂടെ മനസിലാക്കാം. തൊട്ടടുത്തു തന്നെ ഇടക്കു പ്രദര്‍ശന വസ്തുക്കള്‍ മാറുന്ന ഗാലറിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുമായി ബന്ധപ്പെട്ട വസ്തുക്കളായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ഓരോ വിഷയത്തെയും പറ്റിയുള്ളപ്രദര്‍ശനങ്ങള്‍ ഏഴു മാസത്തോളമുണ്ടാവും. ഇതിനടുത്തു തന്നെ സ്‌പോര്‍ട്‌സ് തീയറ്ററുണ്ട്. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗിന്റെ ചരിത്രം എന്നു പേരിട്ടിരിക്കുന്ന ഒരു ഡോക്യുമെന്ററിയില്‍ സ്‌പോര്‍ട്‌സ് ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ കാണാനാകും. 

ഈ നിലയിലെ മറ്റൊരു പ്രധാന ആകര്‍ഷണം വാര്‍ത്തയുമായി ബന്ധപ്പെട്ടതല്ല, ഒരുപക്ഷേ വാര്‍ത്തതന്നെയാണ്. മറ്റൊന്നുമല്ല, ന്യൂസിയത്തിന്റെ എലവേറ്ററുകളാണത്. ചുറ്റും ചില്ലുഭിത്തിയുള്ള മൂന്ന് എലവേറ്ററുകള്‍. ഓരോന്നിനും മിനിബസിന്റെ വലിപ്പം. അതില്‍ കയറി മേലേക്കു പോകുമ്പോള്‍ 'ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് എലവേറ്ററിലാണ് നിങ്ങള്‍ നില്‍ക്കുന്നത്' എന്ന സന്ദേശമാണ് നമ്മെ സ്വാഗതം ചെയ്യുക. ഓരോ നിലയിലെത്തുമ്പോഴും തൊട്ടു മുന്നിലും പിന്നിലും വശങ്ങളിലും എന്തെന്ന് അറിയിപ്പുണ്ടാകും. എലവേറ്ററുകളിലേറി ആറാം നിലയിലാണ് എത്തുക. അവിടെ തുടങ്ങുകയായി കാഴ്ചയുടെ വിരുന്ന്. കാഴ്ചകണ്ട് താഴേക്കിറങ്ങാം.

ഇവിടെ ടെറസ് ഒരു ഫോട്ടോ പോയിന്റാണ്. ഇടതുവശത്തേക്കു നോക്കുമ്പോള്‍ കാപ്പിറ്റോള്‍ ഹില്ലിന്റെ നെറുകയില്‍, പടുകൂറ്റന്‍ ന്യൂസിയം കെട്ടിടം പോലും ചെറുതാണെന്നു തോന്നിക്കുമാറ് കാപ്പിറ്റോള്‍ മന്ദിരം തലയുയര്‍ത്തി നില്‍ക്കുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുന്നവരുടെ തിരക്കാവും എപ്പോഴും. വലത്ത് ദൂരെ ലിങ്കണ്‍ സ്മാരകവും വാഷിംഗ്ടണ്‍ സ്മാരകവും. സമീപത്തു തന്നെ നാഷണല്‍ ആര്‍ട്ട് ഗാലറി, സ്മിത്‌സോണിയന്‍ അടക്കമുള്ള മ്യൂസിയങ്ങള്‍.

ആറാം നിലയിലെ നീണ്ട വരാന്തയുടെ ഭിത്തിയില്‍ നിറയെ അതതു ദിവസങ്ങളിലെ പ്രധാന പത്രങ്ങളുടെ ഒന്നാം പേജിന്റെ യഥാര്‍ഥ വലിപ്പത്തിലുള്ള പകര്‍പ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏതാണ്ട് എല്ലാ പത്രങ്ങളും ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ന്യൂസിയത്തിന്റെ പ്രധാന ഗേറ്റിനടുത്തും ഈ പത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ടിക്കറ്റെടുക്കാതെ കെട്ടിടത്തിനു പുറത്തു നിന്ന് ഇവ കാണാം. ആറാം നിലയില്‍ നിന്ന്താഴേക്കിറങ്ങുന്നത് ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളുടേ വിര്‍ച്വല്‍ രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗ്രേറ്റ് ബുക്‌സ് ഗാലറിയിലേക്ക്. മാഗ്‌നാ കാര്‍ട്ട അടക്കമുള്ള പുസ്തകങ്ങള്‍ ഇവിടെ 'മറിച്ചു നോക്കാം'. തൊട്ടടുത്തായി ബിഗ്‌സ്‌ക്രീന്‍ തീയറ്റര്‍. നൂറടി നീളവും അതിനൊത്ത ഉയരവുമുള്ള സ്‌ക്രീനില്‍ ചരിത്ര സംഭവങ്ങളുടെ വീഡീയോകളും യഥാര്‍ഥ ഡോക്യുമെന്ററികളുംകാണുന്നത് ഒന്ന്ആലോചിച്ചു നോക്കൂ. സന്ദര്‍ശകര്‍ പോകാതിരിക്കുന്നതിനാല്‍ ധാരാളം സീറ്റുകള്‍ ഇവിടുണ്ട്. വാര്‍ത്താ ശേഖരണത്തിന്റെ ചരിത്രം പറയുന്ന ന്യൂസ് ഹിസ്റ്ററി ഗാലറി ഇതിനടുത്താണ്. ഇവിടെയാണ് ചരിത്ര സംഭവങ്ങളുടെറിപ്പോര്‍ട്ടുകള്‍ ഉള്ള പത്രങ്ങളുടെ പതിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യമേറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 367 പത്രങ്ങളുടെ യഥാര്‍ഥ കോപ്പികള്‍ ഇവിടെ കാണാം.ഇവയടക്കം ചരിത്ര സ്മാരകങ്ങളായ മൊത്തം 35,000 പത്രങ്ങള്‍ വിവിധ ഗാലറികളിലായി സൂക്ഷിച്ചിട്ടുണ്ട്. തൊട്ടരികില്‍ ആരുടെയും ഹൃദയത്തെ പിടിച്ചു നിറുത്തുന്ന ഒരു ദൃശ്യം. വാഷിംഗ്ടണിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് എഡിറ്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളായ ഡോണ്‍ ബോളെസ് വാര്‍ത്താശേഖരണത്തിനിടെ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യമാണിത്. തകര്‍ന്ന കാര്‍ സംഭവസ്ഥലത്തു കിടന്ന അതേമട്ടില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

നാലാം നിലയിലേക്ക് ഇറങ്ങുമ്പോള്‍ സ്വീകരിക്കുക ന്യൂമീഡിയയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാര്‍ത്താ വിതരണം എങ്ങനെയെന്ന് ഇവിടെനിന്നറിയാം. സന്ദര്‍ശകര്‍ക്ക് ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള ധാരാളം ഇന്ററാക്ടീവ് കിയോസ്‌കുകള്‍ ഇവിടെയുണ്ട്. തൊട്ടടുത്തായി 9/11 ഗാലറി. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട ആക്രമണത്തിന്റെ ഓര്‍മ ഇവിടെ പച്ചപിടിച്ചു നില്‍ക്കുന്നു. ആക്രമണത്തിന്റെ വാര്‍ത്തയുമായി ഇറങ്ങിയ 127 പത്രങ്ങളുടെ ഒന്നാം പേജ് ഇവിടെ കാണാം. ഗാലറിയുടെ നടുവിലായി തകര്‍ക്കപ്പെട്ട നോര്‍ത്ത് ടവറിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാര്‍ത്താ വിതരണ ആന്റീനയുടെ അവശിഷ്ടം. ഒപ്പം സംഭവത്തില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ബില്‍ ബിഗാര്‍ടിന്റെ കാമറയും പ്രസ് പാസും, കേടുപാടു സംഭവിച്ച പെന്റഗണ്‍ കെട്ടിടത്തിന്റെ ഒരു ഭാഗം, ഓപ്പറേഷനുപയോഗിച്ച യുണൈറ്റഡ് ഫ്‌ളൈറ്റ് 93-ന്റെ അവശിഷടം എന്നിവയും.പശ്ചാത്തലത്തില്‍ അന്നത്തെ സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണത്തിന്റെ ഓഡിയോയും മറ്റും കേള്‍ക്കാം. ഇവിടെ എത്തുന്ന അമേരിക്കക്കാര്‍, പ്രത്യേകിച്ചുംമുതിര്‍ന്നവര്‍ കണ്ണീരൊപ്പുന്നതു കാണാമായിരുന്നു.

പത്രപ്രവര്‍ത്തനം വളരെ അപകടം പിടിച്ച പണിയാണെന്ന് ഓര്‍മപ്പെടുത്തുന്നു മൂന്നാം നില. അതില്‍ പ്രധാനം ജേണലിസ്റ്റ്‌സ് മെമ്മോറിയല്‍ തന്നെ. 1837 മുതല്‍ ജോലിക്കിടയില്‍ കൊല്ലപ്പെട്ട രണ്ടായിരത്തിലധികം പത്രപ്രവര്‍ത്തകരുടെ ഫോട്ടോ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അടുത്തു വച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ടെര്‍മിനലുകളില്‍ നിന്ന് ഇവരുടെ വിവരങ്ങളും കണ്ടെത്താം. 

ഇടുക്കി ജില്ലയിലെ വെള്ളാനി മലയില്‍ ഉരുള്‍പൊട്ടലിന്റെ ഫോട്ടോ എടുക്കവേ വെള്ളപ്പാച്ചിലില്‍ കൊല്ലപ്പെട്ട വിക്ടര്‍ ജോര്‍ജിന്റെ ഫോട്ടോ ഞങ്ങള്‍ തിരഞ്ഞു. അതാ ഒരു മൂലയില്‍ നീലഷര്‍ട്ടിട്ട് ചിരിച്ച മുഖവുമായി വിക്ടറിന്റെ ഫോട്ടോ. കമ്പ്യൂട്ടറില്‍ വിക്ടറിന്റെ വിവരങ്ങള്‍ തേടി കണ്ടെത്തി. അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ ന്യൂസിയത്തിലെ ഒരു ജീവനക്കാരി ഞങ്ങളുടെ അടുത്തുവന്നു ചോദിച്ചു.

''നിങ്ങള്‍ മിസ്റ്റര്‍ ജോര്‍ജിനെ അറിയുമോ?''

''ഞങ്ങളുടെ സഹപ്രവര്‍ത്തകനായിരുന്നു''

''ഓ ദൈവമേ'' ഈറനണിഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞു. ഞങ്ങളെ ഗാലറിക്കു മുന്നില്‍ ഒരുമിച്ചു നിര്‍ത്തി ഫോട്ടോ എടുത്ത ശേഷമേ അവര്‍ വിട്ടുള്ളൂ. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പി.ആര്‍.ഒ. ശ്രീകുമാറിന്റെ ശ്രമഫലമായാണ് വിക്ടറിന്റെ ഫോട്ടോ ന്യൂസിയത്തില്‍ സ്ഥാനം പിടിച്ചത്. ഫോട്ടോ അനാച്ഛാദന ചടങ്ങിന്റെ വീഡിയോ കോട്ടയം പ്രസ്‌ക്ലബില്‍ വിക്ടറിന്റെ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ ലാപ്‌ടോപ് കമ്പ്യൂട്ടര്‍, പാസ്‌പോര്‍ട്ട് എന്നിവ മറ്റൊരു വേദനച്ചിത്രമാകുന്നു. ബാള്‍ക്കന്‍ യുദ്ധകാലത്ത് ടൈം മാഗസിന്റെ ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിച്ചിരുന്ന, വെടിയുണ്ടകളാല്‍ ഉടനീളം സുഷിരം വീണ ട്രങ്കും ഇവിടെ കാണാം.

ഇന്റര്‍നെറ്റ്, ടിവി, റേഡിയോ ഗാലറി ഇതിനടുത്താണ്. 19-ാം നൂറ്റാണ്ടു മുതലുള്ളഇലക്ട്രോണിക് വാര്‍ത്താ ശേഖരണത്തിന്റെ ചരിത്രം ഇവിടെനിന്ന് കണ്ടറിയാം. ടച്ച് സ്‌ക്രീനുകളുടേ ഒരു നിരതന്നെ ഇവിടുണ്ട്. ചരിത്രത്തിലെ അനേകം സംഭവങ്ങളുടെ ശബ്ദരേഖകളും വീഡിയോക്ലിപ്പിംഗുകളും നമ്മുടെ വിരല്‍തുമ്പില്‍. ലൈവ് റിപ്പോര്‍ട്ടിംഗിന്റെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന എഡ്വേര്‍ഡ് ആര്‍. മുറോയുടെ ജീവിതത്തെ കുറിച്ച് ഒരു പ്രത്യേക വിഭാഗം. 2007-ല്‍ വിര്‍ജീനിയാടെക് സര്‍വകലാശാലയില്‍ നടന്ന വെടിവയ്പിന്റെ വീഡിയോയും ശബ്ദവും റെക്കോഡ് ചെയ്ത വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണും ഇവിടെ കാണാം.  ന്യൂസിയത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണവും ഇന്ററാക്ടീവ് സ്‌ക്രീനുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണവുമെല്ലാം ഈ നിലയിലുള്ള മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. എലവേറ്ററില്‍ ഉയര്‍ന്നു പോകുമ്പോള്‍ ഇവിടം കാണാം. കമ്പ്യൂട്ടര്‍ സ്‌ക്രീനുകളുടെ ഒരു മഹാസംഗമമാണ് ഇവിടെ. ഈ നിലയില്‍ രണ്ട് ടിവി സ്റ്റുഡിയോകളുമുണ്ട്. മുന്‍വശത്തായി പെന്‍സില്‍വേനിയ അവന്യൂ സ്റ്റുഡിയോ. ഇതിന്റെ പിന്‍ഭാഗത്തെ ചില്ലുജാലകത്തിലൂടെ കാപിറ്റോള്‍ മന്ദിരത്തിന്റെ ഒന്നാന്തരം ദൃശ്യം കാണാം. മറ്റൊരു സ്റ്റുഡിയോ ഉള്ളതില്‍ വലിയ ചര്‍ച്ചകളും മറ്റും നടത്താന്‍ പാകത്തില്‍ 120 സീറ്റുകളുമുണ്ട്. ഇവിടെ നിന്ന് എ.ബി.സി ചാനലും മറ്റും സ്ഥിരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. ഇവിടുള്ള മറ്റൊരു ശ്രദ്ധേയഗാലറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പത്രസ്വാതന്ത്ര്യം വിലയിരുത്തുന്ന ചാര്‍ട്ടാണ്. ഓരോ ഇടങ്ങളിലും മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ ഇതു സഹായിക്കും.

രണ്ടാം നിലയില്‍ സന്ദര്‍ശകരെ തത്കാലത്തേക്ക് പത്രപ്രവര്‍ത്തകരാക്കുന്ന വിവിധ ഇന്ററാക്ടീവ് ഗെയിമുകളും മറ്റുമുണ്ട്. ന്യൂസ്‌റൂമില്‍ ലൈവ് കാമറക്കു മുന്നില്‍ വാര്‍ത്തവായിക്കാം, നിര്‍ണായക അവസരങ്ങളില്‍ പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ തീരുമാനങ്ങള്‍ എടുക്കുന്ന ഗെയിമില്‍ പങ്കെടുക്കാം. അമേരിക്കന്‍ പ്രസിഡന്റുമാരുടെ കുടുംബാംഗങ്ങളെ പോലെ അവരുടെ വളര്‍ത്തു നായകളും അമേരിക്കക്കാരുടെ പ്രിയ വിഷയങ്ങളാണ്. ഇവിടെ 'ഫസ്റ്റ് ഡോഗു'കളുടെ ചിത്രങ്ങളുമായി ഒരു ഗാലറിയുണ്ട്. ഒന്നാം നിലയിലെ ഏറ്റവും വലിയ ആകര്‍ഷണം 4ഡി തീയറ്ററാണ്. 150 വര്‍ഷത്തിനിടയിലെ മൂന്നു പ്രധാന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും പ്രധാന ചില നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്ന ഈ തീയറ്റര്‍ അനുഭവം മനസിലാക്കാതെ പുറത്തിറങ്ങുന്നത് വലിയ നഷ്ടമായിരിക്കും. ലോകയുദ്ധങ്ങളുടെ കഥ പറയവെ സ്‌ഫോടനങ്ങള്‍ക്കൊപ്പം ഇളകുന്ന കസേരകള്‍, മഞ്ഞുകാലത്തിനൊപ്പം പരക്കുന്ന വെള്ളത്തുള്ളികള്‍, ഇടക്ക് ഇരിക്കുന്നയാളെ ഒന്നു ചൊറിയുന്ന കുഷ്യനുകള്‍. അങ്ങനെ പലതും. ഇതിനടുത്തായി 1942 മുതല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ച ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അവാര്‍ഡ് നേടിയ ഫോട്ടോഗ്രാഫര്‍മാരുമായുള്ള ഇന്റര്‍വ്യൂ ഇന്ററാക്ടീവ് സ്‌ക്രീനില്‍ വായിക്കാം.  കണ്‍കോഴ്‌സ് ലെവലില്‍ നിന്നും ഈ തീയറ്ററിലേക്ക് പ്രവേശിക്കാം. ഈ വഴിയിലെ ഒരു പ്രധാന ഗാലറി അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ വാര്‍ത്തകളുമായി പുറത്തിറങ്ങിയ പത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ്. തൊട്ടടുത്തു തന്നെ യുദ്ധകാലത്ത് ട്വിറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ നേതാക്കന്മാര്‍ തമ്മിലുള്ള ആശയ വിനിമയം എങ്ങനെയായിരുന്നേനേ എന്ന സാങ്കല്പിക സന്ദേശങ്ങളുള്ള രണ്ടു വലിയ ഫലകങ്ങള്‍. അതുവരെ ഗൗരവം മുറ്റി നിന്ന വായനയുമായി വരുന്ന മുതിര്‍ന്നവര്‍ പോലും ഇവിടെയെത്തുമ്പോള്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോകുന്നു. ഒന്നാം നിലമുതല്‍ നാലാം നിലവരെ വ്യാപിച്ചു കിടക്കുന്ന, 90 അടി ഉയരമുള്ള ആര്‍ട്രിയമാണ് ന്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. മുന്‍വശത്തെ ചില്ലിലൂടെ ആവശ്യത്തിനു സൂര്യപ്രകാശം ആര്‍ട്രിയത്തിനുള്ളില്‍ വെളിച്ചമേകുന്നു. മൂന്നാം നിലയില്‍ മധ്യഭാഗം വരത്തക്ക രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ടിവി സ്‌ക്രീനില്‍ ബ്രേക്കിംഗ് ന്യൂസ് കാണാം. 40 അടി വീതിയും 22 അടി ഉയരവുമാണ് ഈ സ്‌ക്രീനിനുള്ളത്. വാര്‍ത്താ ശേഖരണത്തിനുപയോഗിച്ചിരുന്ന ബെല്‍ ജെറ്റ്‌റേഞ്ചര്‍ ഹെലികോപ്റ്റര്‍ ഒരെണ്ണം ആര്‍ട്രിയത്തിലെ മേല്‍കൂരയില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്നു. ആര്‍ട്രിയത്തിലെ മറ്റൊരു ആകര്‍ഷണം വാര്‍ത്താ വിതരണത്തിനായി ആദ്യമായി വിക്ഷേപിച്ച ആപ്ലിക്കേഷന്‍സ് ടെക്‌നോളജി ഉപഗ്രഹ(എ.ടി.എസ്1)ത്തിന്റെ അതേ വലിപ്പമുള്ള ഒരു മാതൃകയാണ്. ഇതും മേല്‍കൂരയില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്നു.

ലോകത്ത് ഇതുവരെ ഉണ്ടായിരിക്കുന്നതില്‍ ഏറ്റവും ഇന്ററാക്ടീവ് ആയ മ്യൂസിയമായാണ് ന്യൂസിയം കണക്കാക്കപ്പെടുന്നത്. ഇന്ററാക്ടീവ് കിയോസ്‌ക്കുകള്‍ 130 എണ്ണമുണ്ട്. മൊത്തം 14 ഗാലറികള്‍, 15 തീയറ്ററുകള്‍. ഗാലറികളില്‍ 3800 ഫോട്ടോകള്‍. ആറായിരത്തിലധികം ചരിത്രപ്രാധാന്യമുള്ള വസ്തുക്കള്‍. ഇതില്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന 3200 വര്‍ഷം പഴക്കമുള്ള മണ്‍കട്ട വരെയുണ്ട്. തീയറ്ററുകളിലാകട്ടെ, നൂറു മണിക്കൂറിലധികമുള്ള വീഡിയോകളുണ്ട്. 

അമേരിക്കയില്‍ പത്രവ്യവസായം തളര്‍ച്ചയിലാണ്. എന്നാല്‍, പഴയ പത്രങ്ങളും വാര്‍ത്തയുടെ ചരിത്രവും അറിയാന്‍ പുതു തലമുറ ഇന്നും ഉല്‍സുകരാണ് എന്നതാണ് ന്യൂസിയം നല്‍കുന്ന ചിത്രം.

സ്വതന്ത്ര സംഘടനയായ ഫ്രീഡം ഫോറം ആണ് ന്യൂസിയത്തിന്റെ പിന്നില്‍. വിര്‍ജീനിയ സ്റ്റേറ്റിലെ ആര്‍ലിംഗ്ടണില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂസിയം സ്ഥലസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് 2002 ല്‍ അടച്ചു. പെന്‍സില്‍വേനിയ അവന്യൂവില്‍ തുറക്കുന്നത് 2008 ഏപ്രില്‍ 11-നാണ്. 45 കോടി ഡോളര്‍ ചെലവഴിച്ചു തയാറാക്കിയ പുതിയ മന്ദിരത്തിന് 6,43,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. പ്രദര്‍ശ വസ്തുക്കള്‍ മാത്രം 250,000 ചതുരശ്ര അടി വരും. ആദ്യ ന്യൂസിയത്തിന്റെ മൂന്നിരട്ടി വരുമിത്. ആദ്യ വര്‍ഷം തന്നെ 7,14,000 പേര്‍ സന്ദര്‍ശിച്ചു. പ്രതിവര്‍ഷം ശരാശരി എട്ടു ലക്ഷത്തിലധികം സന്ദര്‍ശകരുണ്ട്. 

 

Share