Articles Articles Details

വിസില്‍ വിളിക്കുന്നവരെ കൊല്ലരുത്!

Author : ബാലരാമന്‍

calender 25-05-2022

ഇറാഖിലെ ഒരു തെരുവോരത്തു നടന്ന 'കോള്‍ഡ് ബ്ലഡഡ്' കൂട്ടക്കൊലയുടെ,  'കൊളാറ്ററല്‍ മര്‍ഡര്‍' എന്ന പേരില്‍ പ്രസിദ്ധമായ വീഡിയോ ലോകമെങ്ങും ജനം കണ്ടുകാണും. അമേരിക്കന്‍ കരസേനയിലെ പ്രൈവറ്റായ ബ്രാഡ്‌ലി മാനിങ്ങ് എന്ന 22-കാരനാണ് അത്തരം നൂറുകണക്കിന് രഹസ്യരേഖകള്‍ ലോകത്തിനു മുന്നിലെത്തിച്ച മനുഷ്യന്‍. പത്രധര്‍മത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ മാനിങ്ങ് താരപരിവേഷം ലഭിക്കേണ്ട ഒരു 'വിസില്‍ ബ്ലോവര്‍' ആണ്, ഒരു ഹീറോ. 

എന്നാല്‍ സ്വന്തം ഭരണഘടനയുടെ ഒന്നാം ഭേദഗതി തന്നെ പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ളതാണെന്ന് അഭിമാനിക്കുന്ന അമേരിക്കക്കാരുടെ ഗവണ്മന്റ് ചാരവൃത്തി തൊട്ട് മോഷണവും കമ്പ്യൂട്ടര്‍ ദുര്‍വിനിയോഗവും അടക്കം 22 കുറ്റങ്ങള്‍ ചുമത്തി മാനിങ്ങിനെ അറസ്റ്റ് ചെയ്ത് ഹീനമായ രീതിയില്‍ ചോദ്യം ചെയ്യുകയാണ് ചെയ്തത്. എന്നിട്ട ഭരണഘടനയ്ക്കു തന്നെ വിരുദ്ധമായ രീതിയില്‍ രഹസ്യവിചാരണ ചെയ്ത് 35 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അമേരിക്കയില്‍ ചാരവൃത്തി കേസുകളില്‍ ശിക്ഷ അനുഭവിച്ചവരുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ശിക്ഷ. 22-ാം വയസ്സില്‍ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിച്ചതിന്റെ വില കൊടുത്ത് ബ്രാഡ്‌ലി മാനിങ്ങ് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ 55 വയസ്സ് കഴിയും.

വിയറ്റ്‌നാമിലെ അമേരിക്കന്‍ ദുരാചാരങ്ങളെ പറ്റിയുള്ള 'പെന്റഗണ്‍ പേപ്പേഴ്‌സ്' 1971-ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ യു.എസ്സ്. സൈനിക വിദ്ഗ്ധന്‍ ഡാനിയല്‍ എല്‍സ്ബര്‍ഗിനെയും വാട്ടര്‍ഗേറ്റ് അപവാദത്തെ പറ്റി വാഷിങ്ടണ്‍ പോസ്റ്റിന് 'ഡീപ് ത്രോട്ട്' എന്ന വ്യാജനാമത്തില്‍ വിവരങ്ങള്‍ നല്‍കിയ എഫ്.ബി.ഐ.യിലെ മാര്‍ക് ഫെല്‍റ്റിനെയും വീരനായകരായി വാഴ്ത്തുന്ന അമേരിക്കന്‍ ജനത ഞെട്ടേണ്ട വിധിയാണിത്.

മാനിങ്ങിന്റെ വിചാരണയില്‍ പ്രതിഭാഗം ഒരു വിദഗ്ധനെ മാത്രമെ സാക്ഷിയായി അവതരിപ്പിച്ചുള്ളു - ഹാര്‍വാര്‍ഡ് നിയമ പണ്ഡിതനും പ്രൊഫസറുമായ യൊച്ചായ് ബെന്‍ക്ലര്‍. 2010-ല്‍ കൊളാറ്ററല്‍ മര്‍ഡറിന്റെ വീഡിയോ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാലത്തു തന്നെ അദ്ദേഹം വിക്കിലീക്ക്‌സിനെ കുറിച്ച് വിശദമായി പഠിക്കുകയും അത് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പരിധിയില്‍ വരുന്ന സ്ഥാപനമാണെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് (ഇതെ പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രബന്ധം 'എ ഫ്രീ, ഇറെസ്‌പോണ്‍സിബിള്‍ പ്രസ്സ്' അദ്ദേഹത്തിന്റെ സൈറ്റില്‍ സൗജന്യമായി ലഭിക്കും. ജൂലിയന്‍ അസ്സാഞ്ചിനും ബ്രാഡ്‌ലി മാനിങ്ങിനുമെതിരായ അപവാദപ്രചരണങ്ങള്‍ക്കെതിരെ അദ്ദേഹം പരസ്യമായ നിലപാടുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. 

ഭരണഘടനാപരമായി തന്നെ വിസില്‍ ബ്ലോവര്‍മാര്‍ അമേരിക്കന്‍ ഭരണ സംവിധാനത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് വഹിക്കുന്നത്, പ്രത്യേകിച്ചും ദേശീയ സുരക്ഷയുടെ കാര്യത്തില്‍. ബെന്‍ക്ലര്‍ പറഞ്ഞു. വ്യക്തിപരമായി വന്‍വില കൊടുത്തുകൊണ്ടാണവര്‍ ഇത് ചെയ്യുന്നത്. ഗവണ്മന്റിന്റെ എക്‌സിക്യുട്ടീവ് ശാഖയ്ക്ക് ദേശരക്ഷയുടെ കാര്യത്തില്‍ അപാരമായ അധികാരങ്ങളുണ്ട്, പക്ഷേ ഇതിന്റെ വിനിയോഗം സുതാര്യമല്ല. സ്‌റ്റേറ്റ് സീക്രട്ടിന്റെ കാര്യത്തില്‍ നീതിപീഠത്തിന്റെ മേല്‍നോട്ടം പോലും അസാദ്ധ്യമാണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മേല്‍നോട്ട സമിതികള്‍ പോലും ഇക്കാര്യത്തില്‍ ഭരണനര്‍വഹണവിഭാഗത്തെ ഒഴിവാക്കിവിടുകയാണ് പതിവ്. അവര്‍ പരിശോധിക്കുന്ന രേഖകളില്‍ മിക്കതും ക്ലാസ്സിഫൈഡ് ആയതിനാല്‍ പൊതുജനത്തിന് ഇക്കാര്യത്തില്‍ യാതൊരു മേല്‍നോട്ട അധികാരങ്ങളുമില്ല. 

സ്വന്തം ധാര്‍മികധീരതയുടെ ഊര്‍ജം കോണ്ടുമാത്രം കര്‍മനിരതരാകുന്ന വിസില്‍ ബ്ലോവര്‍ കടന്നുവരുന്നത് അത്തരം ഘട്ടങ്ങളിലാണ്. മാനിങ്ങ് അത്തരത്തില്‍ ധീരത കാണിച്ച മനുഷ്യനാണെന്ന് അയാളുടെ കുറ്റസമ്മതം തന്നെ പറയുന്നു. പക്ഷേ ഈ വിചാരണ പ്രക്രിയ തന്നെ ഭാവിയിലെ വിസില്‍ ബ്ലോവര്‍മാരെ വിരട്ടാന്‍ രൂപകല്‍പ്പന ചെയ്തതാണ്. സാധാരണ വിസില്‍ ബ്ലോവര്‍മാര്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളല്ല മാനിങ്ങിനെതിരെയുള്ളത്. വധശിക്ഷ തന്നെ കൊടുക്കാവുന്ന 'ശത്രുവിനെ സഹായിച്ചു' എന്നതാണ് അതിലൊന്ന്. ഇതൊരു കീഴ്‌വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാകും!

വാട്ടര്‍ഗേറ്റും പെന്റഗണ്‍ പേപ്പേഴ്‌സും പോലെയല്ല മാനിങ്ങ് ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ എന്ന് പലരും വാദിക്കുന്നുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് ഗവണ്മന്റ് ജനങ്ങളെ വഞ്ചിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എല്‍സ്ബര്‍ഗ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയത്, 'ഡീപ് ത്രോട്ട്' ആണെങ്കില്‍ വാട്ടര്‍ഗേറ്റ് അന്വേഷണ കാലത്ത് പ്രസിഡന്റ് തന്നെ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളാണ് വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയത്. മാനിങ്ങ് ആണെങ്കില്‍ പതിനായിരക്കണക്കിന് രേഖകളാണ് ചോര്‍ത്തി നല്‍കിയത്, ഇതിന്റെ വൈപുല്യം തന്നെ ആപത്സാദ്ധ്യതയുണ്ടാക്കാം. 

പക്ഷേ ഈ പരമരഹസ്യങ്ങള്‍ വെളിവായതിന്റെ പേരില്‍ എന്തെങ്കിലും ഗണ്യമായ നഷ്ടങ്ങള്‍ സംഭവിച്ചതായി വിവരങ്ങളില്ല. ഇതില്‍ ചില രേഖകള്‍ ഒസാമ ബിന്‍ലാദന്റെ കമ്പ്യൂട്ടറിലും കണ്ടെത്തി എന്നൊക്കെയാണ് സര്‍ക്കാരിന് പറ്റിയ നഷ്ടത്തിന്റെ തെളിവായി പ്രോസിക്യൂഷന്‍ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന പെന്റഗണ്‍ പേപ്പേഴ്‌സിന്റെ കോപ്പി വിയറ്റ്‌കോങ്ങ് ഒളിപ്പോരാളികളുടെ കൈയില്‍ കണ്ടാല്‍ എല്‍സ്ബര്‍ഗിനെതിരെയും ഇതേ രാജ്യദ്രോഹക്കുറ്റം ചുമത്തുമായിരുന്നോ? അദ്ദേഹം ചോദിച്ചു. 

വിക്കിലീക്ക്‌സ് ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താമാധ്യമല്ലെന്നും അത് ഇന്‍ഫര്‍മേഷന്‍ ടെററിസമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. ഇതെപറ്റി ബെന്‍ക്ലര്‍ ഇങ്ങനെയാണ് പറഞ്ഞത്. വിക്കിലീക്ക്‌സ് വന്‍തോതില്‍ വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും അതൊക്കെ ചുമ്മാ വായില്‍ തോന്നിയ പോലെയല്ല ചെയ്തത്. നൂറുകണക്കിന് രേഖകള്‍ സൂക്ഷ്മപരിശോധന ചെയ്താണ് ഗൗരവമുള്ള വാര്‍ത്തകള്‍ കണ്ടെത്തിയതും പുറത്തുവിട്ടതും. ഇത്തരം പഠനങ്ങളാണ് ഇറാഖില്‍ സാധാരണ പൗരന്മാരുടെ മരണനിരക്ക് സൈന്യം കുറച്ചുകാണിക്കുകയാണ്, ഇറാഖി സൈനികരുടെ അതിക്രമങ്ങള്‍ക്ക് യു.എസ്. സൈന്യം നിശ്ശബ്ദമായി കൂട്ടുനില്‍ക്കുകയാണ് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 

മാനിങ്ങിന്റെ ലീക്കുകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് വിക്കിലീക്ക്‌സ് ഒരു നവമാധ്യമപ്രതിഭാസമായിരുന്നു -സോമാലിയന്‍ കലാപനേതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ വധിക്കാന്‍ തീരുമാനിച്ചതിനെ പറ്റിയോ കെനിയയിലെ ഗവണ്മന്റ് നടത്തുന്ന അഴിമതികളെ പറ്റിയോ അല്ലെങ്കില്‍ ഒരു സ്വിസ്സ് ബാങ്ക് കള്ളപ്പണക്കാരെ സഹായിക്കാന്‍ രഹസ്യപദ്ധതി തയ്യാറാക്കുന്നതിനെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവിടുന്ന യുവത്വത്തിന്റെ ഊര്‍ജമുള്ള പുതിയ എന്തോ ഒരു ന്യൂസ് സൈറ്റ്. 2010-ന്റെ രണ്ടാം പകുതിയിലാണ് ജൂലിയന്‍ അസ്സാഞ്ചിനെ പറ്റിയുള്ള മോശം കഥകളും ഈ സൈറ്റ് സൃഷ്ടിക്കുന്ന ആപത്തുകളെ പറ്റിയുള്ള അവലോകനങ്ങളുമെല്ലാം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇതേ കാലത്ത് തന്നെയാണ് വൈസ് പ്രസിഡന്റ് ജോ ബിദന്‍ അസ്സാഞ്ച് ഒരു 'ഹൈ-ടെക്ക് ടെററിസ്റ്റ്' ആണ് തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചത്. ഇതേ കാലത്ത് അസ്സാഞ്ചും അദ്ദേഹത്തിന്റെ പരമ്പരാഗത മാധ്യമ പങ്കാളികളുമായുള്ള ബന്ധങ്ങളും വഷളായി.

971-ലെ പെന്റഗണ്‍ പേപ്പേഴ്‌സ് കേസില്‍ യു.എസ്. സുപ്രീം കോടതി നടത്തിയ പരമാമര്‍ശങ്ങളും ബെന്‍ക്ലര്‍ ചൂണ്ടിക്കാട്ടി. വിജയകരമായ അന്തര്‍ദേശീയ നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്താനും പ്രതിരോധസംവിധാനം കാര്യക്ഷമമാക്കി നിര്‍ത്താനും ഒരളവ് വരെ രഹസ്യാത്മകത ആവശ്യമാണ്... പക്ഷേ അവബോധമുള്ള പ്രാതിനിധ്യ ഗവണ്മന്റിനെ വിലകൊടുത്തുകൊണ്ടുള്ള സുരക്ഷ നമ്മുടെ റിപ്പബ്ലിക്കിന് വേണ്ട ശരിയായ സുരക്ഷയല്ല.' അന്ന് ഗവണ്മന്റിന്റെ വാദങ്ങളെ മുഴുവന്‍ നിരാകരിച്ചുകൊണ്ട് കോടതി ഇങ്ങനെയാണ് വിധിച്ചത്. 'അടക്കിനിര്‍ത്തലുകളില്ലാത്ത സ്വതന്ത്രമായ പ്രസ്സിനു മാത്രമേ ഗവണ്മന്റിന്റെ വഞ്ചനകള്‍ തുറന്നു കാട്ടാന്‍ കഴിയു. സ്വതന്ത്ര മാധ്യമങ്ങളുടെ പരമപ്രധാനമായ ചുമതലകളിലൊന്ന് വിദേശരോഗങ്ങളും വിദേശ വെടിയുണ്ടകളും കൊണ്ട് മരിക്കാന്‍ ജനങ്ങള്‍ വിദൂരദേശങ്ങളിലേക്ക് പോകണമെന്ന് അവരെ വഞ്ചിക്കാന്‍ ഗവണ്മന്റിന്റെ ഏതെങ്കിലും വിഭാഗം ശ്രമിക്കുന്നത് തടയുക എന്നതാണ്.'

പ്രോസിക്യൂഷന്‍ ഉന്നയിച്ച ഏറ്റവും ഗുരുതരമായ കുറ്റം, മാനിങ്ങ് ശത്രുവിനെ സഹായിച്ചു എന്നത്, കോടി തള്ളിക്കളഞ്ഞു. ജൂലൈ 30-ന് കോടതി പുറപ്പെടുവിച്ച 'അനൃായവും അനീതിപൂര്‍ണവുമായ' വിധിയിലെ ഏക രജതരേഖ അതു മാത്രമാണ്.


 

Share