Articles Articles Details

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

calender 25-05-2022

സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ (2012) പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിങ്ങിന് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.സോമന്‍ അര്‍ഹനായി. മാതൃഭൂമി ദിനപത്രത്തില്‍ 2012 ഏപ്രില്‍ ഒന്‍പത് മുതല്‍ 14 വരെ പ്രസിദ്ധീകരിച്ച 'പ്രവാസികളുടെ നാട്ടില്‍ ഇവര്‍ക്ക് നരകജീവിതം' എന്ന ലേഖനപരമ്പരയ്ക്കാണ് അവാര്‍ഡ്. കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാനക്കാരുടെ ദുരന്തജീവിതമാണ് പരമ്പര തുറന്നുകാട്ടുന്നത്. തൊഴില്‍ വൈദഗ്ദ്ധ്യം ഒട്ടുമില്ലാതെ വന്ന് അപകടങ്ങളിലും മറ്റും മരിക്കുന്ന അനേകം ആളുകളുടെ കണക്കുപോലും ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികളില്‍ അഞ്ചിലൊന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വസ്തുതയും ഈ പരമ്പരയിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

 

വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിന് കേരളകൗമുദി രാഷ്ട്രീയ ലേഖകന്‍ ബി.വി.പവനന്‍ തയ്യാറാക്കി കേരളകൗമുദിയില്‍ 2012 ജനുവരി ഒന്‍പത് മുതല്‍ 12 വരെയും 2012 ഫെബ്രുവരി 23, 2012 ഏപ്രില്‍ 27 തീയതികളിലെ തുടര്‍ റിപ്പോര്‍ട്ടുകളിലൂടെയും പ്രസിദ്ധീകരിച്ച 'കാടിന്റെ കെണിയിലെ കണ്ണീര്‍പൊട്ടുകള്‍' എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. വയനാട്ടിലെ കൊടും കാടുകള്‍ക്കുള്ളില്‍ ബാഹ്യലോകവുമായി ബന്ധമില്ലാത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ ഈ പരമ്പര തലമുറകളായി കാട്ടുഗ്രാമങ്ങളില്‍ കഴിയുന്ന, അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട ഹതഭാഗ്യരായ ഒരു ജനതയുടെ നെടുവീര്‍പ്പുകളും തേങ്ങലുകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ന്യൂസ് ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാളമനോരമയില്‍ 2012 മാര്‍ച്ച് ഒന്നിന് പ്രസിദ്ധീകരിച്ച സമീര്‍ എ ഹമീദിന്റെ 'ഇരിക്കുന്ന കൊമ്പും?' എന്ന അടിക്കുറിപ്പോടെ വന്ന ഫോട്ടോ അവാര്‍ഡിന് അര്‍ഹമായി. വികസനത്തിന്റെ നിര്‍മ്മിതികള്‍ക്കായി ഓരോ തണലും വെട്ടിമാറ്റുമ്പോള്‍ പകരം ഒരു തൈ എങ്കിലും നട്ടുകൊണ്ട് വികസനം സാധ്യമാക്കണമെന്ന ആശയം പ്രതിഫലിപ്പിക്കുന്നതാണ് ഈചിത്രം. 

കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ 2012 സെപ്തംബര്‍ 27-ന് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ടി.കെ.സുജിത്തിന്റെ 'സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തും' എന്ന കാര്‍ട്ടൂണ്‍ അവാര്‍ഡിന് അര്‍ഹമായി.

ടി.വി. വാര്‍ത്താ വിഭാഗത്തില്‍ 'വിഴിഞ്ഞം തുറമുഖപദ്ധതി' എന്ന ശ്യാംലാലിന്റെ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ഇന്ത്യാവിഷന്‍ 2012 നവംബര്‍ രണ്ടിനാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്. വിഴിഞ്ഞം തുറമുഖം ഇപ്പോഴും യാഥാര്‍ത്ഥ്യമാകാത്തതിന് പിന്നിലുള്ള അന്താരാഷ്ട്ര ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് റിപ്പോര്‍ട്ട്. 

ടി.വി. വാര്‍ത്താ വിഭാഗത്തില്‍ ഇന്ത്യാവിഷന്‍ 2012 ജൂണ്‍ ഏഴിന് സംപ്രേഷണം ചെയ്ത രാഗേഷ് എം.എം.ന്റെ 'തളര്‍ന്ന ശരീരം തളരാത്ത മനസ്സ്' എന്ന റിപ്പോര്‍ട്ട് ജൂറിയുടെ 

പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി ജോണ്‍സനെന്ന യുവാവ് വീല്‍ചെയറില്‍ ഇരുന്ന് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിച്ച് വിധിയോട് പൊരുതി നേടിക്കൊണ്ടിരിക്കുന്ന വിജയമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ടിവി ക്യാമറ വിഭാഗത്തില്‍ ഡല്‍ഹിയിലെ ഒരു ചേരിയിലുണ്ടായ വന്‍ അഗ്നിബാധ അതിന്റെ എല്ലാ തീവ്രതയോടും ഭയാനകതയോടും കൂടി ക്യാമറയില്‍ പകര്‍ത്തിയ ബിനു 

ബേസില്‍ അവാര്‍ഡിന് അര്‍ഹനായി. 

മനോരമ ന്യൂസ് 2012 ജൂണ്‍ 21നാണ് ഇത് സംപ്രേഷണം ചെയ്തത്. ടി.വി.ക്യാമറ വിഭാഗത്തില്‍ 'ശ്രീകൃഷ്ണപ്പരുന്ത്' എന്ന തലക്കെട്ടോടെ തികഞ്ഞ ക്ഷമയോടെ രണ്ടുമാസം കാത്തിരുന്ന് കൃഷ്ണപ്പരുന്തിന്റെ ജീവിതചക്രം ചിത്രീകരിച്ച സോളമന്‍ റാഫേല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

വീഡിയോ എഡിറ്റിങ്ങ് വിഭാഗത്തില്‍ മനോരമന്യൂസ് 2012 ആഗസ്റ്റ് 26-ന് സംപ്രേഷണം ചെയ്ത 'ഗൃഹാതുരസ്മരണകള്‍' എന്ന ന്യൂസ് സ്റ്റോറിയുടെ എഡിറ്റിങ്ങ് നിര്‍വഹിച്ച അനൂപ് ആന്റണിക്കാണ് അവാര്‍ഡ്. ഗൃഹാതുരത്വം എന്ന സ്റ്റോറിയുടെ പ്രമേയം അനായാസേന പ്രേക്ഷകരിലെത്തിക്കുന്നതില്‍ അനൂപ് വിജയിച്ചിട്ടുണ്ട്.

25000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡുകള്‍. പ്രത്യേക പരാമര്‍ശത്തിന് സര്‍ട്ടിഫിക്കറ്റാണ് നല്‍കുക.

ഡോ.വി.മുഹമ്മദലി, ഡോ.എം.എസ്.ഹരികുമാര്‍, ജേക്കബ് ജോര്‍ജ് (ജനറല്‍ റിപ്പോര്‍ട്ടിങ്ങ്) യു.കെ.കുമാരന്‍, ആബെ ജേക്കബ്, വി.അശോകന്‍ (ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിങ്ങ്), മഹേഷ് മംഗലത്ത്, ജമാല്‍ കൊച്ചങ്ങാടി, കെ.എം.നരേന്ദ്രന്‍ (ന്യൂസ് ഫോട്ടോഗ്രഫി), ആര്‍.പാര്‍വതി, കെ.എ.ബീന, രവിമേനോന്‍ (കാര്‍ട്ടൂണ്‍), കെ.രാജ

ഗോപാല്‍, ബാബു ജോസഫ്, ഫാ.ഫ്രാന്‍സിസ് കാരക്കാട് (ടി.വി.വാര്‍ത്ത, ക്യാമറ, എഡിറ്റിങ്ങ്) എന്നിവരായിരുന്നു അവാര്‍ഡ് വിധിനിര്‍ണ്ണയ സമിതി അംഗങ്ങള്‍.

 

Share