Articles Editorial Details

അടിയന്തരാവസ്ഥ ഓർമയും മാധ്യമസ്വാതന്ത്ര്യ ജാഗ്രതയും

Author : ആർ എസ് ബാബു (എഡിറ്റർ ഇൻ ചീഫ്)

calender 18-08-2025

പൗരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും വിപദ് ഗർത്തത്തിലായ ഇന്ത്യൻ കാലമായിരുന്നു അടിയന്തരാവസ്ഥ. ജനാധിപത്യത്തിലെ ഇരുണ്ട ഏട്. അധികാരപ്രമത്തതയ്ക്ക് ഇട്ട അസംബന്ധ നാമമായ അടിയന്തരാവസ്ഥ നിലവിൽ വന്നത് 1975 ജൂൺ 25ന്. അര നൂറ്റാണ്ട്. 19 മാസം നീണ്ട ആ കാലത്ത് ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾ റദ്ദ് ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായി, പ്രത്യേകിച്ച് മാധ്യമസ്വാതന്ത്ര്യം.

ആ ഇരുണ്ട കാലത്തെ അടയാളപ്പെടുത്തുകയും അതിൽ മാധ്യമങ്ങൾ ഉൾക്കൊളേളണ്ട പാഠങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യുന്നത് വർത്തമാനകാലത്തിന് ആവശ്യമാണ്. അന്നത്തെ പത്രങ്ങളെ വിലയിരുത്തി പിന്നീട് വാർത്താവിതരണ മന്ത്രിയായിരിക്കെ എൽ.കെ. അദ്വാനി വിശേഷിപ്പിച്ചത് മായാതെ കിടപ്പുണ്ട്. നടു വളയ്ക്കാൻ മാത്രം സ്വേച്ഛാധിപതികൾ ആവശ്യപ്പെട്ടപ്പോൾ ദണ്ഡനമസ്കാരം കൂടി ചെയ്ത് തിരുമുമ്പിൽ സേവിച്ച വൈതാളികരായി പത്രങ്ങളും പത്രാധിപന്മാരും മാറിയതിനെപ്പറ്റിയാണ് അദ്വാനി ചൂണ്ടിക്കാട്ടിയത്. അന്നത്തെ കാലത്തെ പത്രങ്ങളുടെ സ്വഭാവം എന്തെന്ന് പഴയലക്കങ്ങൾ തിരഞ്ഞാൽ മനസ്സിലാകും.

1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലെ തിളങ്ങുന്ന മുഖവും 1967ലെ ബിഹാർ ക്ഷാമത്തിനെതിരെയും അഴിമതി ഭരണത്തിനെതിരെയും ആളിപ്പടർന്ന തീയുമായിരുന്നു ജയപ്രകാശ് നാരായണൻ. പക്ഷേ, അട്ടിമറിക്കാരനും അരാജകവാദിയുമായി മത്സരിച്ച് പത്രങ്ങൾ ചിത്രീകരിച്ചു. സഞ്ജയ് ഗാന്ധി സ്തുതിയിൽ മതിമറന്ന് ആറാടി, അമ്മയുടെ ഇരുപതിന പരിപാടിക്ക് മാത്രമല്ല, മകന്റെ അഞ്ചിന പരിപാടിക്കും കൊട്ടിപ്പാട്ടുകാരായി. അന്ന് തമ്പുരാട്ടി എന്ന് വിളിച്ച് ഇരുപത് തിരി തെളിച്ചവരും തമ്പുരാട്ടിക്കുഞ്ഞേ എന്നു മൊഴിഞ്ഞ് അഞ്ച് തിരിയിട്ടവരും ഉണ്ട്. സഞ്ജയിന് ചെറുകാർ നിർമിക്കാൻ ലൈസൻസ് കൊടുത്ത മാരുതി, നിരത്തിലിറങ്ങിയില്ലെങ്കിലും സഞ്ജയ് കമ്പനിയെ വാഴ്ത്തി റോഡ് വിപ്ലവത്തെ ഉദ്ഘോഷിച്ചു. മാരുതിക്കെതിരെ പാർലമെന്റിൽ ആക്ഷേപം ഉന്നയിച്ച പാർലമെന്റേറിയൻ ജ്യോതിർമയി ബസുവിനെ ബംഗാളിലെ വെളിച്ചം കയറാത്ത ഇടുങ്ങിയ ജയിൽമുറിയിലടച്ചു. ഇതേ വേളയിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സഞ്ജയ് വരുന്നില്ലേന്ന് ചോദിച്ച് മുഖപ്രസംഗം എഴുതിയവരുണ്ട്. അയാളുടെ അഭിമുഖം എക്സ്ക്ലൂസീവായി പ്രസിദ്ധീകരിച്ച മലയാള പത്രങ്ങളുമുണ്ട്. ഇളംചുമലിൽ സഞ്ജയ് വലിയ ഭാരമാണ് പേറുന്നതെന്നും സ്തുത്യർഹവും ദുർഘടവുമായ പാതയാണ് മുന്നിലുളളതെന്നും ആ പാതയിൽ പഴത്തൊലികൾ വിതറരുതെന്നും ഉപദേശിച്ച പത്രങ്ങളും പത്രാധിപന്മാരുമുണ്ട്. എന്തിന് പറയണം സാധാരണക്കാരന്റെ നന്മയ്ക്കാണ് നമ്മുടെ ചേരികൾ വൃത്തിയാക്കുന്നതെന്നും നിർബന്ധിത കുടുംബാസൂത്രണം ചെയ്യിപ്പിക്കുന്നതെന്നും ഇതൊന്നും ബുൾഡോസർ രാജല്ലെന്നും വരെ എഴുതിയവരുണ്ട്.

അന്നത്തെ ഇലസ്ട്രേറ്റഡ് വീക്കിലിയുടെ ഉളളടക്കം കണ്ട് അതിന് മാധ്യമസർക്കിളിൽ ഇട്ടിരുന്ന പേര് ഇലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ദിര ആൻഡ് സഞ്ജയ് എന്നായിരുന്നു. 'എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറ് ഏതിനോട് 'എന്ന് ചോദിച്ച് ഇരുട്ടിന്റെ ശക്തികൾ നേരിട്ടപ്പോൾ എഴുത്തിനോട് തന്നെ കൂറെന്ന് പ്രഖ്യാപിച്ച അനേകം ആദർശശാലികൾ മാധ്യമ ലോകത്ത് ഉണ്ടായിരുന്നു. അത് അഭിമാനകരമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സെൻസർഷിപ്പ് നടപ്പാക്കിയപ്പോൾ ഒരു പട്ടി പോലും കുരച്ചില്ല എന്ന് ഇന്ദിരഗാന്ധി ചുറ്റും കൂടിയവരോട് പറഞ്ഞു. എന്നാൽ ജൂൺ 28ന് രാവിലെ 10 മണിക്ക് ഡൽഹി പ്രസ് ക്ലബ്ബിൽ കുൽദീപ് നയ്യാർ പത്രസുഹൃത്തുക്കളെ വിളിച്ചുകൂട്ടി. 107 പേർ പങ്കെടുത്തു. സെൻസർഷിപ്പിനെ അപലപിച്ചുകൊണ്ട് അതിൽ 27 പേർ ഒപ്പുവച്ചു. ജൂലായ് 24ന് കുൽദീപ് നയ്യാരെ ജയിലിലടച്ചു. നൂറുകണക്കിന് പത്രപ്രവർത്തകർ അറസ്റ്റിലായി. സത്യം വിളിച്ചുപറഞ്ഞ പത്രങ്ങളെയും മാധ്യമപ്രവർത്തകരെയും വേട്ടയാടിയ ഒരു കാലം കൂടിയായിരുന്നു അത്. കേരളത്തിലും ഇതിന്റെ അലയൊലികൾ ശക്തമായിരുന്നു. അടിയന്തരാവസ്ഥയുടെ ക്രൂരതകളെ വിമർശനാത്മകമായി സമീപിച്ച പല പ്രസിദ്ധീകരണങ്ങളും അടച്ചുപൂട്ടപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് തൊഴിൽ നഷ്ടമായി. സ്നേഹലതാ റെഡ്ഡിയെ പോലെയുളള ഉന്നത കലാകാരികളെ ഏകാന്തതടവിലിട്ട് കൊന്നു. അത്തരം കാര്യങ്ങളൊന്നും പ്രസിദ്ധീകരിക്കാൻ പത്രങ്ങൾക്കാവുമായിരുന്നില്ല. എന്നാൽ അടിയന്തരാവസ്ഥയ്ക്ക് വഴങ്ങാതെ കൗശലത്തിൽ വാർത്തകൾ ഒളിച്ചുകടത്തിയ ഇന്ത്യൻ എക്സ്പ്രസ്, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുണ്ടായിരുന്നു.

പുരാണകഥകളും അച്ഛൻ മകൾക്കയച്ച കത്തുകളും പ്രസിദ്ധീകരിക്കുന്നതിനു പോലും ദേശാഭിമാനിയെ വിലക്കി. ദേശാഭിമാനിക്ക് പ്രീസെൻസർഷിപ്പ് ഏർപ്പെടുത്തിയതിനെയും സർക്കാർ പരസ്യം നിഷേധിച്ചതിനെയും ചോദ്യം ചെയ്യാൻ അന്ന് മാതൃഭൂമിയുടെ പ്രതാധിപർ മുന്നോട്ടുവരികയും ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരനോട് ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, സ്ഥിതിഗതികളിൽ മാറ്റമുണ്ടായില്ലെങ്കിലും പത്രസ്വാതന്ത്ര്യത്തിന് വേണ്ടി ഒരു സഹജീവി രംഗത്തുവന്നു എന്നത് ശ്രദ്ധേയമാണ്. അന്ന് അടിയന്തരാവസ്ഥാവിരുദ്ധ വാർത്തകൾ ഒളിച്ചുകടത്തിയ ഇന്ത്യൻ എക്സ്പ്രസിനെ മെരുക്കാൻ വേണ്ടി രാംനാഥ് ഗോയങ്കയെ വശീകരിക്കാൻ ഭരണകൂടം ശ്രമിച്ചു. അത് ഫലിക്കാതെ വന്നപ്പോൾ ഇന്ദിരാ ഗാന്ധി കണ്ടെത്തിയ മാർഗ്ഗം ഇന്ത്യൻ എക്സ്പ്രസിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കുക എന്നതായിരുന്നു. അത് പ്രകാരം നിലവിൽ വന്ന ഡയറക്ടർ ബോർഡിൽ എ.കെ.ആന്റണിയും ഉണ്ടായിരുന്നു. എന്നാൽ വൈകാതെ അടിയന്തരാവസ്ഥ പിൻവലിച്ചതിനാൽ പുതിയ ഡയറക്ടർ ബോർഡിന് വലുതായി ആക്ട് ചെയ്യേണ്ടി വന്നില്ല.

സെൻസർഷിപ്പിന്റെ കത്രികയ്ക്കു മുന്നിൽ സത്യം മുറിഞ്ഞുപോയപ്പോൾ, പ്രതിരോധത്തിന്റെ ചെറിയ ശബ്ദങ്ങൾ പോലും വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. അന്നത്തെ പല മാധ്യമപ്രവർത്തകരും നേരിട്ട വെല്ലുവിളികളും ത്യാഗങ്ങളും ഇന്ത്യൻ മാധ്യമചരിത്രത്തിലെ മായാത്ത അധ്യായങ്ങളാണ്. അന്നത്തെ അനുഭവങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ച് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. ജനാധിപത്യം എത്രമാത്രം ദുർബലമാണെന്നും അത് നിലനിർത്താൻ നാം ഓരോരുത്തരും എത്രമാത്രം ജാഗ്രത പാലിക്കണമെന്നും ആ കാലം നമ്മളെ പഠിപ്പിക്കുന്നു. മാധ്യമങ്ങൾ എന്നത് കേവലം വാർത്താവിതരണ ഉപാധി മാത്രമല്ല, അത് ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അതിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണ്.

ഇന്ന്, 50 വർഷങ്ങൾക്കിപ്പുറം, നാം പുതിയ വെല്ലുവിളികളെയാണ് നേരിടുന്നത്. ഇന്ത്യൻ മാധ്യമലോകത്തിന്റെ ഉടമസ്ഥാവകാശം കോർപറേറ്റുകളുടെ കരാള ഹസ്തങ്ങളിൽ അമരുകയാണ്. ഭരണകൂടത്തിന് തലവേദനയാകുന്ന മാധ്യമസ്ഥാപനങ്ങളെ കോർപറേറ്റുകളെക്കൊണ്ട് വിലയ്ക്കെടുക്കുന്നു. അതാണ് എൻഡിടിവിയെ വളഞ്ഞ വഴിയിലൂടെ അദാനിയെക്കൊണ്ട് റാഞ്ചിയെടുത്തതിൽ ദൃശ്യമായത്. എൻഡിടിവിയെ സ്വന്തമാക്കിയതിന് പിറകേ, രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ ഇൻഡോ-ഏഷ്യൻ ന്യൂസ് സർവ്വീസും (ഐഎഎൻഎസ്) അദാനി നിയന്ത്രണത്തിലാക്കി. ഭരണകൂടവാഴ്ത്തുപാട്ടിന് താളമിടലാണ് മാധ്യമപ്രവർത്തനം എന്ന വിളംബരമാണ് ഇന്ന് കേൾക്കുന്നത്.ചൊൽപ്പടിക്കു നിൽക്കാത്ത മാധ്യമങ്ങളെ വരുതിയിലാക്കാൻ ഭരണകൂടത്തിന് മാർഗ്ഗം പലതുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ മാധ്യമസ്ഥാപനങ്ങൾക്ക് മേൽ ഭീഷണിയായി നിൽക്കുന്നു. മാധ്യമവിശ്വാസ്യതയെ ചോർത്തുന്നു. ഈ സാഹചര്യത്തിൽ അടിയന്തരാവസ്ഥയുടെ പാഠങ്ങൾ കൂടുതൽ പ്രസക്തമാണ്. കഴിഞ്ഞകാലം ഒരു പാഠപുസ്തകമായി കണ്ട്, ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.

Share