Articles Articles Details

അഡൊളസെൻസ് ആഗോള ദൃശ്യമാധ്യമ മാതൃക

Author : മണമ്പൂർ സുരേഷ്, ലണ്ടൻ

calender 31-03-2025

അർദ്ധരാത്രിയും കഴിഞ്ഞ് മൊബൈൽ ഫോൺ, ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന പതിമൂന്നു വയസ്സുകാരൻ മുറിക്കു പുറത്ത് അന്വേഷി ക്കുന്ന അമ്മയുടെ ശ്രദ്ധമാറ്റാൻ തൽക്കാലത്തേക്ക് എല്ലാം അടച്ചുവയ്ക്കുന്നു. പിറ്റേദിവസം സായുധരായ പോലീസുകാർ അട്ടഹസിച്ചുകൊണ്ട് കതക് ഇടിച്ചുതുറന്ന് വീടിനുള്ളിലേക്ക് ഇരച്ചുകയറുകയാണ്. അച്ഛനെയും അമ്മയെയും സഹോദരിയേയും ചുവരിലും തറയിലും ഒക്കെ പിൻചെയ്തു വയ്ക്കുന്ന ചിത്രംപോലെ ചേർത്തുനിർത്തി ബാലനെ (ജെയ്‌മി) അറസ്റ്റ്‌ ചെയ്യുന്നു.

ഇവിടെ ജെയ്മ‌ി വെറും 13 വയസ്സുകാരനായി ചുരുങ്ങുകയും, പേടിച്ചരണ്ട് തൻ്റെ ട്രൗസറിലൂടെ മൂത്രമൊഴിച്ചു പോവുകയുമാണ്. 'ഈ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിന്നെ അറസ്റ്റ് ചെയ്യുകയാണ്. നീ ഒന്നും പറയണമെന്നില്ല. പക്ഷേ, പറഞ്ഞാൽ അത് കോടതിയിൽ ഉപയോഗിക്കുകയും ചെയ്തേക്കാം'- പോലീസ് അവരുടെ നിയമപരമായ കാര്യക്രമങ്ങളിലൂടെ കടന്നുപോകുന്നു. എന്തു സംഭവിച്ചു എന്നറിയാതെ സ്‌തബ്ധരായിപ്പോകുന്ന കുടുംബാംഗങ്ങൾ പേടിച്ചരണ്ട മൂകസാക്ഷികൾ മാത്രമായി മാറുന്നു. ക്ളാസിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയെ കൊല ചെയ്ത‌തിനാണ് അറസ്റ്റ്.

ലോകമെമ്പാടും ദിവസങ്ങൾക്കകം 12.4 കോടി ജനങ്ങൾ കണ്ട 'അഡൊളസെൻസ്' എന്ന ചിത്ര ത്തിന്റെ ആദ്യ സീനുകളാണ് പറഞ്ഞുതുടങ്ങിയത്. ഇത് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയല്ല ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ഇംഗ്ലണ്ടിലെയും വെയിൽസിലേയും കുറ്റകൃത്യങ്ങളിൽ ഇരുപതുശതമാനവും ചെയ്യുന്നത് 10 നും 17 നും ഇടയിലുള്ള കുട്ടികളാണെന്ന അറിവിൻ്റെ പരിസരങ്ങളിൽ നിന്നാണ്, അവിടെ നിന്നുമാണ് ഈ ടി വി പ്രോഗ്രാമിൻ്റെ തുടക്കം. ഒരു മണിക്കൂർ വീതമുള്ള നാലു ഭാഗമായി വന്ന് ആദ്യം ബ്രിട്ടനേയും ഇപ്പോൾ ലോകത്തെയും പിടിച്ചടക്കുകയാണ് 'അഡൊളസെൻസ്'.

സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള അച്ഛനമ്മമാരെ ശരിക്കും അലട്ടുന്ന ഒരു വിഷയമാണ് കുട്ടികളുടെ അമിതമായ മൊബൈൽ, ഇൻ്റർനെറ്റ് ഉപയോഗം. യുട്യൂബിൽ പോലും അക്കൗണ്ട് ഇല്ലാതെ ആർക്കും എന്തപകടം പിടിച്ച സൈറ്റിലും പോകാമെന്നിരിക്കേ നിയന്ത്രണങ്ങൾ പലതും ഫലവത്താകാതെ പോകുന്നു. അതേസമയം, നിയന്ത്രണങ്ങൾ മറികടക്കാൻ കുട്ടികൾ എളുപ്പത്തിൽ പുതിയ വഴികൾ തേടുകയും ചെയ്യുന്നു. അവർ അച്ഛനമ്മമാരെ പിൻതള്ളി തന്നിഷ്ടം പോലെ പോകുന്നു.

ഇത് ഇന്ത്യയുടെയോ ബ്രിട്ടൻ്റെയോ അമേരിക്കയുടെയോ മാത്രം പ്രശ്‌നമല്ല. ഇതൊരാഗോള പ്രശ്നമാണ്. ഇന്റ്റർനെറ്റ് നിയന്ത്രിക്കുന്ന കുത്തക കമ്പനികൾ ഇപ്പോഴുള്ള ചെറിയ നിയന്ത്രണങ്ങൾ കൂടി വകഞ്ഞുമാറ്റി ദേശങ്ങളുടെ അതിരുകളും മറികടന്നു പോകാൻ തയ്യാറെടുക്കുമ്പോൾ വിഷയം കൂടുതൽ സങ്കീർണതയുള്ളതായി, അപകടം നിറഞ്ഞതായി മാറുന്നു. പ്രത്യേകിച്ചും ഇൻ്റർനെറ്റും അനുബന്ധ മേഖലകളും തൻ്റെ കൈക്കുമ്പിളിൽ ഒതുക്കി നിൽക്കുന്ന ഇലോൺ മസ്‌കിനെപ്പോലുള്ളവർ ട്രംപുമായി കൈകോർത്ത് മുന്നേറുമ്പോൾ.

ഈ സാഹചര്യത്തിലാണ് കണ്ടവരെയെല്ലാം ഞെട്ടിപ്പിച്ചുകൊണ്ട് നാലുഭാഗം മാത്രമുള്ള ഒരു ടിവി സീരീസ് ലോകത്തിനു മുന്നിലേക്കുവരുന്നത്. ഒരു പതിമൂന്ന് വയസ്സുകാരൻ ഇൻറർനെറ്റിന് അടിമയായി പെൺകുട്ടികളുടെ അവഗണനയ്ക്ക് പകരം വീട്ടാൻ പുരുഷാധിപത്യത്തിന്റെ ഓൺലൈൻ സൂക്തങ്ങളുമായി ഇറങ്ങിപ്പു റപ്പെടുന്ന ദുരന്തകഥ ബ്രിട്ടനിൽ നിന്നും നെറ്റ്ഫ്ളിക്സ് വഴിയാണ് ലോകത്തിനു മുന്നിലേക്ക് എത്തുന്നത്. കൂടെ പഠിക്കുന്ന പെൺകുട്ടിയെ വൈകുന്നേരം പിൻതുടർന്ന് ജെയ്‌മി കൊല ചെയ്യുകയാണ്.

സാധാരണ ഇത്തരം കഥകൾ കൊല്ലപ്പെട്ടയാളുടെ പക്ഷത്തുനിന്നുമാണ് പറഞ്ഞുതുടങ്ങുന്നത്. 'അഡൊളസെൻസിൽ കൊലയാളിയുടെ പശ്ചാത്തലത്തിൽ നിന്നും അതാരംഭിക്കുന്നു. പക്ഷേ, അവൻ തൻ്റെ കഥപറയുകയല്ല, എങ്ങനെ നടന്നു എന്നതിനേക്കാൾ എന്തുകൊണ്ടു നടന്നു എന്ന് പരിശോധിക്കുകയാണ്. അത് കഥയുടെ പ്രശ്‌നമോ ചോദ്യമോ അല്ല. ഈ കാലഘട്ടത്തിന്റെ ചോദ്യമായി നിലനിൽക്കുന്നു.

വളരെ ശ്രദ്ധേയമായ രീതിയിലാണ് ഇതിന്റെ ചിത്രീകരണം. ഒരുദിവസത്തെ എപ്പിസോഡ് ഒറ്റ ഷോട്ടായി ചിത്രീകരിച്ചിരിക്കയാണിവിടെ. അങ്ങനെ നാലുദിവസം, നാല് ഷോട്ട് മാത്രം. സീരിസ് പൂർണമാകുന്നു. അറസ്റ്റ് നടക്കുന്ന ഒന്നാം ദിവസം, മൂന്നാം ദിവസം, ഏഴാം മാസം, പതിമൂന്നാം മാസം എന്നീ സമയപരിധിയിൽ നാല്‌ ദിവസം, നാല് എപ്പിസോഡ്. തിരക്കഥയുടെ പിരിമുറുക്കം നിലനിർത്താനാണ് ഒരെപ്പിസോഡ് നിലയ്ക്കാത്ത, കട്ട് എന്ന പരിപാടിയേ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒറ്റ ഷോട്ടായി ചിത്രീക രിച്ചത്. ഇത് കാണികളിൽ ഒരുതരം അർജൻസി ഉളവാക്കാനും, സംഭവങ്ങൾ സ്വന്തം അനുഭവം ആക്കി മാറ്റുന്നതിനും സഹായിക്കുന്നു. ഇവിടെ ഈ ശൈലി പൂർണമായും വിജയച്ചിരിക്കയാണ്. ഒരെപ്പിസോഡ് കാണാനിരുന്നാൽ നാല് എപ്പിസോഡും കണ്ടുതീർന്നേ അവിടെനിന്നും എഴുന്നേൽക്കാൻ ആകൂ എന്ന അവസ്ഥ.

ഇവിടെ വരുന്ന പ്രധാന പ്രശ്‌നം ഏതെങ്കിലും നടൻ അല്ലെങ്കിൽ നടി തൻ്റെ ഭാഗം തെറ്റിച്ചാൽ ആ എപ്പിസോഡ് മൊത്തം ആദ്യം മുതൽ ഷൂട്ട് ചെയ്യേണ്ടിവരും എന്നതാണ്. നെറ്റ്ഫ്ളിക്‌സ് അങ്ങനെ തയാറായിരുന്നത് ഓരോ എപ്പിസോഡും 10 പ്രാവശ്യം വീതം എടുക്കാം എന്നായിരുന്നു. പക്ഷേ, എല്ലാ എപ്പിസോഡും അതുകഴിഞ്ഞു പോയി. ഒന്നാം എപ്പിസോഡ് 10 പ്രാവശ്യം എടുത്തു, അതിൽ രണ്ടാമത്തേത് ഉപയോഗിച്ചു. രണ്ടാമത്തെ എപ്പിസോഡ് 13 പ്രാവശ്യം എടുത്തു. മൂന്നാമത്തേത് 11 ഉം, നാലാമത്തേത് 16 ഉം പ്രാവശ്യം വീതം എടുത്തു.

ഈ പ്രോഗ്രാമിലെ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ പോലും സ്‌കൂൾ കുട്ടികൾ ഉപയോഗിക്കുന്ന ഓൺലൈൻ ഇമോജി മനസ്സിലാക്കുന്നത് തന്റെ മകനിൽ നിന്നാണ്. സ്നേഹത്തിൻ്റെ ഇമോജിയുടെ അർഥം നിറമനുസരിച്ചു മാറുമെന്നും സ്നേഹമെന്നതിനു പകരം നിറമനുസരിച്ചു പരിഹാസം ആയി മാറാമെന്നും അറിയുന്നു. അതുപോലെ manosphere, Incel, നോൺസ് തുടങ്ങിയ പദസഞ്ചയം ഞങ്ങളിലേക്ക് വരുന്നു. ഇതൊക്കെ പ്രൊമോട്ട് ചെയ്യുന്ന ആൻഡ്രൂ റ്റെയ്റ്റിനെപ്പോലുള്ള, നിയമത്തിൻ്റെ അതിർവരമ്പുകളിൽ വിഹരിക്കുന്ന ഇൻഫ്ളുവൻസർമാർ. ഇതിനും എത്രയോ അപ്പുറത്താണ് 'ഡാർക്ക് ഇന്റർനെറ്റ്' എന്ന പ്രതിഭാസം.

ബ്രിട്ടനിൽ സ്ക്കൂൾ കുട്ടികൾക്കിടയിലെ മൊബൈൽ ഉപയോഗവും ഇൻർനെറ്റും ചർച്ചചെയ്യേണ്ട സീരിയസ് പ്രശ്‌നമാണെന്നും, അത് പരിഹരി ക്കേണ്ട പ്രശ്നമാണെന്നും ഈ ചിത്രം ബ്രിട്ടനിലെ എല്ലാ സെക്കന്ററി സ്കൂ‌ളുകളിലും പ്രദർശിപ്പിക്കുന്നതാണെന്നും പറയുകയും ചെയ്‌തു. ബ്രിട്ടീഷ് പാർലമെൻ്റിലും ഇത് ചർച്ചയായി.

ഇന്ത്യ മുതൽ ആസ്ട്രേല്യവരെയും വടക്കേ അമേരിക്ക വരെയും ഈ ചിത്രത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടന്നു. പല രാജ്യങ്ങളും സ്‌കൂളിൽ മൊബൈൽ ഫോൺ നിരോധിക്കുകയോ ഇളം പ്രായത്തിലുള്ളവർക്ക് ഇൻ്റർനെറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് ചർച്ചചെയ്യുകയുമാണ്.

അസാമാന്യമായ അഭിനയമാണ് 13 വയസ്സു കാരനായ ജെയ്‌മിയായി അഭിനയിച്ച ഓവൻ കൂപ്പറുടേത്. 500 പേരെ ഇൻ്റർവ്യൂ ചെയ്‌ത ശേഷം കാസ്റ്റിംഗ് ഡയറക്ടർ ഷഹീൻ ബെയ്ഗ് ഇതിനുമുൻപ് അഭിനയിച്ചിട്ടില്ലാത്ത ഓവൻ കുപ്പറെ കണ്ടെത്തുകയായിരുന്നു. അച്ഛനായി സ്റ്റീഫൻ ഗ്രഹാമും, സൈക്കോളജിസ്റ്റായി എറിൻ ഡോഹാര്ട്ടിയും, ഡിറ്റക്ടീവ് ഇൻസ്പെക്ടറായി ആഷ്‌ലി വാൾട്ടേസും ഡിറ്റക്ടീവ് സർജനായി ഫെയ് മാർസെയും ജെയ്‌മിയുടെ അമ്മയായി ക്രിസ്റ്റിൻ ട്രെമാർക്കോയും അതിഗംഭീരമായി തന്നെ അഭിനയിച്ചു.

നിർമ്മാതാക്കൾ ഉദ്ദേശിച്ചതുപോലെ ഇതിന് വ്യാപകമായ ചർച്ച സംഘടിപ്പിക്കാനായി. ഗാർഡിയൻ പത്രം നിരവധി ലേഖനങ്ങൾ എഴുതി. അതുപോലെ മറ്റു പത്രങ്ങളും മാധ്യമങ്ങളും. 'സമ്പൂർണമായ, ലക്ഷണമൊത്ത ടീവിയോടടുക്കുന്നതാണ് 'അഡൊളസെൻസ്' എന്ന ഈ പരിപാടിയെന്ന് ഗാർഡിയൻ പത്രം എഴുതി.

ഇന്റർനെറ്റിന് നിയന്ത്രണങ്ങൾ വരുത്താൻ മാതാപിതാക്കൾക്ക് അത്ര എളുപ്പമല്ല. അത് ഫലവത്തായി ചെയ്യാൻ ഇതൊക്കെ നിയന്ത്രിക്കുന്ന കമ്പനികൾക്കാകും, ഗവണ്മെൻ്റുകൾക്കും. ജനങ്ങൾ ആവശ്യപ്പെട്ടാൽ അത് നടക്കും. നടക്കണം. കാരണം ഇത് ഭാവി തലമുറയുടെ പ്രശ്നമാണ്.

(ലണ്ടനിൽ മാധ്യമപ്രവർത്തകനാണ് മണമ്പൂർ സുരേഷ്)

Share