Articles Articles Details

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ കാവലാള്‍

Author : ഇ.പി. ഷാജുദീന്‍

calender 25-05-2022

1819ലെ ഒരു സായാഹ്നം. ബ്രിട്ടനില്‍ മാഞ്ചസ്റ്ററിലെ ഒരു വീട്ടില്‍ സമാന മനസ്ഥിതിക്കാരായ ഏതാനും പേരുടെ ഒരു കൂട്ടായ്മ ചേരുന്നു. ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു പ്രധാന വ്യാവസായിക നഗരമാണെങ്കിലും ജനപ്രാതിനിധ്യ സഭയായ കോമണ്‍സ് സഭയില്‍ മാഞ്ചസ്റ്ററിനും ലീഡ്‌സിനും ബിര്‍മിംഗാമിനുമൊന്നും പ്രാതിനിധ്യമില്ലാത്തതില്‍ പ്രതിഷേധമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.ലേബര്‍ പാര്‍ട്ടി നേതാവും പിന്നീട് എം.പിയുമായ ജോണ്‍ പോട്ടറുടെ വീട്ടിലാണ് യോഗം ചേരുന്നത്. പോട്ടറെ കൂടാതെ തോമസ്, റിച്ചാര്‍ഡ് എന്നീ രണ്ടു മക്കളും ജോണ്‍ ഷട്ടില്‍വര്‍ത്ത്, ജോണ്‍ എഡ്വേഡ് ടെയ്‌ലര്‍, ആര്‍ച്ചിബാള്‍ഡ് പ്രെന്റൈസ്, ജോസഫ് ബ്രദര്‍ടണ്‍, അബ്‌സലോം വാട്കിന്‍, വില്യം കൗഡ്രേ എന്നിവരുമായിരുന്നു സംഘത്തില്‍. വില്യം കൗഡ്രേ മാഞ്ചസ്റ്റര്‍ ഗസറ്റ് എന്ന പത്രത്തിന്റെ ഉടമയാണ്. ഈ പൊതു സംഘത്തിന് തങ്ങളുടെ ആശയങ്ങള്‍ എഴുതിപ്പിടിപ്പിക്കാനുള്ള ഏക ആശ്രയമായിരുന്നു മാഞ്ചസ്റ്റര്‍ ഗസറ്റ്. ടെയ്‌ലറും പ്രെന്റൈസും സ്ഥിരമായി ഗസറ്റില്‍ എഴുതുമായിരുന്നു.

ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയെ എതിര്‍ക്കുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനോട് അനുഭാവമുള്ളവരായിരുന്നു ഇവരെല്ലാം. മാഞ്ചസ്റ്റര്‍ പൊതുവേ പ്രൊട്ടസ്റ്റന്റ് മുന്‍തൂക്കമുള്ള സ്ഥലമായിരുന്നുവെന്നതിനാല്‍ ഇത് അസാധാരണമായിരുന്നില്ല. സര്‍ക്കാര്‍ ആംഗ്ലിക്കന്‍ സഭയുമായി അടുത്ത ബന്ധത്തിലായതിനാല്‍ സ്‌കൂളുകളിലൂടെ വിദ്യാര്‍ഥികളെ മതപരമായി സ്വാധീനിച്ചേക്കാന്‍ ഇടയുണ്ടെന്ന സന്ദേഹത്തിലായിരുന്നു അവര്‍. ജോസഫ് ലങ്കാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് സ്‌കൂള്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരായിരുന്നു ഇവരെല്ലാം.

മധ്യവര്‍ഗ ലിബറല്‍ ചിന്താഗതിക്കാരായിരുന്നെങ്കിലും തൊഴിലാളിവര്‍ഗ ചിന്താഗതികളുള്ളവരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ അവരുടെ എല്ലാ നയങ്ങളെയും ഈ സംഘം അംഗീകരിച്ചതുമില്ല. തൊഴിലാളിവര്‍ഗത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ജോണ്‍ നൈറ്റ്, ജയിംസ് വ്രോ, ജോണ്‍ സാക്സ്റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് 1818ല്‍ ദ് മാഞ്ചസ്റ്റര്‍ ഒബ്‌സര്‍വര്‍ എന്ന പത്രം ആരംഭിച്ചു. ജനപക്ഷത്തോട് ചേര്‍ന്നു നില്‍കുന്ന ആശയങ്ങളായിരുന്നു പത്രത്തിന്റേതെന്നതിനാല്‍ വളരെ പെട്ടെന്നാണ് പ്രചാരം വര്‍ധിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ പത്രത്തിന്റെ പ്രചാരം 4000 കോപ്പി കവിഞ്ഞു. 1819 ആയപ്പോഴേക്കും മാഞ്ചസ്റ്ററിനു വെളിയില്‍ ബ്രിട്ടനിലെ മിക്ക നഗരങ്ങളിലും പത്രം പ്രചാരം നേടിയിരുന്നു.  പത്രത്തിന്റെ പ്രചാരവര്‍ധന പുതിയൊരു പാര്‍ട്ടിയുണ്ടാക്കാന്‍ ഇവര്‍ക്ക് പ്രേരണ നല്‍കി. അങ്ങനെയാണ് 1819 മാര്‍ച്ചില്‍ ഇവര്‍ പേട്രിയോട്ടിക് യൂണിയന്‍ സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ജനാധിപത്യ നവീകരണമായിരുന്നു സംഘടനയുടെ ലക്ഷ്യം. ജോസഫ് ജോണ്‍ സെക്രട്ടറിയും ജയിംസ് വ്രോ സംഘടനയുടെ ട്രഷററുമായിരുന്നു. സംഘടനയ്ക്ക് ജനപിന്തുണ ഉണ്ടെന്നു മനസിലാക്കിയ അവര്‍ മാഞ്ചസ്റ്ററില്‍ വലിയ ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. മാഞ്ചസ്റ്ററിന്റെ മാത്രമല്ല, ലങ്കാഷയറിന്റെ മൊത്തം യോഗമാകണമെന്നായിരുന്നു ഇവരുടെ തീരുമാനം. ഇടതുപക്ഷ നേതാക്കളും ഉജ്വല പ്രാസംഗികരുമായിരുന്ന മേജര്‍ ജോണ്‍ കാര്‍ട്ട്‌റൈറ്റിനെയും ഹെന്റി ഹണ്ടിനെയും പ്രസംഗിക്കാനും ക്ഷണിച്ചു. കാര്‍ട്ട്‌റൈറ്റിന് പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍, ഹണ്ട് പങ്കെടുക്കാമെന്നു സമ്മതിച്ചു. ഓഗസ്റ്റ് 16നായിരുന്നു യോഗം.

ജോണ്‍ എഡ്വേഡ് ടെയ്‌ലറിനും ആര്‍ച്ചിബാള്‍ഡ് പ്രെന്റൈസിനും സംഘടനയുടെ പല നിലപാടുകളോടും എതിര്‍പ്പുണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. മാഞ്ചസ്റ്ററിലെ ജനത പാര്‍ലമെന്ററി സംവിധാനത്തിലെ മാറ്റം എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് സര്‍ക്കാരിനു ബോധ്യപ്പെടാന്‍ ഇതു സഹായിക്കുമെങ്കില്‍ അത്രയുമാകട്ടെ എന്നായിരുന്നു അവര്‍ കരുതിയത്.സെന്റ് പീറ്റേഴ്‌സ് ഫീല്‍ഡിലെ യോഗം വന്‍ വിജയമായിരുന്നു. അല്‍പനേരം അവിടെ ചെലവഴിച്ച ശേഷം ടെയ്‌ലറും പ്രെന്റൈസും മടങ്ങി. എന്നാല്‍ അതിനു ശേഷമായിരുന്നു അവിടെ പ്രധാനപ്പെട്ട പലതും സംഭവിച്ചത്. കാത്തിരുന്ന സൈന്യം ജനക്കൂട്ടത്തെ ആക്രമിച്ചു. വീട്ടിലെത്തിയ ശേഷമായിരുന്നു അവര്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ സെന്റ് പീറ്റേഴ്‌സ് ഫീല്‍ഡിലേക്ക് അവര്‍ മടങ്ങി. അവിടെ ചെന്നപ്പോളാണ് അറിയുന്നത്, സ്ഥലത്തുണ്ടായിരുന്ന ഏക ദേശീയപത്ര പ്രതിനിധിയായിരുന്ന ടൈംസ് ലേഖകന്‍ ജോണ്‍ ട്യാസ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സമ്മേളനത്തിന്റെ ഒരു വിവരവും പുറത്ത് വരരുതെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചിരുന്നെന്നു വ്യക്തം. ഇവരുടെ പത്രമായ മാഞ്ചസ്റ്റര്‍ ഗസറ്റിന്റെ അടുത്തലക്കം പിന്നെയും ഏതാനും ദിവസം കഴിഞ്ഞ് ശനിയാഴ്ചയേ പുറത്തിറങ്ങൂ. പിന്നെ ഈ സംഭവം പുറംലോകത്തെത്തിക്കാനുള്ള ഏക മാര്‍ഗം ലണ്ടനിലെ പത്രങ്ങളാണെന്ന് അവര്‍ മനസിലാക്കി. ലണ്ടനിലെ ടൈംസ് പത്രത്തിന് അവര്‍ വാര്‍ത്ത അയച്ചു. സെന്റ് പീറ്റേഴ്‌സ് ഫീല്‍ഡില്‍ ഉണ്ടായിരുന്നവരോട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു വാര്‍ത്ത തയാറാക്കിയത്. ടൈംസില്‍ പേരു വന്നില്ലെങ്കിലും എഴുതിയത് ടെയ്‌ലറാണെന്ന് ഏറെക്കുറേ വ്യക്തമായിരുന്നു. കാരണം, അടുത്തയാഴ്ച ഇറങ്ങിയ മാഞ്ചസ്റ്റര്‍ ഗസറ്റിലെ റിപ്പോര്‍ട്ടും ഇതിനു സമാനമായിരുന്നു. ടെയ്‌ലര്‍, പ്രെന്റൈസ്, ഷട്ടില്‍വര്‍ത്ത് എന്നിവരുടെ  ചിന്താഗതി പരിഷ്‌കരണവാദത്തിലേക്ക് മാറാന്‍ ഈ സംഭവം വഴിതെളിച്ചു. മാഞ്ചസ്റ്റര്‍ ഗസറ്റിനു പകരം മറ്റൊരു പത്രം വേണമെന്ന ചിന്ത ഇവര്‍ക്കിടയിലുണ്ടായത് ഇതോടെയാണ്. തുടര്‍ന്ന് തുണിവ്യവസായവുമായി ബന്ധമുള്ള 11 പേര്‍ ചേര്‍ന്ന് പുതിയ പ്രസിദ്ധീകരണ കമ്പനിക്കു തുടക്കമിട്ടു. 1050 പൗണ്ടായിരുന്നു ഓരോരുത്തരുടെയും ഓഹരി.ജോണ്‍ എഡ്വേഡ് ടെയ്‌ലര്‍ ആയിരുന്നു ആദ്യ എഡിറ്റര്‍. ജെര്‍മിയാ ഗാര്‍നെറ്റ് ആദ്യ പ്രിന്ററും റിപ്പോര്‍ട്ടറുമായി. ടോറി പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മാഞ്ചസ്റ്റര്‍ ക്രോണിക്കിളില്‍ റിപ്പോര്‍ട്ടറായിരുന്ന ഗാര്‍നെറ്റ് പുതിയ പത്രത്തിലെത്തിയതിനു പിന്നില്‍ സെന്റ് പീറ്റേഴ്‌സ് ഫീല്‍ഡിലെ കൂട്ടക്കൊലയായിരുന്നു. പീറ്റര്‍ലൂ കൂട്ടക്കൊലയെന്ന് മാഞ്ചസ്റ്റര്‍ ഒബ്‌സര്‍വര്‍ പേരിട്ട ആക്രമണത്തിനിടെ ഗാര്‍നെറ്റിന്റെ കുറിപ്പ് പുസ്തകം പോലീസ് പിടിച്ചെടുത്തിരുന്നു. എങ്കിലും ഓര്‍മയില്‍ നിന്ന് സംഭവങ്ങളെല്ലാം ഗാര്‍നെറ്റ് വിസ്തരിച്ചെഴുതി. എന്നാല്‍ ക്രോണിക്കിളിന്റെ എഡിറ്റര്‍ ചാള്‍സ് വീലര്‍ അതു പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. അതില്‍ പ്രതിഷേധിച്ചു രാജിവച്ചാണ് ഗാര്‍നെറ്റ് ഈ പത്രത്തിലെത്തിയത്.മണിക്കൂറില്‍ 200 കോപ്പിമാത്രം അച്ചടിക്കാന്‍ സാധിക്കുന്ന സ്റ്റാന്‍ഹോപ് പ്രസുമായായിരുന്നു തുടക്കം. അക്കാലത്ത് ലണ്ടനില്‍ നിന്നുള്ള ദേശീയ പത്രങ്ങള്‍ മണിക്കൂറില്‍ അയിരം കോപ്പി അച്ചടിക്കാവുന്ന പ്രസുകളാണ് ഉപയോഗിച്ചിരുന്നത്. മണിക്കൂറില്‍ പതിനായിരക്കണക്കിനു കോപ്പികള്‍ അച്ചടിക്കാന്‍ സാധിക്കുന്ന ഇന്നത്തെ പ്രസുകളുടെ മുതുമുത്തച്ഛന്മാരായിരുന്നു ഈ പ്രസുകള്‍നാലു പേജുള്ള മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്റെ ആദ്യ പതിപ്പ് 1821 മേയ് അഞ്ചിനാണ് പുറത്തിറങ്ങിയത്. ആഗമനോദ്ദേശ്യം ആദ്യ പുറത്തു തന്നെ പറയുന്നുണ്ടായിരുന്നു. 'ഇതു സാമൂഹ്യവും മതപരവുമായ സ്വാതന്ത്ര്യത്തിന്റെ തത്വങ്ങള്‍ ശുഷ്‌കാന്തിയോടെ നടപ്പാക്കും. ഇതു പരിഷ്‌കരണത്തിന്റെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കും. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ ന്യായയുക്തമായ തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇതു പിന്തുണ നല്‍കും.'തുടക്കത്തില്‍ ഏഴു പെനിയായിരുന്നു ഒരു കോപ്പിയുടെ വില. ഇതില്‍ നാലു പെനിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിയായിരുന്നു. സ്വതന്ത്രമായ അഭിപ്രായരൂപീകരണങ്ങള്‍ നടക്കാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ കനത്ത നികുതി. ഇതു കൂടാതെ ഓരോ പൗണ്ട് ന്യൂസ് പ്രിന്റിനും പത്രങ്ങള്‍ മൂന്നു പെനി വേറെ അടയ്ക്കണം. ഓരോ പരസ്യത്തിനും മൂന്നു ഷില്ലിംഗ് ആറു പെന്‍സ് സര്‍ക്കാരിനു നല്‍കണമായിരുന്നു. കനത്ത വില കാരണം വളരെ കുറച്ച് ആള്‍ക്കാരെ പത്രം വാങ്ങിയിരുന്നുള്ളൂ. ലണ്ടനുപുറത്തു നിന്ന് അച്ചടിക്കുന്ന മറ്റു പത്രങ്ങളെപ്പോലെ ആഴ്ചയില്‍ ഒരു തവണ മാത്രമേ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനും അച്ചടിക്കാന്‍ സാധിച്ചുള്ളൂ. ആദ്യ കുറെ വര്‍ഷങ്ങള്‍ പ്രചാരം 1000 കോപ്പിയില്‍ ഒതുങ്ങി. എന്നാല്‍, ഇതില്‍ നല്ലൊരു പങ്ക് വായനശാലകളിലേക്കാണു പോയിരുന്നത്. അതിനാല്‍ വായനക്കാരുടെ എണ്ണം വളരെയധികമായിരുന്നു. ദൂരപ്രദേശങ്ങളായ ഗ്ലാസ്‌ഗോ, ഹള്‍, എക്‌സെറ്റെര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വായനശാലകളില്‍ വരെ പത്രം എത്തിയിരുന്നു എന്നത് അതിന്റെ ജനപ്രീതി തെളിയിക്കുന്നു.മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ പ്രസിദ്ധീകരണം തുടങ്ങിയ സമയത്ത് അവിടെ വേറെ ആറു പത്രങ്ങള്‍ കൂടിയുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ മെര്‍ക്കുറി, ക്രോണിക്കിള്‍, എക്‌സ്‌ചേഞ്ച് ഹെറാള്‍ഡ്, ബ്രിട്ടീഷ് വളന്റിയര്‍ എന്നിവ ടോറികളെ പിന്തുണയ്ക്കുന്നവ. മാഞ്ചസ്റ്റര്‍ ഗസറ്റ് ആകട്ടെ പരിമിതമായ പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നത്. പരിഷ്‌കരണവാദികളുടെ പത്രമായ മാഞ്ചസ്റ്റര്‍ ഒബ്‌സര്‍വര്‍ 4000 കോപ്പി പ്രചാരമുള്ള ജനപ്രിയ പത്രമായിരുന്നു. പക്ഷേ പരസ്യവരുമാനം വളരെ കുറവ്. സര്‍ക്കാരിന്റെ വേട്ടയാടല്‍ അതിരൂക്ഷവും. മിക്ക ദിവസവും മാനനഷ്ടക്കേസ് നല്‍കി പത്രത്തെ വിഷമിപ്പിക്കുകയായിരുന്നു സര്‍ക്കാരിന്റെ തന്ത്രം. സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് ജോണ്‍ വ്രോയെയും ജോണ്‍ സാക്സ്റ്റണെയും ജയിലിലടയ്ക്കുക വരെ ചെയ്തു.പിടിച്ചു നില്ക്കാന്‍ പാടുപെടുന്നതിനിടയിലാണ് സമാന ചിന്താഗതിയുമായി മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്റെ വരവ്. അതോടെ രംഗം വിടാനായി ഒബ്‌സര്‍വറിന്റെ തീരുമാനം. അവസാന പതിപ്പില്‍ പത്രാധിപര്‍ എഴുതി 'പൂര്‍ണ സ്വാതന്ത്ര്യം എന്ന തത്വവും പരിഷ്‌കരണം എന്ന ലക്ഷ്യത്തോടുള്ള കറതീര്‍ന്ന മമതയും സജീവമായ മാനേജ്‌മെന്റും ഒത്തിണങ്ങിയ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ നിങ്ങളുടെയൊക്കെ വിശ്വാസത്തിനും പിന്തുണയ്ക്കും അര്‍ഹമാണെന്ന് ഞാന്‍ ബഹുമാനപൂര്‍വം നിര്‍ദേശിക്കുന്നു'. പുതുക്കക്കാരന് ഒരു കരുത്തനായ പ്രതിയോഗിയുടെ ബഹുമാനം നിറഞ്ഞ പിന്തുണയായിരുന്നു ഇതിലൂടെ വ്യക്തമായത്.താമസിയാതെ പ്രചാരം 2000 കടന്ന് 3000ല്‍ എത്തി. മാഞ്ചസ്റ്ററിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയും ഇതിനു കാരണമായിരുന്നു. മാഞ്ചസ്റ്ററിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യം വേണമെന്ന ടെയ്‌ലറുടെ ആവശ്യത്തിന് കരുത്തേകുന്ന ഒരു കാര്യമായിരുന്നു അത്.ഇതിനിടയില്‍ ഗാര്‍ഡിയന്റെ തലപ്പത്ത് ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയിരുന്നു. ജോണ്‍ ടെയ്‌ലര്‍ വലതുപക്ഷത്തേക്കു കൂറുമാറുകയാണെന്ന് കൂട്ടാളികള്‍ക്ക് സംശയമുണര്‍ന്നു. ആര്‍ച്ചിബാള്‍ഡ് പ്രെന്റൈസ്, തോമസ് പോട്ടര്‍, ജോണ്‍ ഷട്ടില്‍വര്‍ത്ത് എന്നിവര്‍ ടെയ്‌ലര്‍ക്ക് എതിരായി. മാഞ്ചസ്റ്ററിലെ തുണി വ്യവസായ ശാലകളില്‍ ബാലവേല വര്‍ധിച്ചുവരുന്നതിനെതിരെ ജോണ്‍ ഹോബ്ഹൗസും മൈക്കിള്‍ സാഡ്‌ലറും പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പിന്തുണയ്ക്കാന്‍ ടെയ്‌ലര്‍ വിസമ്മതിച്ചു. 'ബാലവേല എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും പട്ടിണികിടക്കുന്നതിലും നല്ലതാ'ണെന്നതായിരുന്നു ടെയ്‌ലറുടെ നിലപാട്. ഫാക്ടറികളില്‍ 10 മണിക്കൂര്‍ ഷിഫ്റ്റ് ഏര്‍പെടുത്തണമെന്ന ആവശ്യവുമായി റിച്ചാര്‍ഡ് ഓസ്റ്റ്‌ലര്‍ പ്രക്ഷോഭം തുടങ്ങിയപ്പോഴും ടെയ്‌ലര്‍ പിന്തുണച്ചില്ല. 'ഇതു തുണി വ്യവസായത്തെ സാവധാനത്തില്‍ ഇല്ലാതാക്കു'മെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.പിന്നീട് വലിയ മാറ്റങ്ങളായിരുന്നു ഗാര്‍ഡിയന്റെ തലപ്പത്ത് കണ്ടത്. ടെയ്‌ലര്‍ കൂടുതല്‍ വലതുപക്ഷക്കാരനായി. മാഞ്ചസ്റ്റര്‍കാരുടെ വോട്ടവകാശം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടിനു പോലും മാറ്റമുണ്ടായി. 1824ല്‍ പ്രെന്റൈസ് 1600 പൗണ്ടിന് മാഞ്ചസ്റ്റര്‍ ഗസറ്റ് വാങ്ങി. ഷട്ടില്‍വര്‍ത്തും പോട്ടറുടെ മക്കളായ തോമസും റിച്ചാര്‍ഡും ഇതിന് അദ്ദേഹത്തെ സഹായിച്ചു. പ്രെന്റൈസും ഷട്ടില്‍വര്‍ത്തും എഴുതാതായതോടെ ഗാര്‍ഡിയന്‍ കൂടുതല്‍ വലതുപക്ഷം ചായുകയായിരുന്നു. 1826 ആയതോടെ പരിഷ്‌കരണവാദി ടോറി നേതാക്കളായ ജോര്‍ജ് കാനിംഗ്, വില്യം ഹസ്‌കിസണ്‍ തുടങ്ങിയവര്‍ക്ക് ഗാര്‍ഡിയന്‍ പിന്തുണ നല്കുന്നതു കണ്ട് പഴയ കൂട്ടാളികള്‍ അന്തിച്ചു പോയി.അതിലേറെ അവരെ അതിശയിപ്പിച്ചത് ജോണ്‍ ഹാര്‍ലന്‍ഡ് എന്ന റിപ്പോര്‍ട്ടര്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നു. പാര്‍ലമെന്ററി പരിഷ്‌കരണത്തെപ്പറ്റി നടത്തിയ ഒരു യോഗത്തില്‍ പ്രാസംഗികര്‍ പറഞ്ഞത് അപ്പടി ഹാര്‍ലന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അവരെയൊക്കെ സര്‍ക്കാര്‍ ജയിലിലുമടച്ചു. ഇതിനു കാരണക്കാരനായ ഹാര്‍ലന്‍ഡിനെ തന്റെ പങ്കുകാരനാക്കുകയായിരുന്നു ടെയ്‌ലര്‍ ചെയ്തത്. പഴയ കൂട്ടാളികളൊക്കെ വിട്ടു പോയിട്ടും പ്രചാരം വര്‍ധിച്ച് ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള മൂന്നാമത്തെ പ്രാദേശിക പത്രമായതോടെ ടെയ്‌ലറുടെ ആവേശം വര്‍ധിക്കുകയും ചെയ്തു.1836ല്‍ പത്രത്തിന് ഊര്‍ജം പകരുന്ന തീരുമാനവുമായി സര്‍ക്കാര്‍ നികുതി കുറച്ചു. ഇതോടെ പത്രത്തിന്റെ വില പകുതി കുറച്ച് നാലു പെനി ആക്കി. ആഴ്ചയില്‍ രണ്ടുതവണ പ്രസിദ്ധീകരണവും തുടങ്ങി. ക്രമേണ പ്രചാരം വര്‍ധിക്കാന്‍ ആരംഭിച്ചു.1844ല്‍ ടെയ്‌ലറുടെ മരണത്തോടെ ഗാര്‍ഡിയന്റെ നിലപാടില്‍ വീണ്ടും മാറ്റമായി. പുതിയ എഡിറ്റര്‍ ജര്‍മിയ ഗാര്‍നെറ്റ് ലിബറല്‍ പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു. ഗാര്‍ഡിയന്റെ തുടക്കത്തില്‍ പിന്തുണച്ചിരുന്ന നയങ്ങളെയൊക്കെ ഗാര്‍നെറ്റ് പിന്തുണയ്കാന്‍ തുടങ്ങി. 1861 ഇദ്ദേഹം വിരമിച്ച ശേഷം പത്രാധിപരായത് ആദ്യ പത്രാധിപര്‍ ജോണ്‍ എഡ്വേഡ് ടെയ്‌ലറുടെ മകന്‍ ജോണ്‍ ടെയ്‌ലറാണ്. ഇതോടെ തുടക്കത്തിലുണ്ടായിരുന്ന പരിഷ്‌കരണവാദം അപ്പാടെ പത്രത്തിലേക്കു തിരിച്ചെത്തി.ലണ്ടനില്‍ താവളമുറപ്പിച്ച ടെയ്‌ലര്‍ മാഞ്ചസ്റ്ററിലെ എഡിറ്റോറിയല്‍ വിഭാഗത്തെ നയിക്കാന്‍ കണ്ടെത്തിയയാളാണ് തന്റെ കസിനായ 27 വയസുകാരന്‍ ചാള്‍സ് പ്രെസ്റ്റ്വിച്ച് സ്‌കോട്ട്. ഗാര്‍ഡിയന് ലോകമെമ്പാടും ബഹുമാന്യതയുള്ള സ്ഥാനം ഉറപ്പിക്കുന്നതിന്റെ അടിസ്ഥാനം പാകിയത് സി.പി. സ്‌കോട്ട് ആയിരുന്നു. വളരെ വ്യക്തമായ ലക്ഷ്യത്തിലേക്ക് ഉറച്ച കാല്‍വയ്പുകളോടെ സ്‌കോട്ട് പത്രത്തെ നയിച്ചു. എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളും വാര്‍ത്താവിശകലനങ്ങളും ഗാര്‍ഡിയന്റെ മുഖമുദ്രയായത് അദ്ദേഹം എഡിറ്റോറിയല്‍ നേതൃത്വം ഏറ്റെടുത്ത ശേഷമായിരുന്നു. എല്ലാ ദിവസവും മറ്റു പത്രങ്ങളും രാഷ്ട്രീയ നേതൃത്വവും പൊതുജനങ്ങളാകെയും ഗാര്‍ഡിയന് എന്തു പറയാനുണ്ട്, എന്തൊക്കെ പുതിയ വാര്‍ത്തകള്‍ പത്രം പുറംലോകത്തെത്തിക്കുന്നു എന്നറിയാന്‍ ഉദ്വേഗം പൂണ്ടിരുന്നു. ഗാര്‍ഡിയന്റെ മുഖപ്രസംഗങ്ങള്‍ സ്‌കോട്ടിന്റെ വരവോടെ ആധികാരികതയിലുറച്ച നിലപാടുകളുടെ വെളിപ്പെടുത്തലുകളായി.പാര്‍ലമെന്ററി നവീകരണത്തിന്റെ വക്താവായിരുന്നു സി.പി. സ്‌കോട്ട്. മാത്രമല്ല, സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന അഭിപ്രായക്കാരനുമായിരുന്നു. ഇക്കാര്യം പറഞ്ഞ് സ്‌കോട്ട് പല തവണ പത്രത്തിലെഴുതിയത് ടെയ്‌ലര്‍ക്കു പിടിച്ചില്ല. 'ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍  ഈ നിലപാട് പത്രത്തിനു വേണ്ട' എന്നായിരുന്നു ടെയ്‌ലര്‍ ഇതു സംബന്ധിച്ച് തന്റെ എഡിറ്റര്‍ക്ക് എഴുതിയത്. സ്‌കോട്ട് ഇതിനകം പത്രത്തിന്റെ 25% ഓഹരിയും ലാഭവിഹിതവും നേടിയെങ്കിലും ടെയ്‌ലര്‍ക്ക് തന്നെയായിരുന്നു പ്രാമുഖ്യം. സ്‌കോട്ട് 1895ല്‍ നോര്‍ത്ത് ഈസ്റ്റ് മാഞ്ചസ്റ്ററില്‍ നിന്ന് ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പാര്‍ലമെന്റിലെത്തി. ബ്രിട്ടന്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ബോവര്‍ യുദ്ധത്തെ പരസ്യമായി ടെയ്‌ലര്‍ എതിര്‍ത്തതോടെ അദ്ദേഹത്തിന്റെ വീടിനും മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ ഓഫീസിനും കാവലേര്‍പ്പെടുത്തേണ്ടിവന്നു. ജനങ്ങളില്‍ ഭൂരിപക്ഷവും യുദ്ധത്തിനനുകൂലമാണെന്നിരിക്കെ ജനമനസിനനുകൂലമായി എഴുതി പ്രചാരവും ജനപ്രിയതയും വര്‍ധിപ്പിക്കുക എന്ന വഴിയിലേക്ക് ഗാര്‍ഡിയന്‍ പോയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും 1900ലെ തെരഞ്ഞെടുപ്പില്‍ സ്‌കോട്ട് വീണ്ടും ജയിച്ചു. പാര്‍ലമെന്റ് അംഗമായിരിക്കെയും സ്‌കോട്ട് തന്നെ പത്രാധിപരായി തുടര്‍ന്നു. സി.ഇ. മൊണ്ടാഗെ, എല്‍.ടി ഹോബ്ഹൗസ് എന്നിവരായിരുന്നു ഇക്കാലത്ത് സ്‌കോട്ടിനെ എഡിറ്റിംഗില്‍ സഹായിച്ചിരുന്നത്. 

1905ല്‍ ജോണ്‍ ടെയ്‌ലര്‍ മരണമടഞ്ഞതോടെയാണ് പത്രത്തിന്റെ നിയന്ത്രണം സി.പി. സ്‌കോട്ടിന്റെ പക്കലെത്തിയത്. സ്‌കോട്ടിന് 10000 പൗണ്ടിന് പത്രം വില്‍ക്കണമെന്നായിരുന്നു ടെയ്‌ലറിന്റെ വില്‍പത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അതിനു മറ്റ് ഓഹരിയുടമകള്‍ തയാറായില്ല. ഒടുവില്‍ 2,42,000പൗണ്ട് സമാഹരിച്ചു നല്‍കിയാണ് സ്‌കോട്ടിനു പത്രം സ്വന്തമാക്കാനായത്. ആ വര്‍ഷം പത്രത്തിന്റെ ലാഭം വെറും 1200 പൗണ്ട് മാത്രമായിരിക്കെയായിരുന്നു സ്‌കോട്ട് ഈ സാഹസത്തിനു മുതിര്‍ന്നതെന്നത് പത്രത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസം വ്യക്തമാക്കുന്നതായിരുന്നു.പത്രത്തിന്റെ സ്ഥാപകര്‍ മുന്നില്‍ കണ്ടിരുന്ന ലക്ഷ്യത്തില്‍ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കില്ലെന്ന്  സ്‌കോട്ട് ഉടമസ്ഥാവകാശം നേടിയ ശേഷം ആദ്യമേ വെളിപ്പെടുത്തി. പത്രം സ്വതന്ത്ര നിലപാട് തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു. 'സത്യസന്ധത, ധൈര്യം, നീതിയുക്തത, വായനക്കാരോടും സമൂഹത്തോടുമുള്ള ചുമതലാബോധം' എനിവയായിരിക്കണം പത്രത്തിന്റെ കടമകളെന്ന് സ്‌കോട്ട് തീരുമാനിച്ചു. ഇതു വ്യക്തമാക്കിക്കൊണ്ട് പത്രത്തിന്റെ ശതാബ്ദി വേളയില്‍ 1921ല്‍ സ്‌കോട്ട് എഴുതിയ ലേഖനത്തിലെ ഭാഗമാണ് പിന്നീട് പ്രശസ്തമായ 'അഭിപ്രായം സ്വതന്ത്രമാണ്, പക്ഷേ വസ്തുതകള്‍ വിശുദ്ധമാണ്' (comment is free, but facts are sacred) എന്ന ഉദ്ധരണി.

ഒന്നാം ലോകമഹായുദ്ധത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു പത്രാധിപരായിരുന്ന സ്‌കോട്ട് എടുത്തത്. ബ്രിട്ടന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. എന്നാല്‍, യുദ്ധം തുടങ്ങിയശേഷം ബ്രിട്ടന്റെ പങ്കാളിത്തത്തെ എതിര്‍ത്തതുമില്ല. തന്റെ മകളുടെ ഭര്‍ത്താവായ സി.ഇ. മൊണ്ടാഗെയെ ആണ് തന്റെ പിന്‍ഗാമിയായി പത്രാധിപസ്ഥാനത്ത് സ്‌കോട്ട് കണ്ടുവച്ചിരുന്നതെങ്കിലും 1929 ജൂണില്‍ മൊണ്ടാഗെ മരണമടഞ്ഞു. അടുത്തമാസം തന്നെ 57 വര്‍ഷത്തെ പത്രാധിപ ജോലിയില്‍ നിന്നു വിടവാങ്ങാന്‍ സ്‌കോട്ട് തീരുമാനിക്കുകയും ചെയ്തു. മൂത്തമകന്‍ ലോറന്‍സിനെ പിന്‍ഗാമിയാക്കാനായിരുന്നു സ്‌കോട്ടിന്റെ ആലോചനയെങ്കിലും അദ്ദേഹം ടി.ബി. പിടിപെട്ട് മരണമടഞ്ഞതോടെ ഇളയമകന്‍ എഡ്വേഡിനെ ചുമതലയേല്‍പിച്ചു. ഔദ്യോഗികമായി വിരമിച്ചുവെങ്കിലും 1932 ജനുവരി ഒന്നിനു മരണമടയും വരെ പത്രത്തിന്റെ എഡിറ്റോറിയല്‍ നയത്തില്‍ സ്‌കോട്ട് എപ്പോഴും മേല്‍ നോട്ടം വഹിച്ചിരുന്നു.സി.പി. സ്‌കോട്ടിന്റെ നേതൃത്വത്തിലായിരുന്നു ഗാര്‍ഡിയന്‍ ബ്രിട്ടനിലും രാജ്യാന്തര തലത്തിലും പ്രശസ്തിയും ബഹുമതിയും നേടിയെടുത്തത്. 'സുഹൃത്തുക്കളുടെ ശബ്ദത്തില്‍ നിന്ന് ഒട്ടും കുറയാതെ എതിരാളികളുടെ ശബ്ദത്തിനും കേള്‍ക്കപ്പെടാന്‍ അവകാശമുണ്ട്' എന്നത് നയമായി കണ്ടിരുന്ന സ്‌കോട്ടിന് മാഞ്ചസ്റ്ററിന്റെയും ഇംഗ്ലണ്ടിന്റെയും പത്രലോകത്തിന്റെയും ചരിത്രത്തില്‍ അമൂല്യമായ സ്ഥാനമാണുള്ളത്.മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ പത്രപ്രവര്‍ത്തകനായിരുന്ന കിംഗ്സ്ലി മാര്‍ട്ടിന്‍ സ്‌കോട്ടിനെ കുറിച്ച് എഴുതിയത് ഇങ്ങനെ: 'ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സി.പി. സ്‌കോട്ടിന്റേത്. എണ്‍പതിലെത്തിയപ്പോഴേക്കും വല്ലാതെ കൂനു പിടിക്കുകയും ഒരു കണ്ണിന്റെ കാഴ്ച പോവുകയും ചെയ്തിരുന്നെങ്കിലും എനിക്ക് അറിയാമായിരുന്നതില്‍ ഏറ്റവും തീക്ഷ്ണമായ പ്രതികരണ ശൈലി ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. ട്രാം പാതകള്‍ക്കിടയിലൂടെ അക്കാലത്തും അദ്ദേഹം സൈക്കിള്‍ ചവിട്ടിയിരുന്നു. മഴയോ റോഡിലെ തിരക്കോ ഒന്നും അദ്ദേഹം അറിഞ്ഞതേയില്ലെന്നു തോന്നും. മാഞ്ചസ്റ്ററിലെ ഒരാള്‍ പോലും തന്നെ ഉപദ്രവിക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.'സി.പി. സ്‌കോട്ട് മരിച്ച് നാലുമാസം പിന്നിട്ടപ്പോഴേക്കും എഡ്വേഡ് ഒരു ബോട്ട് അപകടത്തില്‍ മരിച്ചു. അതോടെ അന്നു മാനേജരായിരുന്ന, സി.പി. സ്‌കോട്ടിന്റെ മറ്റൊരു മകന്‍ ജോണ്‍ റസല്‍ സ്‌കോട്ടിന്റെ പക്കലായി പത്രത്തിന്റെ ചുമതല. തങ്ങളിലൊരാള്‍ മരിച്ചാല്‍ മറ്റേയാള്‍ മൊത്തം ഓഹരിയും വാങ്ങി പത്രം കുടുംബത്തിന്റെ പക്കല്‍ തന്നെയിരിക്കുമെന്ന് ഉറപ്പിക്കുമെന്ന് ഇരുവരും മുന്‍പേ തീരുമാനിച്ചിരുന്നതാണ്. അക്കാലത്തെ ഇംഗ്ലണ്ടിലെ ഡെത്ത് ഡ്യൂട്ടി നിയമപ്രകാരം മരിക്കുന്നയാളിന്റെ സ്വത്തിന്റെ ഒരു പങ്ക് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തില്‍ വരുമായിരുന്നു. തന്റെ മരണ ശേഷം ഇങ്ങനെ സംഭവിച്ചാല്‍ ഗാര്‍ഡിയന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാകുമെന്ന് മനസിലാക്കിയ സി.പി. സ്‌കോട്ട് തന്റെയും രണ്ടു മക്കളുടെയും പേരിലാക്കി ഓഹരി. ഇങ്ങനെ വരുമ്പോള്‍ സ്‌കോട്ടിന്റെ പക്കല്‍ ഓഹരി കുറവാകുമായിരുന്നതിനാല്‍ ഡെത്ത് ഡ്യൂട്ടി നിയമം ബാധകമാകുമായിരുന്നില്ല. എന്നാല്‍ സ്‌കോട്ട് മരണമടയുകയും രണ്ട് ഓഹരി ഉടമകള്‍ മാത്രമാവുകയും ചെയ്തപ്പോളാണ് എഡ്വേഡ് മരണമടയുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഡെത്ത് ഡ്യൂട്ടി നിയമത്തെ മറികടക്കാനായായിരുന്നു രണ്ടാമന്‍ ബാക്കി ഓഹരികള്‍ വാങ്ങാമെന്ന് അവര്‍ ധാരണയുണ്ടാക്കിയിരുന്നത്.സി.പി. സ്‌കോട്ട് വളരെ കുറഞ്ഞ ശമ്പളമല്ലാതെ മറ്റൊന്നും പത്രത്തില്‍ നിന്നു സ്വീകരിച്ചിരുന്നില്ല. മക്കളും അതേ പാത പിന്തുടര്‍ന്നു. പത്ര മുതലാളിമാര്‍ എന്നു വിളിക്കാനും മാത്രം ധനികരായിരുന്നില്ല അവര്‍. ധനികരുടേതിനു സമാനമായ ജീവിതമായിരുന്നില്ല അവര്‍ നടത്തിയിരുന്നത്.ഏക ഓഹരി ഉടമയായ താന്‍ കൂടി മരിച്ചാല്‍ ഡെത്ത് ഡ്യൂട്ടി നിയമം പൂര്‍ണമായും ബാധകമാകുമെന്നതിനാല്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കി പത്രത്തെ അതിനു കീഴിലാക്കാന്‍ ജോണ്‍ സ്‌കോട്ട്  തീരുമാനിച്ചു. മാത്രവുമല്ല, സി.പി. സ്‌കോട്ടിനു പത്രം കൈമാറിയ ജോണ്‍ എഡ്വേഡ് ടെയ്‌ലറിന്റെ വില്‍പത്രത്തില്‍ പറയുന്നത് 'സ്ഥാപകര്‍ നിശ്ചയിച്ച അതേ വഴിയേ ഭാവിയിലും പത്രം മുന്നോട്ടു പോകണ'മെന്നായിരുന്നു. പിതാവ് ടെയ്‌ലര്‍ക്കു നല്‍കിയ വാക്ക് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് ഉറപ്പുള്ളതിനാല്‍ അതിനുള്ള ഏകമാര്‍ഗം ട്രസ്റ്റ് രൂപീകരണമാണെന്ന് ജോണ്‍ സ്‌കോട്ട് കരുതി. പൊതു താല്‍പര്യത്തിനു വേണ്ടിയുള്ള ത്യാഗത്തിന്റെ മഹനീയ മാതൃകയാണ് പിന്നീട് കണ്ടത്. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള പത്തു ലക്ഷം പൗണ്ടിന്റെ ഓഹരി അപ്പാടെ സ്‌കോട്ട് ട്രസ്റ്റിനു കൈമാറാന്‍ ജോണ്‍ തീരുമാനിച്ചു. അങ്ങനെ സ്‌കോട്ട് ട്രസ്റ്റ് മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്റെ ഉടമകളായി മാറി. ഇന്നും പത്രത്തെ നയിക്കുന്നത് സ്‌കോട്ട് ട്രസ്റ്റ് ആണ്.1936ല്‍ പത്രം സ്‌കോട്ട് ട്രസ്റ്റിന്റെ നിയന്ത്രണത്തിലായി. പത്രത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല ട്രസ്റ്റിനാണ്. സ്ഥാപകര്‍ മുന്നോട്ടുവച്ച പുരോഗമനപരമായ ആശയങ്ങള്‍ മുറുകെ പിടിക്കുന്നതിനൊപ്പം ലാഭം മുഴുവന്‍ പത്രത്തിന്റെ ഫണ്ടില്‍ സൂക്ഷിച്ച് വികസനവും ഭദ്രതയും ഉറപ്പുവരുത്തുക എന്നതാണ് ട്രസ്റ്റിമാരുടെ ദൗത്യം. ഇന്നും പുതിയ പത്രാധിപര്‍ വരുമ്പോള്‍ ട്രസ്റ്റ് നല്‍കുന്ന ഏക നിര്‍ദേശവും ഇതുമാത്രമാണ്.

1984 വരെ സ്‌കോട്ട് കുടുംബം തന്നെയായിരുന്നു ട്രസ്റ്റിന്റെ നിയന്ത്രണം വഹിച്ചിരുന്നത്. 70-ാം വയസില്‍ വിരമിച്ച റിച്ചാര്‍ഡ് എഫ്. സ്‌കോട്ട് ആയിരുന്നു കുടുംബത്തില്‍  നിന്നുള്ള അവസാന ചെയര്‍മാന്‍.അസാധാരണമായ ഈ ത്യാഗത്തെക്കുറിച്ച് ട്രസ്റ്റിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ലിസ് ഫോര്‍ഗന്‍ പറയുന്നു: 'ഈ ട്രസ്റ്റ് അതിന്റെ നിലനില്‍പിന് സ്‌കോട്ട് കുടുംബത്തിന്റെ അസാധാരണമായ പരോപകാരചിന്തയ്ക്ക് നന്ദി പറയുന്നു. സമീപകാല ചരിത്രത്തില്‍ ഏതെങ്കിലും കുടുംബം നടത്തിയിട്ടുള്ള മഹാമനസ്‌കതയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണിത്.'

1944ല്‍ എ.പി. വാഡ്‌സ്വര്‍ത്ത് പത്രാധിപസ്ഥാനം ഏറ്റെടുത്തപ്പോഴേക്കും ബ്രിട്ടനില്‍ ആധുനിക പത്രപ്രവര്‍ത്തന ശൈലി രൂപപ്പെട്ടു വരികയായിരുന്നു. പക്ഷേ, മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ അപ്പോഴും പഴയ യുഗത്തില്‍ തന്നെയായിരുന്നു. പേജുകള്‍ കുറവ്, അച്ചടി തീരെ മോശം അങ്ങനെ പോയി പരാധീനതകള്‍. എന്നാല്‍, നയപരിപാടിയില്‍ നിന്ന് കടുകിടെ മാറിയതുമില്ല. വാഡ്‌സ്വര്‍ത്ത് ആണ് പത്രത്തിന്റെ മുന്‍പേജിലേക്ക് വാര്‍ത്തയെ എത്തിച്ചത്, 1952ല്‍. അതുവരെ പരസ്യങ്ങളായിരുന്നു ആദ്യപേജില്‍ സ്ഥാനം പിടിച്ചിരുന്നത്. 

1964ല്‍ പത്രം ലണ്ടനിലേക്ക് ആസ്ഥാനം മാറ്റി. ഈ സമയമായപ്പോഴേക്കും സാമ്പത്തിക പരാധീനത വളരെ വര്‍ധിച്ചിരുന്നു. ലാഭകരമായി നടന്നിരുന്ന മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് ആയിരുന്നു അവരുടെ ആവശ്യങ്ങള്‍ അല്‍പമെങ്കിലും നിര്‍വഹിച്ചിരുന്നത്. 1868ല്‍ മിച്ചല്‍ ഹെന്റി ആരംഭിച്ച മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് 1879 മുതല്‍ ഗാര്‍ഡിയന്റെ അതേ കെട്ടിടത്തില്‍ നിന്നാണ് പുറത്തിറങ്ങിക്കൊണ്ടിരുന്നത്. 1924ല്‍ ജോണ്‍ സ്‌കോട്ട് ഈ പത്രം വാങ്ങി ഗാര്‍ഡിയന്റെ സഹോദര സ്ഥാപനമാക്കുകയായിരുന്നു. നല്ല ലാഭത്തിലായിരുന്നു അന്നേ ഈ പത്രം പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചപ്പോള്‍ അറുപതുകളുടെ പകുതി ആയപ്പോഴേക്കും പത്രം ടൈംസുമായി ലയിപ്പിച്ചാലോ എന്ന ആലോചന പോലുമുണ്ടായി. ഇതിനായി ട്രസ്റ്റ് ചെയര്‍മാന്‍ ലോറന്‍സ് സ്‌കോട്ട് ടൈംസിന്റെ ഉടമസ്ഥരെ കാണുകയും ചെയ്തു. പക്ഷേ, എന്തുകൊണ്ടോ ആ ആലോചന ഫലപ്രാപ്തിയിലെത്തിയില്ല. അന്നത്തെ പത്രാധിപര്‍ അലസ്‌റ്റൈര്‍ ഹെതെരിംഗ്ടണിന്റെ നിലപാടും ലയനം നടക്കാതെ പോയതിന് ഒരു കാരണമായി. ഒരു കാരണവശാലും ഗാര്‍ഡിയന്റെ സ്വതന്ത്ര നിലപാടുകളെ ബലികഴിക്കരുതെന്നായിരുന്നു ഹെതെരിംഗ്ടണിന്റെ കടുംപിടുത്തം. സ്ഥാപക മൂല്യങ്ങളെ മുറുകെപ്പിടിച്ച് ഇന്നും നിലനില്‍ക്കാന്‍ ഗാര്‍ഡിയനെ സഹായിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ നിലപാടിനുള്ള പങ്ക് വളരെ വലുതാണ്. 1956 വരെ എഡിറ്ററായിരുന്ന വാഡ്‌സ്വര്‍ത്തിന്റെ പിന്‍ഗാമിയായിരുന്നു ഹെതെരിംഗ്ടണ്‍. മാഞ്ചസ്റ്ററിനു പുറത്തും ബഹുമാനിക്കപ്പെടുന്ന പത്രമായതോടെ ഹെതെരിംഗ്ടണിന്റെ കാലത്ത് 1959ലാണ് പത്രത്തിന്റെ പേരുമാറ്റാന്‍ തീരുമാനിച്ചത്. പേരില്‍ നിന്ന് മാഞ്ചസ്റ്റര്‍ എന്നതു മാറ്റി, 'ദ് ഗാര്‍ഡിയന്‍' മാത്രമായി. രണ്ടുവര്‍ഷത്തിനു ശേഷം ലണ്ടനില്‍ നിന്നു കൂടി അച്ചടി തുടങ്ങി. 1975 വരെ എഡിറ്ററായിരുന്ന ഹെതെരിംഗ്ടണിനു ശേഷം രണ്ട് എഡിറ്റര്‍മാരേ ഗാര്‍ഡിയന് ഉണ്ടായിട്ടുള്ളൂ. പീറ്റര്‍ പ്രെസ്റ്റണും(1975-1995) അലന്‍ റസ്ബ്രിഡ്ജറും. 1995 മുതല്‍ റസ്ബ്രിഡ്ജറാണ് എഡിറ്റര്‍.1976ല്‍ ലണ്ടനിലെ ഓഫീസ് നവീകരിക്കാനും പുതിയ പ്രസ് സ്ഥാപിക്കാനും നടത്തിയ നീക്കങ്ങളാണ്  ദേശീയ പത്രമെന്ന നിലയില്‍ ഗാര്‍ഡിയന്റെ സ്ഥാനം ഉറപ്പിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റ്, ഫ്രാന്‍സിലെ ലെ മോണ്ടെ എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തി ഗാര്‍ഡിയന്‍ വീക്കിലി ആകര്‍ഷകമാക്കിയതും പത്രത്തിന്റെ നില മെച്ചപ്പെടുത്താന്‍ സഹായിച്ചു. 70കളുടെ അവസാനവും 80കളുടെ തുടക്കത്തിലും ഇടതുപക്ഷത്തിന്റെ ഉറച്ച ശബ്ദം കേള്‍പ്പിക്കാന്‍ ഗാര്‍ഡിയനേ ഉണ്ടായിരുന്നുള്ളൂ. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിറവിക്കു കാരണമായത് ഗാര്‍ഡിയന്റെ ഒപീനിയന്‍ പേജിലെ ലേഖനങ്ങളാണെന്നു പറയാം. പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഗാര്‍ഡിയന്റെ നാലു മുഖപ്രസംഗമെഴുത്തുകാര്‍ പാര്‍ട്ടി നേതാക്കളായി. ലേബര്‍ പാര്‍ട്ടിയുടെ പില്‍കാലത്തെ പല തീരുമാനങ്ങള്‍ക്കും വഴിതെളിച്ചത് ഗാര്‍ഡിയനിലെ കത്തുകളും ലേഖനങ്ങളുമായിരുന്നു. ടോണി ബ്ലെയര്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്താനും പിന്നീട് പ്രധാനമന്ത്രിയാകാനും ഗാര്‍ഡിയന്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. വ്യാവസായിക തര്‍ക്കങ്ങളുടെ കവറേജും 1984-85 കാലഘട്ടത്തിലെ ഖനിത്തൊഴിലാളികളുടെ സമരത്തിന്റെ റിപ്പോര്‍ട്ടിംഗും പത്രത്തിന്റെ നിലയും നിലപാടും ഉറപ്പിക്കാന്‍ വഴിതെളിച്ചു.ഇടതു പക്ഷത്തിന്റെ സ്വരം എന്ന ഗാര്‍ഡിയന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തി 1986ല്‍ 'ദ് ഇന്‍ഡിപെന്‍ഡന്റ്' പ്രസിദ്ധീകരണം തുടങ്ങി. വലതുപക്ഷത്തിന്റെ വക്താക്കളായി ടൈംസും ടെലഗ്രാഫും നില്‍ക്കെ മറുപക്ഷത്തിന്റെ ആശ്രയമായിരുന്നു ഗാര്‍ഡിയന്‍. ആ സ്ഥാനത്തേക്കാണ് ഇന്‍ഡിപെന്‍ഡന്റ് കടന്നു വന്നത്. അക്കാലത്തെ പ്രമുഖരായ എഴുത്തുകാരെയൊക്കെ അവതരിപ്പിച്ച ഇന്‍ഡിപെന്‍ഡന്റ് വളരെ പെട്ടെന്നാണ് ശ്രദ്ധേയമായത്. മാത്രവുമല്ല, ആധുനിക ഡിസൈനും മികച്ച വിതരണ സംവിധാനവും പത്രത്തെ ആകര്‍ഷകമാക്കി. ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈംസിന്റെയും ഗാര്‍ഡിയന്റെയും സര്‍ക്കുലേഷന്റെ ഒപ്പം ഇന്‍ഡിപെന്‍ഡന്റ് വളര്‍ന്നു. കാലത്തിനൊത്ത് രൂപകല്‍പന നടത്തി ഈ പ്രതിസന്ധിയെ മറികടക്കാനായിരുന്നു ഗാര്‍ഡിയന്റെ തീരുമാനം. 1988ല്‍ ഗാര്‍ഡിയന്‍ പുതിയ ഡിസൈന്‍ സ്വീകരിച്ചു മുഖംമിനുക്കി രംഗപ്രവേശം നടത്തി. ഇത് ജനങ്ങളെ ആകര്‍ഷിച്ചു വരവെയാണ് 1993ല്‍ ടൈംസിന്റെ നേതൃത്വത്തില്‍ വിലകുറച്ചു കൊണ്ടുള്ള യുദ്ധം തുടങ്ങുന്നത്. ടൈംസിന്റെ വില 45 പെന്‍സില്‍ നിന്ന് 30 പെന്‍സ് ആയും പിന്നീട് 20 പെന്‍സ് ആയും കുറച്ചു. ടൈംസിന്റെ ഈ നീക്കം ഫലം കണ്ടതോടെ ടെലഗ്രാഫിനും ഇന്‍ഡിപെന്‍ഡന്റിനും വില കുറയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഈ സമയമത്രയും വില കുറയ്ക്കാതെ മികച്ച വാര്‍ത്തകള്‍ കണ്ടെത്തിയായിരുന്നു ഗാര്‍ഡിയന്റെ നിലനില്‍പ്. ഈ സമയത്ത് ഗാര്‍ഡിയന്റെ സര്‍ക്കുലേഷന്‍ വര്‍ധിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയം. 2005ല്‍ ടൈംസും ഇന്‍ഡിപെന്‍ഡന്റും ടാബ്ലോയ്ഡ് രൂപത്തിലേക്കു മാറിയപ്പോഴും ആ വഴി പിന്തുടരാന്‍ ഗാര്‍ഡിയന്‍ തയാറായില്ല. പകരം ബെര്‍ലിനര്‍ രൂപത്തിലേക്കു മാറുകയാണ് ഗാര്‍ഡിയന്‍ ചെയ്തത്. ബ്രോഡ്ഷീറ്റിനും ടാബ്ലോയ്ഡിനും ഇടയിലുള്ള രൂപമായിരുന്നു അത്. പ്രധാന പത്രം മാത്രമാണ് ബെര്‍ലിനര്‍ രൂപത്തിലാക്കിയത്. മറ്റു സെക്ഷനുകള്‍ ടാബ്ലോയ്ഡ് വലിപ്പത്തിലും അതിലും കുറഞ്ഞ വലിപ്പത്തിലും വരെ മാറി. മാത്രവുമല്ല, ബ്രിട്ടനില്‍ ആദ്യമായി മുഴുവന്‍ പേജും കളര്‍ അച്ചടിയുള്ള പത്രമെന്ന പെരുമയും ഗാര്‍ഡിയന്‍ ഈ മാറ്റത്തിലൂടെ സ്വന്തമാക്കി. ആ വര്‍ഷം ബ്രിട്ടനിലെ ന്യൂസ്‌പേപ്പര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് ഗാര്‍ഡിയനായിരുന്നു. ഗാര്‍ഡിയന്റെ ഞായറാഴ്ചപ്പതിപ്പായ ദ് ഒബ്‌സര്‍വര്‍ ബെര്‍ലിനെര്‍ രൂപത്തിലേക്ക് മാറി അടുത്തവര്‍ഷം ഇതേ അവാര്‍ഡ് നേടി. 2006ല്‍ അമേരിക്കയില്‍ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ ലോകത്തിലെ ഏറ്റവും മികച്ച രൂപകല്‍പനയുള്ള പത്രമായി ഗാര്‍ഡിയനെ തെരഞ്ഞെടുത്തു. 44 രാജ്യങ്ങളില്‍ നിന്നായി 389 പത്രങ്ങളാണ് മല്‍സരത്തിനുണ്ടായിരുന്നത്.എല്ലാക്കാലത്തും ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളാല്‍ സമൃദ്ധമായിരുന്നു ഗാര്‍ഡിയന്‍. മറ്റു പത്രങ്ങള്‍ ആ മികവ് നേടാനായി എന്നും അവരോട് മല്‍സരിച്ചു കൊണ്ടിരുന്നു. 1997ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ രാജിവയ്ക്കാനിടയായ സംഭവങ്ങള്‍ക്ക് വഴിതെളിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ ഗാര്‍ഡിയന്‍ മുന്നിലുണ്ടായിരുന്നു. ജൊനാതന്‍ ഐറ്റ്കന്‍, നീല്‍ ഹാമില്‍ടണ്‍ എന്നിവരടക്കമുള്ള ടോറി എം.പിമാര്‍ക്ക് ആയുധ വ്യാപാരികളുമായി ബന്ധമുള്ള കോടീശ്വരന്‍ മുഹമ്മദ് അല്‍ ഫയേദുമായി അടുപ്പമുണ്ടെന്ന വാര്‍ത്തസംബന്ധിച്ച അന്വേഷണാത്മകറിപ്പോര്‍ട്ടുകളുടെ പരമ്പരതന്നെ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചു. എം.പിമാര്‍ പണം വാങ്ങി ഫയേദിനു വേണ്ടി പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചുവെന്ന ഗാര്‍ഡിയന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ബ്രിട്ടന്‍ വായിച്ചത്.  ജോനാതന്‍ ഐറ്റ്കന്‍ ഫയേദിന്റെ ചെലവില്‍ പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍ താമസിച്ചുവെന്നും ആസമയത്ത് സൗദി ആയുധ വ്യാപാരികള്‍ ഹോട്ടലിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്ത പത്രത്തിനെതിരേ നല്‍കിയ മാനനഷ്ടക്കേസ് തള്ളിപ്പോയത് ഗാര്‍ഡിയന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണു ചെയ്തത്. രണ്ടുവര്‍ഷത്തിനുശേഷം കോടതിയില്‍ കള്ള സത്യവാങ്മൂലം നല്‍കിയതിന് ഐറ്റ്കന് രണ്ടുവര്‍ഷം തടവു ശിക്ഷ വിധിക്കുകയും ചെയ്തു. എതിരാളികളില്‍ നിന്നടക്കം ഗാര്‍ഡിയന് അഭിനന്ദനം കിട്ടിയ സംഭവമായിരുന്നു അത്.1 997, 1998 വര്‍ഷങ്ങളില്‍ ന്യൂസ്‌പേപ്പര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡും ഗാര്‍ഡിയനെ തേടിയെത്തി.ബ്രിട്ടനിലാദ്യമായി റീഡേഴ്‌സ് എഡിറ്ററെ ഏര്‍പെടുത്തിയത് ഗാര്‍ഡിയനായിരുന്നു, 1997ല്‍. ദിവസവും തെറ്റുതിരുത്താനും വാര്‍ത്തകള്‍  സംബന്ധിച്ച വിശദീകരണം നല്‍കാനുമുള്ള കോളം കൈകാര്യം ചെയ്യുന്നതും റീഡേഴ്‌സ് എഡിറ്ററാണ്. പിന്നീട് ഇന്ത്യയില്‍ ദ് ഹിന്ദുവും ആദ്യമായി റീഡേഴ്‌സ് എഡിറ്ററെ നിയമിച്ചു.ഇതിനിടയില്‍ ഓണ്‍ലൈന്‍ രംഗത്തേക്കും ഗാര്‍ഡിയന്‍ ചുവടുമാറ്റം നടത്തിയിരുന്നു. 1995ല്‍ പത്രത്തിന്റെ ടെക്‌നോളജി സെക്ഷന്‍ ഓണ്‍ലൈനിലെത്തി. അടുത്ത മൂന്നു വര്‍ഷം കൊണ്ട് തൊഴിലവസരങ്ങള്‍, സ്‌പോര്‍ട്‌സ്, ന്യൂസ് എന്നീ സെക്ഷനുകളും ഓണ്‍ലൈനിലായി. ഗാര്‍ഡിയന്‍ പത്രമൊന്നടങ്കം ഓണ്‍ലൈനിലെത്തിയത് 1999ലായിരുന്നു. ഗാര്‍ഡിയന്‍ അണ്‍ലിമിറ്റഡ് എന്നായിരുന്നു വെബ്‌സൈറ്റിന്റെ പേര്. 2008ല്‍ guardian.co.uk എന്നും 2013ല്‍ theguardian.com എന്നും സൈറ്റിന്റെ അഡ്രസ് മാറ്റി. 2001ല്‍ തന്നെ ഗാര്‍ഡിയന്റെ വെബ്‌സൈറ്റ് ബ്രിട്ടനിലെ ഏറ്റവും ജനപ്രീതിയുള്ള സൈറ്റായി മാറിയിരുന്നു. ആ വര്‍ഷം മാര്‍ച്ചില്‍ 24 ലക്ഷം ഉപയോക്താക്കളായിരുന്നു സൈറ്റിനുണ്ടായിരുന്നത്. ഇന്ന് ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്‌സൈറ്റ് ഡെയ്‌ലി മെയിലിന്റേതാണെങ്കിലും ഗൗരവമുള്ള വാര്‍ത്തകള്‍ക്കായി വായനക്കാരെത്തുന്ന സൈറ്റുകള്‍ ഗാര്‍ഡിയന്റേതും ഒബ്‌സര്‍വറിന്റേതുമാണ്. ഇവരുടെ വാര്‍ത്താവിഭാഗത്തിലും 30 ലക്ഷം വാര്‍ത്തകള്‍ അടങ്ങുന്ന ആര്‍ക്കൈവ് വിഭാഗത്തിലും സൗജന്യമായി വാര്‍ത്ത വായിക്കാം. ദിവസവും പ്രധാന വാര്‍ത്തകള്‍ അടങ്ങുന്ന എ4 വലിപ്പത്തിലുള്ള പി.ഡി.എഫ്. പത്രം സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വാര്‍ത്താ വെബ്‌സൈറ്റുകളില്‍ ഒന്നാണ് ഗാര്‍ഡിയന്റേത്. അമേരിക്കയ്ക്കു വേണ്ടിയും ഓസ്‌ട്രേലിയയ്ക്കു വേണ്ടിയും രണ്ട് പ്രത്യേക വെബ്‌സൈറ്റുകളും ഗാര്‍ഡിയന് ഉണ്ട്.പത്രം മാഞ്ചസ്റ്ററില്‍ തിളങ്ങി നിന്ന സമയത്ത് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് (എം.ഇ.എന്‍) എന്ന പത്രത്തെ വാങ്ങിയത് മുന്‍പ് പറഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലായിരുന്നു അത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി പിന്നിട്ട ശേഷം ഗാര്‍ഡിയന്‍ മറ്റ് ധാരാളം സ്ഥാപനങ്ങളെ സ്വന്തമാക്കി വളര്‍ന്നു വലുതാകുകയായിരുന്നു. ഈവനിംഗ് ന്യൂസിനെ സ്വന്തമാക്കിയശേഷം കമ്പനി ഗാര്‍ഡിയന്‍ ആന്‍ഡ് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് (ജി.എം.ഇ.എന്‍) എന്നു പേരുമാറ്റിയിരുന്നു. 1993 വരെ ഈ പേരു തുടര്‍ന്നു. ആ വര്‍ഷം ഗാര്‍ഡിയന്‍ മീഡിയാ ഗ്രൂപ്പ് (ജി.എം.ജി) എന്നു പേരുമാറ്റി. ധാരാളം മാധ്യമ സ്ഥാപനങ്ങള്‍ ഇവരുടെ കുടക്കീഴിലായതോടെയായിരുന്നു ആ മാറ്റം.1961ല്‍ മാഞ്ചസ്റ്ററിലെ മറ്റൊരു സായാഹ്ന ദിനപത്രമായ ദ് ക്രോണിക്കിളിനെ ഗാര്‍ഡിയന്‍ സ്വന്തമാക്കി. ഇതൊരു തുടക്കം മാത്രമായിരുന്നു. റോഷ്‌ഡേല്‍ അഡ്വര്‍ടൈസര്‍ സീരീസിലെ പത്രങ്ങളെ 1974ല്‍ ഗാര്‍ഡിയന്‍ വാങ്ങി. 1977ല്‍ സ്‌റ്റോക്ക്‌പോര്‍ട്ട് അഡ്വര്‍ടൈസര്‍ സീരീസും വാങ്ങി. 1979ല്‍ സറേ അഡ്വര്‍ടൈസറിന്റെ ഭൂരിപക്ഷം ഓഹരികളും കമ്പനി വാങ്ങി. 1990ല്‍ ആക്രിംഗ്ടണ്‍ ഒബ്‌സര്‍വര്‍ ഗാര്‍ഡിയന്റെ നിയന്ത്രണത്തിലായി. റീഡിംഗ് ഈവനിംഗ് പോസ്റ്റിന്റെ പക്കലായിരുന്ന തേംസ് വാലി ന്യൂസ്‌പേപ്പര്‍ കമ്പനിയും ഗാര്‍ഡിയന്‍ സ്വന്തമാക്കി. 

മറ്റു മാധ്യമങ്ങളിലേക്കും ഇതിനിടെ ഗാര്‍ഡിയന്‍ താല്‍പര്യം കാണിച്ചിരുന്നു. അറുപതുകളുടെ പകുതിയില്‍ തന്നെ ആംഗ്ലിയ ടെലിവിഷന്റെ ഓഹരികള്‍ ഗാര്‍ഡിയന്‍ ഗ്രൂപ്പ് വാങ്ങി. 1973ല്‍ ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഇന്‍ഡിപെന്‍ഡന്റ് റേഡിയോയുടെ 10 ശതമാനം ഓഹരികള്‍ വാങ്ങിക്കൊണ്ട് റേഡിയോ രംഗത്തേക്കും കമ്പനി കടന്നു. രണ്ടു ടെലിവിഷന്‍ കമ്പനികളില്‍ കൂടി ഗ്രൂപ്പ് ഓഹരി വാങ്ങിയെങ്കിലും അതു പിന്നീട് വിറ്റൊഴിഞ്ഞു. എന്നാല്‍, റേഡിയോ രംഗത്ത് ഗാര്‍ഡിയന്‍ കമ്പനി താല്പര്യം തുടര്‍ന്നു. വെയില്‍സില്‍ 2000ല്‍ റിയല്‍ റേഡിയോ തുടങ്ങിയതോടെ ഗാര്‍ഡിയന്‍ ഗ്രൂപ്പ് വാണിജ്യ പ്രക്ഷേപണ രംഗത്തേക്കും കടന്നു. 2002ല്‍ റിയല്‍ റേഡിയോ സ്‌കോട്‌ലന്‍ഡിലും യോര്‍ക്ക്‌ഷേയറിലും ആരംഭിച്ചു. ജാസ് എഫ്.എം എന്ന കമ്പനി വാങ്ങി സ്മൂത്ത് എഫ്.എം എന്നപേരില്‍ പ്രക്ഷേപണം നടത്തിയത് 2005ലാണ്. 2006ല്‍ സെഞ്ചുറി എഫ്.എം, സാഗാ റേഡിയോ എന്നിവ കൂടി വാങ്ങിയതോടെ ബ്രിട്ടനിലെ മൂന്നാമത്തെ വലിയ റേഡിയോ ഗ്രൂപ്പായി മാറി ഗാര്‍ഡിയന്റേത്.1982ല്‍ നോര്‍ത്ത് വെസ്റ്റ് ഓട്ടോമാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികളും ഗാര്‍ഡിയന്‍ ഗ്രൂപ്പ് വാങ്ങി പുതിയ ഒരു മേഖലയിലേക്കു കൂടി ചുവടുവച്ചു, 1989 ആയപ്പോഴേക്കും ഒന്‍പത് ഓട്ടോ ട്രേഡര്‍ മാഗസിനുകള്‍ ഗാര്‍ഡിയന്റെ നിയന്ത്രണത്തിലായിരുന്നു. ഈ മാഗസിനുകളില്‍ ഓരോന്നും വന്‍ലാഭത്തിലായിരുന്നതിനാല്‍ അവ ചേര്‍ത്തുണ്ടാക്കിയതാണ് ട്രേഡര്‍ മീഡിയാ ഗ്രൂപ്പ്. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് വാങ്ങിയ ശേഷം ഗാര്‍ഡിയന്‍ ഏറ്റെടുത്ത ഏറ്റവും ലാഭകരമായ കമ്പനിയായിരുന്നു ട്രേഡര്‍ മീഡിയാ ഗ്രൂപ്പ്. ഇതിന്റെ കീഴില്‍ 1996ല്‍ ആരംഭിച്ച autotrader.co.uk എന്ന വെബ്‌സൈറ്റ് യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ക്ലാസിഫൈഡ് സൈറ്റാണ്. ഇതിനേക്കാളൊക്കെ വലിയ ഏറ്റെടുക്കല്‍ ഗാര്‍ഡിയന്‍ നടത്തിയത് 1993ല്‍ ഒബ്‌സര്‍വര്‍ ദിനപത്രത്തെ സ്വന്തമാക്കിയപ്പോഴാണ്. മറ്റൊരു ദേശീയ ദിനപത്രം ഗാര്‍ഡിയന്റെ ഒപ്പം ചേര്‍ന്ന ആദ്യ സംഭവമായിരുന്നു അത്. ലോകത്തെ ആദ്യ ഞായറാഴ്ചപ്പത്രമായ ഒബ്‌സര്‍വര്‍ ആണ് ഇപ്പോള്‍ ഗാര്‍ഡിയന്റെ ഞായറാഴ്ചപ്പതിപ്പായി പുറത്തിറങ്ങുന്നത്.പക്ഷേ, ഏറെ വര്‍ഷമായി ഗാര്‍ഡിയനും ഒബ്‌സര്‍വറും ലാഭമുണ്ടാക്കുന്നതേയില്ല. ട്രേഡര്‍ മീഡിയാ ഗ്രൂപ്പില്‍ നിന്നുള്ള ലാഭം കൊണ്ടായിരുന്നു ന്യൂസ്‌പേപ്പര്‍ ഡിവിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രവര്‍ത്തനച്ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ 2010 മാര്‍ച്ചില്‍ പ്രാദേശിക പത്രങ്ങളുടെ വിഭാഗം (ഗാര്‍ഡിയനും ഒബ്‌സര്‍വറും ദേശീയ പത്രങ്ങളുടെ വിഭാഗത്തിലാണ് ഗാര്‍ഡിയന്‍ ഗ്രൂപ്പ് ഉള്‍പെടുത്തിയിരിക്കുന്നത്.) എതിരാളികളായ ട്രിനിറ്റി മിറര്‍ ഗ്രൂപ്പിനു വിറ്റു. ഒരുകാലത്ത് കമ്പനിയെ സാമ്പത്തികമായി താങ്ങിനിര്‍ത്തിയിരുന്ന മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസും വിറ്റതില്‍ പെടുന്നു. ഗാര്‍ഡിയനെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളോടെ പിടിച്ചു നിര്‍ത്താന്‍ ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്നാണ് കമ്പനി വ്യക്തമാക്കിയത്.2011 ആയപ്പോഴേക്കും നഷ്ടം താങ്ങാനാകാതെ വരികയായിരുന്നു. പ്രചാരം കുറഞ്ഞുവരുന്നതായിരുന്നു കാരണം. 2012 ഡിസംബറില്‍ 2,04,222 കോപ്പിയായിരുന്നു സര്‍ക്കുലേഷന്‍. അതേവര്‍ഷം ജനുവരിയേക്കാള്‍ 11.25 % കുറവായിരുന്നു അത്. ഇക്കാലത്ത് ഒരു ദിവസം ശരാശാരി ഒരു ലക്ഷം പൗണ്ട് നഷ്ടത്തിലായിരുന്നു പത്രം പ്രവര്‍ത്തിച്ചിരുന്നത്. പ്രതിവര്‍ഷം 3.3 കോടി പൗണ്ട് നഷ്ടത്തിലുള്ള കമ്പനി എങ്ങനെ പിടിച്ചു നില്‍കുമെന്ന് എല്ലാവരും സംശയിച്ചു. വാര്‍ത്താ വിഭാഗം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി ഫീച്ചറുകളും വാര്‍ത്താവിശകലനങ്ങളും മാത്രം പ്രിന്റ് എഡിഷനില്‍ നല്‍കാനായിരുന്നു അക്കാലത്ത് ഗാര്‍ഡിയന്‍ തീരുമാനിച്ചത്.പ്രചാരം വീണ്ടും കുറഞ്ഞ് 2013 മാര്‍ച്ചില്‍ 1,93,586 ലേക്കു പതിച്ചെങ്കിലും ഗാര്‍ഡിയന്‍ ഒരിക്കല്‍ പോലും സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനായി പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നും വെള്ളം ചേര്‍ത്തില്ല. നയം വിട്ട് ഒരു നിലപാടിനും അവര്‍ തയാറല്ലായിരുന്നു. ഏറ്റവുമടുത്ത സമയത്തു പോലും ഗാര്‍ഡിയന്‍ പുറത്തുവിട്ട വാര്‍ത്തകള്‍ ഈ നയം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു. 2011ല്‍ ജൂലിയന്‍ അസാഞ്ചെ അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ രഹസ്യ രേഖകള്‍ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടപ്പോള്‍ ആ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ കണ്ടെത്തിയത് ഗാര്‍ഡിയനായിരുന്നു. അതേവര്‍ഷം തന്നെ ബ്രിട്ടനെ പിടിച്ചുലച്ച ഫോണ്‍ ചോര്‍ത്തല്‍ ലോകമറിഞ്ഞതും ഗാര്‍ഡിയനിലൂടെ തന്നെ. ലോകത്തെ ഏറ്റവും ശക്തനായ മാധ്യമ ഉടമസ്ഥന്‍ റുപര്‍ട്ട് മര്‍ഡോക്കിന് തന്റെ ന്യൂസ് ഓഫ് ദ് വേള്‍ഡ് പത്രം പൂട്ടേണ്ടിവന്നു ഈ വാര്‍ത്തയിലൂടെ. ലോകത്തെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായി നില്ക്കവെയാണ് ന്യൂസ് ഓഫ് ദ് വേള്‍ഡ് പൂട്ടിയത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാരപ്രവര്‍ത്തങ്ങളെക്കുറിച്ച് എഡ്വേഡ് സ്‌നോഡന്‍ ലോകത്തിനു വിവരം നല്‍കിയതും ഗാര്‍ഡിയനിലൂടെയാണ്.പ്രസിദ്ധീകരണത്തിന്റെ 200 വര്‍ഷങ്ങള്‍ തികയ്ക്കാന്‍ ഇനി ഏഴു വര്‍ഷം മാത്രം ശേഷിക്കുമ്പോഴും ഗാര്‍ഡിയന്‍ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്‍നിര വക്താക്കളായി തുടരുകയാണ്. പ്രചാരത്തില്‍ ഇടിവുണ്ടാകുന്നതോ നഷ്ടക്കണക്ക് പെരുകുന്നതോ അതില്‍ നിന്ന് അവരെ തടയുന്നില്ല. കമ്പോള ശക്തികള്‍ ആഗോളമായി മാധ്യമരംഗത്ത് പിടിമുറുക്കുമ്പോഴും ഗാര്‍ഡിയന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ കാവല്‍ മാലാഖയായി നിലനില്‍കുന്നു.

 

Share