Articles Articles Details

സാഹിത്യപ്രണയിയായ പത്രപ്രവര്‍ത്തകന്‍

Author : കെ. കെ. മധുസൂദനന്‍

calender 25-05-2022

ലോകത്തോടു വിടപറയുന്നതിന് ഒരു മാസം മുമ്പ് കെ. പി. വിജയനെ കണ്ടിരുന്നു. അന്നു വിജയന്‍ തിരിച്ചറിഞ്ഞില്ല. വീല്‍ചെയറില്‍ മകള്‍ സന്ധ്യ അടുത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ ആ മുഖത്ത് പതിവു ചിരി കണ്ടില്ല. 'മനസ്സിലായില്ലേ, മധുവാണ്.' ഭാര്യ പ്രഭ ചെവിയില്‍ ഉറക്കെ ചോദിച്ചിട്ടും പ്രതികരണമുണ്ടായില്ല. അവ്യക്തമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു വിജയന്‍. 'മാതൃഭൂമി'യിലെ ആദ്യകാല അനുഭവങ്ങളും കഥാപാത്രങ്ങളുമൊക്കെയായിരുന്നു അപ്പോള്‍ അദ്ദേഹം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതെന്നു വ്യക്തമായിരുന്നു.'കുറച്ചുനാളായി ഇങ്ങനെയാണ്,' പ്രഭ പറഞ്ഞു. 'പഴയ കാര്യങ്ങള്‍ പരസ്പര ബന്ധമില്ലാതെ പറഞ്ഞുകൊണ്ടിരിക്കും.' ഓര്‍മ്മ പോയതല്ലാതെ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും വിജയനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്രവേഗം ഒരു വേര്‍പാടുണ്ടാകുമെന്നുംഅവസാനം കാണുമ്പോള്‍ തോന്നിയിരുന്നില്ല.ഓര്‍മ്മ തീരെ മറയും മുമ്പ് വിജയന്‍ കൂടെക്കൂടെ പറഞ്ഞിരുന്നത് കേരള സാഹിത്യ അക്കാദമിയെപ്പറ്റി ഒരു പരാതിയാണ്. കാണുന്നവരോടെല്ലാം അദ്ദേഹം അതു പറഞ്ഞിരുന്നു. 'ഗദ്യശില്പി' എന്ന തന്റെ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്ക്കാന്‍ 2007ല്‍ സാഹിത്യ അക്കാദമിയുമായി വിജയന്‍ കരാറുണ്ടാക്കിയിരുന്നു. ആറുകൊല്ലമായി അക്കാദമി അതിന്മേല്‍ ഒരു നടപടിയുമെടുക്കാത്തതിലായിരുന്നു അദ്ദേഹത്തിന്റെ അമര്‍ഷം. ശാരീരികാസ്വാസ്ഥ്യം വകവയ്ക്കാതെ, ഇതേപ്പറ്റി അന്വേഷിക്കാന്‍ ഒരിയ്ക്കല്‍ അദ്ദേഹം നേരിട്ട് അക്കാദമി ഓഫീസില്‍ പോവുകയുമുണ്ടായി.('ഗദ്യശില്പി' വിജയന്റെ മികച്ച കൃതികളിലൊന്നാണ്. മലയാളഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കെല്ലാം മാര്‍ഗദര്‍ശിയായ ഈ ഗ്രന്ഥത്തിന്റെ പുനഃപ്രകാശനം അക്കാദമി ഏറ്റെടുത്തിട്ട് ചെയ്യാതിരിക്കുന്നത് എന്തു കാരണം കൊണ്ടായാലും അക്ഷന്തവ്യമാണെന്നു പറയാതെ വയ്യ.)ഇതിവിടെ ഓര്‍ക്കാന്‍ കാരണം സാഹിത്യരചനയ്ക്ക് കെ. പി. വിജയന്‍ അന്ത്യം വരെ വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കാനാണ്. തൊഴിലായി സ്വീകരിച്ചത് പത്രപ്രവര്‍ത്തനമാണെങ്കിലും അദ്ദേഹം കൂടുതല്‍ സ്‌നേഹിച്ചത് സാഹിത്യത്തെയാണ്. പഠിയ്ക്കുന്ന കാലത്തേ ലോകചെറുകഥാ മത്സരത്തില്‍ മൂന്നാം സമ്മാനം നേടി ശ്രദ്ധേയനായ വ്യക്തിയാണ് വിജയന്‍. നിസ്സാര സാഹിത്യമത്സരമൊന്നുമായിരുന്നില്ല അത്. ന്യൂയോര്‍ക്കിലെ ഹെറാള്‍ഡ് ട്രിബ്യൂണ്‍ 17 രാജ്യങ്ങളില്‍ അതാതു മാതൃഭാഷയില്‍ നടത്തിയ ആ മത്സരത്തില്‍ മലയാളത്തില്‍ ഒന്നാം സമ്മാനം എം. ടി. വാസുദേവന്‍ നായര്‍ക്കായിരുന്നു. ('വളര്‍ത്തു മൃഗങ്ങള്‍' എന്ന കഥയ്ക്ക്.) മൂന്നാം സമ്മാനം കെ. പി. വിജയന്റെ 'ചെകുത്താന്റെ മക്കള്‍' എന്ന കഥയ്ക്കും.ചെറുകഥയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം സര്‍ഗാത്മക രചനകള്‍ വിട്ട് ഗൗരവതരമായ ലേഖന രചനകളിലേയ്ക്ക് തിരിഞ്ഞു. രാഷ്ട്രീയം, സാമൂഹ്യം, സാംസ്‌കാരികം, അന്തര്‍ദേശീയം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍, നിരൂപണങ്ങള്‍, പഠനങ്ങള്‍ എന്നിവ അദ്ദേഹം രചിച്ചു. സൂക്ഷ്മമായ വിശകലനവും വസ്തുനിഷ്ഠമായ വിലയിരുത്തലും നിശിതമായ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ലേഖനങ്ങള്‍. സുചിന്തിതമായ നിലപാടുകള്‍ വെളിപ്പെടുത്തുന്ന ഈ ലേഖനങ്ങളിലൂടെ സാര്‍വലൗകികവും മനുഷ്യത്വപരവുമായ തന്റെ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കി.'ഗദ്യശില്പി'യ്ക്കു പുറമെ മലയാള ഗദ്യ നായകന്മാര്‍, പത്രങ്ങള്‍ വിചിത്രങ്ങള്‍, അംബേദ്കറുടെ കൂടെ, ദളിത് സമരങ്ങള്‍ - ഇന്നലെ, ഇന്ന്, നാളെ, മാര്‍ക്‌സിസത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും, പടിഞ്ഞാറന്‍ മുഖച്ഛായകള്‍, പൊരുതിവളര്‍ന്ന എഴുത്തുകാരികള്‍ തുടങ്ങി 16 കൃതികളുണ്ട് കെ. പി. വിജയന്റേതായി. സ്വയം എഴുതാന്‍ വയ്യാതായപ്പോള്‍പോലും എഴുത്തും വായനയും ഉപേക്ഷിച്ചിരുന്നില്ല അദ്ദേഹം; എഴുതാന്‍ സഹായികളെ വെച്ച് സമീപകാലം വരെയും വിജയന്‍ സാഹിത്യരചന തുടര്‍ന്നിരുന്നു. 1971ല്‍ ജേണലിസ്റ്റ് ട്രെയിനിയായി ഞാന്‍ 'മാതൃഭൂമി'യില്‍ എത്തുമ്പോള്‍ വിജയന്‍ ചീഫ് സബ് എഡിറ്ററായിരുന്നു. 'മാതൃഭൂമി'യ്ക്ക് അന്ന് കോഴിക്കോടും കൊച്ചിയിലും മാത്രമേ യൂണിറ്റുള്ളൂ. ഒന്നിടവിട്ട ആഴ്ചകളില്‍ നൈറ്റ് ഡ്യൂട്ടി വരും - രാത്രി രണ്ടര മണി വരെ നീളുന്ന ഷിഫ്റ്റ്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ആദ്യകാലാനുഭവങ്ങള്‍, ലണ്ടനില്‍ തോംസണ്‍ ഫൗണ്ടേഷന്റെ പരിശീലനകാലം, സാഹിത്യം തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് വിജയന്‍ ഉള്ളുതുറന്ന് സംസാരിച്ചിരുന്നത് ഈ രാത്രിഡ്യൂട്ടിക്കിടയിലാണ്. ഒരു മേലുദ്യോഗസ്ഥനെന്ന ഭാവം ആരോടുമില്ല. എല്ലാവരോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണു പെരുമാറുക.നൂറുശതമാനം പ്രൊഫഷണലായിരുന്നു കെ. പി. വിജയന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഒരു വാക്കുകൊണ്ടോ പ്രയോഗം കൊണ്ടോ സത്യസന്ധമല്ലാത്ത ഒരു വിവരണവും പത്രറിപ്പോര്‍ട്ടുകളില്‍ കടന്നുകൂടാന്‍ ഇടയാവരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുമായിരുന്നു. ഭാഷയുടെ പ്രയോഗത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളും കോപ്പിയില്‍ വരുത്തുന്ന തിരുത്തലുകളും ഏതൊരു സഹപ്രവര്‍ത്തകനും അവിസ്മരണീയമായ പാഠങ്ങളായിരുന്നു. ലളിതവും ശുദ്ധവുമായിരുന്നു വിജയന്റെ ഭാഷ. അതേസമയം വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ശക്തിയും മൂര്‍ച്ചയുമുണ്ടാവും. 'മാതൃഭൂമി'യില്‍ ഏറെക്കാലം അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗങ്ങള്‍ ഇതിനു തെളിവാണ്.കാര്യങ്ങള്‍ ലളിതമായി നേരിട്ട് പറയുന്ന രീതിയില്‍ വേണം റിപ്പോര്‍ട്ടുകള്‍ - വിജയന്‍ പറയും. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണക്കാരാണ് ബഹുഭൂരിപക്ഷം വരുന്ന പത്രവായനക്കാര്‍. അവര്‍ക്ക് ഒറ്റവായനയില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ പരാജയപ്പെട്ടുവെന്നാണ് അര്‍ത്ഥം. 'ഗദ്യശില്പി' എഴുതിയതും ഈ പാഠം പത്രപ്രവര്‍ത്തകര്‍ക്കു വിശദമാക്കി കൊടുക്കാനായിരുന്നു.ഏതുകാര്യത്തിലും വിജയന്റെ ഉപദേശം തേടാം. വഴി തെറ്റില്ല. വ്യക്തിപരമായി ഇത്രയേറെ നന്മയും സത്യസന്ധ

തയും സൂക്ഷിക്കുന്നവരെ വളരെ കുറച്ചേ നമുക്കു കണ്ടെത്താനാവൂ. ഒരു പരദൂഷണവും പറയില്ല. വെറും ഗോസിപ്പുകള്‍ക്ക് അദ്ദേഹം ചെവി കൊടുക്കുകയുമില്ല. സമയം പൂര്‍ണ്ണമായും സൃഷ്ടിപരമായി വിനിയോഗിക്കാനുള്ളതാണെന്ന് അദ്ദേഹം കരുതിയിരുന്നു. സഹപ്രവര്‍ത്തകരെ കഴിവതും ആ വഴിയ്ക്ക് നയിക്കാന്‍ യത്‌നിച്ചിരുന്നു. രാത്രിഡ്യൂട്ടിയാവുമ്പോള്‍ അര്‍ദ്ധരാത്രി കഴിയുമ്പോഴെങ്കിലും അല്പനേരം കണ്ണടയ്ക്കാത്തവര്‍ കുറവാണ്. പക്ഷെ, വിജയന്‍ ഡ്യൂട്ടിയ്ക്കിടയില്‍ ഒരിയ്ക്കല്‍ പോലും കണ്ണടച്ചു കണ്ടിട്ടില്ല. ടെലിപ്രിന്ററിലെ അവസാനത്തെ വാര്‍ത്താശകലവും നോക്കിയശേഷമേ അദ്ദേഹം ന്യൂസ് റൂം വിടുകയുള്ളൂ. ഇടനേരങ്ങളെല്ലാം അദ്ദേഹം വായനയ്ക്കായി മാറ്റിവച്ചു.ഏതുനേരവും ചിന്തയുടെ ലോകത്തായിരുന്ന വിജയന്തികച്ചും അന്തര്‍മുഖനായിരുന്നു. വിപുലമായൊരു സൗഹൃദവലയം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഉള്ള സൗഹൃദങ്ങളാകട്ടെ വളരെ ദൃഢമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. പത്രപ്രവര്‍ത്തനരംഗത്തായാലും സാഹിത്യരംഗത്തായാലും അര്‍ഹിക്കുന്ന അംഗീകാരമോ പ്രശസ്തിയോ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല. അതില്‍ അദ്ദേഹത്തിന് ഒട്ടും വിഷമമുള്ളതായും തോന്നിയിട്ടില്ല. തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഒരു നിയോഗം പോലെ തന്റെ കഴിവിനൊത്തവണ്ണം ചെയ്യുന്നുവെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും വിലാസിനി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.പത്രപ്രവര്‍ത്തകയൂണിയന്റെ പ്രവര്‍ത്തനങ്ങളിലോ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളിലോ വിജയന്‍ സജീവപങ്കാളിയായിരുന്നില്ല. എന്നിട്ടും ഒരു വര്‍ഷം എറണാകുളം ജില്ലാ പത്രപ്രവര്‍ത്തകയൂണിയന്റേയും പ്രസ് ക്ലബ്ബിന്റേയും പ്രസിഡന്റായി വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആര്‍ക്കും അവഗണിക്കാനാവാത്ത മാന്യമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.അര്‍ഹതയില്ലാതെ അംഗീകാരങ്ങള്‍ സംഘടിപ്പിക്കുന്നവരുടേയും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരുടേയും മദ്ധ്യത്തില്‍ ഒരു ഒറ്റയാനാണ് കെ. പി. വിജയന്‍. ഇത്തരം ഒറ്റയാന്മാരുടെ എണ്ണം നന്നേകുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിജയന്റെ വേര്‍പാട് ഏറെ വേദനയുളതാകുന്നു.

 

Share