Articles Articles Details

സോഷ്യല്‍ മീഡിയ: ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

Author : ബാലരാമന്‍

calender 25-05-2022

ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പേരില്‍ നോവലെഴുതിയ ഐക്യരാഷ്ട്ര സഭയിലെ കരിയര്‍ നയതന്ത്രജ്ഞനായ ശശി 

തരൂരിനെ പറ്റി സാധാരണക്കാരാ

യ മലയാളികള്‍ അറിഞ്ഞുതുട

ങ്ങിയത് അന്നത്തെ സെക്രട്ടറി 

ജനറലായ കോഫി അന്നന്‍ 

സ്ഥാനമൊഴിഞ്ഞപ്പോഴാണ്. തല്‍സ്ഥാനം അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ (കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫമേഷന്‍) ആയ തരൂരാണെന്ന് ഇന്ത്യാ ഗവണ്മന്റ് തീരുമാനിച്ചപ്പോഴാണ് എല്ലാ ദേശക്കാരെയും പോലെ പ്രാദേശിക മൂരാച്ചിത്തമുള്ള മലയാളികള്‍ക്കും ശശി തരൂരിനോട് സ്‌നേഹമുണ്ടായത്. പക്ഷേ, സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം വന്നപ്പോള്‍ മറ്റൊരു കരിയര്‍ ഡിപ്ലോമാറ്റാണ് ജയിച്ചത്. അന്ന് യു.എന്‍ കരിയര്‍ ഉപേക്ഷിച്ച തരൂരിനെ പിന്നെ കാണുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ കരിയര്‍ രാഷ്ട്രീയക്കാരനായിട്ടാണ്. പ്രവൃത്തി പരിചയവും പാരമ്പര്യവും നോക്കിയാല്‍ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ മിക്ക നിര്‍ഗുണ നേതാക്കള്‍ക്കും പിന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമെങ്കിലും മലയാളത്തിന്റെ അഭിമാനഭാജനങ്ങളായ സീനിയര്‍ നേതാക്കള്‍ക്ക് ലഭിക്കുന്നതിലുമേറെ മാധ്യമശ്രദ്ധ കുറഞ്ഞ കാലം കൊണ്ട് തരൂര്‍ പിടിച്ചുപറ്റി എന്നതാണ് സത്യം. അതില്‍ പകുതിയും ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലെ കമന്റുകള്‍ മാത്രം വഴിയും!കോണ്‍ഗ്രസ്സിന്റെ മാത്രമല്ല മുഴുവന്‍ യു.പി.എ.യുടെയും സമാരാധ്യ നേതാവായ സോണിയ ഗാന്ധി എളിമ പ്രകടിപ്പിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വിമാനത്തിലെ ഇക്കോണമി ക്ലാസ്സില്‍ സഞ്ചരിച്ച ദിവസം തന്നെയായിരുന്നു ഒരു പോസ്റ്റ്. 'നാട്ടിലെ വിശുദ്ധ പശുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടി കന്നുകാലി ക്ലാസ്സില്‍ സഞ്ചരിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു ആക്ഷേപഹാസ്യത്തിന്റെ കവിത തുളുമ്പുന്ന വാക്കുകളില്‍ തരൂര്‍ ട്വീറ്റ് ചെയ്തത്. പ്രത്യേകിച്ച് എക്‌സ്‌ക്ലൂസിവുകളൊന്നുമില്ലാതെ വിഷമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അത് വേണ്ട വിധത്തില്‍ സെന്‍സേഷനാക്കുകയും ചെയ്തു. ട്വിറ്ററില്‍ ഒരു ലക്ഷത്തിലേറെ ഫാന്‍സുള്ള പ്രമുഖനായ അദ്ദേഹം കഴിഞ്ഞ വര്‍ഷം വീണ്ടും മറ്റൊരു ട്വീറ്റിലൂടെ മാധ്യശ്രദ്ധ പിടിച്ചു പറ്റി: ബലാത്സംഗത്തിനിരയായ സ്ത്രീയുടെ പേര് പുറത്തുവിടുന്നത് കുറ്റമാണെന്ന് പീനല്‍ കോഡ് പറയുന്ന നാട്ടില്‍ ഡല്‍ഹി കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റായിരുന്നു അത്തവണ വിഷയം. ട്വിറ്ററിലോ സമാനമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളിലോ പോസ്റ്റുകളെഴുതി പ്രശ്‌നമുണ്ടാക്കുന്ന എല്ലാവരും തരൂരിനെ പോലെ ഭാഗ്യശാലികളല്ല. മൂന്ന് വര്‍ഷം മുമ്പ് സി.എന്‍.എന്‍. എഡിറ്ററായ ഒക്ടേവിയ നാസറിന് ജോലി തന്നെ നഷ്ടപ്പെട്ടത് ഇതിനേക്കാള്‍ നിരുപദ്രവമെന്ന് തോന്നാവുന്ന ഒരു ട്വീറ്റിന്റെ പേരിലാണ്. ഹെസ്ബുള്ള തീവ്രവാദി പ്രസ്ഥാനത്തിന് പ്രചോദനമേകിയ ആയത്തുള്ള മുഹമ്മദ് ഹുസ്സെയ്ന്‍ ഫദ്ഫല്ല അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം ഒരു അതികായനാണെന്നും ട്വീറ്റ് ചെയ്തതിന് സി.എന്‍.എന്‍. അവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായ സ്റ്റുവര്‍ട്ട് മക്‌ലെന്നനെ ലേബര്‍ പാര്‍ട്ടി പുറത്താക്കിയത് തന്റെ രാഷ്ട്രീയ പ്രതിയോഗികളെ ട്വിറ്ററില്‍ അസഭ്യം പറഞ്ഞതിനാണ്. മക്‌ലെന്നനേയും നാസറിനെയും പോലെ പ്രമുഖരല്ലാത്തവരും ട്വീറ്റ് ചെയ്തതിന് ജോലി നഷ്ടപ്പെട്ടവരായുണ്ട്. സിസ്‌കോ എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി കിട്ടിയ ഉടന്‍ സന്തോഷം സഹിക്ക വയ്യാതെ ട്വീറ്റ് ചെയ്ത കോണര്‍ റെയ്‌ലി എന്ന 22-കാരി തന്നെ ഉദാഹരണം. വലിയ ശമ്പളം കൈപ്പറ്റാനായി വെറുപ്പ് തോന്നിപ്പിക്കുന്ന ജോലി ചെയ്യേണ്ടി വരുമെന്ന ഒറ്റ പ്രശ്‌നമേയുള്ളു എന്നാണ് കോണര്‍ എഴുതിയത്. കഷ്ടകാലത്തിന് ഇത് സിസ്‌കോ മേലധികാരികളുടെ കണ്ണില്‍ പെട്ടു. കോണറിന് ജോലിക്ക് ചേരേണ്ടി വന്നില്ല എന്ന് ചുരുക്കം. ജോര്‍ജിയയില്‍ നിന്നുള്ള ഒരു അധ്യാപിക വിനോദസഞ്ചാരത്തിനിടെ മദ്യപിക്കുന്ന ചിത്രം സ്വന്തം ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതിനാണ് ജോലി പോയത്. 

സോഷ്യല്‍ മീഡിയ വഴി തൊഴിലാളികള്‍ സ്വന്തം തൊഴില്‍ദാതാക്കള്‍ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇത് മാത്രമല്ല. ചിലര്‍ സ്വന്തം സ്ഥാപനത്തിലെ തൊഴില്‍ സാഹചര്യങ്ങളെ പറ്റിയുള്ള പരാതികള്‍ സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നു, മറ്റു ചിലര്‍ തങ്ങളുടെ മേലധികാരികളുടെ വിവരക്കേടുകളെ പറ്റിയും. ചില പോസ്റ്റുകള്‍ക്ക് അതേ സ്ഥാപനത്തിലെ മറ്റ് തൊഴിലാളികള്‍ കമന്റുകളെഴുതുന്നു. ചില പോസ്റ്റുകള്‍ വൈറലായി മാറി നാടു മുഴുവന്‍ പരക്കുന്നു. മേല്‍പറഞ്ഞ മിക്ക കഥകളും അലക്ഷ്യമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എഴുതിയവര്‍ക്ക് തന്നെ പ്രശ്‌നമായ തമാശകളാണെങ്കില്‍ സോഷ്യല്‍ മീഡിയ കുറ്റാന്വേഷകര്‍ ഒരു കുടുംബത്തെ തന്നെ ദുരിതത്തിലാഴ്ത്തിയ കഥയാണ് ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയിലെ ഫിലോസഫി വിദ്യാര്‍ത്ഥിയായ സുനില്‍ ത്രിപാഠിയുടേത്. മാര്‍ച്ച് 16-ന് ദുരൂഹമായി അപ്രത്യക്ഷനായ സുനിലിനെ വീട്ടുകാരുടെ പരാതിയനുസരിച്ച്  എഫ്.ബി.ഐ. അന്വേഷിക്കുന്നതിനിടയില്‍ അയാളുടെ സഹോദരി സംഗീത ഫേസ്ബുക്കില്‍ അനിയന്റെ ചിത്രങ്ങളോടെ ഒരു സഹായ അഭ്യര്‍ത്ഥനയും പോസ്റ്റ് ചെയ്തു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് അമേരിക്കയെ നടുക്കിയ ബോസ്റ്റണ്‍ ബോംബിങ്ങ് നടന്നത്. കുറ്റവാളെകളെന്ന് കരുതുന്ന രണ്ട് ചെറുപ്പക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ചില ഫേസ്ബുക്ക് അംഗങ്ങള്‍ക്ക് അവനല്ലയോ ഇവന്‍ എന്ന് ശങ്കയായി, അവര്‍ ഉടന്‍ തന്നെ ട്വിറ്ററിലും റെഡ്ഡിറ്റിലുമെല്ലാം ഇത് പ്രഖ്യാപിക്കുകയും ചെയ്തു.  അതിവേഗം കാര്യങ്ങള്‍ വൈറലായി. ചില അമച്വര്‍ കുറ്റാന്വേഷകര്‍ ബോസ്റ്റണ്‍ പോലീസിന്റെ റേഡിയോ സുനിലിന്റെ പേര് രണ്ടാം പ്രതിയാണെന്ന് പറയുന്നത് കേട്ടെന്ന് തട്ടിവിട്ടു. ആ ഒറ്റ കമന്റ് തന്നെ 3000 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. സുനിലിനെ പറ്റി വൃത്തികെട്ട കമന്റുകള്‍ കൊണ്ട് പല സോഷ്യല്‍ സൈറ്റുകളും നിറഞ്ഞു. സുനിലിനെ കണ്ടെത്താന്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്ന ഫേസ്ബുക്ക് പേജ് തന്നെ സംഗീത ഫ്രീസ് ചെയ്തു. ഒടുവില്‍, ഏപ്രില്‍ 21-ന് സുനിലിന്റെ മൃതദേഹം റോഡ് ഐലന്‍ഡിലെ ഒരു തുറമുഖത്ത് നിന്ന് പോലീസ് കണ്ടെടുക്കുന്നതിന് തൊട്ടുമുമ്പാണ് ട്വിറ്ററിന്റെയും റെഡ്ഡിറ്റിന്റെയും മേലാളന്മാര്‍ ക്ഷമാപണങ്ങളോടെ അയാളുടെ കുടുംബത്തെ സമീപിച്ചത്.

 

തങ്ങള്‍ക്ക് പറയാനുള്ളത് ബഹുജനങ്ങളെ കേള്‍പ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്കും വലിയ സംഘടനകള്‍ക്കും മീഡിയ കമ്പനികള്‍ക്കും മാത്രം സാധ്യമായ ഏര്‍പ്പാടാണ് മാസ്സ് കമ്യൂണിക്കേഷന്‍ എന്ന സ്ഥിതി 20-ാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ അവസാനിച്ചു. ഇന്ന് ലോകത്തോട് എന്തെങ്കിലും പറയാനുള്ളവര്‍ക്ക് മേല്‍പ്പറഞ്ഞ മാധ്യമ കവാടം സൂക്ഷിപ്പുകാരുടെ അനുവാദമാവശ്യമില്ല. ഇന്റര്‍നെറ്റിന്റെ വേദികളില്‍ അവര്‍ക്കത് ചെയ്യാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. 'സാങ്കേതികവിദ്യ പത്രാധിപരില്‍ നിന്നും പ്രസാധകരില്‍ നിന്നും വ്യവസ്ഥിതിയില്‍ നിന്നും അധികാരം നീക്കുകയാണ്. ഇപ്പോള്‍ ജനങ്ങളാണ് നിയന്ത്രിക്കുന്നത്.' മാധ്യമ വ്യവസായത്തിലെ മഹാരാജാവായി കണക്കാക്കേണ്ട റുപ്പര്‍ട്ട് മര്‍ഡോക്ക് ആണിത് പറഞ്ഞത്. പണ്ട് ചെറിയ സംഘം ശ്രോതാക്കളില്‍ വാമൊഴി ചെയ്ത ജോലി ഇന്ന് കോടികള്‍ വരുന്ന പ്രേക്ഷകരില്‍ സോഷ്യല്‍ മീഡിയ ചെയ്യുകയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ ഫേസ്ബുക്കില്‍ ചിലവിടുന്ന സമയം കൂട്ടിയാല്‍ അത് നിത്യവും 9500 വര്‍ഷത്തിലേറെ വരും! ഉത്തേജകൗഷധം അടിച്ച വാമൊഴിയാണ് സോഷ്യല്‍ സൈറ്റുകളിലെ പോസ്റ്റുകള്‍ എന്നാണ് ആരോ പറഞ്ഞത്. ഈ സ്വാതന്ത്ര്യം പക്ഷേ, വരുംവരായ്കളെ പറ്റി ആലോചിക്കാത്ത പലരെയും അപകടങ്ങളില്‍ ചാടിക്കുന്ന ഉദാഹരണങ്ങളാണ് ആദ്യം പറഞ്ഞത്. പരിചയക്കാര്‍ മാത്രമുള്ള ഒരിടത്തുവെച്ച് എന്തെങ്കിലും വിഷയത്തെ പറ്റി അലക്ഷ്യമായും അനൗപചാരികമായും നടത്തുന്ന പരാമര്‍ശങ്ങള്‍ അതേ വിഷയത്തെ പറ്റി പൊതുവേദിയില്‍ നടത്താന്‍ പാടില്ല എന്ന് മിക്കവര്‍ക്കും അറിയാം.  പക്ഷേ ഇതേ ആളുകള്‍ തന്നെ സ്വന്തം വീട്ടിലെയോ ഓഫീസ് മുറിയിലേയോ കമ്പ്യൂട്ടിറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ആത്മാവിഷ്‌കാരം നടത്തുമ്പോള്‍ സ്വന്തം ബ്ലോഗുകളും സോഷ്യല്‍ സൈറ്റുകളും അത്ര സ്വകാര്യമല്ല എന്ന് ഓര്‍ക്കുന്നില്ല എന്നതാണ് പ്രശ്‌നം.

 

ഡിജിറ്റല്‍ യുവതലമുറയാണ് സോഷ്യല്‍ മീഡിയ ഇത്രയും വലുതാക്കിയത്. എല്ലാം പിള്ളേരുടെ ഓരോ തമാശ എന്ന മട്ടില്‍ കണ്ട മുതിര്‍ന്ന തലമുറയ്ക്ക് സോഷ്യല്‍ മീഡിയ അത്ര നിസ്സാരമല്ല എന്ന് പതുക്കെ മാത്രമേ മനസ്സിലായുള്ളു. സോഷ്യല്‍ സൈറ്റുകളില്‍ ജോലിക്കാര്‍ സമയം കളയുന്നതും അവിടെ അതുമിതും പോസ്റ്റ് ചെയ്യുന്നതുമെല്ലാം തീര്‍ത്തും അനാവശ്യമാണെന്ന മട്ടില്‍ കണ്ട മുതിര്‍ന്നവര്‍ ആദ്യമെല്ലാം ജീവനക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്. പക്ഷേ, വ്യവസ്ഥാപിത വാര്‍ത്താ മാധ്യമങ്ങളിലൂടെ മില്യണ്‍സ് ചിലവിട്ട് നടത്തുന്ന പരസ്യ പ്രചാരണങ്ങളേക്കാള്‍ ഫലവത്താണ് സോഷ്യല്‍ സൈറ്റുകളിലൂടെ വാമൊഴി എന്ന് വലിയ കോര്‍പറേഷനുകള്‍ തിരിച്ചറിയുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം കണ്ടത്. ഇന്ന് സ്വന്തമായി സോഷ്യല്‍ മീഡിയ സ്ട്രാറ്റജികളില്ലാത്ത വലിയ കമ്പനികളില്ല.  ഇതേ കമ്പനികള്‍ തന്നെ പലരും അവരുടെ തൊഴിലാളികള്‍ക്ക് വേണ്ടിയും സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ സജീവമായ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അവരുടെ സ്ഥാപനങ്ങളുടെയോ കക്ഷികളുടെയോ ജോലിക്കാരുടെയോ സല്‍പ്പേരിന് അപകടകരമായ കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വ്യക്തമായ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും മിക്ക സ്ഥാപനങ്ങള്‍ക്കുമില്ല.  ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെ പറ്റി പൊതുവായ ചില 'ബെസ്റ്റ് പ്രാക്ടീസുകള്‍' അറിഞ്ഞു വെക്കണം. പൊതുവെ അംഗീകരിക്കപ്പെട്ട ചില സൂചനകളാണ് ഇവിടെ കൊടുക്കുന്നത്.

1. പൊതുവായതും സ്വകാര്യമായതും തിരിച്ചറിയുക

സോഷ്യല്‍ സൈറ്റുകള്‍ക്കെല്ലാം സ്വകാര്യത സംബന്ധിച്ച പല സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അവയിലെ പല പോസ്റ്റുകളും അന്യര്‍ക്കും കാണാവുന്നതായിരിക്കും എന്ന് എപ്പോഴും ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ ചെറിയ സുഹൃദ് വൃന്ദം മാത്രം കാണാന്‍ പോസ്റ്റ് ചെയ്ത കാര്യം നിങ്ങളുടെ സുഹൃത്തക്കള്‍ ആര്‍ക്കെങ്കിലും ഷെയര്‍ ചെയ്‌തേക്കാം. സൈറ്റുകളുടെ പൂര്‍ണമായ സ്വകാര്യത അത്ര ഗാരണ്ടീഡ് അല്ല. അതു കൊണ്ട് നിങ്ങളുടെ പോസ്റ്റുകള്‍ ആരും എവിടെ വെച്ചും കണ്ടേക്കാം എന്ന ധാരണയോടെ തുടങ്ങുക, നിങ്ങള്‍ സ്വകാര്യമായി ബ്ലോഗില്‍ എഴുതിയ വിവരം നാളെ ദിനപത്രത്തില്‍ നിങ്ങളുടെ പേരുവിവരങ്ങളോടെ പ്രസിദ്ധീകരിച്ചുകണ്ടാല്‍ എന്തു തോന്നുമെന്നും ആലോചിക്കുക. ഔചിത്യമില്ലാത്ത ചില പോസ്റ്റുകള്‍  നിങ്ങളുടെ സ്ഥാപനത്തെയോ കക്ഷിയേയോ നിങ്ങളെത്തന്നെയോ പ്രതികൂലമായി ബാധിച്ചേക്കാം എന്നും മനസ്സില്‍ വെക്കുക. നിങ്ങള്‍ നിങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ മേലധികാരിയെ അറിയിക്കുക.

2. ശരിയായിരിക്കുക

നിങ്ങള്‍ എഴുതുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാവണം. അവ സ്ഥാപിക്കാന്‍ കഴിയുന്നതുമായിരിക്കണം. നിങ്ങള്‍ക്ക് തെറ്റ് പറ്റുകയാണെങ്കില്‍ ഉടനടി തെറ്റ് തിരുത്തുക. വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമുണ്ടായിരിക്കണം.

3. ന്യായപൂര്‍ണം, ബഹുമാനപൂരസ്സരം

നിങ്ങളുടെ സ്ഥാപനത്തെയോ സഹപ്രവര്‍ത്തകരെയോ എതിരാളികളെയോ സംബന്ധിച്ച് ദുരുദ്ദേശപൂര്‍ണമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. നേരിട്ട് ഒരു വ്യക്തിയോട് പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യരുത്. അന്യരുടെ അഭിപ്രായങ്ങളോട് ബഹുമാനം കാട്ടുക, വിനയത്തോടെ വിയോജിക്കുക, പ്രത്യേകിച്ചും ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോള്‍.

4. രഹസ്യമായി വെക്കേണ്ടവയെ പറ്റി അറിവുണ്ടാവുക

പൊതുവേദിയില്‍ ലഭ്യമായ വിവരങ്ങളെ പറ്റി മാത്രം പരാമര്‍ശങ്ങള്‍ നടത്തുക. നിങ്ങളുടെ സ്ഥാപനത്തെ പറ്റിയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ ആയ വിവരങ്ങളും സ്ഥാപനത്തിന് ഉടമസ്ഥാവകാശമുള്ള വിവരങ്ങളും സോഷ്യല്‍ സൈറ്റുകളിലൂടെ പരസ്യമാക്കരുത്. തന്ത്രപ്രാധാന്യമുള്ള ആസൂത്രണങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍ നിയമപരമായ വിവരങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. സ്ഥാപനത്തിന്റെ ഇടപാടുകാര്‍, കക്ഷികള്‍ എന്നിവരെ പറ്റി നിങ്ങളുടെ മേലധികാരിയുടെ അനുമതിയില്ലാതെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുത്. നിങ്ങളുടെ സ്ഥാപനത്തിന്റെയോ കക്ഷികളുടെയോ ലോഗോകള്‍ ട്രേഡ് മാര്‍ക്കുകള്‍ എന്നിവ നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കരുത്.

 

ഇനി സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞുവെക്കേണ്ട ചില അടിസ്ഥാന തത്വങ്ങള്‍.

 

ശരിയും കൃത്യതയും

വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; 

സൂക്ഷിക്കുക, സംശയാലുവാകുക 

മറ്റുള്ളവര്‍ സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റ് സൈറ്റുകളില്‍ നിങ്ങള്‍ കണ്ടെത്തുന്നതുമായ വിവരങ്ങള്‍ വെറുതെ പ്രചരിപ്പിക്കരുത്. മറ്റുള്ളവര്‍ പറയുന്നത് ചൂണ്ടിക്കാട്ടുമ്പോള്‍ പലരുടെയും കണ്ണുകളില്‍ നാം തന്നെയാണ് കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം മാധ്യമസ്ഥാപനത്തിന്റെ സോഷ്യല്‍ പേജിലായാലും സ്വന്തം ബ്ലോഗിലായാലും സ്വന്തം ഫേസ്ബുക്ക് പേജിലായാലും എഴുതുന്നത് മാധ്യമപ്രവര്‍ത്തകനാണ്. കുറഞ്ഞത് ഇക്കാര്യത്തില്‍ സുതാര്യത പുലര്‍ത്തുകയെങ്കിലും ചെയ്യുക - ഈ വിവരം നിങ്ങള്‍ സ്വയം സ്ഥിരീകരിച്ചിട്ടില്ല എന്നു വായനക്കാരോട് പറയുക. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ചിലപ്പോഴെങ്കിലും അന്യര്‍ക്ക് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് മറക്കരുത്.

സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത വിവരങ്ങള്‍ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നവരെ തെളിയിക്കാന്‍ നമുക്ക് വെല്ലുവിളിക്കാം, ചോദ്യങ്ങള്‍ ചോദിക്കാം... വസ്തുതകളെന്ന വ്യാജേന പ്രചരിക്കുന്ന കേട്ടുകേള്‍വികളെയും അന്ധവിശ്വാസങ്ങളെയും അങ്ങനെ തകര്‍ക്കാം, ഇതെല്ലാം മാധ്യമപ്രവര്‍ത്തകന്‍ തന്റെ വായനക്കാരോട് ചെയ്യുന്ന ഉപകാരങ്ങളാണ്. എന്താല്‍ സത്യമെന്തെന്ന് ഉറപ്പില്ലാത്ത വിവരം പരത്തുന്നത് ഇതിന്റെ വിപരീതഫലമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് സംശയമുണ്ടാകുമ്പോള്‍ മുതിര്‍ന്നവരോട് സംശയം തീര്‍ക്കുക. ഇതിന് നല്ല വഴി ഓരോ മാധ്യമസ്ഥാപനത്തിലെയും ഓണ്‍ലൈനിലെ ടീമിനോട് ഇതെ പറ്റി ചോദിക്കുന്നതാണ്.

വ്യക്തിത്വം, ഓണ്‍ലൈനിലും ഓഫ്‌ലൈനിലും

ഓണ്‍ലൈനില്‍ ഒരാള്‍ക്ക് തന്റെ വ്യക്തിത്വം വ്യാജവത്കരിക്കാന്‍ എളുപ്പമാണ്, അതിനാല്‍ സോഷ്യല്‍ സൈറ്റുകളിലൂടെ കണ്ടെത്തുന്ന 'സുഹൃത്തുക്കളെ' വാര്‍ത്തയുടെ സോഴ്‌സ് ആക്കാന്‍ നോക്കുന്നവര്‍ സൂക്ഷിക്കണം. ഇത്തരക്കാരോട് ടെലിഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടാനും ശ്രമിക്കുക. ലേഖകരെ വ്യക്തിപരമായി പരിചയമുള്ള പ്രമുഖര്‍ ചിലപ്പോഴെങ്കിലും ഓഫ് ദ റെക്കോഡ് ആയി പല വിശേഷപ്പെട്ട വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കാറുണ്ട്. നമുക്ക് വിവരം നല്‍കിയ വ്യക്തിയാണ് അത് നല്‍കിയത് എന്ന് പുറത്തറിയിക്കാതിരിക്കും എന്നതാണ് ഇതിന് പകരമായി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന ഉപകാരം. ലേഖകനും വാര്‍ത്തയിലെ കഥാപാത്രവും തമ്മിലുള്ള വിശ്വാസമാണ് ഇതിന്റെ ആധാരം. വാര്‍ത്തയ്ക്ക് വേണ്ട വിവരം നല്‍കുന്ന ഓണ്‍ലൈന്‍ സോഴ്‌സിനോട് ഈ അടുപ്പമില്ല എന്ന് എപ്പോഴും ഓര്‍ക്കണം. അവര്‍ നല്‍കുന്ന വിവരങ്ങള്‍ 'ഓണ്‍ ദ റെക്കോഡ്' ആയിരിക്കണം, അതവരെ അറിയിക്കുകയും വേണം. യഥാര്‍ത്ഥ ജീവിതത്തില്‍ സുപ്രധാനമായ വാര്‍ത്തയുമായി എത്തുന്ന സോഴ്‌സിന്റെ വിശ്വാസ്യത നിശ്ചയിക്കാന്‍ അയാളുടെ ചരിത്രം പരിശോധിച്ച് 'വെറ്റ്' ചെയ്യുന്നതു പോലെ ഓണ്‍ലൈന്‍ സോഴ്‌സുകളെയും വെറ്റ് ചെയ്ത ശേഷം മാത്രം വിശ്വസിക്കുക. നെറ്റില്‍ കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഫോട്ടോഷോപ്പിന്റെയും ഡിജിറ്റല്‍ സിനിമറ്റോഗ്രഫിയുടെയും കാലത്ത് ഫോട്ടോകളും വീഡിയോകളും പണ്ടത്തെ പോലെ വിശ്വസിക്കാന്‍ പാടില്ല എന്ന് മറക്കരുത്. പലരും ഓണ്‍ലൈനില്‍ പോസ്റ്റ്  ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വിശ്വാസ്യതയുടെ ഈ പ്രശ്‌നമുണ്ട്. വാര്‍ത്തകളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇങ്ങനെ കാണുന്നതെങ്കില്‍ സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കുക: 

1) വിശ്വാസ്യതയുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളുമായി സാദൃശ്യമുള്ളതാണോ ചിത്രത്തില്‍ കാണുന്നത്?

2) ഇത് ഒറിജിനല്‍ കൃതിയാണോ അതോ മറ്റുള്ളവര്‍ ചെയ്തതിന്റെ കോപ്പിയോ? 

3) ഇത് പോസ്റ്റ് ചെയ്ത വ്യക്തിക്ക് ഇത് വിതരണം ചെയ്യാനുള്ള അവകാശമുണ്ടോ അതോ കോപ്പിറൈറ്റ് ലംഘനമാണോ?

 

സത്യസന്ധത

യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ പരിചയപ്പെടുമ്പോള്‍ മറ്റുള്ളവരോട് 'ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണ്' എന്ന വിവരം വെളിപ്പെടുത്തുന്ന ശീലം ഓണ്‍ലൈന്‍ ബന്ധങ്ങളിലും പാലിക്കണം. സ്വന്തം തൊഴിലിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കാന്‍ സൈറ്റുകളില്‍ ചോദ്യങ്ങള്‍ ചോദിക്കുകയോ ഉത്തരങ്ങള്‍ തേടുകയോ ചെയ്യുമ്പോള്‍ താന്‍ ജേണലിസ്റ്റ് ആണെന്ന് വെളിപ്പെടുത്തണം. അത്തരം ജോലികള്‍ക്കായി 'തൂലികാ നാമങ്ങള്‍' ഉപയോഗിക്കരുത്. ജോലിയുടെ ഭാഗമായി കവര്‍ ചെയ്യുന്ന വ്യക്തിയുടെയോ സംഘടനയുടെയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫ്രണ്ട്, ഫോളോവര്‍ എന്നൊക്കെയുള്ള ലേബലുകളില്‍ ചേരാവുന്നതാണ്. പക്ഷേ ഇതെല്ലാം അവിടെ നടക്കുന്ന വിവരങ്ങള്‍ അറിയാനാണ്, അല്ലാതെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനല്ല (അവരുടെ എതിരാളികളുടെ സൈറ്റുകളിലും ഇതേ രീതിയില്‍ നിരീക്ഷണം നടത്തണം). വ്യക്തിജീവിതത്തില്‍ പല മാധ്യമപ്രവര്‍ത്തകരും സ്വകാര്യമായ ഓണ്‍ലൈന്‍ ഫോറങ്ങളിലും സോഷ്യല്‍ സൈറ്റുകളിലും അംഗങ്ങളായിരിക്കാം. അവയിലെ ചട്ടങ്ങള്‍ ചിലപ്പോള്‍ തങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്താത്ത തൂലികാനാമങ്ങള്‍ (സ്‌ക്രീന്‍ നെയിംസ്) ആയിരിക്കും ഉപയോഗിക്കുക. മാന്യതയുടെ മാധ്യമ തത്വങ്ങളനുസരിച്ച് അത്തരം കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പത്രവാര്‍ത്തകളാക്കരുത്.

 

നിഷ്പക്ഷത

ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റവും വലിയ ആസ്തിയാണ്  വിശ്വാസ്യത. അയാള്‍ പക്ഷം പിടിക്കാത്ത മനുഷ്യനാണ് എന്ന വായനക്കാരന്റെ ഉറപ്പാണ് അതിന്റെ ആധാരം. അതുകൊണ്ടുതന്നെ സോഷ്യല്‍ സൈറ്റുകളില്‍ അയാള്‍ രാഷ്ട്രീയ കക്ഷികളുടെയോ സംഘടനകളുടെയോ അനുകൂലിയാണെന്ന് വെളിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തരുത്. പ്രത്യേകിച്ച് ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിഭാഗീയതകള്‍ വളര്‍ത്തുന്ന സംഘടനകളുടെ.

മറ്റെല്ലാ വ്യവസായങ്ങളിലുമെന്ന പോലെ മാധ്യമ വ്യവസായത്തിലും വിപണിക്ക് വേണ്ടി കടുത്ത മത്സരമുണ്ട്. എങ്കിലും സോഷ്യല്‍ സൈറ്റുകളില്‍ സ്വന്തം സ്ഥാപനത്തിന്റെ എതിരാളിയായ മാധ്യമത്തെയോ അതിലെ മാധ്യമപ്രവര്‍ത്തകരെയോ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരം കമന്റുകള്‍ എഴുതരുത്, അത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.

 

കണക്ക് പറയാന്‍ സന്നദ്ധത

നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് നമ്മള്‍ അക്കൗണ്ടബിള്‍ ആണ്. നമ്മുടെ പ്രവര്‍ത്തികള്‍ വിശദീകരിക്കാന്‍ കഴിയുന്നതാവണം, ന്യായപൂര്‍ണമായിരിക്കണം. സ്വന്തം ചെയ്തികളുടെ നിയമപരമായ സൂചനകളും അറിഞ്ഞിരിക്കണം. അന്യരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, മറ്റുള്ളവര്‍ക്ക് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറയുക എന്നിവയ്‌ക്കെല്ലാം നിയമപരമായ പ്രത്യാഘാതങ്ങളുണ്ട്.

അച്ചടി മാധ്യമങ്ങള്‍ക്ക് ബാധകമായ നിയമങ്ങളേക്കാന്‍ പതിന്മടങ്ങ് കര്‍ക്കശമാണ് ഐ.ടി.ആക്റ്റിലെ വകുപ്പുകള്‍. തന്നെ അധിക്ഷേപിച്ചു എന്നൊരാള്‍ പരാതിപ്പെട്ടാല്‍ ആരോപണവിധേയന്‍ അറസ്റ്റിലാവും. ജയിലില്‍ കിടക്കേണ്ടിവരും. സോഷ്യല്‍മീഡിയയില്‍ രാവുംപകലും മുഴുകിക്കിടക്കുന്ന പലര്‍ക്കും ഇതറിയില്ല. പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുകയുമില്ല.

 

സ്വന്തം സ്ഥാപനത്തിന്റെ കോപ്പി റൈറ്റ്

ഒരു കൃതി (ചിത്രം, ലേഖനം, വീഡിയോ) നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം സൃഷ്ടിച്ചതാണെങ്കിലും അത് സ്ഥാപനത്തിന്റെ ബൗദ്ധിക സ്വത്താണ്, അത് നിങ്ങളുടെ സൈറ്റില്‍ കോപ്പി, പേസ്റ്റ് ചെയ്യരുത്. ആ ഉള്ളടക്കത്തിലേക്ക് ലിങ്ക് കൊടുക്കുന്നതാണ് സൗകര്യം.

 

Share