Articles Articles Details

ലോകം കണ്ടവര

Author : പാട്രിക് ചപ്പാറ്റെ

calender 25-05-2022

ലെബനീസ്-സ്വിസ് കാര്‍ട്ടൂണിസ്റ്റായ പാട്രിക് ചപ്പാറ്റെ ബ്രസീലില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വരച്ച കാര്‍ട്ടൂണാണിത്. 'ആദ്യം വിശപ്പകറ്റൂ, എന്നിട്ട് മതി ഫുട്‌ബോള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന സമരമാണ് ബ്രസീലില്‍ അരങ്ങേറുന്നത്. കോണ്‍ഫെഡറേഷന്‍ കപ്പ് നടക്കുകയും ലോകകപ്പ് ഫുട്‌ബോളിനും ഒളിമ്പിക്‌സിനും ഒരുങ്ങുകയും ചെയ്യുന്ന രാജ്യത്ത് ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിച്ചിട്ടുമതി കായികധൂര്‍ത്ത് എന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രക്ഷോഭം കണ്ട് വിശ്വസിക്കാനാവാത്ത ബ്രസീല്‍ പ്രസിഡന്റ് ദില്‍മ 'ഇതെന്താ വല്ല മൂന്നാംലോകരാജ്യവുമാണോ' എന്ന് അത്ഭുതം കൂറുകയാണ് കാര്‍ട്ടൂണില്‍. യൂറോപ്പുപോലെ ഈ നാടും മോശമായിരിക്കുന്നു എന്ന് അടുത്തുള്ള മറ്റൊരു നേതാവിന്റെ പ്രതികരണം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്ര അകലെയാണ് ബ്രസീല്‍ ഭരണാധികാരികള്‍ എന്ന് ഈ കാര്‍ട്ടൂണ്‍ വ്യക്തമാക്കുന്നു. ലെബനീസുകാരിയായ അമ്മയ്ക്കും സ്വിസ്സുകാരനായ അച്ഛനും പാക്കിസ്ഥാനില്‍ വച്ച് ജനിച്ച് സിംഗപ്പൂരില്‍ വളര്‍ന്ന് ഏറെക്കാലം അമേരിക്കയില്‍ ജീവിച്ച പാട്രിക്കിന് അക്ഷരാര്‍ത്ഥത്തില്‍ ഒരു ലോകവ്യക്തിത്വമാണുള്ളത്. അതുകൊണ്ട് ലോകത്തെ വ്യത്യസ്തമായ ഒരു കണ്ണിലൂടെ കാണാനും കറുത്തതോ അസംബന്ധമോ ആയ ഫലിതങ്ങളെ പുറത്തെടുക്കാനും പാട്രിക്കിനു കഴിയുന്നു. ഇപ്പോള്‍ ജനീവയില്‍ താമസിക്കുന്ന പാട്രിക് ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രിബ്യൂണ്‍, സ്വിസ് പത്രമായ ലെ ടെംപ്‌സ്, ജര്‍മ്മന്‍ പത്രമായ എന്‍ഇസഡ്ഇസഡ് ആം സൊന്‍ടാഗ് എന്നീ പത്രങ്ങള്‍ക്കു വേണ്ടിയാണ് സ്ഥിരമായി വരയ്ക്കുന്നത്. ഇവയ്ക്കുപുറമെ ലോകത്തിലെ പ്രധാനപ്പെട്ട പല പത്രങ്ങളും പാട്രിക്കിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

 

Share