Articles Articles Details

വ്യത്യസ്തനായ വിതുര ബേബി

Author : കെ. എം. റോയ്‌

calender 25-05-2022

സമൂഹത്തിന്റെ ഭാഗമായി മാറി ജീവിക്കാന്‍ കഴിയാത്ത ഒരു പത്രപ്രവര്‍ത്തകന്റെ റിട്ടയര്‍മെന്റോടെ അദ്ദേഹത്തിന്റെ മരണവും സംഭവിക്കുന്നു. പിന്നെ വിസ്മൃതിയുടെ മേലങ്കി അദ്ദേഹത്തിന്റെമേല്‍ വന്നുപതിക്കാന്‍ ദിവസങ്ങള്‍പോലും വേണ്ടി വരില്ല. അതിനുശേഷം അത്തരം പത്രപ്രവര്‍ത്തകനെ പത്രത്താളുകളില്‍ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത വരുമ്പോള്‍ മാത്രമായിരിക്കും സമൂഹം ഓര്‍ക്കുക. 

അവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു ഈയിടെ കാലത്തിന്റെ തിരശ്ശീലക്കു പിന്നിലേക്കു കടന്നുപോയ വിതുര ബേബി എന്ന പത്രപ്രവര്‍ത്തകന്‍. തിരുവനന്തപുരത്തെ സ്റ്റാച്യു ജങ്ഷനില്‍നിന്ന് ഒരു സിറ്റി ബസില്‍ പേരൂര്‍ക്കടയിലെ ഇന്ദിരാനഗറിലേക്കുള്ള വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സന്ധ്യാസമയത്ത് ബേബിയെ മരണം കീഴടക്കിയത്. ബസ്സില്‍ തളര്‍ന്നുവീണ അദ്ദേഹം ആസ്പത്രിയിലെത്തുംമുമ്പ് അന്ത്യശ്വാസം വലിച്ചു. എഴുപത്തിയഞ്ചാം വയസ്സിലും പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യ സാംസ്‌കാരികരംഗത്തും വിതുര ബേബി നിറഞ്ഞുനിന്നിരുന്നു. 

പത്രപ്രവര്‍ത്തനത്തില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാന്‍ കഴിഞ്ഞ വളരെക്കുറച്ചുപേര്‍ മാത്രമേ മലയാളത്തിലുണ്ടായിട്ടുള്ളൂ. മാതൃഭൂമിയിലെ ടി. വേണുഗോപാലിനേയോ മലയാള മനോരമയിലെ ജോയി തിരുമൂലനഗരത്തേയോ ദേശാഭിമാനിയിലെ കെ.കോയയേയോ പോലെ ഏതാനും പേര്‍ മാത്രം. അവരുടെ നിരയില്‍ വിതുര ബേബിക്ക് അതിപ്രധാന സ്ഥാനമാണുള്ളത്. പത്രലോകത്തില്‍ രാഷ്ട്രീയവും സിനിമയും സാഹിത്യവും സ്‌പോര്‍ട്‌സും ദൈനംദിന വാര്‍ത്തയും അത്ര ലളിതമായി കൈകാര്യം ചെയ്യാന്‍ ബേബിക്ക് സാധിച്ചതുപോലെ മറ്റൊരു മലയാള പത്രപ്രവര്‍ത്തകനും കഴിഞ്ഞിട്ടുണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല. അതുപോലെ തന്നെയായിരുന്നു ന്യൂസ് ജേര്‍ണ്ണലിസത്തിലും മാഗസിന്‍ ജേര്‍ണ്ണലിസത്തിലും ബേബി തിളങ്ങി നിന്നതും. 

മലയാള പത്രപ്രവര്‍ത്തനവേദിക്ക് ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്തിട്ടുള്ള ജനയുഗം ദിനപത്രത്തിലൂടെയാണ് വിതുര ബേബി എന്ന യുവാവ് പത്രപ്രവര്‍ത്തന ലോകത്തേക്കു കടന്നുവരുന്നത്. കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തില്‍ ജനയുഗം പത്രവും വാരികയും ജ്വലിച്ചുനിന്ന 1960 കളിലാണ് ബേബി ഒരു റിപ്പോര്‍ട്ടറായി തൂലികയെടുക്കുന്നത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലത്തെ ജനയുഗത്തിലെ പ്രവര്‍ത്തനത്തിനിടയില്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗ് രംഗത്താണ് ബേബി ആദ്യം തന്റെ മാറ്റു തെളിയിച്ചത്. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗിലും അവലോകനത്തിലും തന്റെ ഒരു പ്രത്യേക പാത തെളിയിച്ച അദ്ദേഹം ആ കാലഘട്ടത്തില്‍ കായികരംഗത്തെ ഒരു നിറസാന്നിധ്യമായിരുന്നു. 

പിന്നീട് സിനിമ ജേര്‍ണ്ണലിസത്തിലേക്കു തിരിഞ്ഞ ബേബി ജനയുഗത്തിന്റെ കീഴില്‍ ആരംഭിച്ച സിനിരമ എന്ന ടാബ്ലോയിഡ് ദൈ്വവാരികയുടെ എഡിറ്ററായി. അന്തസ്സാര്‍ന്ന ഒരു സിനിമാപ്രസിദ്ധീകരണമെന്ന ആദരവുനേടിയ സിനിരമക്ക് ആ രംഗത്തും സാര്‍വ്വത്രികമായ അംഗീകാരം നേടിക്കൊടുത്തതില്‍ ബേബി വഹിച്ച പങ്കും വളരെ വലുതുതന്നെയാണ്. അതോടൊപ്പം തന്നെ ജനയുഗത്തിന്റെ ബാലപ്രസിദ്ധീകരണമായ ബാലയുഗത്തിന്റെ വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. 

ജനയുഗം ഗ്രൂപ്പില്‍നിന്ന് വിരമിച്ച വിതുര ബേബി പിന്നീട് തിരുവനന്തപുരത്തുനിന്നും മദ്രാസില്‍ നിന്നും ഒരേസമയം പ്രസിദ്ധീകരിച്ച ഈനാട് എന്ന പത്രത്തിലും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. ലേ ഔട്ടിന്റെ കാര്യത്തില്‍ പാശ്ചാത്യ പത്രങ്ങളോടു കിടപിടിക്കുമായിരുന്ന ഈനാടില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ബേബി. പക്ഷെ ഈനാട് അധികനാള്‍ നിലനിന്നില്ല. പിന്നീട് മംഗളം ദിനപത്രം ആരംഭിച്ചപ്പോള്‍ അതിന്റെ തിരുവനന്തപുരത്തെ സ്‌പെഷല്‍ കറസ്‌പോണ്ടന്റായിരുന്നു അദ്ദേഹം. 

മംഗളത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തുവെങ്കിലും പിന്നീട് ഒന്നരപ്പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തനത്തോടൊപ്പം സാഹിത്യ പ്രവര്‍ത്തനവും ബേബി തുടര്‍ന്നുകൊണ്ടിരുന്നു. ജീവിത സമരം, ഫ്‌ളെയിം, വാക്ക് എന്ന മാസികയുടേയും വാരികകളുടേയും പത്രാധിപനായി പ്രവര്‍ത്തിച്ച ബേബി അതേസമയം മറ്റുപല പ്രസിദ്ധീകരണങ്ങളുടേയും ഉപദേശകന്‍ കൂടിയായിരുന്നു. പാര്‍ട്ടി രാഷ്ട്രീയമുണ്ടായിരുന്ന കാലത്തും ഏതു നേതാവിന്റേയും മുന്നില്‍ നിര്‍ഭയനായി നില്‍ക്കാനും പറയാനുള്ളത് തുറന്നെഴുതാനും ബേബിക്കു കഴിഞ്ഞിരുന്നു എന്നത് ഒരു അസാധാരണത്വമായിരുന്നു. 

സാഹിത്യരംഗത്തും തന്റേതായ നല്ല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനായിരുന്നു വിതുര ബേബി. നന്മകളുടെ സൂര്യന്‍, സത്യത്തിന്റെ അടിവേരുകള്‍, കെണി തുടങ്ങിയ ആറോളം കൃതികളുടെ കര്‍ത്താവായ ബേബിക്ക് കേരളത്തിലെ ഏതാനും എണ്ണപ്പെട്ട പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതില്‍ പൊന്നറ ശ്രീധര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജ്ഞാനദീപം പുരസ്‌കാരവും ഹ്യൂമെന്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡും ഉള്‍പ്പെടുന്നു.കേരളത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ വളര്‍ത്തിയെടുക്കുന്നതില്‍ വിതുര ബേബി ശ്രദ്ധേയമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. കൊല്ലം പ്രസ്സ് ക്ലബ്ബിന്റെ സെക്രട്ടറി പദം വഹിച്ചിട്ടുള്ള ബേബി വളരെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ ദേശീയ സമിതി അംഗമായിരുന്നിട്ടുണ്ട്. 

കേരളത്തിലെ സീനിയര്‍ ജേര്‍ണ്ണലിസ്റ്റ് ഫോറത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം. 

കേരളത്തിലും വിദേശരാജ്യങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന ഒരു വലിയ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്നു ബേബി. അവരില്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍പ്പെട്ടവരുണ്ടായിരുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ നേതാക്കള്‍, സിനിമ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, പ്രവാസികള്‍ എല്ലാമുള്ള സുഹൃദ്‌വലയം. അവര്‍ക്കെല്ലാം ഏതു കാര്യത്തിലും ഒരു നല്ല സഹായി കൂടിയായിരുന്നു അദ്ദേഹം. കാരണം വിതുര ബേബി അടിസ്ഥാനപരമായി ഒരു നല്ല മനുഷ്യനായിരുന്നു എന്നതുതന്നെ.

 

Share